Wednesday, January 26, 2011

മലയാളം ഇനി രക്ഷപ്പെടുമോ

കോഴിക്കോട് സില്‍വര്‍ ഹില്‍സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇപ്പോള്‍ കേരളത്തിന് പുറത്ത് ഉപരിപഠനം നടത്തുന്ന ഒരു യുവാവ് മലയാളം വിക്കിപീഡിയയില്‍ സിസോപ്പാണ്. കൗതുകമുണര്‍ത്തുന്ന ഒരു പ്രസ്താവന അയാളുടെ വിക്കി പ്രൊഫൈലിലുണ്ട്. അത് ഏതാണ്ട് ഇങ്ങനെ -'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പറയാന്‍ അനുവാദമില്ലായിരുന്നു. അതിന് ഇവിടെ പ്രായശ്ചിത്തം ചെയ്യുന്നു'.......

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാതലത്തിലും മലയാളം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ആര്‍.വി.ജി. മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ച വാര്‍ത്തയും, അതെക്കുറിച്ച് ഭാഷാസ്‌നേഹികള്‍ കാണിക്കുന്ന അമിതാവേശവും കാണുമ്പോള്‍ മേല്‍പ്പറഞ്ഞ സംഗതി ഓര്‍മ വരുന്നു. ആ യുവാവ് ഉദ്ദേശിച്ച തരത്തിലൊരു പ്രായശ്ചിത്തത്തിന് മലയാളികളെ പ്രാപ്തരാക്കാന്‍ ഈ പുതിയ നീക്കം സഹായിക്കുമോ.

മലയാളം സംസാരിച്ചാല്‍ ഫൈനിടുന്ന വിദ്യാലയങ്ങളുള്ള നാടാണ് കേരളം. മലയാളഭാഷ ഐശ്ചികവിഷയമായെടുത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും, 'നിങ്ങള്‍ക്ക് വേറൊരു വിഷയവും പഠിക്കാന്‍ കിട്ടിയില്ലേ' എന്ന പരിഹാസത്തിന് പാത്രമാകുന്നു. ഞങ്ങളുടെ കോളനിയില്‍ അടുത്ത വീട്ടിലെ പത്തു വയസ്സുകാരി മറ്റ് കുട്ടികള്‍ കേള്‍ക്കെ പരസ്യമായി ആവര്‍ത്തിക്കുന്ന ഒരു പല്ലവി, 'മലയാളം എനിക്ക് ഇഷ്ടമില്ല' എന്നാണ് (അവളത് പറയുന്നത് പക്ഷേ, മലയാളത്തിലാണ്). വീട്ടില്‍ നിന്നാണോ ആ കുട്ടിക്ക് ഇത്തരമൊരു പ്രചോദനം കിട്ടിയതെന്നറിയല്ല. അറിവില്‍ പെട്ടിടത്തോളം അവളുടെ വീട്ടുകാരാരും ഇംഗ്ലീഷ് സംസാരിക്കുന്നവരായില്ല! പക്ഷേ, പറയുന്നത് അന്തസ്സില്ലാത്ത ഒരു സംഗതിയാണെന്ന് ആ കുട്ടിക്ക് അവളുടെ വീട്ടുകാരോ അധ്യാപകരോ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് വ്യക്തം. ടെലിവിഷനില്‍ നിറയുന്നത് 'രഞ്ജനി ഹരിദാസ്' മലയാളവും! മലയാളം പറയുന്നെങ്കില്‍ അതുപോലെ വേണം എന്നാണ് പുതിയ തലമുറയില്‍ പലരും മനസിലാക്കുന്നത് തന്നെ.

ഈയൊരു സാമൂഹിക പരിസ്ഥിതിയില്‍ കേരളത്തില്‍ മലയാളഭാഷക്ക് എങ്ങനെ അതിന്റെ അന്തസ്സും സ്വാധീനവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് ആലോചിക്കേണ്ട കാര്യമാണ്. അന്ധമായ ഭാഷാസ്‌നേഹമോ അടിച്ചേല്‍പ്പിക്കലോ കൊണ്ട് ഒരു ഭാഷയ്ക്ക് വളരാനാകുമെന്ന് തോന്നുന്നില്ല. ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ഭാഷക്ക് കഴിയണം. അല്ലെങ്കില്‍ അത് ക്രമേണ പ്രാധാന്യം നഷ്ടപ്പെട്ട് അനാകര്‍ഷകമായി തീരും.

എങ്ങനെയാണ് ഒരു ഭാഷക്ക് ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുക. സംസ്‌ക്കാരവും വിജ്ഞാനവും ആ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടണം, പരിപോഷിക്കപ്പെടണം (ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ ഉള്ളതുകൊണ്ടാണ്, ലോകത്താരും മാതൃഭാഷയായിട്ട് ഉപയോഗിക്കാഞ്ഞിട്ടും സംസ്‌കൃതത്തിന് ഇപ്പോഴും പ്രധാന്യമുള്ളത്).

എന്നാല്‍, മലയാളത്തിന്റെ സ്ഥിതിയെന്താണ്. പുസ്തകങ്ങള്‍ ഇറങ്ങുന്നില്ല എന്ന് പറയരുത്. കേരളത്തിലെ ഏറ്റവും ലാഭകരമായ തൊഴില്‍മേഖലകളിലൊന്നാണ് പുസ്തകപ്രസാധനം. വന്‍കിടക്കാര്‍ മാത്രമല്ല, ഒട്ടേറെ ചെറുകിട പ്രസാധകരും ഈ രംഗത്തേക്ക് പുതയതായി വരുന്നത് ലാഭം കണ്ടിട്ട് തന്നെയാണ്. നൂറുകണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും മലയാളത്തില്‍ ഇറങ്ങുന്നു. പക്ഷേ, അപ്പോഴും മലയാളികള്‍ മാതൃഭാഷ പഠിക്കാന്‍ വിദഗ്ധ കമ്മറ്റി ശുപാര്‍ശ ചെയ്യേണ്ടി വരുന്നു. എവിടെയോ തകരാറുണ്ടെന്ന് വ്യക്തം.

തകരാര്‍ മനസിലാക്കാന്‍, കേരളത്തിലെ പുസ്തകശാലയില്‍ കയറി പുതിയതായി ഇറങ്ങുന്ന മലയാളം പുസ്തകങ്ങള്‍ ഒന്ന് നോക്കിയാല്‍ മതി. മൂന്നാംകിട ചെറുകഥകളുടെ സമാഹാരങ്ങളായിരിക്കും അതില്‍ പകുതിയിലേറെയും. ഭാഷയ്‌ക്കോ സംസ്‌ക്കാരത്തിനോ കേരളത്തിന്റെ ബൗദ്ധീകാന്തരീക്ഷത്തിനോ ഒരു സംഭാവനയും ചെയ്യാനാകാത്ത ചവറുകള്‍.

ടിവിയിലെ ചലച്ചിത്ര ഗാന പരിപാടികള്‍ കണ്ടിട്ടില്ലേ. പഴയഗാനങ്ങള്‍, അപ്രിയഗാനങ്ങള്‍, ശോകഗാനങ്ങള്‍, ആശ്വാസഗാനങ്ങള്‍, പ്രഭാതഗാനങ്ങള്‍, പ്രദോഷഗാനങ്ങള്‍......ഇങ്ങനെ പല ലേബലുകളില്‍ ഒരേ പാട്ടുകള്‍ തന്നെ പല അവതാരകര്‍ അവതരിപ്പിക്കുന്ന ഏര്‍പ്പാട്. അതുപോലെ, ആദ്യകഥകള്‍, പ്രിയകഥകള്‍, പ്രേമകഥകള്‍....എന്നിങ്ങനെ, പഴയകാല എഴുത്തുകാരുടെ കഥകള്‍ പല ലേബലുകളില്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നവയാണ് പുതിയ പുസ്തകങ്ങളില്‍ മറ്റൊരു നല്ല ഭാഗം. ഇതുവഴി ഭാഷയ്ക്ക് എത്രകണ്ട് ബൗദ്ധികമായ ആവശ്യങ്ങള്‍ നിറവേറ്റാനാകും എന്നത് ആലോചിക്കേണ്ട വിഷയമാണ്.

ഭാഷയെ സമുദ്ധരിക്കുകയെന്ന ഏക ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്. മലയാളത്തില്‍ ഏറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥാപനവുമാണത്. പക്ഷേ, ഇപ്പോള്‍ ആ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ചില ടൈറ്റിലുകള്‍ ഇങ്ങനെയാണ്-ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ......ഭാഷയെന്ന വാക്കില്ലാത്ത ഒറ്റ ടൈറ്റിലുപോലുമില്ലാത്ത അവസ്ഥ. ആര്‍ക്കുവേണ്ടിയാണ് ഈ അഭ്യാസം.

ഈയൊരവസ്ഥയില്‍ കാര്യങ്ങളറിയാനും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടാനും മറ്റ് മാര്‍ഗങ്ങള്‍ മലയാളിക്ക് തേടേണ്ടി വരിക സ്വാഭാവികം മാത്രം. ഈ ദുസ്ഥിതി ചര്‍ച്ച ചെയ്യപ്പടാനും അതുവഴി മാതൃഭാഷയെ സംബന്ധിച്ച് പുതിയൊരു സമീപനം മലയാളികള്‍ക്ക് കൈവരാനും, സര്‍ക്കാരിന്റെ നീക്കം സഹായിക്കട്ടെ എന്നേ പറയാനാകൂ.

Saturday, January 22, 2011

തൊഴില്‍ തേടുന്നവരുടെ കേരളം

ചില കാര്യങ്ങളുണ്ട്, മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് തലമുടി മുറിക്കുന്നതിന് പലര്‍ക്കും സ്ഥിരമായി ഒരാള്‍ ഉണ്ടാകും. ഇന്ന ബാര്‍ബര്‍ഷോപ്പിലെ ഇന്നയാള്‍. ഏതാണ്ട് പത്തുവര്‍ഷത്തിലേറെയായി, എന്റെ കാര്യത്തില്‍ അത് കോഴിക്കോട് മിഠായി തെരുവില്‍ 'പരമശിവ'ത്തിലെ (ഇപ്പോള്‍ അത് 'ബ്യൂട്ടിക്') ബാബുവേട്ടനാണ്. മൂപ്പര്‍ കടയിലില്ലെങ്കില്‍, ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി തിരിച്ചു പോരുകയാണ് പതിവ്. അടുത്തകാലം വരെ അവിടെ പണിയെടുക്കുന്നവരില്‍ മിക്കവരും തമിഴ്‌നാട്ടില്‍ നിന്നുള്ള ചെറുപ്പക്കാരായിരുന്നു. മധുരക്കടുത്ത് ഒരു ഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞ ശേഷം കുമാറിനെ കാണാനില്ല, നാട്ടില്‍ തന്നെ നിന്നു എന്നാണറിഞ്ഞത്.

കഴിഞ്ഞ ദിവസം കണ്ണാടിയില്‍ നോക്കുമ്പോള്‍ തലമുടിയും താടിയും നീണ്ട സ്വരൂപം കണ്ട് ഞാന്‍ സ്വയം ഞെട്ടി. രാത്രിയില്‍ ഒറ്റയ്ക്കിരുന്ന് പ്രേതനോവലുകളെഴുതി സ്വയം പേടിക്കുന്ന ജഗതിയെ ഒരു സിനിമയില്‍ കണ്ടതോര്‍ത്തു. ആ അവസ്ഥയാണല്ലോ എന്റേതെന്ന പരിതാപകരമായ തോന്നലോടെ, ബ്യൂട്ടിക് ഷോപ്പ് തേടി ചെന്നു. മുമ്പ് വഴിയിറമ്പിലായിരുന്നു കട. ഇപ്പോഴത് റോഡില്‍ നിന്ന് ഉള്ളില്‍ പടിക്കെട്ട് കയറി ചെല്ലേണ്ട സ്ഥലത്താണ്. കയറി ചെല്ലുമ്പോഴേ ശ്രദ്ധിച്ചു, കടയുടെ മുമ്പില്‍ കസ്റ്റമേഴ്‌സിനും ജോലിക്കാര്‍ക്കും ഇരിക്കാനിട്ടിരിക്കുന്ന കസേരകളിലൊന്നില്‍, നല്ല പൊക്കമുള്ള മെലിഞ്ഞു വെളുത്ത് ചുള്ളനായ ഒരു പയ്യന്‍സ്. ആറര അടി പൊക്കം എങ്ങനെ അളന്നാലും കാണും. തലമുടി ചകിരിനാരില്‍ കറുത്ത ചായം പുരട്ടി നീട്ടി വെച്ചിരിക്കുന്നത് പോലെ ചെവിക്ക് മുകളിലേക്ക് നീണ്ട് കിടക്കുന്നു. ഏതോ ഒരു ഹിന്ദി നടന്റെ കോസ്റ്റിയൂം.

ബാബുവേട്ടന്‍ കടയിലുണ്ടായിരുന്നു. കഷണ്ടി കയറിത്തുടങ്ങിയ എന്റെ തലയില്‍ അദ്ദേഹം ധര്‍മസങ്കടത്തോടെ ജോലി തുടങ്ങി. കുഴപ്പമില്ല, ഗള്‍ഫ് ഗേറ്റല്ലേ ഉള്ളതെന്ന് ഞാന്‍ മനസില്‍ സമാധാനിച്ചു. മമ്മുട്ടിക്കും മോഹന്‍ലാലിനുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ചിന്തയിങ്ങനെ കാടുകയറുന്നതിനിടെ, കാഴ്ചയില്‍ അധ്യാപകന്റെ കെട്ടുംമട്ടുമുള്ള ഒരാള്‍ ഹെയര്‍ സ്റ്റൈല്‍ ചെയ്യാന്‍ കടയിലെത്തി. ബാബുവേട്ടന്‍ ഉടന്‍ പുറത്തിരുന്ന ചുള്ളനെ വിളിച്ചു. കസ്റ്റമറായി എത്തിയയാള്‍ക്ക് സംശയം, ഇവനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ, പണിയൊക്കെ അറിയാമോ. ബോംബേക്കാരനാണ്, ജോലി തേടിയെത്തയതാണ്, നന്നായി പണിയെടുക്കും, കുഴപ്പക്കാരനുമല്ല-ബാബുവേട്ടന്‍ ഒരു ലഘുവിവരണം നല്‍കി.

'പണ്ടൊക്കെ, നമ്മള്‍ തൊഴില്‍ തേടി ബോംബെയിലാണ് പോയിരുന്നത്. ഇപ്പോള്‍ അവിടുന്ന് ആളുകള്‍ കേരളത്തില്‍ വന്നു തുടങ്ങി'-മാവൂര്‍ ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത വാസുമാസ്റ്റര്‍ എന്ന് പിന്നീട് മനസിലായ ആ കസ്റ്റമര്‍ പ്രതികരിച്ചു. 'ഇവന്‍ ബോംബെക്കാരന്‍, പുറത്തിരിക്കുന്നവന്‍ ബംഗാളി'-ബാബുവേട്ടന്‍ പ്രതികരിച്ചു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന ആളുകള്‍ മാറുകയാണ്. മുഹമ്മദ് അമീര്‍ എന്ന ഈ ചെറുപ്പക്കാരന്‍ ബോംബെ നഗരത്തിലെ ബാന്ദ്രയില്‍ നിന്നാണ് കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ഹിന്ദി സിനിമാതാരങ്ങളും അവനും ബോംബെയില്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് പറയുമ്പോള്‍ മുഖത്ത് അഭിമാനം.

സാമൂഹിക ശാസ്ത്രജ്ഞര്‍ പഠിച്ചാലും ഇല്ലെങ്കിലും കേരളം വലിയൊരു മാറ്റത്തിലൂടെ കടന്നു പോവുകയാണ്. രണ്ടു തരത്തില്‍ ഇത് പ്രകടമാണ്. തൊഴിലില്ലായ്മയെക്കുറിച്ച് കേരളീയര്‍ക്കിടയില്‍ നിലനിന്ന അസാധാരണായ ആശങ്ക ഇല്ലാതായിരിക്കുന്നു എന്നതാണ് ആദ്യത്തേത്. ഞാനിത് പറയുമ്പോള്‍ ചിലര്‍ക്ക് സംശയം തോന്നാം. ലളിതമായ ഒരുകാര്യം പരിഗണിക്കുക. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളൊക്കെ അടുത്തകാലം വരെ ഏറ്റവുമധികം പ്രക്ഷോഭം നടത്തിയിരുന്നത് തൊഴിലില്ലായ്മയ്‌ക്കെതിരെയാണ്. ഡി.വൈ.എഫ്.ഐ.പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ ഏറ്റവും ശ്രദ്ധേയമായ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം സമരങ്ങള്‍ കേരളത്തില്‍ നടക്കാറില്ല എന്നു പറയുമ്പോള്‍ അതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്.

മറ്റൊന്ന് കേരളത്തില്‍ അടുത്തകാലം വരെ എന്തു ജോലിക്കും കിട്ടുമായിരുന്ന തമിഴ്‌നാട്ടുകാരൊക്കെ തിരികെ പോയിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. പകരം അവരുടെ സ്ഥാനം ബീഹാറികളെയും ബംഗാളികളെയും (മേല്‍പ്പറഞ്ഞ മുംബൈക്കാരനെയും) പോലുള്ളവര്‍ കൈയടക്കുന്നു. കേരളത്തിലെ നിര്‍മാണമേഖലയിലെ കൂലിത്തൊഴിലാളികളില്‍ ഭൂരിപക്ഷവും ബീഹാറികളും ബംഗാളികളുമായി മാറിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല.

കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലാണ് ഒരു പതിറ്റാണ്ടിലേറെയായി എന്റെ താമസം. ഇവിടെ വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ വരുന്നത് പാപ്പമ്മയായിരുന്നു. പാപ്പമ്മ ഇല്ലാത്തപ്പോള്‍ അവരുടെ മകളോ മരുമകനോ എത്തും. തമിഴ്‌നാട്ടുകാരായ പാപ്പമ്മയും കുടുംബവും ഇപ്പോള്‍ ആ ജോലി അവസാനിപ്പിച്ചിരിക്കുന്നു. മുമ്പ് ഇവിടെ അടുത്തുള്ള എരഞ്ഞിപ്പാലം കവലയില്‍ രാവിലെ എത്തിയാല്‍, തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ദിവസക്കൂലിക്ക് ആളുകള്‍ അവിടെ നിന്നാണ് തൊഴിലാളികളെ കൊണ്ടുപോന്നത്. ഇപ്പോള്‍ പക്ഷേ ആ തൊഴിലാളികള്‍ അധികമൊന്നുമില്ല.

തമിഴ് തൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തില്‍ ഏറ്റവുമാദ്യം അനുഭവിച്ച പ്രദേശം പാലക്കാട്ടെ നെല്ലിയാമ്പതി ആകണം. അവിടെ തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പതിറ്റാണ്ടുകളായി താമസിച്ച് ജോലി ചെയ്തിരുന്നവര്‍ എല്ലാം ഉപേക്ഷിച്ച് സ്വദേശത്തേക്ക് തിരിച്ചു പോയി. നെല്ലിയാമ്പതിയില്‍ പല പാര്‍പ്പിട മേഖലകളും ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചായത്തായി നെല്ലിയാമ്പതി മാറുന്നിതെപ്പറ്റി ഒരു ഫീച്ചര്‍ ചെയ്യാന്‍, ചലച്ചിത്ര സംവിധായകനും സുഹൃത്തുമായ മണിലാല്‍ എന്നെ പാലക്കാട്ടുള്ളപ്പോള്‍ പ്രേരിപ്പിച്ചിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രാജാക്കാട്ടുള്ള സുഹൃത്തുമായി സംസാരിക്കുമ്പോള്‍, അവിടെ ഏലത്തോട്ടങ്ങളില്‍ ജോലിചെയ്യാന്‍ ആളില്ലാതാകുന്ന ദയനീയ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. തമിഴ് തൊഴിലാളികളാണ് ഏലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്നത്. അവരെല്ലാം തിരികെ പോയിരിക്കുന്നു.

ചുരുക്കത്തില്‍ കേരളം എന്നത് ലാഭകരമായ ഒരു തൊഴില്‍മേഖലയായി തമിഴന്‍മാര്‍ക്ക് തോന്നാതായിരിക്കുന്നു എന്നുസാരം. എന്തായിരിക്കും അതിന് കാരണം.

സംഭവം വളരെ ലളിതം. രണ്ടുരൂപായ്ക്ക് ഒരു കിലോ അരിയും, കുട്ടികള്‍ക്കെല്ലാം സ്‌കൂളില്‍ പോകാന്‍ സൈക്കിളും വീട്ടില്‍ സൗജന്യമായി ടിവിയും,...എന്നുവേണ്ട എല്ലാ ആനുകൂല്യങ്ങളും സ്വന്തംനാട്ടില്‍ കിട്ടുമെങ്കില്‍ എന്തിന് അന്യനാട്ടില്‍ പോയി കൂലിപ്പണി ചെയ്യണം. മാത്രമല്ല, ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതുപോലെ, 'കേരളീയരുടെ മാതിരി, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികളിലേര്‍പ്പെടാന്‍, സൈദ്ധാന്തികപ്രശ്‌നങ്ങളൊന്നും തമിഴരെ അലട്ടുന്നുമില്ല'.

കേരളീയര്‍ക്ക് ഇതില്‍നിന്ന് പലതും പഠിക്കാനുണ്ട്. നമ്മള്‍ അതിന് പക്ഷേ, സന്നദ്ധരാകുമോ എന്നിടാത്താണ് പ്രശ്‌നം.

Monday, January 10, 2011

അടിമക്കച്ചവടം-10 കോടി, 9 കോടി,....

കുറച്ചുകാലം മുമ്പാണ്. കോവളത്തെ സാധാരണക്കാര്‍ക്കിടയില്‍ ടൂറിസം വരുത്തുന്ന സ്വാധീനം എത്രയെന്ന് പഠിക്കാന്‍ ഒരു ഗ്രൂപ്പ് പുറപ്പെട്ടു. ഹൃദയകുമാരി ടീച്ചര്‍ ആ ഗ്രൂപ്പിനുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. വിവരശേഖരണത്തിന്റെ ഭാഗമായി സംഘം പലയിടത്തും കറങ്ങി ഒരു വീട്ടിലെത്തി. ചെറുപ്പക്കാരിയായ വീട്ടമ്മയെ പരിചയപ്പെട്ടു. രണ്ട് ചെറിയ കുട്ടികള്‍. വീട്ടുകാരനെ കാണാനില്ല. പലതും തിരക്കിയ കൂട്ടത്തില്‍ കുടുംബനാഥന് എന്താണ് ജോലിയെന്ന് ചോദിച്ചു. രസിക്കാത്ത മട്ടില്‍ 'ഓ...' എന്നൊരു പ്രതികരണമാണ് വീട്ടമ്മയില്‍ നിന്നുണ്ടായത്. അദ്ദേഹം എവിടെ പോയതാണ് എന്ന ചോദ്യത്തിനും അനിഷ്ടം കലര്‍ന്ന പ്രതികരണം. എന്താണ് സംഗതിയെന്നറിയാതെ സംഘാംഗങ്ങള്‍ കുഴങ്ങി. അപ്പോള്‍ കുട്ടികളിലൊരാള്‍ പറഞ്ഞു: 'അച്ഛന്‍ പ്രേമിക്കാന്‍ പോയിരിക്കുവാ'...!

ഇതു കേട്ട് സംഘാംഗങ്ങള്‍ നടുങ്ങി. സിനിമയിലല്ലാതെ, ഇത്തരമൊരു തൊഴില്‍ സാധ്യതയെക്കുറിച്ച് അവര്‍ക്ക് അറിയുമായിരുന്നില്ല. (സംഭവം മറ്റേതാണ്. ആ കുട്ടികളുടെ അച്ഛന്‍ ഒരു പുരുഷ വേശ്യയായിരുന്നു).

അതേപോലൊരു നടുക്കത്തിലാണിപ്പോള്‍ പലരും. കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളും ടിവി ചാനലുകളും കണ്ടവര്‍ മനുഷ്യനെ (അവര്‍ ക്രിക്കറ്റ് താരങ്ങളായതിന്റെ പേരില്‍) ലേലം ചെയ്തു വില്‍ക്കുന്ന അപരിഷ്‌കൃതമായ വാര്‍ത്തകള്‍ കണ്ട് പരിഭ്രമിച്ചു. ഗംഭീറിന് 10.8 കോടി, ഉത്തപ്പ (ഊത്തപ്പം ശോഷിച്ചത്) 9.52 കോടി, പഠാന്‍ 9.1 കോടി, വായ തുറന്നാല്‍ ശ്രീ മാത്രം നാവില്‍ നിന്ന് വരുന്ന നമ്മുടെ ശ്രീശാന്തിന് 4.08 കോടി.....ക്രിക്കറ്റ് പ്രേമികള്‍ പക്ഷേ, കാളച്ചന്തയിലെ കണക്ക് പോലെ 'ഹോ, അവന് ഇത്രയുമേ കിട്ടിയുള്ളല്ലോ' എന്ന് പരിതപിച്ചു!

അടിമക്കച്ചവടം നിലനിന്ന കാലത്തും, ഇപ്പോള്‍ സിനിമകളിലും മാത്രം സാധ്യമെന്ന് പലരും കരുതിയ കാര്യമാണ് കണ്‍വെട്ടത്ത് നടക്കുകയും, മാധ്യമങ്ങള്‍ ഉളുപ്പില്ലാതെ ഒന്നാംപേജില്‍ ആഘോഷിക്കുകയും ചെയ്യുന്നത്. ടെലിവിഷനുകള്‍ക്ക് ഈ അടിമക്കച്ചവടം ബ്രേക്കിങ് ന്യൂസാണ്. ചിലരെ വാങ്ങാന്‍ ആളില്ലല്ലോ എന്ന് മാധ്യമങ്ങള്‍ കണ്ണീര്‍ പൊഴിച്ചു. ഇതൊരു അപരിഷ്‌കൃതമായ ഏര്‍പ്പാടാണെന്ന് ആര്‍ക്കും തോന്നിയ മട്ടില്ല.

നവലിബറലിസത്തിന്റെ ഭാഗമായി ഈ അടിമക്കച്ചവടം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചാല്‍ എന്താകും സ്ഥിതി. സിനിമയുടെ കാര്യം ചിന്തിച്ചുനോക്കൂ. ക്രിക്കറ്റ് താരങ്ങളെപ്പോലെ ചലച്ചിത്ര താരങ്ങളെ ലേലത്തിന് വയ്ക്കുന്ന കാര്യം. മമ്മുട്ടിക്ക് എത്ര വിലയിടും, മോഹന്‍ലാലിനെ എത്ര കൊടുത്താല്‍ കിട്ടും! നാളെ അതും വരുമായിരിക്കും. താരങ്ങളെ മാത്രമല്ല, താരറാണികളെ ലേലം വിളിച്ചെടുക്കാമെന്ന് വന്നാല്‍, ചിലപ്പോള്‍ തുക ഇവിടം കൊണ്ടൊന്നും നിന്നെന്നു വരില്ല.

അടിമക്കച്ചവടത്തിന്റെ പുത്തന്‍ മേഖലകളിലേക്ക് കടക്കുകയാണ് ലോകം. 'ചരിത്രം ആവര്‍ത്തിക്കും, പ്രഹസന്നമായി' എന്ന് പറയുന്നത് ഇത്തരം കാര്യങ്ങളെ ഉദ്ദേശിച്ച് തന്നെയാകണം.