വര്‍ഷമവസാനിക്കുമ്പോള്‍ കണക്കെടുപ്പ് പതിവാണ്. പോയ വര്‍ഷം വായന എങ്ങനെയായിരുന്നു എന്നതാണ് പുതിയ ഫാഷന്‍. വായന മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു, മരിക്കാന്‍ പോകുന്നു, ഉടന്‍ മരിക്കും എന്നിങ്ങനെയുള്ള ഭൂതവര്‍ത്തമാനഭാവി നിലവിളികള്‍ക്കിടയില്‍, ഫാഷനായിപ്പോലും വായനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന ചിന്താഗതിക്കാരനാണ് ഈയുള്ളവന്‍. അതിനാല്‍, ആ ശ്രമത്തില്‍ എന്റെയും പങ്കു വേണമെന്ന ചിന്തയാണ് ഈ പോസ്റ്റിനാധാരം.
വായന എന്നത് ഓര്‍ത്തെടുക്കാവുന്ന ഒരു യാത്ര പോലെയാണ് എനിക്ക്. യാത്ര നടത്തി ഏറെക്കാലം കഴിഞ്ഞാലും, അതിലെ ചില മോഹനീയ മുഹൂര്‍ത്തങ്ങളും യാത്രയുടെ ആകെ ഫലവും മനസില്‍ നിന്ന് മാഞ്ഞു പോകാറില്ലല്ലോ. അതുപോലെയാണ് നല്ല പുസ്തകങ്ങളും. വായിച്ച് കാലം കഴിഞ്ഞാലും, ആ പുസ്തകത്തില്‍ നമ്മള്‍ സഞ്ചരിച്ച അപരിചിതവും വിചിത്രവുമായ തുറസ്സുകള്‍ നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അത്തരം പുസ്തകങ്ങള്‍ നമ്മുടെ ബന്ധുക്കളാകും. ജീവിതകാലം മുഴുവന്‍ അവ നമ്മളെ വിടാതെ കൂടും.
അത്തരം പുസ്തകങ്ങള്‍ വായിച്ച കര്യമേ വായന എന്നു പറഞ്ഞ് അവതരിപ്പിച്ചിട്ട് കാര്യമുള്ളു. അതിനാണ് ഇവിടെ ശ്രമിക്കുന്നത് (ഇവിടെ പരാമര്‍ശിക്കുന്ന പുസ്തകങ്ങളില്‍ മിക്കതും 2010 ല്‍ പ്രസിദ്ധീകരിച്ചവയല്ല, പക്ഷേ 2010 ല്‍ ഞാന്‍ വായിച്ചവയാണ് അവ).
ബില്‍ ബ്രൈസണ്‍ എന്ന എഴുത്തുകാരനെ ഞാന്‍ പരിചയപ്പെടുന്നത് (വായനയിലൂടെ) 2004 ലാണ്. അദ്ദേഹത്തിന്റെ 'A Short History of Nearly Everything' എന്ന പുസ്തകമാണ് ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള വ്യക്തിയെന്ന നിലയ്ക്ക് എന്നെ ആകര്‍ഷിച്ചത്. എങ്ങനെ വായനാക്ഷമമായി ശാസ്ത്രം എഴുതാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആ ഗ്രന്ഥം. ബില്‍ ബ്രൈസണ്‍ യഥാര്‍ഥത്തില്‍ ഒരു ശാസ്ത്രമെഴുത്തുകാരനല്ല, യാത്രാവിവരണക്കാരനാണ്. അദ്ദേഹം രചിച്ച ആദ്യ യാത്രാവിവരണമായ 'The Lost Continent' ഈ വര്‍ഷമാണ് എന്റെ പക്കലെത്തുന്നത്. അങ്ങനെ സംഭവിച്ചത് യാദൃശ്ചികമായിട്ടായിരുന്നു എങ്കിലും, ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായി ആ പുസ്തകത്തിന്റെ വായന മാറുക മാത്രമല്ല, ബില്‍ ബ്രൈസണ്‍ എന്ന എഴുത്തുകാരന്‍ ജീവിതകാലം മുഴുവന്‍ എന്നെ വിടാതെ പിന്തുടരുമെന്ന സങ്കടകരമായ സംഗതി ഉറപ്പിക്കുന്നതുമായി ആ വായന!
സംഭവം ഇങ്ങനെയാണ്. കോഴിക്കോട്ടെ ബുക്ക് സ്‌റ്റോളുകളില്‍ കയറിയിറങ്ങുകയെന്നത് എന്റെ പലവിധ ദുശ്ശീലങ്ങളില്‍ ഒന്നാണ്. മുഖ്യമായും ഡിസി ഇംഗ്ലീഷിലും ടിബിഎസിലും (ഇടയ്ക്ക് തിരുവനന്തപുരത്ത് പോകുമ്പോള്‍ മോഡേണ്‍ ബുക്‌സില്‍ പോവുകയെന്നതും പതിവാണ്). ഇത്തരം സന്ദര്‍ശങ്ങളില്‍ 99 ശതമാനത്തിലും പുസ്തകം കാണലും മറിച്ചു നോക്കലും മാത്രമേ സംഭവിക്കൂ , വാങ്ങലുണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! അങ്ങനെ ഈ വര്‍ഷം ബുക്ക് സ്‌റ്റോളുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരു കാഴ്ച എന്നെ ആകര്‍ഷിച്ചു. ബില്‍ ബ്രൈസന്റെ യാത്രാവിവരണങ്ങള്‍ മിക്കതിന്റെയും പുതിയ പതിപ്പ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു.
'യാത്രാവിവരണം വായിക്കാന്‍ എവിടെ സമയം' എന്ന് മനസില്‍ കരുതി സംഭവം കൈയിലെടുത്ത് താലോലിച്ച് തിരികെ വെച്ചിട്ട് പോരും. എങ്കിലും, ബ്രൈസന്റെ പുസ്തകമല്ലേ എന്ന ഒരു പ്രലോഭനം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ, ഏതാനും മാസം മുമ്പ് Lost Continent വാങ്ങി വീട്ടില്‍ കൊണ്ടുപോയി. അന്നുതന്നെ അതിലെ ആദ്യ അധ്യായം വായിച്ചിട്ട്, പിറ്റെ ദിവസം ബുക്ക് സ്റ്റോളിലെത്തി ബ്രൈസന്റെ അവിടെയുണ്ടായിരുന്ന ബാക്കി യാത്രാവിവരണങ്ങള്‍ മുഴുവന്‍ വാങ്ങി! അത്ര ശക്തമായിരുന്നു ആ സ്വാധീനം. Lost Continent നിര്‍ത്താതെ വായിച്ചു തീര്‍ത്തു. അസാധാരണമായ അനുഭവം. വായന മരിക്കാതിരിക്കാന്‍ ഏതു തരത്തിലുള്ള എഴുത്താണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തി തന്നു ആ പുസ്തകം. ബ്രൈസന്റെ ബാക്കിയുള്ള പുസ്തകങ്ങള്‍ സാവധാനം വായിച്ചാല്‍ മതിയെന്നാണ് തീരുമാനം. കുട്ടികള്‍ മധുരപലഹാരം തിന്നുന്നത് പോലെയാണ് എനിക്ക് നല്ല പുസ്തകങ്ങളുടെ വായന. വേഗം തീര്‍ന്നു പോയാലോ എന്ന പേടി. അതിനാല്‍, 2011 ലും ബ്രൈസന്റെയൊപ്പമുള്ള യാത്ര തുടരും!
ഈ വര്‍ഷത്തെ മറ്റൊരു വായനാനുഭവം ഗാരി നഭാന്‍ എന്ന ലോകപ്രശസ്ത എത്‌നോബൊട്ടാണിസ്റ്റ് രചിച്ച 'Where Our Food Comes From -Retracing Nikolay Vavilov's Quest to End Famine' എന്ന പുസ്തകമാണ്. ഈ പുസ്തകം 2009 ലാണ് പുറത്തിറങ്ങിയത്. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ അഞ്ഞൂറാമത്തെ പോസ്റ്റ് വാവിലോവിനെക്കുറിച്ച് വേണം എന്ന് തീരുമാനിച്ചതിന്‍ പ്രകാരമാണ് ഈ പുസ്തകം വാങ്ങിയതെങ്കിലും, ലോകം മുഴുവനുമുള്ള പ്രാചീന കാര്‍ഷിക മേഖലകളിലൂടെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കാര്‍ഷിക ജനിതകശാസ്ത്രജ്ഞന്‍ നിക്കോലേയ് വാവിലോവിനൊപ്പം സഞ്ചരിച്ച പ്രതീതിയാണ് ഇതിന്റെ വായന നല്‍കിയത്. അസാധാരണമായ അനുഭവം. ലോകത്തിന്റെ ക്ഷാമമകറ്റാന്‍ വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍ തേടി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അഞ്ച് ഭൂഖണ്ഡങ്ങള്‍ താണ്ടിയ സോവിയറ്റ് ശാസ്ത്രജ്ഞനാണ് വാവിലോവ്. അദ്ദേഹത്തെ സ്റ്റാലിന്‍ ഭരണകൂടം തടവറയില്‍ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു. വാവിലോവ് സഞ്ചരിച്ച വഴികളിലൂടെ വര്‍ഷങ്ങള്‍ യാത്ര ചെയ്താണ് ഗാരി നഭാന്‍ ഈ പുസ്തകം രചിച്ചത്.
1991 ല്‍ പ്രസിദ്ധീകരിച്ച റോബര്‍ട്ട് കാനിഗലിന്റെ 'The Man Who Knew Infinity-A Life of the Genius Ramanujan' ആണ് 2010 ല്‍ എന്റെ വായനാനുഭവത്തെ ഗ്രസിച്ച മറ്റൊരു ഗ്രന്ഥം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി 32 വര്‍ഷവും നാലു മാസവും നാലു ദിവസവും മാത്രം ഭൂമിയില്‍ ജീവിക്കുകയും, നാല് 'നോട്ടുബുക്കുകളില്‍' കുറിച്ചിട്ട 3884 ഗണിതസിദ്ധാന്തങ്ങളും സമവാക്യങ്ങളും, 22 പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ച ഗണിതകണ്ടെത്തലുകളും ബാക്കിയാക്കി കടന്നുപോവുകയും ചെയ്ത അതുല്യ പ്രതിഭയായ രാമാനുജനെക്കുറിച്ച് അസാധാരണമായ രചനാപാടവത്തോടെയാണ് കാനിഗല്‍ ഓരോ വരികളും കുറിച്ചിരിക്കുന്നത്. മനസ് പല തവണ ആര്‍ദ്രമാകാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാനായില്ല. ഒരു കാലഘട്ടത്തെ അസാധാരണമാം വിധം ഗ്രന്ഥകര്‍ത്താവ് പുനസൃഷ്ടിച്ചിരിക്കുന്നു. ഇതിലും മികച്ച രീതിയില്‍ ജീവചരിത്രം എഴുതാനാകുമോ എന്നുപോലും സംശയിച്ചു പോകും. പ്രസിദ്ധീകരിച്ചിട്ട് 20 വര്‍ഷമായിട്ടും ഇപ്പോഴും ബുക്ക്‌സ്‌റ്റോളുകളില്‍ ഈ പുസ്തകം കാണപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല, അതിന്റെ ഒര്‍ജിനാലിറ്റി തന്നെ.
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ വിജയഗാഥയാണ് ഗൂഗിള്‍ എന്ന കമ്പനിയുടേത്. ആധുനിക ജീവിതത്തിന്റെ സമസ്തമേഖലയെയും സ്വാധീനിക്കും വിധം, ലോകത്തെ ഏറ്റവും വലിയ മാധ്യമക്കമ്പനിയായി ഗൂഗിള്‍ എങ്ങനെ മാറി എന്നന്വേഷിക്കുന്ന കെന്‍ ഔലെറ്റയുടെ 'Googled: The End of the World As We Know it' ആണ് 2010 ല്‍ വായിച്ച മറ്റൊരു പുസ്തകം. പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റായ ഔലെറ്റ, ഈ പുസ്തകത്തിന്റെ രചനയ്ക്ക് അവലംബിച്ചത്, ബന്ധപ്പെട്ടവരുമായി നടത്തിയ തുടര്‍ച്ചയായ അഭിമുഖ സംഭാഷണങ്ങളാണ്. മാധ്യമങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ് ഗൂഗിള്‍. ഗൂഗിള്‍ ബ്ലോഗില്‍ കമ്പനി പ്രസിദ്ധീകരിക്കുന്ന വിവരങ്ങളല്ലാതെ, കൂടുതലൊന്നും പലപ്പോഴും പുറത്തു വരാറില്ല. എന്നാല്‍, ഗൂഗിളിനുള്ളില്‍ നിന്ന് 150 ഇന്റര്‍വ്യൂകളാണ് ഈ പുസ്തകത്തിനായി ഔലെറ്റ സാധിച്ചെടുത്തത്. അതില്‍ 11 എണ്ണം ഗൂഗിള്‍ സിഇഒ എറിക് ഷിമിഡ്തുമായി! ലോകം മാറുകയല്ല, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ലോകത്തെ മാറ്റുകയാണെന്ന് മനസിലാക്കാന്‍ ഈ പുസ്തകത്തിന്റെ വായന സഹായിക്കും.
വായിച്ചവ ഇനിയുമുണ്ട്. പക്ഷേ, ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ മനസില്‍ ഇടംപിടിച്ചവ കുറവ്.
Friday, December 17, 2010
Monday, December 6, 2010
റോഡിലെ കുഴികള്‍ തേടി
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പോയപ്പോള്‍ അവിടുത്തെ മനോഹരമായ റോഡുകള്‍ കണ്ട് എനിക്ക് അസൂയ മൂത്തൂ. ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണന്‍ അന്ന് ആ റോഡുകളുടെ രഹസ്യം പറഞ്ഞു തന്നു. റോഡ് നിര്‍മിച്ച് മൂന്ന് വര്‍ഷത്തിനകം (അതോ അഞ്ചോ) പൊളിഞ്ഞാല്‍, നിര്‍മിച്ചവന്റെ പക്കല്‍ നിന്നും അധികൃതര്‍ മുഴുവന്‍ കാശും പിടിച്ചു നിര്‍ത്തി വാങ്ങും. കേരളത്തില്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ എടുത്താല്‍, ചിലപ്പോള്‍ റോഡ് നിര്‍മിക്കാന്‍ ആളെ കിട്ടിയെന്ന് വരില്ല.
കഴിഞ്ഞ മാസം വയനാട്ടിലെ പെരിക്കല്ലൂരില്‍ പോയപ്പോള്‍ ഒരു അത്ഭുതം കണ്ടു. പുല്‍പ്പള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരം മനോഹരമായ റോഡ്. ഒരിടത്തും പൊളിഞ്ഞിട്ടില്ല. എനിക്ക് വിശ്വാസിക്കാന്‍ പറ്റിയില്ല. ഇത് കേരളം തന്നെയോ. ഏഴ് വര്‍ഷമായേ്രത ആ റോഡ് നിര്‍മിച്ചിട്ട്. ശരിക്കും അത് നിര്‍മിച്ചയാളെ കണ്ടെങ്കില്‍, നിന്ന നില്‍പ്പില്‍ ഞാനൊരു ചായ വാങ്ങിക്കൊടുത്തേനെ.
പിന്നീട്, സുഹൃത്തായ അലക്‌സ് ആ റോഡിന്റെ നിര്‍മാണ രഹസ്യം പറഞ്ഞു തന്നു. റോഡ് ടാറിങ് നടത്തിയവര്‍ ആദ്യം പതിവു പോലെ തന്നെയാണ് ചെയ്തത്. നാട്ടുകാര്‍ക്ക് തട്ടിപ്പ് മനസിലായി. അവര്‍ റോഡ് നന്നാക്കാന്‍ കൊണ്ടുവന്ന ട്രോളര്‍ തടഞ്ഞിട്ടു. നേരെ നന്നാക്കിയിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ഗതികെട്ട് റോഡ് നേരാംവണ്ണം ടാറിടേണ്ടി വന്നു. അതാണ് പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡിന്റെ രഹസ്യം!
ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി കേരളത്തില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കുത്തിയൊലിക്കുന്ന മഴയില്‍, തട്ടിപ്പു റോഡുകള്‍ മുഴുവന്‍ പൊളിയാതെ നിവൃത്തിയില്ല. നന്നാക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് കാര്യങ്ങള്‍ സംഭവിക്കണം-ഒന്ന് മഴയ്ക്ക് ലേശം ശമനമുണ്ടാകണം, രണ്ട് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടരുതെന്ന് ജനത്തിന്റെ നികുതിപ്പണം കൊണ്ട് ഭരിക്കുന്ന അധികൃതര്‍ക്ക് തോന്നുകയും വേണം.
ഏതായാലും ഏഷ്യാനെറ്റിന്റെ അന്വേഷണം നടക്കട്ടെ. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തല്‍ നടത്താവുന്ന ഒന്ന് എന്ന നിലയ്ക്ക് ഈ അന്വേഷണം ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയം വേണ്ട!
ഒരു 'അന്താരാഷ്ട്ര പുസ്‌കമേള'
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ 'അന്താരാഷ്ട്ര പുസ്തകമേള'യില്‍ പോയി (നോട്ട് ദ പോയന്റ്-'അന്താരാഷ്ട്ര പുസ്തകമേള'). അവിടെ കണ്ട അന്താരാഷ്ട്ര സ്റ്റോളുകള്‍ ഇങ്ങനെ....മാധ്യമം, തേജസ്സ്, ലിപി, ഒലിവ്.....പിന്നെ ചില സിഡി കടകളും. കണ്ണുകിട്ടാതിരിക്കാന്‍ പരിഷത്തിന്റെയും ഡിസിയുടെയും ഓരോ മുറികള്‍. ഒരിടത്തും കയറി പുസ്തം നോക്കാന്‍ പറ്റില്ല. ഒക്കെ തട്ടിക്കൂട്ടിയ മാതിരി. മിഠായിത്തെരുവിലെ സണ്‍ഡേ മാര്‍ക്കറ്റില്‍ പോലും ഇതിലും നല്ല രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കാറ്.
ഇതിലൊക്കെ രസം, ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സ്‌റ്റോളില്‍ കണ്ട പുസ്തകങ്ങളാണ്. പണ്ടൊക്കെ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുസ്തകമേളയെന്നാല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു വിരുന്നായിരുന്നു. ആ ഗൃഹാതുരത്വത്തോടെയാണ് ഇത്തവണയും പോയത്. പക്ഷേ, അവിടെ കണ്ട ടൈറ്റിലുകളില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ.... ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ, ഭാഷയും....., ഭാഷ......, ഭാഷ, ഭാഷ, ഭാഷ.....ആ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പേര് അന്വര്‍ഥമാക്കിയിരിക്കുന്നു! കൂടെ ചില റബ്ബര്‍ കൃഷി പുസ്തകവും, തയ്യല്‍ പഠിക്കാനുള്ള വിധവും! ആരെ മുന്നില്‍ കണ്ടാണാവോ ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് ഈ ചവറുകളെല്ലാം പടച്ചു വിടുന്നത്.
വാങ്ങുന്ന പുസ്തകത്തിനാണെങ്കിലോ, വെറും 20 ശതമാനം കമ്മീഷനും. കടക്കാര്‍ക്ക് നാല്പതും അമ്പതും ശതമാനം കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്ന പുസ്തപ്രസാധകര്‍, ഉപഭോക്താക്കള്‍ക്ക് നേരിട്ട് പുസ്തകം വില്‍ക്കുമ്പോള്‍ ആ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മാലയാളം ഡിസിയുടെ പുസ്തകശാലയില്‍ പോയപ്പോള്‍ അവര്‍ പറഞ്ഞത്, കമ്മീഷന്‍ നല്‍കാനുള്ള വകുപ്പില്ല എന്നാണ്. http://www.flipkart.com/, http://infibeam.com/ മുതലായ ഓണ്‍ലൈന്‍ ഇന്ത്യന്‍ പുസ്തവില്‍പ്പനക്കാര്‍, 30 ശതമാനം വരെ കമ്മീഷന്‍ ഉപഭോക്താവിന് നല്‍കുന്നു എന്ന് മാത്രമല്ല, ഓര്‍ഡര്‍ ചെയ്ത് മൂന്ന് ദിവസത്തിനകം പുസ്തകം വീട്ടില്‍ എത്തുകയും ചെയ്യും. ഇക്കാര്യം കേരളത്തില്‍ പുസ്തകക്കച്ചവടം നടത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്ന്. നാളെ കടകള്‍ പൂട്ടിപ്പോകാതിരിക്കാന്‍ കാലത്തിന്റെ ചുവരെഴുത്ത് സഹായിക്കും.
ഇതിലൊക്കെ രസം, ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സ്‌റ്റോളില്‍ കണ്ട പുസ്തകങ്ങളാണ്. പണ്ടൊക്കെ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുസ്തകമേളയെന്നാല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു വിരുന്നായിരുന്നു. ആ ഗൃഹാതുരത്വത്തോടെയാണ് ഇത്തവണയും പോയത്. പക്ഷേ, അവിടെ കണ്ട ടൈറ്റിലുകളില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ.... ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ, ഭാഷയും....., ഭാഷ......, ഭാഷ, ഭാഷ, ഭാഷ.....ആ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പേര് അന്വര്‍ഥമാക്കിയിരിക്കുന്നു! കൂടെ ചില റബ്ബര്‍ കൃഷി പുസ്തകവും, തയ്യല്‍ പഠിക്കാനുള്ള വിധവും! ആരെ മുന്നില്‍ കണ്ടാണാവോ ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് ഈ ചവറുകളെല്ലാം പടച്ചു വിടുന്നത്.
വാങ്ങുന്ന പുസ്തകത്തിനാണെങ്കിലോ, വെറും 20 ശതമാനം കമ്മീഷനും. കടക്കാര്‍ക്ക് നാല്പതും അമ്പതും ശതമാനം കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്ന പുസ്തപ്രസാധകര്‍, ഉപഭോക്താക്കള്‍ക്ക് നേരിട്ട് പുസ്തകം വില്‍ക്കുമ്പോള്‍ ആ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മാലയാളം ഡിസിയുടെ പുസ്തകശാലയില്‍ പോയപ്പോള്‍ അവര്‍ പറഞ്ഞത്, കമ്മീഷന്‍ നല്‍കാനുള്ള വകുപ്പില്ല എന്നാണ്. http://www.flipkart.com/, http://infibeam.com/ മുതലായ ഓണ്‍ലൈന്‍ ഇന്ത്യന്‍ പുസ്തവില്‍പ്പനക്കാര്‍, 30 ശതമാനം വരെ കമ്മീഷന്‍ ഉപഭോക്താവിന് നല്‍കുന്നു എന്ന് മാത്രമല്ല, ഓര്‍ഡര്‍ ചെയ്ത് മൂന്ന് ദിവസത്തിനകം പുസ്തകം വീട്ടില്‍ എത്തുകയും ചെയ്യും. ഇക്കാര്യം കേരളത്തില്‍ പുസ്തകക്കച്ചവടം നടത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്ന്. നാളെ കടകള്‍ പൂട്ടിപ്പോകാതിരിക്കാന്‍ കാലത്തിന്റെ ചുവരെഴുത്ത് സഹായിക്കും.
Labels:
കേരളം,
കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്,
പുസ്തകമേള
Tuesday, March 2, 2010
സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (LHC)ലെ കണികാപരീക്ഷണത്തില്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്ന് തെളിയിക്കുന്ന സിദ്ധാന്തം സ്വന്തമായി രൂപീകരിച്ചിരിക്കുകയാണ് അവന്‍. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ന് (CERN) സിദ്ധാന്തം അവന്‍ വെബ്ബിലൂടെ അയച്ചുകൊടുത്തു. അവര്‍ അത് അംഗീകരിക്കുകയും, അവനെ കണികാപരീക്ഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വഴി അവന്‍ കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്!
ഇത് കേട്ട് സ്വാഭാവികമായും ഞാന്‍ അന്ധാളിച്ചു. കാരണം, ഇത്തരം കാര്യങ്ങളില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭമതികളായ വിദഗ്ധരെ അംഗങ്ങളാക്കി സേണ്‍ രണ്ട് തവണ സുരക്ഷാ അവലോകനം നടത്തിക്കഴിഞ്ഞു. രണ്ട് സുരക്ഷാസമിതികളും തമോഗര്‍ത്തം സംബന്ധിച്ച ഭീതികള്‍ക്ക് അടിസ്ഥാനമില്ല എന്ന് വിധിയെഴുതുകയും ചെയ്തു. രണ്ടാമത്തെ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത് 2008 ജൂണിലാണ്. അതിന് ശേഷമാണ് കണികാപരീക്ഷണം ആരംഭിച്ചത്.
ഉണ്ടാകില്ല എന്ന് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ബോധ്യമായ കാര്യം, ഒരു കോളേജ് വിദ്യാര്‍ഥി വീണ്ടും തെളിയിക്കുകയും (അതും സേണിന്റെ റിപ്പോര്‍ട്ട് വന്ന് രണ്ട് വര്‍ഷം കഴിഞ്ഞ്), സേണ്‍ അത് അംഗീകരിക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍?
എന്തുചെയ്യണം എന്ന ഹരിഗോവിന്ദന്റെ ചോദ്യത്തിന്, സേണിന്റെ ഇ-മെയില്‍ വിലാസത്തില്‍ നേരിട്ട് ഇക്കാര്യം തിരക്കാനും അവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ വാര്‍ത്ത കൊടുക്കേണ്ടതുള്ളു എന്നും ഉപദേശിച്ചു. (പക്ഷേ, ചില പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ ഈ 'കണികാപരീക്ഷണം' പ്രാധാന്യത്തോടെ വന്നു).
കാര്യം അവിടെ അവസാനിച്ചു എന്നായിരുന്നു കരുതിയത്. ഇന്നിതാ, വൈകുന്നേരം 6.45-ന് മാതൃഭൂമി മലപ്പുറം ബ്യൂറോയില്‍നിന്ന് ബിനുവിന്റെ ഫോണ്‍. നടുവട്ടം രായിരനെല്ലൂര്‍ക്കാരനായ ഒരു വിദ്യാര്‍ഥി കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത കിട്ടിയിരിക്കുന്നു, എന്തുചെയ്യണം എന്നു ചോദിച്ച്! (ദൈവമേ, ഞാനോര്‍ത്തു, കണികാപരീക്ഷണം പാലക്കാട്ടുനിന്ന് മലപ്പുറത്തെത്തിയോ, ഇതെന്ത് പരീക്ഷണം!)
മലപ്പുറം മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയാണ് താരം. കണികാപരീക്ഷണവേളയില്‍ പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്നു തെളിയിക്കുന്ന സിദ്ധാന്തം തന്നെയാണ് പ്രശ്‌നം. അതിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് അംഗീകാരം നല്‍കി. സേണിന് അയച്ചു കൊടുത്ത സിദ്ധാന്തം അവര്‍ അംഗീകരിക്കുകയും, കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അവനെ അനുവദിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. (ഒരുമാസം മുമ്പ് പാലക്കാട്ട് കണികാപരീക്ഷണം നടത്തിയയാള്‍ തന്നെയാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി).
ഈ നേട്ടത്തിന്റെ പേരില്‍ കോളേജില്‍ മാര്‍ച്ച് നാലിന് അവന് സ്വീകരണം നല്‍കുന്നുണ്ട്. മറ്റ് പത്രമോഫീസുകളിലെല്ലാം വാര്‍ത്ത എത്തിയിട്ടുണ്ട്, നമ്മള്‍ എന്തുചെയ്യണം?
ഹരിഗോവിന്ദന് ഒരുമാസം മുമ്പ് നല്‍കിയ ഉപദേശം ഞാന്‍ ബിനുവിനോടും ആവര്‍ത്തിച്ചു.
(തന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ച വെബ്ബ്‌സൈറ്റ് ബിനുവിന് അവന്‍ കാണിച്ചു കൊടുക്കുകയുണ്ടായി. ആ വെബ്ബ്‌സൈറ്റ് ഇവിടെ. ഇതിന് സേണിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റുകളുമായി എന്തെങ്കിലും ബന്ധമുള്ളതായി കാണുന്നില്ല)
ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല, വര്‍ഷങ്ങള്‍ക്ക് മുമ്പേ സേണിന്റെ വിദഗ്ധസമിതി എഴുതിത്തള്ളിയ ഒരു കാര്യം എങ്ങനെ മലപ്പുറം കോളേജിലെ ഒരു വിദ്യാര്‍ഥി വീണ്ടും കണ്ടുപിടിച്ചു എന്ന്? അതിപ്പോഴും വിവാദമായി നിലനില്‍ക്കുന്നതു കൊണ്ടാണ് താന്‍ സ്വന്തംസിദ്ധാന്തം രൂപീകരിച്ചതെന്നാണത്രേ വിദ്യാര്‍ഥിയുടെ വിശദീകരണം.
അതോ, കേരളത്തിലെ പത്രപ്രവര്‍ത്തകരെ എത്ര എളുപ്പം കബളിപ്പിക്കാം എന്ന് വിദ്യാര്‍ഥികള്‍ക്ക് പോലും മനസിലായിത്തുടങ്ങിയോ?
മുന്നറിയിപ്പ്: നാളത്തെ പല പത്രങ്ങളിലും, മലപ്പുറം പ്രാദേശികപേജിലെങ്കിലും, കേരളത്തില്‍ കണികാപരീക്ഷണം ആരംഭിച്ച വാര്‍ത്ത കാണാം, ആരും പരിഭ്രമിക്കരുത്!
കാണുക
Wednesday, February 10, 2010
അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയ മുഖം നല്‍കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കഴമ്പുള്ള ഒരു കത്ത് ഇന്ന് 'മലയാള മനോരമ'യിലുണ്ട്. തിരുവല്ല ഇരവിപേരൂരിലെ ഡോ.ടൈറ്റസ് ശങ്കരമംഗലത്തിന്റേതാണ് കത്ത്.
സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍, കഴിക്കുന്നയാളുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗ്രഹണം സംഭവിക്കാമെന്ന സി.രാധാകൃഷ്ണന്റെ അഭിപ്രായത്തെയാണ് കത്തില്‍ ചോദ്യംചെയ്യുന്നത്. സി.രാധാകൃഷ്ണനെപ്പോലെ ശാസ്ത്രകാരനായിരുന്ന ഒരു പ്രശസ്ത എഴുത്തുകാരന്‍ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുമ്പോള്‍, അത് അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ മുഖം നല്‍കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ. സാധാരണക്കാരുടെ മനസില്‍ ഇത്തരം അബദ്ധവിശ്വാസങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കം.
വേണമെങ്കില്‍, അത് സി.രാധാകൃഷ്ണന്റെ അഭിപ്രായമെന്ന് വാദിക്കാം. എന്നാല്‍, ശാസ്ത്രീയമായ കാര്യങ്ങളില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ല. 'അസംബന്ധമെന്ന് വ്യക്തമായിക്കഴിഞ്ഞ ഒരു ഐതിഹ്യത്തെ ശാസ്ത്രത്തിന്റെ നിറംതേച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്'-ഡോ. ശങ്കരമംഗലം തന്റെ കത്തില്‍ ആവശ്യപ്പെടുന്നു. 'സൂര്യനെ ദൈവമായി മാത്രം കണ്ടുഭയന്ന് ആരാധിച്ചിരുന്ന ഗോത്രസംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് ഈ ഐതിഹ്യം'-അേേദ്ദഹം ഓര്‍മിപ്പിക്കുന്നു.
''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.
നമ്മുടെ സൗരയൂഥത്തിലെ സ്വാഭാവിക സംഭവം മാത്രമായ സൂര്യഗ്രഹണം, ഓരോ ഒന്നര വര്‍ഷത്തിനിടയിലും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Monday, February 1, 2010
നിഴലിനെ സംശയിക്കുന്നവര്‍
ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ നഗരങ്ങള്‍ ഐടി രംഗത്ത് വന്‍കുതിപ്പ് നടത്തുമ്പോള്‍, ഇത്രയേറെ മാനവവിഭവശേഷിയുള്ള കേരളത്തിന് അത് സാധിക്കാത്തതിന് കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പി.എസ്.ജയന്‍ നിയമിക്കപ്പെട്ടു. അദ്ദേഹം ഹൈദരാബാദ് സന്ദര്‍ശിച്ചു, അന്ന് ആന്ധ്രയിലെ ഐടി വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയെ കണ്ടു. ബാംഗ്ലൂരിലെത്തി അവിടുത്തെ ഐടി ചുമതലക്കാരെ കണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് ഐ.എ.എസിനെയും കണ്ടു.
ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയുടെ ഫോട്ടോഗ്രാഫ് വേണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ജയന്റെ ഇ-മെയില്‍ ഐഡി ചോദിച്ചിട്ട് സ്വന്തം ലാപ്‌ടോപ്പില്‍ നിന്ന് അദ്ദേഹം അത് അപ്പോള്‍ തന്നെ അയച്ചു. നിങ്ങള്‍ നാട്ടിലെത്തി മെയില്‍ നോക്കിയാല്‍ മതി ഫോട്ടോ അതില്‍ കാണും എന്ന് നിര്‍ദ്ദേശവും നല്‍കി. ബാംഗ്ലൂരിലും തത്തുല്യമായ അനുഭവമാണുണ്ടായത്. എന്നാല്‍, തിരുവനന്തപുരത്ത് ഐടി സെക്രട്ടറിയുടെ മുറിയില്‍ വിചിത്രമായ മറ്റൊരു കാഴ്ചയായാണ് കണ്ടത്. മുറിയിലൊരു കമ്പ്യൂട്ടറുണ്ട്. അത് പക്ഷേ, സെക്രട്ടറിയുടെ മേശപ്പുറത്തല്ല. മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുമുണ്ട്. എന്തുകൊണ്ട് കേരളം ഈ രംഗത്ത് പിന്നിലാകുന്നു എന്നതിന് ഈ രംഗം വ്യക്തമായ ഉത്തരം നല്‍കുന്നു എന്നു പറഞ്ഞാണ് തന്റെ റിപ്പോര്‍ട്ട് ജയന്‍ അവസാനിപ്പിച്ചത്.
തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിന്‍ജന്‍സ് മേധാവി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നറിയിപ്പ് വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രംഗമാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ അല്‍പ്പവും മുന്നോട്ട് പോയിട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലോകത്ത് എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മനസിലാക്കാന്‍ ഒരു ദിവസം വൈകിയാല്‍ പോലും നമ്മള്‍ കാലഹരണപ്പെട്ടേക്കാം എന്നതാണ് സ്ഥിതി. ആ നിലയ്ക്ക് ദിവസവും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനവും, അത് മനസിലാക്കാന്‍ വൈകുന്ന രാഷ്ട്രീയ നേതൃത്വവും നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്.
ഇന്ത്യയില്‍ ടെലിവിഷന്‍ ബഹുജനമാധ്യമത്തിന്റെ സ്വഭാവമാര്‍ജിക്കുന്നത് 1990-കളുടെ പകുതിയില്‍ മാത്രമാണ്. സാങ്കേതികമായി അത്തരമൊരു അവസ്ഥ ആര്‍ജിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അത്രയും സമയം വേണ്ടിവന്നു എന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ പാശ്ചാത്യലോകം ടെലിവിഷന്‍ ജ്വരത്തില്‍ പെട്ട കാലത്ത്, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആവശ്യം വിനോദത്തെക്കാളേറെ വികസനമാണ് എന്ന്, ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സ്വാധിനത്താല്‍ നെഹൃവിനെപ്പോലുള്ള ഇന്ത്യന്‍ നേതാക്കള്‍ തീരുമാനിച്ചതാണ്, ഇവിടെ ടെലിവിഷന്‍ യുഗം ഉദയം ചെയ്യാന്‍ വൈകിയതിന് മുഖ്യകാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അതിന്റെ ഫലം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്. 'സോപ്പ്ഓപ്പറ'കള്‍ എന്നപേരിലുള്ള സീരിയലുകള്‍ കണ്ട് 1960-കളില്‍ യൂറോപ്പിലും അമേരിക്കയിലും മദാമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍, ഇപ്പോള്‍ മെഗാസീരിയലുകള്‍ വഴി കേരളത്തിലെ വീട്ടമ്മമാര്‍ ഒഴുക്കുന്നു. കണ്ണീരൊഴുക്കാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പ്!
ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍ നിഴലിനെയാണോ പേടിക്കുന്നത്.
ഏതാനും ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ കെ.കെ.ബാലരാമന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ കാര്യം പറഞ്ഞു. പരിചയമുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് യൂണിഫോമിട്ട, കണ്ടാല്‍ അറുപതിന് മേല്‍ പ്രായമുള്ള ഒരു ഓട്ടോഡ്രൈവര്‍ അവിടെയെത്തിയത്. അയാള്‍ സാധനം വാങ്ങിപ്പോയപ്പോള്‍, കടക്കാരന്‍ പറഞ്ഞു, 'പാവം, രാവിലെ ക്ലാസ് കഴിഞ്ഞു വരികയാ. ഒരാഴ്ചയായി, ഇനി മൂന്നാഴ്ച കൂടി പോകണം'. സംഭവം എന്താണെന്ന് ബാലരാമന്‍ തിരക്കി. പ്രായമായ ആ ഓട്ടോക്കാരന്‍ തന്റെ വാഹനത്തില്‍ കയറിയ ഒരു സ്ത്രീയെ ചില്ലറയില്ലാത്തതിന്റെ പേരില്‍ എന്തോ അസഭ്യം പറഞ്ഞുവത്രേ. അവര്‍ നേരെ പോയി പോലീസില്‍ പാരതി കൊടുത്തു. ഓട്ടോക്കാരനെ പോലീസ് പിടിച്ചു. തെറ്റിന് കൊടുത്ത ശിക്ഷയാണ്, ഒരു മാസക്കാലം എല്ലാ ദിവസവും ഒരുമണിക്കൂര്‍ വീതം ക്ലാസില്‍ പങ്കെടുക്കണം. സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതാണ് വിഷയം.
ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് മനസില്‍ തോന്നി, നമ്മുടെ പല ഉദ്യോഗസ്ഥരും നേതാക്കളും ഇത്തരം ശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരിക്കുന്ന ക്ലാസില്‍ കുറഞ്ഞത് രണ്ടു മാസക്കാലം ദിവസവും ഓരോ മണിക്കൂര്‍ വീതം അവരെ പങ്കെടുപ്പിക്കുക.
NB: ഗൂഗിള്‍ പോലൊരു കുത്തകക്കമ്പനിക്ക് കേരളത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കലാവില്ലേ ഈ മാപ്പിങ്പാര്‍ട്ടി എന്നാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത് എന്നിങ്ങനെയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ തികച്ചും സൗജന്യമാണ്, ഭാവിയില്‍ പക്ഷേ, അവ മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ പെട്ടാല്‍ എന്താകും സ്ഥിതി എന്നതാണ് ആശങ്ക. ന്യായമായ ആശങ്കയാണിത്. പക്ഷേ, നമ്മുക്ക് ഇങ്ങനെയൊരു ആശങ്കയുണ്ട് എന്നതുകൊണ്ടു മാത്രം ഇത്തരം കാര്യങ്ങളെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും യുക്തിയാണോ. ഈ ആശങ്ക യാഥാര്‍ഥ്യമാകും എന്നതിന് എന്താണ് നമ്മുടെ പക്കലുള്ള ഉറപ്പ്?
'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക. എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?
എന്നുവെച്ചാല്‍, സംശയമാണെങ്കില്‍ നമ്മള്‍ എല്ലാറ്റിനെയും സംശയിക്കണം. അല്ലാതെ ഗൂഗിള്‍ കുത്തക, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പുണ്യാളന്‍ എന്ന ലൈന്‍ ശരിയല്ല.
ഇത്തരമൊരു മനോഭാവം വെച്ചുകൊണ്ട് ലോകത്ത് ജീവിക്കാനാകുമോ. സംശയം ആകാം, അത് യുക്തിക്ക് നിരക്കുന്നതാകണം. അതിനപ്പുറത്തെ സംശയം തളത്തില്‍ ദിനേശന്‍മാരെയേ സൃഷ്ടിക്കൂ. എന്നുവെച്ചാല്‍, മനോരോഗികളെ.
ഒരു കാര്യം കേരളീയര്‍ ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിതാണ്, ശരാശരി മലയാളിയുടെ ആത്മസംതൃപ്തിക്ക് രണ്ട് കാര്യങ്ങള്‍ കൂടിയേ തീരൂ, ഒന്ന് എതിര്‍ക്കാന്‍ ഒരു കുത്തക; രണ്ട് ചൂടുള്ള ചര്‍ച്ചയ്ക്ക് ഒരു വിവാദം. ആ വിവാദം ഏതെങ്കിലും ഗൂഢാലോചനാസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതായാല്‍ വളരെ വളരെ സന്തോഷം.
കോഴിക്കോട് പണിക്കര്‍ റോഡില്‍ അടുത്തയിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ടു, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ കളിയാക്കിക്കൊണ്ടുള്ള ബോര്‍ഡ്. ബോര്‍ഡിന്റെ മുകളിലെ ചോദ്യം ഇതാണ് 'ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്‌ത്തെന്ത്രം..........
നാളെ ഇത്തരമൊരു ബോര്‍ഡിലെ പട്ടികയില്‍ അവസാനത്തെ ഇനം ഇതാകുമോ, 'ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടി'.
Tuesday, January 26, 2010
സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നു
വിനയന്‍, സജി സുരേന്ദ്രന്‍ തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു. കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ് കാണുക.
Monday, January 25, 2010
മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര
കോട്ടുംസ്യൂട്ടും ധരിച്ച് കഴുകന്‍ കണ്ണുകളോടെ നില്‍ക്കുന്ന ഒരു യുവാവ് ഞങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിച്ച് സ്‌റ്റേജിന് തൊട്ടടുത്തുള്ള സോഫയില്‍ ഇരുത്തി. കോട്ടിട്ട വേറെയും യുവാക്കള്‍ ഹാളിനുള്ളില്‍ പല കോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ആ ചെറിയ ഹാളിന് നടുവില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സ്ത്രീകളെല്ലാം പുതിയതായി എത്തിയ ഞങ്ങളിലേക്ക് ഉപചാരപൂര്‍വം ശ്രദ്ധ തിരിച്ചു. ഒരു ഗായകനും ഗായികയും സ്റ്റേജിലുണ്ട്. പക്ഷേ, ഡ്രമ്മിന്റെയും മറ്റും ശബ്ദകോലാഹലം ഗായകരുടെ സ്വരമാധുരിയെ ഞെരിച്ചു കളയുന്നു.
ഈസ്റ്റ് അന്ധേരിയില്‍ ചെറിയൊരു പച്ചക്കറി മാര്‍ക്കറ്റിനടുത്ത് തീര്‍ത്തും അനാകര്‍ഷകമായി തോന്നുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഞങ്ങള്‍ 'ഓര്‍ക്കസ്ട്ര'യ്‌ക്കെത്തിയത്. ഓര്‍ക്കസ്ട്രയ്ക്ക് പോകുന്നത് മാന്യന്‍മാര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന്, സമീപപ്രദേശത്ത് ആ കലാപരിപാടി എവിടെയുണ്ടെന്ന് പറഞ്ഞു തന്ന കരിക്കുകച്ചവടക്കാരന്‍ രമേശിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.
എങ്കിലും, 'ബോംബൈയില്‍ വന്ന സ്ഥിതിക്ക് ഓര്‍ക്കസ്ട്രയ്ക്ക് പോകാതെ മടങ്ങരുതെ'ന്ന്, തൃശൂര്‍ നസ്രാണിയായ ജോര്‍ജ് ഡൊമനിക് പറഞ്ഞതാണ് ഞങ്ങള്‍ക്ക് പ്രേരണയായത്. 'ഓര്‍ക്കസ്ട്രയ്ക്ക് പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പാട്ട് ആസ്വദിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ചെലവിടുക, ബിയറിന് 250 രൂപ ഈടാക്കും, അത് മാത്രം നല്‍കിയാല്‍ മതി'- ഇതായിരുന്നു നസ്രാണിയുടെ വക ഉപദേശം. ഇവിടുത്തെ പ്രശസ്തമായ ഡാന്‍സ്ബാറുകള്‍ നിരോധിച്ചപ്പോള്‍, അതുവഴി ഉപജീവനം നടത്തിയിരുന്ന സ്ത്രീകളുടെ പുനരധിവാസംകൂടി കണക്കിലെടുത്ത് തുടങ്ങിയിട്ടുള്ളതാണ് ഓര്‍ക്കസ്ട്ര-അദ്ദേഹം പറഞ്ഞു.
ഹാളിനുള്ളിലെ ശബ്ദകോലാഹലം പുറത്ത് കേള്‍ക്കാത്തതെന്തെന്ന് അത്ഭുതം തോന്നി. ആ ചെറിയ ഹാളില്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. കാഴ്ചയ്ക്ക് ഒരുവിധം ഭംഗിയുള്ള പതിനൊന്ന് സ്ത്രീകള്‍ ഹാളിന് നടുവില്‍ വട്ടംകൂടി നിന്ന് എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്തവരെപ്പോലെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അതില്‍ മധ്യവയസ്‌ക്കകളുണ്ട്, ചെറുപ്പക്കാരികളുണ്ട്, കൗമാരം വിടുന്ന ചെറുപ്രായക്കാരുമുണ്ട്. അവരെ കൂടാതെ കോട്ടിട്ട അഞ്ച് ചെറുപ്പക്കാര്‍, കോട്ടിടാത്ത വെയിറ്റര്‍മാര്‍ വേറെ. ഹാളിനപ്പുറത്തേക്കുള്ള വാതിലില്‍ കാഴ്ചയ്ക്ക് അത്ര ഭംഗിയില്ലാത്ത ഏതാനും സ്ത്രീകള്‍, ചെറിയ സ്റ്റേജില്‍ ഗായകര്‍, വാദ്യോപകരണക്കാര്‍...ഇതിന് പുറമെയാണ് കസ്റ്റമേഴ്‌സ്. കസ്റ്റമേഴ്‌സ് അധികമൊന്നുമില്ല, ഞങ്ങളുള്‍പ്പടെ വെറും ഏഴ് പേര്‍.
സമയം വൈകുന്നേരം 7.50. ഞങ്ങളെ ആനയിച്ചിരുത്തിയ സോഫ സ്റ്റേജിനോട് ചേര്‍ന്നാണ്, അതിനാല്‍ അവിടെ നിന്ന് മാറി എതിരെയുള്ള ഇരിപ്പിടം പിടിച്ചു. സ്ത്രീകളെല്ലാം ഉടനെ അങ്ങോട്ട് തിരിഞ്ഞു. പാട്ട് തകര്‍ക്കുകയാണ്. കോട്ടുകാരനെ വിളിച്ച് ബിയറിന് ഓര്‍ഡര്‍ കൊടുത്തു. അപ്പുറത്തെ വാതിക്കല്‍ നിന്നവരില്‍ കറുത്ത് പൊക്കംകുറഞ്ഞ സ്ത്രീ, ഉപചാരപൂര്‍വം ബിയര്‍ കൊണ്ടുവന്ന് ഭവ്യതയോടെ ഞങ്ങള്‍ക്ക് ഗ്ലാസില്‍ പകര്‍ന്നു തന്നു. എന്റെ ഇടതുവശത്തെ സോഫയിലെ കസ്റ്റമര്‍ കണ്ണടവെച്ച മെലിഞ്ഞ യുവാവാണ്. ഞങ്ങള്‍ ആദ്യം ഇരുന്ന സ്ഥലത്തിനടുത്ത് പലചരക്കുകടക്കാരനെപ്പോലെ തോന്നിക്കുന്ന അമ്പതുകാരന്‍. കാഴ്ചയ്ക്ക് ഒരു വ്യക്തിത്വവും തോന്നാത്ത രണ്ട് മെലിഞ്ഞ പയ്യന്‍മാര്‍ ഭക്ഷണം ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നു. അവര്‍ക്ക് മുന്നിലെ മേശയില്‍ ഒഴിഞ്ഞ ഒട്ടേറെ കുപ്പികള്‍, എല്ലിന്‍കഷണങ്ങള്‍. രണ്ടുപേരും ഫുള്‍ഫിറ്റാണെന്ന് പെരുമാറ്റത്തില്‍ വ്യക്തം. ഇനിയുള്ള കസ്റ്റമര്‍ ഒരു തൈക്കിളവനാണ്.
പേര് ഓര്‍ക്കസ്ട്രയെന്നാണെങ്കിലും പാട്ട് ആരും ശ്രദ്ധിക്കുന്നില്ല. എന്തുപാട്ട് എന്ന രീതിയില്‍ പലചരക്കുകടക്കാരനും തൈക്കിളവനും സ്ത്രീകളിലാണ് ശ്രദ്ധ അര്‍പ്പണബുദ്ധിയോടെ അര്‍പ്പിച്ചിരിക്കുന്നത്. കണ്ണടവെച്ച ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നതായി കാണപ്പെടുന്നുവെങ്കിലും കാര്യമായി ഒന്നിലും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം. അയാള്‍ക്കരികില്‍ സോഫയില്‍തന്നെ ഒരു കെട്ടുനോട്ട് അടുക്കി വെച്ചിരിക്കുന്നു, പൊതുദര്‍ശനത്തിനെന്ന പോലെ! ബിയര്‍ നുണഞ്ഞ്് പാട്ടിലേക്ക് ശ്രദ്ധ തിരിക്കുകയും നോട്ടുകെട്ടുകളൊന്നും പുറത്തെടുക്കാതിരിക്കുകയും ചെയ്തതോടെ, സ്ത്രീകള്‍ക്ക് ഞങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു.
പെട്ടന്ന് പലചരക്കുകടക്കാരന്‍ ഒരു കെട്ട് 50 രൂപാനോട്ട് പുറത്തെടുത്തു. സ്വിച്ചിട്ട മാതിരി സ്ത്രീകളെല്ലാം അങ്ങോട്ടു തിരിഞ്ഞു. ഓരോരുത്തരെയായി അടുത്തു വിളിച്ച് ഒരോ നോട്ടുവീതം അയാള്‍ വിതരണം ചെയ്തു. വെയിറ്റര്‍മാര്‍ക്കും ശിങ്കിടികള്‍ക്കുമെല്ലാം കിട്ടി വിഹിതം. കൊള്ളാം, ഞാന്‍ മനസിലോര്‍ത്തു. കാശുണ്ടെങ്കില്‍ ഇങ്ങനെ തന്നെ വേണം, ഉള്ളവന്‍ ഇല്ലാത്തവന്് വീതിച്ചു നല്‍കണം. നോട്ട് വിതരണം കഴിഞ്ഞതോടെ പലചരക്കുകടക്കാരന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. തനിക്ക് അത്രയും വേണം, ഞാന്‍ മനസില്‍ പറഞ്ഞു. കൈയിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുതെന്ന് ഇനിയെങ്കിലും പഠിക്കണം!
ഒരു ഗാനം അവസാനിച്ചതും ഇടതുവശത്തെ കണ്ണടവെച്ച ചെറുപ്പക്കാരന്‍ കോട്ടിട്ട ഒരു കിങ്കരനെ അടുത്തു വിളിച്ച്, പൊതുദര്‍ശനത്തിന് വെച്ചിരുന്ന നോട്ടുകെട്ടില്‍ നിന്ന് (സംഭവം ആയിരത്തിന്റേതാണ്) മൂന്നു നോട്ടെടുത്തു നല്‍കി ചെവിയിലെന്തോ പറഞ്ഞു. കോട്ടുകാരന്‍ അത് പാട്ടുകാരന് കൊണ്ടു കൊടുത്തു. യുവാവ് വിജയാഹ്ലാദത്തോടെ മൂന്ന് നോട്ടും ഉയര്‍ത്തിക്കാട്ടി കണ്ണടക്കാരനെ അഭിവാദ്യം ചെയ്തു. ദൈവമേ, ഞാന്‍ മനസിലോര്‍ത്തു. 'അന്ത ഹന്തയ്ക്ക് ഇന്ത പട്ട്' എന്നു പറഞ്ഞപോലെ ഒരു പാട്ടിന് മൂവായിരം രൂപ!
കോഴിയും ചപ്പാത്തിയുമായി ഫുള്‍ഫിറ്റില്‍ മല്ലിടുന്ന കൂതറ ചെറുപ്പക്കാര്‍ ഇതൊന്നും അറിയുന്നതേയില്ല. ഇത്രയും സ്ത്രീകള്‍ നോക്കിനില്‍ക്കെയാണ് ഈ പരാക്രമമെന്നു പോലും അവര്‍ക്കില്ല. അവരുടെ കൈയില്‍ ഏതായാലും നോട്ടുകെട്ടില്ല, അതുമാത്രമാണ് ഏക ആശ്വാസം. തൈക്കിളവന്‍ അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ എരിപിരി കൊള്ളുന്നു.
കാല്‍മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ കണ്ണടക്കാരന്‍ ഇളകയിരുന്നു. സ്ത്രീകളെയൊക്കെ ഒന്ന് വിസ്തരിച്ച് നോക്കി. കോട്ടിടാത്ത ഒരു വെയിറ്ററെ കൈകാട്ടി അടുത്തേക്കു വിളിച്ചു. എന്നിട്ട് നോട്ടുകെട്ട്് എണ്ണാന്‍ തുടങ്ങി. അതില്‍ ഏതാനും എണ്ണം മാറ്റിവെച്ചിട്ട് ബാക്കിയത്രയും ആ വെയിറ്ററെ ഏല്‍പ്പിച്ചു. വായില്‍ വെള്ളമൂറുന്നതുപോലൊരു ചിരി ചിരിച്ച് വെയിറ്റര്‍ കാശുമായി പോയി. പിന്നെ ഞങ്ങള്‍ കണ്ടത് സിനിമയിലും മറ്റും മാത്രം കാണാന്‍ സാധ്യതയുള്ള ഒരു രംഗമാണ്. സ്ത്രീകള്‍ വട്ടംകൂടി നില്‍ക്കുന്നതിന് സമീപത്ത് നോട്ടുകെട്ടുമായെത്തിയ വെയിറ്റര്‍, അത് സ്ത്രീകളുടെ തലയ്ക്ക് മുകളിലേക്ക് വിതറി. ആയിരത്തിന്റെ നോട്ടുകള്‍ ഫാനിന്റെ കാറ്റില്‍ പാറി ഹാളില്‍ മുഴുവന്‍ പറന്നു വീണു. സ്ത്രീകളാരും അത് എടുക്കാന്‍ തുനിഞ്ഞില്ല. വെയിറ്റര്‍മാര്‍ തന്നെ പെറുക്കിയെടുത്തു.
'ഇവന്‍ മാനേജ്‌മെന്റിന്റെ ആളാകാനാണ് സാധ്യത'-ജിഗീഷ് പറഞ്ഞു. 'നമ്മള്‍ എന്തു ചെയ്യണമെന്ന് അവന്‍ സൂചന നല്‍കുന്നതാണ്'. കൊള്ളാം, ഞാന്‍ പറഞ്ഞു, അവന്റെ ബുദ്ധി അപാരം. പക്ഷേ, മലയാളികളുടെ അടുത്ത് അവന്റെ പരിപ്പ് വേവില്ല. മാത്രമല്ല, നോട്ട് കെട്ട് കൊണ്ടുനടക്കുന്ന രീതി നമുക്ക് പണ്ടേ ഇല്ലല്ലോ (ഉണ്ടായിട്ടു വേണ്ടെ കൊണ്ടുനടക്കാന്‍!).
ഞങ്ങളെത്തിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു, ബിയര്‍ ഏതാണ്ട് തീരാറായി. ഇനി ഞങ്ങള്‍ നോട്ടുകെട്ട് പുറത്തെടുക്കുന്നതിലാകും ഇവരുടെ ശ്രദ്ധ. ഏതായാലും, ആശ കൊടുക്കേണ്ട. കോട്ടുകാരനെ അടുത്തു വിളിച്ച് ബില്ല് കൊണ്ടുവരാന്‍ പറഞ്ഞു. കറക്ട് 250 രൂപ, 300 രൂപായെടുത്ത് വീശി. ബിയര്‍ ഒഴിച്ചു തന്ന സ്ത്രീ തന്നെ ബില്ലും കൊണ്ടുവന്നു. ബാക്കി വെച്ചോ എന്ന് പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി. ചെവിക്ക് പൊറുതിയുണ്ടായത് അപ്പോഴാണ്. തൃശൂര്‍ നസ്രാണിയുടെ വാക്കുകേട്ട് രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ഇയര്‍ഡ്രം വേറെ ഫിറ്റ് ചെയ്യേണ്ടി വരുമായിരുന്നു.
Subscribe to:
Posts (Atom)