Friday, December 25, 2009

മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി


ആനന്ദ് രചിച്ച 'ആള്‍ക്കൂട്ട'ത്തിന്റെ ഏതോ പേജില്‍ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ തോന്നിക്കുന്ന മൂകവും നിരുന്മേഷകവുമായ ജനപ്രവാഹം നേരിട്ട് കാണാന്‍ മുംബൈയിലെ അര്‍ബന്‍ തീവണ്ടി സ്റ്റേഷനുകളില്‍ തന്നെ പോകണം. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമല്ല അത്. എവിടെ നിന്നോ തൊടുത്തുവിട്ട് ഒരേ ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരം മുഖമുള്ള മനുഷ്യാസ്ത്രം പോലെ തോന്നും.

അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍, സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി, പോക്കറ്റടി സൂക്ഷിക്കണം. ട്രെയില്‍ നീങ്ങിത്തുടങ്ങിയാല്‍ ഒരു കാരണവശാലും കയറാന്‍ ശ്രമിക്കരുത്, ഇറങ്ങാനും. ചര്‍ച്ച്‌ഗേറ്റില്‍ നിന്ന് വൈകുന്നേരം മടങ്ങുന്നത് എട്ടുമണി കഴിഞ്ഞു മതിയെന്നായിരുന്നു മറ്റൊരു ഉപദേശം, അപ്പോഴേക്കും തിരക്ക് ശമിച്ചിട്ടുണ്ടാകും.

അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ ചര്‍ച്ച്‌ഗേറ്റില്‍ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍ത്തുക. മറ്റ് തീവണ്ടികളില്‍ കയറിയാല്‍, അവ അന്ധേരി വഴിയാണെങ്കില്‍ക്കൂടി, തിരക്കു മൂലം അവിടെ ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍, അന്ധേരിയില്‍ യാത്ര അവസാനിക്കുന്ന ട്രെയിനിലേ കയറാവൂ-ഇതായിരുന്ന മറ്റൊരു മാര്‍ഗനിര്‍ദേശം.

വൈകുന്നേരം എട്ടുമണിക്ക് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വണ്ടി പിടിച്ചു. ഏതായാലും അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടിയാണല്ലോ ഈ പ്ലാറ്റ്‌ഫോമിലുണ്ടാവുക, ധൈര്യമായി കയറി സീറ്റ് പിടിച്ചു. ശരിയാണ്, തിരക്ക് കുറഞ്ഞിരിക്കുന്നു.

അടുത്തിരിക്കുന്നത് കാഴ്ചയില്‍ തമിഴനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍, നെറ്റിയില്‍ വലിയ കുറിയും തോള്‍സഞ്ചിയും. എതിരെ ഒരു ജിമ്മേനേഷ്യക്കാരന്‍ -മധ്യവയസ്‌ക്കന്‍, കുറ്റിത്തലമുടി, ഉറച്ച മസിലുകള്‍, വിലകൂടിയ കോട്ടണ്‍പാന്റും ഹാഫ്സ്ലീവ് ഷര്‍ട്ടും, പോരാത്തതിന് എക്‌സിക്യുട്ടീവ് സ്‌റ്റൈലിലൊരു സൂട്ട്‌കേസും (അധോലോക നായകരിലാരെങ്കിലുമാകുമോ, സ്യൂട്ട്‌കേസില്‍ തോക്കുണ്ടാകുമോ, ബോംബെ സോറി മുംബൈയല്ലേ സ്ഥലം!).

വണ്ടി വേഗമെടുത്തു, തണുത്ത കാറ്റ്. ട്രെയിന്‍ അന്ധേരിയില്‍ പോകില്ലേ, ഒരു ശങ്ക. തമിഴനോട് തന്നെ സംശയം നിവര്‍ത്തിച്ചു കളയാം, എതിരെയുള്ള കുറ്റിത്തലമുടിയെ ശല്യപ്പെടുത്തേണ്ട. തമിഴന്‍ ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു, ഇത് ബാന്ദ്ര സ്‌റ്റേഷന്‍ വരെ മാത്രമേ പോകൂ. അവിടെ നിന്ന് അന്ധേരിക്ക് വേറെ വണ്ടി പിടിച്ചാല്‍ മതി. അതിനര്‍ഥം ഒരു ഇറങ്ങിക്കയറ്റം വേണം. ബോര്‍ഡ് നോക്കാതെ വണ്ടികയറിയാല്‍ ഇതാണ് പറ്റുക, ഗുണപാഠം മനസില്‍ കുറിച്ചിട്ടു.

ഓരോ സ്‌റ്റേഷനിലും നിര്‍ത്തുമ്പോള്‍, പ്ലാറ്റ് ഫോമുകളില്‍ 'എത്രയോ കാലമായി ഞങ്ങളിവിടെ സ്ഥിരതാമസക്കാരാ'ണെന്ന മുഖഭാവത്തോടെ നിര്‍വികാരരായി നില്‍ക്കുന്നവര്‍. ബാന്ദ്ര എത്തുംമുമ്പ് തമിഴന്‍ ഇറങ്ങി. ആരെയും പേടിക്കാനില്ലല്ലോ എന്ന മട്ടില്‍ ഞാനും സുഹൃത്തും മലയാളത്തില്‍ പേശ് തുടര്‍ന്നു. മുംബൈയില്‍ പിറ്റേന്ന് ഷോപ്പിങിന് എവിടെ പോകണം തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ച.

പെട്ടന്ന് കുറ്റത്തലമുടി, ഞങ്ങളെ ലാക്കാക്കി മസില്‍ പെരുക്കുകയും ഒന്ന് ഇളകിയിരിക്കുകയും ചെയ്തു. ദൈവമേ, ഒരു അധോലാക ആക്രമണം തുടങ്ങുകയാണോ, മനസിലോര്‍ത്തു! 'നിങ്ങള്‍ ബാന്ദ്രയില്‍ ഇറങ്ങേണ്ട, ഈ തീവണ്ടി അന്ധേരിയില്‍ പോകും'-കുറ്റിത്തലമുടി മലയാളത്തില്‍ പറഞ്ഞു. ഹോ, ആശ്വാസമായി, അധോലോകമാണെങ്കിലും മലയാളിയാണ്.

''അതെങ്ങനെ, ഇത് ബാന്ദ്ര വണ്ടിയല്ലേ'-ഞാന്‍ സംശയം ചോദിച്ചു. ബാന്ദ്ര വരയേ ഔദ്യോഗികമായി ഈ വണ്ടി പോകൂ. പക്ഷേ, വണ്ടി ഷെഡ്ഡില്‍ കയറ്റാന്‍ അന്ധേരിയിലാണ് കൊണ്ടുപോവുക. ബാന്ദ്രയിലെത്തുമ്പോള്‍ വണ്ടിയിലെ ലൈറ്റും ഫാനുമെല്ലാം അണയും, അതുകണ്ട് നമ്മള്‍ ഇറങ്ങാതിരുന്നാല്‍ മതി, അന്ധേരിയിലെത്താം, താനും അന്ധേരിക്കാണ്-കുറ്റിത്തലമുടി വിശദീകരിച്ചു.

ബാന്ദ്രയിലെത്തി. ലൈറ്റും ഫാനും അണഞ്ഞു. കുറ്റിത്തലമുടിയും ഞങ്ങളും ഉള്‍പ്പടെ കുറെപ്പേര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല, സീറ്റില്‍ തന്നെയിരുന്നു. കുറച്ചു നിമിഷം നിര്‍ത്തിയിട്ടിട്ട് വണ്ടി നീങ്ങി, ഇരുട്ടില്‍, നേരിയ തണുപ്പില്‍, ഒരു അന്യഗ്രഹത്തീവണ്ടിയിലെന്നപോലെ ഞങ്ങള്‍ ആകാംക്ഷയോടെ അതിലിരുന്നു.

അങ്ങനെ, 2009 ഡിസംബര്‍ ഒന്‍പത് വൈകുന്നേരം 9.17 മുതല്‍ 9.40 വരെ, ഒരു ഔദ്യോഗികരേഖയിലും പെടാത്ത അജ്ഞാത തീവണ്ടി ഞങ്ങളെയും കൊണ്ട് യാത്രചെയ്തു.

17 വര്‍ഷം 31 കമ്പനികള്‍

കുറ്റിത്തലമുടിയുടെ പേര് ജോര്‍ജ് ഡൊമിനിക്, തൃശൂരുകാരന്‍ നസ്രാണി, രണ്ടു തലമുറയായി മുംബൈയില്‍ പാര്‍പ്പുറപ്പിച്ച കുടുംബത്തില്‍ പെട്ടയാള്‍, 17 വര്‍ഷത്തിനിടെ 31 കമ്പനികള്‍ മാറിയ സാഹസികന്‍. നിര്‍ത്താതെ സംസാരിക്കും. കൂടുതല്‍ കാലവും ഒരു ജിംനേഷ്യം ശൃംഗലയുടെ മാനേജരായിരുന്നു, അതാണ് ഇത്ര പെരുത്ത മസിലുകള്‍. പൊളിച്ചു മാറ്റുന്ന പഴയകാല ബ്രിട്ടീഷ് കെട്ടിടങ്ങളിലെ പ്രതിമകളും മറ്റ് കലാരൂപങ്ങളും ശേഖരിച്ച് വില്‍ക്കുന്ന ഒരു കമ്പനിയുടെ ജനറല്‍ മാനേജരാണ് ഇപ്പോള്‍, എത്രകാലം അവിടെയുണ്ടാകും എന്ന് ഉറപ്പിക്കാന്‍ വയ്യ.

മുംബൈയില്‍ പരിചയം കുറഞ്ഞ മലയാളികള്‍ എന്നു കണ്ടപ്പോള്‍ ചില ഗൈഡ്‌ലൈനുകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി. ഷോപ്പിങിനുള്ള സ്ഥലമായിരുന്നു ഒന്ന്. ഷോപ്പിങ് എന്ന് ഞങ്ങള്‍ ഉദ്ദേശിച്ചത് (കോഴിക്കോട്ട് നിന്ന് പോയവരാകയാല്‍) മിഠായിത്തെരുവ് മോഡല്‍ ആയിരുന്നു. അതിന് ബാന്ദ്രയിലെ ഹില്‍ടോപ്പ് റോഡ് അദ്ദേഹം നിര്‍ദേശിച്ചു, വില പേശി വാങ്ങാം.

(ഏതായാലും അവിടെ പോകേണ്ടി വന്നില്ല. പിറ്റേദിവസം രാവിലെ ടൈംസ് ഓഫ് ഇന്ത്യയിലെ പെയ്ഡ് ന്യൂസ് വിഭാഗത്തിന് പുറത്ത് ഞങ്ങള്‍ വായിച്ചു - ഹില്‍ടോപ്പ് റോഡിലെ തെരുവുകച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു മാറ്റിയിരിക്കുന്നു, ദുഷ്ടന്‍മാര്‍!)

അന്ധേരിയില്‍ നിന്ന് പിരിയുംമുമ്പ് ജോര്‍ജ് ചേട്ടന്‍ ചോദിച്ചു, 'മുംബൈയില്‍ വന്നിട്ട് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടില്ലേ?'. ഓര്‍ക്കസ്ട്രയോ, അതെന്ത്? ഗാനമേള പോലെ വല്ലതുമാണോ, ഞങ്ങള്‍ ചോദിച്ചു. മുംബൈയില്‍ വന്ന സ്ഥിതിക്ക് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടിട്ടേ പോകാവൂ, അദ്ദേഹം ഉപദേശിച്ചു.

അവിടെ പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പെണ്‍കുട്ടികള്‍ പാട്ടുപാടുന്നുണ്ടാകും, അത് ആസ്വദിക്കുക. ബിയറൊന്നിന് 250 രൂപ ചാര്‍ജ് ചെയ്യും, കുഴപ്പമില്ല. ഏതായാലും, നിങ്ങള്‍ മടങ്ങും മുമ്പ് ഓര്‍ക്കസ്ട്ര കണ്ടേ പോകാവൂ-കുറ്റിത്തലമുടി തടിവക്കൊണ്ട് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഓര്‍ക്കസ്ട്രയ്ക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
(അത് അടുത്ത ലക്കത്തില്‍)

Thursday, December 17, 2009

മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'


മുംബൈയില്‍ ഇന്ത്യാകവാടത്തിനരികില്‍, പകല്‍നേരത്ത് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയോടെ, കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ രണ്ട് വസ്തുതകള്‍ മനസില്‍ പതിയുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആ ചൂടുകുറഞ്ഞ സന്ധ്യയില്‍ അറബിക്കടലില്‍ നിന്ന് എന്തുകൊണ്ട് അല്‍പ്പം പോലും കടല്‍ക്കാറ്റ് എത്തുന്നില്ല എന്നതായിരുന്നു ഒന്ന്. കടലിന്റെ ജീവസാന്നിധ്യം ആരോ തടഞ്ഞുനിര്‍ത്തുന്നതുപോലെ. നഗരത്തിന്റെ ആലക്തികദീപപ്രളയത്തില്‍ ആകാശത്തു നിന്ന് നക്ഷത്രങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതുപോലെ, കടല്‍ക്കാറ്റും നിന്നുപോയിരിക്കുന്നു.

രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാടകീയം. ഒരു വര്‍ഷം മുമ്പ് ഭീകരാക്രമണം നടന്ന താജ് ഹോട്ടലിന്റെ നൂറ്റാണ്ട് പഴക്കമുള്ള നിലകളിലേക്ക് ആകാംക്ഷയും ഭീതിയും ഉത്ക്കണ്ഠയും കലര്‍ന്ന ഭാവത്തോടെ ഞങ്ങള്‍ മാത്രമല്ല നോക്കുന്നത്, ആ സന്ധ്യയില്‍ ഇന്ത്യാകവാടത്തിനരികില്‍ എത്തിയ എല്ലാവരും അതുതന്നെ ചെയ്യുന്നു എന്നതായിരുന്നു അത്. ഭീകരര്‍ മുപ്പതിലേറെപ്പേരെ വകവരുത്തിയ താജിന്റെ ആറാംനിലയിലേക്ക് നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്നവര്‍. ഇപ്പോഴും അവശേഷിക്കുന്ന പൊട്ടിയ ചില ജനാലപ്പാളികളുടെ ചിത്രം അരണ്ടവെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍.

ഒരു വര്‍ഷമായി അവിടെ നടക്കുന്ന ഒരു 'അനുഷ്ഠാനക്രിയ'യില്‍ പങ്കാളികളാവുകയല്ലേ ഞങ്ങളും ചെയ്തത്. താജിനെ, മറ്റൊരവസരത്തിലായിരുന്നെങ്കില്‍ കടല്‍ക്കരയിലെ ഒരു മഹനീയ സാന്നിധ്യമോ കെട്ടിടസമുച്ചയമോ ആയി മാത്രം കണ്ട് അവഗണിക്കുമായിരുന്ന സന്ദര്‍ശകര്‍ക്ക്, ഇന്ന് അതൊരു പ്രതീകവും പ്രതീക്ഷിക്കേണ്ട അപായവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിഹ്നവുമായിരിക്കുന്നു.

താജിനെ ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!

കഴിഞ്ഞ വര്‍ഷം ഭീകാരാക്രമണം നടന്ന താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ മുംബൈയിലെത്തുന്നുവത്രേ. ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍ തിരക്കായിരുന്നുവത്രേ. ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആറാംനിലയിലെ റൂമുകളോടാണ് പ്രിയം. ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കുക-വല്ലാത്ത മാനസികാവസ്ഥ തന്നെ.

ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത് ഭ്രാന്തന്റെ പിന്‍മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍. ഏതായാലും, നടുക്കം മുംബൈയുടെ മനസില്‍ ഇപ്പോഴുമുണ്ടെങ്കിലും, മുംബൈയിലെ ടൂറിസം വ്യവസായത്തെ ഭീകരര്‍ക്ക് തളര്‍ത്താനായിട്ടില്ല. ('മുംബൈ കാഴ്ചകള്‍' തുടരും).

Sunday, October 11, 2009

കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍


പ്രതികാരത്തിന്റെ ഭാഗമായി ഒരു പത്രാധിപര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും, എന്നിട്ട് അവ എക്ലൂസീവ് വാര്‍ത്തകളാക്കുന്നതുമാണ് ജോഷി സംവിധാനം ചെയ്ത 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ പ്രമേയം. മമ്മുട്ടിയാണ് ചിത്രത്തില്‍ പത്രാധിപരെ അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി വേറെയും സിനിമകള്‍ വന്നിട്ടുണ്ട്. 1992-ല്‍ പോള്‍ വെര്‍ഹോവെന്‍ സംവിധാനം ചെയ്ത 'ബേസിക് ഇന്‍സ്റ്റിങ്ട്'' ഈ ജീനസില്‍പ്പെട്ട ചിത്രമായിരുന്നു. ഷാരോണ്‍ സ്‌റ്റോണിന്റെയും മൈക്കല്‍ ഡഗ്ലസിന്റെയും പ്രകടനം കൊണ്ടും ചൂടന്‍ രംഗങ്ങള്‍ കൊണ്ടും വിവാദമായ ആ ചിത്രത്തില്‍, സുന്ദരിയായ ക്രൈംനോവലിസ്റ്റാണ് തന്റെ നോവലിന്റെ ഉള്ളടക്കം കൊല നടത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

ഇതൊക്കെ സിനിമകളിലും കഥകളിലും മാത്രമേ നടക്കൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ് നിലകൊള്ളേണ്ടത് എന്നാണ് പൊതുവെയുള്ള ധാരണ. സത്യത്തിന്റെ കാവലാളാകാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് സങ്കല്‍പ്പം. അത് സങ്കല്‍പ്പം മാത്രമാണെന്നും, യഥാര്‍ഥ മാധ്യമലോകം ഏറെ മാറിയിരിക്കുന്നുവെന്നും, ബ്രസീലിയന്‍ ടി.വി.അവതാരകന്‍ തന്റെ പ്രോഗ്രാമിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന നടുക്കമുളവാക്കുന്ന വാര്‍ത്ത വെളിപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാനാകില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം. കഴുത്തറപ്പന്‍ മത്സരവും വാണിജ്യവത്ക്കരണവും ആധുനിക മാധ്യമലോകത്തെ എത്ര വികൃതവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.

ബ്രസീലിയന്‍ ടി.വി.അവതാരകനായ വാലസ് സൂസയാണ്, തന്റെ പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് മാധ്യമലോകത്തെയാകെ നടുക്കിയത്. ഇയാളൊരു രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും കൂടിയാണെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം പുറത്തായതോടെ മുങ്ങിയ ഇയാള്‍, പോലീസ് നാല് ദിവസം തിരച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍ സ്വയം കീഴടങ്ങുകയായിരുന്നു. 'ഒരു കൊലപാതകത്തില്‍ അയാള്‍ പ്രതിയാണ്, മറ്റ് കൊലകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്'-സര്‍ക്കാര്‍ അഭിഭാഷകനായ റൊണാള്‍ഡോ ആന്‍ഡ്രേഡി അറിയിച്ചു. കീഴടങ്ങിയ സൂസ ഇപ്പോള്‍ ജയിയിലാണ്.

ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണാസിന്റെ തലസ്ഥാന നഗരമായ മാനൂസില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ, 'ഓപ്പണ്‍ ചാനലി'ല്‍ 'കനാല്‍ ലിവ്‌റെ' എന്ന ക്രൈം ഷോയാണ് സൂസ അവതരിപ്പിച്ചിരുന്നത്. വന്‍ ജനപ്രീതി നേടിയ പ്രോഗ്രാമായിരുന്നു അത്. സംസ്ഥാന നിയമസഭയിലേക്ക് സൂസ മത്സരിച്ചപ്പോള്‍ ലഭിച്ച ഭീമമായ ഭൂരിപക്ഷം തന്നെ ആ പ്രോഗ്രാമിന്റെ ജനപ്രീതിക്ക് തെളിവായിരുന്നു. പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായി സൂസ കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നു എന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എത്തിയിട്ടുള്ള നിഗമനം. കൊലനടക്കുന്ന വേളയില്‍ അവിടെ എത്താന്‍ പാകത്തില്‍ ക്യാമറാസംഘത്തെയും സൂസ സജ്ജമാക്കിയിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത സ്‌കൂപ്പുകളാണ് ഇത്തരത്തില്‍ സൂസ പുറത്തുകൊണ്ടുവന്നിരുന്നത്. ഒപ്പം മയക്കുമരുന്ന് കടത്തുകാരുമായും സൂസയ്ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.

മുന്‍പോലീസ് ഓഫീസറായിരുന്ന സൂസ, മാധ്യമരംഗത്ത് തരംഗം സൃഷ്ടിക്കാന്‍ തുടങ്ങുന്നത് 1980-കളിലാണ്. മാനൂസ് നഗരത്തിലെ ലോക്കന്‍ ചാനലില്‍ 'കനാല്‍ ലിവ്‌റെ' പ്രോഗ്രം അവതരിപ്പിച്ചു തുടങ്ങുന്നതോടെയായിരുന്നു അത്. മയക്കുമരുന്നുസംഘങ്ങളും ഗുണ്ടാഗ്രൂപ്പുകളും മറ്റ് സാമൂഹികവിരുദ്ധരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ആമസോനാസ് സംസ്ഥാനത്ത് സൂസയുടെ ക്രൈംഷോയ്ക്ക് വിഷയദാരിദ്യമുണ്ടായില്ല. 17 ലക്ഷം ജനങ്ങള്‍ കഴിയുന്ന നഗരത്തില്‍ സൂസയുടെ പ്രോഗ്രം വന്‍ജനപ്രീതി നേടി. അറസ്റ്റുകള്‍, കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍, മയക്കുമരുന്ന് വേട്ട തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവായ ദൃശ്യങ്ങളാകും സൂസയുടെ പ്രോഗ്രാമിലുണ്ടാവുക. മറ്റാരും കാണിക്കാത്ത ആ വീഡിയോരംഗങ്ങള്‍ പ്രോഗ്രാമിന്റെ റേറ്റിങ് വന്‍തോതില്‍ വര്‍ധിപ്പിച്ചു.

പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് കൊലപാതകമെങ്കിലും സൂസ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 2007-ല്‍ മയക്കുമരുന്ന് കടത്തുകാരനായ ക്ലിയോമിര്‍ ബെര്‍നാര്‍ഡിനോ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞയാഴ്ച സൂസയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സൂസ വാദിച്ചിരുന്നത്. എന്നാല്‍, മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടായിരുന്ന സൂസ, കൊലപാതകങ്ങള്‍ വഴി ഒരേ സമയം രണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു- മയക്കുമരുന്ന കടത്തില്‍ എതിരാളികളായവരെ ഉന്‍മൂലനം ചെയ്യുക, കൊലപാതകം നേരിട്ട് ചിത്രീകരിക്കുക വഴി പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കുക. 'കനാല്‍ ലിവ്‌റെ' പ്രോഗ്രാമില്‍ കാണിച്ചിട്ടുള്ള മറ്റ് കൊലകളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് വക്താവ് ഇമ്മാനുവേല്ലി അരൗജോ അറിയിച്ചു.

കൊലപാതകം, ഗുണ്ടാസംഘം രൂപീകരിക്കല്‍, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂസയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ ക്രിമിനല്‍ വിചാരണാ നടപടികളില്‍ നിന്ന് സൂസയ്ക്കുണ്ടായിരുന്ന സംരക്ഷണം കഴിഞ്ഞയാഴ്ച കോടതി എടുത്തു കളയുകയുണ്ടായി. അതേത്തുടര്‍ന്നാണ് അയാള്‍ ഒളിവില്‍ പോയത്. നാലുദിവസം പോലീസ് തിരച്ചില്‍ തുടര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വയംകീഴടങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നത് കൊലയും മയക്കുമരുന്നു കടത്തും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ മറയാക്കുകയാണ് സൂസ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Tuesday, July 28, 2009

കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റ്‌; ചിക്കുന്‍ഗുനിയയ്‌ക്ക്‌ നന്ദി


കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ സസ്യയിനമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച.

റോഡിറമ്പിലും ഫലഭൂയിഷ്ടമായ നാട്ടിന്‍പുറങ്ങളിലും മറ്റ്‌ സസ്യങ്ങള്‍ക്ക്‌ വളര്‍ന്നുവരാന്‍ ഇട നല്‍കാതെ ഇടതൂര്‍ന്ന്‌ വളരുന്ന ഈ ചെടിക്ക്‌ ഒരു ഉപയോഗം കണ്ടെത്താന്‍ ഇതുവരെ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ പോലും കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ പേര്‌ ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നല്ലാതെ എന്തുപറയാന്‍.

പക്ഷേ, ഈ ദുസ്ഥിതി മാറിയിരിക്കുകയാണ്‌; കുറഞ്ഞ പക്ഷം മലബാറിലെങ്കിലും.

സിയാം വീഡ്‌ (Siam Weed) എന്ന്‌ ഇംഗ്ലീഷിലും, ക്രോമോലയേന ഒഡോറാട്ട (Chromolaena odorata) എന്ന്‌ ശാസ്‌ത്രീയനാമത്തിലും അറിയപ്പെടുന്ന ഈ ചെടിക്ക്‌ വളരെ 'ഗുരുതരമായ' ഒരുപയോഗം കണ്ടെത്തയിരിക്കുകയാണ്‌ കോഴിക്കോട്‌, കണ്ണൂര്‍ പ്രദേശത്തെ നാട്ടിന്‍പുറത്തുകാര്‍.

ചിക്കുന്‍ഗുനിയ ബാധിച്ച്‌ കൈകാലുകള്‍ വീങ്ങി വേദനയനുഭവിക്കുന്നവര്‍, കമ്മ്യൂണിസ്‌റ്റ്‌ പച്ചയിട്ട്‌ ചൂടാക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം കിട്ടുമത്രേ.

ആരാണ്‌ ഈ കണ്ടുപിടിത്തം നടത്തിയതെന്ന്‌ അറിവായിട്ടില്ല. പക്ഷേ, ചിക്കുന്‍ഗുനിയ പടരുന്നതിലും വേഗത്തില്‍ ഈ ചികിത്സ മലബാറിലാകെ പടര്‍ന്നിരിക്കുന്നു.

നാട്ടിന്‍പുറങ്ങള്‍ മുഴുവന്‍ കഴിഞ്ഞ രണ്ടുമാസമായി ചിക്കുന്‍ഗുനിയയുടെ പിടിയായതിനാല്‍, ഈ ചികിത്സ ആവശ്യമില്ലാത്ത ആരുമില്ല എന്നതാണ്‌ സ്ഥിതി. നാട്ടിലെങ്ങും കമ്മ്യൂണിസ്റ്റ്‌ പച്ച കിട്ടാനില്ലാത്ത അവസ്ഥയുണ്ടാവുക സ്വാഭാവികം മാത്രം.

ആവശ്യത്തിന്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച എത്തിച്ച്‌ കൊടുക്കുകയെന്ന പുതിയൊരു തൊഴില്‍ മേഖല പോലും കണ്ണൂരിന്റെ പല ഭാഗങ്ങളിലും ശക്തിപ്രാപിച്ചിരിക്കുന്നു. ഒരുകിലോക്ക്‌ 80 രൂപാവരെയാണ്‌ വില!

കമ്മ്യൂണിസ്‌റ്റ്‌ പച്ചയുടെ ഈ വാണിജ്യസാധ്യത ഒരുപക്ഷേ, കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൂടെന്നില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഇത്‌ കൃഷി ചെയ്യാന്‍ പലരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. അതില്‍ അത്ഭുതവുമല്ല.

കാരണം, കാര്യങ്ങള്‍ ഇന്നത്തെ നിലയ്‌ക്കാണെങ്കില്‍ ചിക്കുന്‍ഗുനിയ അടുത്ത കാലത്തൊന്നും നമ്മളെ വിട്ടുപോകുമെന്ന്‌ കരുതാന്‍ വയ്യ. അമ്പതുകളില്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വൈറസ്‌രോഗത്തിന്‌ ഇതുവരെ ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച കൂടുതല്‍ ഹിറ്റാകാനാണ്‌ സാധ്യത. ചൊവ്വാഴ്‌ച ഉള്ള്യേരിയില്‍ നടന്ന 'പനിയടി'ക്ക്‌ പിന്നിലും കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു ഘടകമായോ എന്ന്‌ ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല. (ഉള്ള്യേരിയില്‍ പനിബാധിതര്‍ സംഘടിച്ചുണ്ടായ കൂട്ടത്തല്ലാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അടിയുണ്ടാക്കിയത്‌ സിപഎം കാരായതിനാല്‍, കമ്മ്യൂണിസ്‌റ്റ്‌ പച്ചയ്‌ക്ക്‌ സ്‌കോപ്പ്‌ കാണുന്നു)

തെക്കേയമേരിക്കന്‍ സ്വദേശിമായ ഈ സസ്യത്തെ ശല്യമെന്നോ കളയെന്നോ ഒക്കെയാണ്‌ ഇതുവരെ കരുതിയിരുന്നത്‌. ഏതായാലും ഇനി അത്തരമൊരു അവഗണനയ്‌ക്ക്‌ സാധ്യതയില്ല.

ഒരു അധിനിവേശക്കാരനെ രക്ഷിക്കാന്‍ മറ്റൊരു അധിനിവേശക്കാരന്‍ തന്നെ വേണം എന്ന്‌ പറയുന്നത്‌ എത്ര വാസ്‌തവം. അധിനിവേശ സസ്യമായ കമ്മ്യൂണിസ്റ്റ്‌ പച്ചയെ രക്ഷിക്കാന്‍ അധിനിവേശ രോഗമായ ചിക്കുന്‍ ഗുനിയ വേണ്ടിവന്നു.

സംഗതികള്‍ ഇങ്ങനെ പുരോഗമിക്കെ, മറ്റൊരു പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്‌. അത്‌ കോണ്‍ഗ്രസ്സ്‌ പച്ചയുടേതാണ്‌.
പാര്‍ത്തീനിയം എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ രക്ഷ എങ്ങനെ എന്നതാണ്‌ പ്രശ്‌നം.

മലബാറായതിനാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റായതില്‍ അത്ഭുതമില്ലെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ അടക്കം പറയുന്നു. പക്ഷേ, കോണ്‍ഗ്രസ്സ്‌ പച്ചയ്‌ക്കും വേണ്ടേ ഒരു ഭാവി-അവര്‍ ചോദിക്കുന്നു. അയല്‍ക്കാരന്‍ തേങ്ങ ചിരുകുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ചിരുകേണ്ടേ?

ഈയുള്ളവന്‌ ഇക്കാര്യത്തില്‍ ഒരു അഡൈ്വസ്‌ ഉണ്ട്‌...ചിക്കുന്‍ഗുനിയയ്‌ക്ക്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച പോലെ തക്കാളിപ്പനിക്ക്‌ കോണ്‍ഗ്രസ്സ്‌ പച്ച ഗുണം ചെയ്യുമെന്ന്‌ പ്രചരിപ്പിക്കുക.

സൂക്ഷിക്കണം, കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌ ഒന്നുമില്ലേലും ചൊറിച്ചിലില്ല. കോണ്‍ഗ്രസ്സ്‌ പച്ച അതല്ല ചരക്ക്‌. ദേഹത്ത്‌ തൊട്ടാല്‍ ചൊറിയും.

ഈ റിസ്‌ക്‌ ഏറ്റെടുക്കാമെങ്കില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയും കൂട്ടരും തക്കാളിപ്പനിക്കുള്ള ചികിത്സ അവതരിപ്പിക്കേണ്ടതുള്ളു. അല്ലെങ്കില്‍, കോണ്‍ഗ്രസ്സിലേക്ക്‌ ചേക്കേറാന്‍ ചിറക്‌ വിടര്‍ത്തി നില്‍ക്കുന്ന കെ.മുരളീധരനെ അകത്ത്‌ കയറ്റി തക്കാളിപ്പനി വിഭാഗത്തിന്റെ പ്രചാരണവിഭാഗം തലവനാക്കിയാലും മതി.

എഡിറ്റ്‌: കേരളത്തില്‍ ബി.ജെ.പി. രക്ഷപ്പെടാത്തതിന്റെ കാരണം ഇപ്പോഴാണ്‌ പിടികിട്ടിയതെന്ന്‌ ഒരു രാഷ്ട്രീയ നിരീക്ഷകന്‍. കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ അവരുടെ പച്ചയും കോണ്‍ഗ്രസ്സുകാര്‍ക്ക്‌ കാണ്‍ഗ്രസ്സ്‌ പച്ചയും ഇവിടെ ഉണ്ട്‌. മുസ്ലീംലീഗിനാണെങ്കില്‍ പച്ചപ്പ്‌ വേറെ വേണ്ട. പാവം നിരപരാധികളായ ബി.ജെ.പി.കാര്‍ക്ക്‌ മാത്രം ഇവിടെ സ്വന്തമായി ഒരു പച്ചയില്ല. പിന്നെങ്ങനെ പാര്‍ട്ടി പച്ച പിടിക്കും. അവര്‍ക്ക്‌ വേണമെങ്കില്‍ ധൃതരാഷ്ട്രപച്ചയെ ബി.ജെ.പി.പച്ചയെന്ന്‌ പച്ചകുത്തി കാര്യങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. ഒന്ന്‌ ട്രൈ ചെയ്യുന്നതിന്‌ കുഴപ്പമൊന്നുമില്ലല്ലോ.

പിന്നെയും എഡിറ്റ്‌: കണ്ണൂരിലെ പേരാവൂരില്‍ നിന്നാണ്‌ പുതിയ വിവരം. കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌ പകരം പേരയിലയാണത്രേ അവിടെ ചിക്കുന്‍ഗുനിയയ്‌ക്ക്‌ ഇരയായവര്‍ വെള്ളംതിളപ്പിച്ച്‌ കുളിക്കാന്‍ ഉപയോഗിക്കുന്നത്‌. അവിടെ ഒറ്റ പേരയില്‍ ഇലയില്ലത്രേ. പേരയില, പേരാവൂര്‍ നല്ല ചേര്‍ച്ച.

പാലക്കാട്‌ കഞ്ചിക്കോട്ട്‌ ഒരു ഇന്ത്യന്‍ നിര്‍മിത വിദേശമദ്യകമ്പനിയിലെ ജോലിക്കാര്‍, രാവിലെ ജോലിക്ക്‌ കയറുന്നത്‌ പേരയിലയും കൊണ്ടാണെന്ന്‌ അവിടെ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. ഇടയ്‌ക്ക്‌ വീശുന്നതിന്റെ മണം പുറത്തറിയാതിരിക്കാന്‍ പേരയില ചവച്ചാല്‍ മതിയെന്നതായിരുന്നു അവിടുത്തെ കണ്ടുപിടിത്തം. അങ്ങനെ ഇല പോയി ആ കോംപൗണ്ടിലെ ഏക പേരമരം ഇലരഹിതമായി ഉണങ്ങിയത്രേ. പേരാവൂരിലെ പേരകള്‍ക്കും അതായിരിക്കുമോ ഗതി.

Friday, May 8, 2009

അഫ്‌ഗാനിലെ ഏക പന്നിക്ക്‌ 'ഏകാന്തവാസം'

അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു. കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്‌, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്‌.

'ഖന്‍സീര്‍' എന്നാണ്‌ പന്നിയുടെ പേര്‌. പഷ്‌തൂണ്‍ ഭാഷയില്‍ പന്നിയെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം. താലിബാന്‍ നടപ്പാക്കിയ തീവ്രഇസ്ലാമിക നടപടികളുടെ ഭാഗമായി രാജ്യത്ത്‌ പന്നികള്‍ക്ക്‌ സ്ഥാനമില്ലായിരുന്നു. 2002-ല്‍ ചൈനയാണ്‌ ഖന്‍സീറിനെ കാബൂള്‍ മൃഗശാലയ്‌ക്ക്‌ സംഭാവന ചെയ്‌തത്‌.

മുമ്പ്‌ മാനുകള്‍ക്കും ആടുകള്‍ക്കും ഒപ്പം മേയാനും നടക്കാനും പന്നിയെ അനുവദിച്ചിരുന്നു. മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ പന്നിയെക്കണ്ട്‌, പന്നിപ്പനി ഭീതി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌, അവനെ ഒറ്റയ്‌ക്കൊരു മുറിയില്‍ അടയ്‌ക്കാന്‍ തീരുമാനിച്ചത്‌.

പക്ഷേ, അവന്‌ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ കാറ്റും വെളിച്ചവും കയറാന്‍ സൗകര്യമുള്ള വിസ്‌താരമുള്ള മുറിയിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്ന്‌ മൃഗശാല മേധാവി അസീസ്‌ അറിയിച്ചു. പന്നി ആരോഗ്യവാനാണെന്നും, അവന്‌ എച്ച്‌1എന്‍1 വൈറസ്‌ ബാധിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തിനകം അവനെ പുറത്തുവിടാന്‍ കഴിയും എന്നാണ്‌ പ്രതീക്ഷ.

ഖന്‍സീറിന്‌ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്ന വേളയിലാണ്‌ പന്നിപ്പനി ഭീഷണി. അതിനാല്‍, ഇനി ഉടനെ പുതിയൊരു പന്നിയെക്കൂടി മൃഗശാലയില്‍ എത്തിക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. (കപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

Tuesday, May 5, 2009

ഗൂഗിളില്‍ ആട്‌

എന്തും പുതുമയോടെ ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ളവരാണ്‌ ഗൂഗിളിലുള്ളവര്‍ - അത്‌, പുതിയ സാങ്കേതികവിദ്യകളും സോഫ്‌ട്‌വേറുകളും രൂപപ്പെടുത്തുന്നതിലായാലും, സ്വന്തം കോംപൗണ്ട്‌ കാട്‌ നീക്കംചെയ്‌ത്‌ വൃത്തിയാക്കുന്നതിലായാലും.

മാര്‍ച്ചില്‍ കൊയ്‌ത്ത്‌ കഴിഞ്ഞാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ പാടങ്ങള്‍ വൃത്തിയാക്കാനും ഫലഭൂയിഷ്‌ഠമക്കാനും കര്‍ഷകര്‍ അവലംബിക്കുന്ന വിദ്യ ഗൂഗിളിന്‌ അറിയാമോ എന്നറിയില്ല. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ എത്തുന്ന ചെമ്മരിയാടിന്‍കൂട്ടങ്ങളെ, കൊയ്‌തൊഴിഞ്ഞ വയലുകളില്‍ മേയാന്‍ അനുവദിക്കുകയാണ്‌ കര്‍ഷകര്‍ ചെയ്യുക. അതിന്‌ ആട്ടിടയന്‍മാര്‍ക്ക്‌ കാശ്‌ കൊടുക്കണം, എങ്കിലേ ആടുകളെ മേയാന്‍ കിട്ടൂ. ചെമ്മരിയാടുകള്‍ ഒരാഴ്‌ച മേഞ്ഞ്‌ കഴിയുമ്പോള്‍, പാടം ആട്ടിന്‍കാട്ടംകൊണ്ട്‌ ഫലഭൂയിഷ്‌ഠമായിട്ടുണ്ടാകും.

കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ടില്‍ പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്‌. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ്‌ കളയുകയാണ്‌ പതിവ്‌. അതിന്‌ പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു ഇത്രകാലവും ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന്‌ പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു! സംഭവം സക്‌സസ്സ്‌ എന്ന്‌ ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തുന്നു.

'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന്‌ വാടകയ്‌ക്കെടുത്ത 200 ആടുകള്‍ ഒരാഴ്‌ച ഗൂഗിളില്‍ പുല്ലിനും പടപ്പിനുമായി 'സേര്‍ച്ച'്‌ ചെയ്‌തപ്പോള്‍ സ്ഥലം വൃത്തിയായെന്ന്‌ മാത്രമല്ല, മണ്ണ്‌ ഫലഭൂയിഷ്‌ഠമാവുകയും ചെയ്‌തു. ചെലവ്‌ കണക്കാക്കുമ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട്‌ ഏതാണ്ട്‌ സമം എന്നാണ്‌ ഗൂഗിള്‍ വെളിപ്പെടുത്തുന്നത്‌.

യന്ത്രമാകുമ്പോള്‍ അതിന്‌ ഡീസല്‍ വേണം, ആടിന്‌ വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത്‌ തുളയ്‌ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല്‌ തിന്നുമ്പോള്‍ ശബ്ദം പുറത്ത്‌ കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട്‌ ഉണ്ടാക്കില്ല. ആടിനെ ആ പണി ഏല്‍പ്പിച്ചപ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനായി എന്ന്‌ സാരം. ഏതായാലും, പാലക്കാട്ടെ കര്‍ഷകരുടെ പരമ്പരാഗത സങ്കേതം മോശമല്ലെന്ന്‌ ഗൂഗിളും സമ്മതിച്ചിരിക്കുകയാണ്‌.
( കടപ്പാട്‌: ഗൂഗിള്‍ബ്ലോഗ്‌)

Monday, January 12, 2009

സര്‍വരാജ്യ ആസ്‌റ്റെറിക്‌സ്‌പ്രേമികളേ സന്തോഷിക്കുവിന്‍ !

കുറനാള്‍ മുമ്പാണ്‌, കേരളത്തില്‍ ഒരു ന്യൂസ്‌എഡിറ്റര്‍ക്ക്‌ പത്താംക്ലാസില്‍ പഠിക്കുന്ന തന്റെ മകന്‍ ആസ്‌റ്റെറിക്‌സ് അല്ലാതെ മറ്റൊന്നും വായിക്കുന്നില്ല എന്ന്‌ കലശലായ പരാതി. പയ്യന്‍ ഇങ്ങനെ കോമിക്കിന്‌ അഡിക്ടായാല്‍ ഇവന്റെ പഠനം എന്താകും, ഗൗരവമുള്ള എത്രയോ കാര്യങ്ങള്‍ വായിക്കാനുണ്ടെന്ന സംഗതി ഇവന്‍ അറിയാതെ പോകില്ലേ, അവര്‍ ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്‌തു. ഒടുവില്‍ ഒരു പരിഹാരം മൂപ്പത്തി തന്നെ കണ്ടെത്തി. പയ്യന്‌ പബ്ലിക്ക്‌ ലൈബ്രറിയില്‍ അഗംത്വമെടുത്തു കൊടുക്കുക. ലൈബ്രറിയാകുമ്പോള്‍ എത്രയോ പുസ്‌തകങ്ങള്‍ ഉണ്ട്‌, മറ്റേതെങ്കിലും വിഷയത്തില്‍ അവന്റെ താത്‌പര്യം ഉണരാതിരിക്കില്ല.

ഈ വിചാരത്തോടെ ഒരു ദിവസം ഓഫീസില്‍ പോകുമ്പോള്‍ പയ്യനെയും കൂട്ടി. കമ്പനി വണ്ടിയിലാണ്‌ യാത്ര. മാര്‍ഗമധ്യേ മറ്റൊരു ന്യൂസ്‌എഡിറ്ററെക്കൂടി കൂട്ടാനുണ്ട്‌. അറിയപ്പെടുന്ന കോളമിസ്‌റ്റും എഴുത്തുകാരനുമായ അദ്ദേഹത്തോട്‌ മകന്‍ ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ അവര്‍ വിവരിച്ചു. അവനെ ഒന്ന്‌ ഉപദേശിക്കണം എന്നും അഭ്യര്‍ഥിച്ചു. പെട്ടന്ന്‌ എഴുത്തുകാരനായ ന്യൂസ്‌ എഡിറ്റര്‍ ബാഗില്‍നിന്ന്‌ ഒരുകെട്ട്‌ ആസ്‌റ്റെറിക്‌സ് ബുക്കുകള്‍ എടുത്തുകാട്ടിയിട്ട്‌ ചോദിച്ചു: `ഇതിലാണോ ഇവന്‍ അഡിക്ടായിരിക്കുന്നത്‌, ഞാനും ഒരു അഡിക്ടാ`! പയ്യന്‍ അതത്രയും തട്ടിപ്പറിച്ചെടുത്തിട്ട്‌, ഇനി ഇതുകൂടി വായിച്ചിട്ടേ ലൈബ്രറിയിലേക്കുള്ളു എന്ന്‌ പ്രഖ്യാപിച്ചത്രേ.

ആസ്‌റ്റെറിക്‌സ് എന്ന വിശ്വോത്തര കോമിക്‌സില്‍ അഡിക്ടാകാന്‍ പ്രായവ്യത്യാസമൊന്നുമില്ല എന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. സ്‌കൂള്‍കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ ആസ്‌റ്റെറിക്‌സ് നല്‍കുന്ന അതുല്യ അനുഭവത്തില്‍ മതിമറക്കുന്നു. അതുകൊണ്ടാണ്‌, ഏതാനും വര്‍ഷംമുമ്പ്‌ കോഴിക്കോട്ടെ ഏലൂര്‍ ലെന്റിങ്‌ ലൈബ്രറി ശാഖ പൂട്ടുന്നു എന്നുകേട്ട പാടെ അന്ന്‌ കോഴിക്കോട്ടുണ്ടായിരുന്ന നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന്‍ പാഞ്ഞെത്തി, ആസ്റ്റെറിക്‌സിന്റെ മുഴുവന്‍ കോപ്പികളും ചുളുവിലയ്‌ക്ക്‌ വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്‌തത്‌. കെ.കെ.ബാലരാമനെപ്പോലൊരു പത്രപ്രവര്‍ത്തകന്‍ പതിവായി ഏതെങ്കിലും 
ആസ്‌റ്റെറിക്‌സ്‌ സീരിയസ്‌ ബാഗില്‍ കൊണ്ടുനടക്കുന്നതിന്റെ ഉള്ളുകള്ളിയും മറ്റൊന്നല്ല.

ഇത്തരം കടുത്ത 
ആസ്‌റ്റെറിക്‌സ്‌ പ്രേമികള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക്‌ സീരിയസ്‌, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട്‌ ഉഡെര്‍സോയ്‌ക്ക്‌ ശേഷവും നിലനില്‍ക്കും. 1959-ല്‍ പൈലറ്റ്‌ മാസികയിലാണ്‌ ഓസ്‌റ്റരിക്‌സ്‌ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌. ഉഡെര്‍സോയും റെനെ ഗോസിന്നിയുമായിരുന്നു സൃഷ്ടാക്കള്‍. ഗോസിന്നി 1977-ല്‍ അന്തരിച്ചു. അതിന്‌ ശേഷം ഉഡെര്‍സോ ഒറ്റയ്‌ക്കാണ്‌ ഈ പരമ്പര മുന്നോട്ടു കൊണ്ടുപോയത്‌. ആസ്റ്റെറിക്‌സിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച്‌ പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ 81-കാരനായ ഉഡെര്‍സോ. 2009 ഒക്ടോബറില്‍ അത്‌ പുറത്തിറക്കാനാണ്‌ ഉദ്ദേശം. തന്റെ കാലശേഷവും ആസ്‌റ്റെറിക്‌സ്‌  തുടരാനുള്ള അവകാശം അദ്ദേഹം പ്രസാധകരായ 'ആല്‍ബെര്‍ട്ട്‌-റെനെ'യ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു. ഗോസിന്നിയുടെ മകള്‍ ആന്നിയും അതിനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്‌.

ഒബീലിക്‌സിന്റെ കല്ലുകച്ചവടവും അണ്‍ഹൈജീനിക്‌സിന്റെ മത്സ്യവില്‍പനയും ജറിയാട്രിക്‌സിന്റെ പൂവാലത്തരങ്ങളും ഫുള്ളിഓട്ടോമാറ്റിക്‌സിന്റെ ആലയും വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്‌സിന്റെ തളികയാത്രയും ഡോഗ്മാട്രിക്‌സിന്റെ കുസൃതികളും അവസാനിക്കില്ലെന്നു സാരം. കാട്ടുപന്നിവേട്ട ഇനിയും തുടരും. റോമന്‍ സാമ്രാജ്യം ഇനിയും ആ ഗ്വാളിഷ്‌ ഗ്രാമത്തിന്‌ മുന്നില്‍ മുട്ടുമടക്കും. സീസറിന്റെ തലവേദന തീരില്ല....