Tuesday, March 2, 2010

സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!


ഏതാണ്ട് ഒരുമാസം മുമ്പാണ്, മാതൃഭൂമി പാലക്കാട് ബ്യൂറോയില്‍നിന്ന് വി.ഹരിഗോവിന്ദന്റെ ഒരു ഫോണ്‍. 'ജോസഫേട്ടാ, ജനീവയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് കാണിച്ച് ഒരു കോളേജ് വിദ്യാര്‍ഥിയുടെ വാര്‍ത്ത ഇവിടെ കിട്ടിയിരിക്കുന്നു. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടാകുമോ?'

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (LHC)ലെ കണികാപരീക്ഷണത്തില്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്ന് തെളിയിക്കുന്ന സിദ്ധാന്തം സ്വന്തമായി രൂപീകരിച്ചിരിക്കുകയാണ് അവന്‍. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ന് (CERN) സിദ്ധാന്തം അവന്‍ വെബ്ബിലൂടെ അയച്ചുകൊടുത്തു. അവര്‍ അത് അംഗീകരിക്കുകയും, അവനെ കണികാപരീക്ഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വഴി അവന്‍ കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്!

ഇത് കേട്ട് സ്വാഭാവികമായും ഞാന്‍ അന്ധാളിച്ചു. കാരണം, ഇത്തരം കാര്യങ്ങളില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭമതികളായ വിദഗ്ധരെ അംഗങ്ങളാക്കി സേണ്‍ രണ്ട് തവണ സുരക്ഷാ അവലോകനം നടത്തിക്കഴിഞ്ഞു. രണ്ട് സുരക്ഷാസമിതികളും തമോഗര്‍ത്തം സംബന്ധിച്ച ഭീതികള്‍ക്ക് അടിസ്ഥാനമില്ല എന്ന് വിധിയെഴുതുകയും ചെയ്തു. രണ്ടാമത്തെ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത് 2008 ജൂണിലാണ്. അതിന് ശേഷമാണ് കണികാപരീക്ഷണം ആരംഭിച്ചത്.

ഉണ്ടാകില്ല എന്ന് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ബോധ്യമായ കാര്യം, ഒരു കോളേജ് വിദ്യാര്‍ഥി വീണ്ടും തെളിയിക്കുകയും (അതും സേണിന്റെ റിപ്പോര്‍ട്ട് വന്ന് രണ്ട് വര്‍ഷം കഴിഞ്ഞ്), സേണ്‍ അത് അംഗീകരിക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍?

എന്തുചെയ്യണം എന്ന ഹരിഗോവിന്ദന്റെ ചോദ്യത്തിന്, സേണിന്റെ ഇ-മെയില്‍ വിലാസത്തില്‍ നേരിട്ട് ഇക്കാര്യം തിരക്കാനും അവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ വാര്‍ത്ത കൊടുക്കേണ്ടതുള്ളു എന്നും ഉപദേശിച്ചു. (പക്ഷേ, ചില പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ ഈ 'കണികാപരീക്ഷണം' പ്രാധാന്യത്തോടെ വന്നു).

കാര്യം അവിടെ അവസാനിച്ചു എന്നായിരുന്നു കരുതിയത്. ഇന്നിതാ, വൈകുന്നേരം 6.45-ന് മാതൃഭൂമി മലപ്പുറം ബ്യൂറോയില്‍നിന്ന് ബിനുവിന്റെ ഫോണ്‍. നടുവട്ടം രായിരനെല്ലൂര്‍ക്കാരനായ ഒരു വിദ്യാര്‍ഥി കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത കിട്ടിയിരിക്കുന്നു, എന്തുചെയ്യണം എന്നു ചോദിച്ച്! (ദൈവമേ, ഞാനോര്‍ത്തു, കണികാപരീക്ഷണം പാലക്കാട്ടുനിന്ന് മലപ്പുറത്തെത്തിയോ, ഇതെന്ത് പരീക്ഷണം!)

മലപ്പുറം മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയാണ് താരം. കണികാപരീക്ഷണവേളയില്‍ പ്രോട്ടോണുകള്‍ കൂട്ടിമുട്ടുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്നു തെളിയിക്കുന്ന സിദ്ധാന്തം തന്നെയാണ് പ്രശ്‌നം. അതിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് അംഗീകാരം നല്‍കി. സേണിന് അയച്ചു കൊടുത്ത സിദ്ധാന്തം അവര്‍ അംഗീകരിക്കുകയും, കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അവനെ അനുവദിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. (ഒരുമാസം മുമ്പ് പാലക്കാട്ട് കണികാപരീക്ഷണം നടത്തിയയാള്‍ തന്നെയാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി).

ഈ നേട്ടത്തിന്റെ പേരില്‍ കോളേജില്‍ മാര്‍ച്ച് നാലിന് അവന് സ്വീകരണം നല്‍കുന്നുണ്ട്. മറ്റ് പത്രമോഫീസുകളിലെല്ലാം വാര്‍ത്ത എത്തിയിട്ടുണ്ട്, നമ്മള്‍ എന്തുചെയ്യണം?

ഹരിഗോവിന്ദന് ഒരുമാസം മുമ്പ് നല്‍കിയ ഉപദേശം ഞാന്‍ ബിനുവിനോടും ആവര്‍ത്തിച്ചു.

(തന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ച വെബ്ബ്‌സൈറ്റ് ബിനുവിന് അവന്‍ കാണിച്ചു കൊടുക്കുകയുണ്ടായി. ആ വെബ്ബ്‌സൈറ്റ് ഇവിടെ. ഇതിന് സേണിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റുകളുമായി എന്തെങ്കിലും ബന്ധമുള്ളതായി കാണുന്നില്ല)

ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല, വര്‍ഷങ്ങള്‍ക്ക് മുമ്പേ സേണിന്റെ വിദഗ്ധസമിതി എഴുതിത്തള്ളിയ ഒരു കാര്യം എങ്ങനെ മലപ്പുറം കോളേജിലെ ഒരു വിദ്യാര്‍ഥി വീണ്ടും കണ്ടുപിടിച്ചു എന്ന്? അതിപ്പോഴും വിവാദമായി നിലനില്‍ക്കുന്നതു കൊണ്ടാണ് താന്‍ സ്വന്തംസിദ്ധാന്തം രൂപീകരിച്ചതെന്നാണത്രേ വിദ്യാര്‍ഥിയുടെ വിശദീകരണം.

അതോ, കേരളത്തിലെ പത്രപ്രവര്‍ത്തകരെ എത്ര എളുപ്പം കബളിപ്പിക്കാം എന്ന് വിദ്യാര്‍ഥികള്‍ക്ക് പോലും മനസിലായിത്തുടങ്ങിയോ?

മുന്നറിയിപ്പ്: നാളത്തെ പല പത്രങ്ങളിലും, മലപ്പുറം പ്രാദേശികപേജിലെങ്കിലും, കേരളത്തില്‍ കണികാപരീക്ഷണം ആരംഭിച്ച വാര്‍ത്ത കാണാം, ആരും പരിഭ്രമിക്കരുത്!

കാണുക