Monday, September 22, 2008

ദിനേശ്‌ബീഡി തൊഴിലാളിക്കും 'ഇക്കണോമിസ്‌റ്റി'നും പൊതുവായുള്ളത്‌

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍ ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍ തെറുത്തു കൊടുക്കുന്നു.

വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക വകഭേദം എന്താണെന്ന്‌ അറിയാന്‍, ഏതെങ്കിലും ഓഡിയോ മാഗസിനോ നോവലുകളുടെ ഓഡിയോ രൂപമോ കേട്ടുനോക്കിയാല്‍ മതി. ചില ജനപ്രിയ നോവലുകളുടെയും മറ്റും ഓഡിയോ രൂപങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും, മുഖ്യധാരാമാധ്യമങ്ങള്‍ അടുത്തകാലം വരെ ഓഡിയോ എഡിഷനുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്‌. ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ സൂചിപ്പിക്കുന്നത്‌ ഇക്കാര്യമാണ്‌. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ച സാധ്യത.

ആകെ 120 എം.ബി.വലിപ്പമുള്ള എംപി-3 ഫയലുകളായാണ്‌ 'ഇക്കണോമിസ്‌റ്റ്‌' അതിന്റെ ഓഡിയോ എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത്‌ (ഇതു കാണുക). ഉള്ളടക്കം ഒന്നിച്ചു വേണമെങ്കിലും, വീക്കിലിയിലെ ഓരോ വിഭാഗവും വെവ്വേറെ വേണമെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്യാം. ഉയര്‍ന്ന ഗുണനിലവാരത്തില്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാകയാല്‍, കേഴ്‌വി മികച്ച അനുഭവമാകുന്നു. എംപി-3 പ്ലെയറിലേക്ക്‌ പകര്‍ത്തിയാല്‍, ഒരു മണിക്കൂര്‍ നീളുന്ന പ്രഭാത നടത്തത്തിനിടെ പുതിയ ലക്കം ഇക്കണോമിസ്‌റ്റ്‌ കേട്ടു തീര്‍ക്കാം. അല്ലെങ്കില്‍, കാര്‍ ഡ്രൈവ്‌ ചെയ്യുന്നതിനിടെ ഡി.വി.ഡി.പ്ലയറിലിട്ട്‌ കേള്‍ക്കാം, അതുമല്ലെങ്കില്‍ തുണി ഇസ്‌തിരിയിടുന്നതിനിടെ. വായനയ്‌ക്ക്‌ തീരെ സമയമില്ലാതാകുന്ന പുതിയ കാലത്തെ തോല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നാണ്‌ ഈ ഓഡിയോ എഡിഷന്‍. ഒറ്റ പ്രശ്‌നമേയുള്ളു, വരിക്കാര്‍ക്ക്‌ മാത്രമേ ഓഡിയോ ഇക്കണോമിസ്‌റ്റിന്റെ എഡിഷന്‍ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയൂ. അതല്ലാത്തവര്‍ക്ക്‌ ലീഡര്‍ പോലുള്ള ഭാഗങ്ങള്‍ മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യാനാകൂ.

ഭാവിയില്‍ മലയാള ആനുകാലികങ്ങളും ഏതുരൂപത്തിലേയ്‌ക്കൊക്കെ പരിണമിക്കാം എന്നതിന്റെ സൂചന കൂടിയാണ്‌, ഇത്തരം ഓഡിയോ എഡിഷനുകള്‍. പുതിയൊരു ജോലി സാധ്യതയും ഇത്‌ മുന്നോട്ടു വെയ്‌ക്കുന്നു. നല്ല ശബ്ദവും ഉച്ഛാരണശുദ്ധിയുമുള്ളവര്‍ക്ക്‌ ഇതൊരു തൊഴില്‍മേഖലയാക്കാന്‍ കഴിയും. ഓഡിയോ ബ്ലോഗിങായ 'പോഡ്‌കാസ്‌റ്റിങി'നെയാണ്‌ ഓഡിയോ മാഗസിനുകള്‍ അനുകരിക്കുന്നത്‌. മാര്‍ഷല്‍ മക്‌ലുഹാന്‍ 'ട്രൈബല്‍ ഡ്രം' എന്ന്‌ വിശേഷിപ്പിച്ചത്‌ റേഡിയോ എന്ന മാധ്യമത്തെയാണ്‌. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ നവമാധ്യമങ്ങളിലെ നവാഗതരായ 'ശബ്ദവാരികകളെ' എന്താകുമായിരുന്നു വിശേഷിപ്പിക്കുക.

Saturday, September 20, 2008

മലയാളം ഗൂഗിള്‍വാര്‍ത്തകള്‍-ചില ചതുരങ്ങളും കുത്തും കൊമയും

ത്തവണ മലയാളികള്‍ക്ക്‌ ഗൂഗിള്‍ നല്‍കിയ ഓണസമ്മാനമാണ്‌, അതിന്റെ മലയാളംന്യൂസ്‌ സര്‍വീസ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗൂഗിള്‍ ആരംഭിച്ച പ്രസിദ്ധമായ ന്യൂസ്‌ ചാനലിന്റെ ശരിക്കുള്ള മലയാള വകഭേദം തന്നെ. യഥാര്‍ഥ ഗൂഗിള്‍ന്യൂസില്‍ നാലായിരത്തിലേറെ ഉറവിടങ്ങളില്‍നിന്നുള്ള വാര്‍ത്തകളാണ്‌ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നത്‌. ലോകമെങ്ങുമുള്ള ഇംഗ്ലീഷ്‌ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇംഗ്ലീഷ്‌ വാര്‍ത്താപോര്‍ട്ടലുകളുമാണ്‌ ഗൂഗിള്‍ ഇതിനായി ആശ്രയിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍, അന്താരാഷ്ട്രം, കായികം, ശാസ്‌ത്രസാങ്കേതികം, ബിസിനസ്‌, വിനോദം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ലോകത്തെ നൂറു കണക്കിന്‌ സൈറ്റുകളിലെ വാര്‍ത്തകളിലേക്ക്‌ ഊളിയിടാന്‍ ഗൂഗിള്‍ന്യൂസ്‌ അനായാസം വഴിതുറക്കുന്നു.

ഗൂഗിള്‍ മലയാളംന്യൂസും ഇതേ വഴി തന്നെയാണ്‌ പിന്തുടരുന്നത്‌. എന്നാല്‍, മലയാളത്തിലെ വാര്‍ത്താസൈറ്റുകളുടെ ദാരിദ്ര്യം ഗൂഗിള്‍ന്യൂസിലും പ്രതിഫലിക്കുക സ്വാഭാവികം മാത്രം. വെറും ഇരുപതോളം സൈറ്റുകള്‍ മാത്രമാണ്‌ വാര്‍ത്താ ഉറവിടങ്ങള്‍ക്കായി ഗൂഗിള്‍ മലയാളംന്യൂസിന്‌ ആശ്രയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ദീപിക, മാധ്യമം, മാതൃഭൂമി, മനോരമ, വെബ്‌ദുനിയ എന്നിങ്ങനെ പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലും, വെബ്‌പോര്‍ട്ടലുകളിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ചിട്ടയോടെ തികഞ്ഞ പ്രൊഫഷണലിസത്തോടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ആഹ്ലാദം തോന്നും (ഇതു കാണുക). ഇത്തരമൊന്ന്‌ എത്രയോ കാലമായി മലയാളികള്‍ ആഗ്രഹിക്കുന്നതാണ്‌.

പക്ഷേ, സൈറ്റിന്റെ ഹോംപേജ്‌ കാണുമ്പോഴത്തെ ആഹ്ലാദം വാര്‍ത്തകളില്‍ ക്ലിക്ക്‌ ചെയ്‌തു കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മിക്ക തലവാചകത്തിലും ക്ലിക്ക്‌ ചെയ്യുമ്പോള്‍ ചെല്ലുന്നത്‌ മലയാളത്തിന്‌ പകരം കുറെ ചതുരങ്ങളും കുത്തുകളും കോമകളും ചോദ്യചിഹ്നങ്ങളും മാത്രമുള്ള പേജുകളിലേക്കാണ്‌. ഒരക്ഷരം വായിക്കാന്‍ വയ്യ. ദീപികയാണെങ്കിലും മാധ്യമമാണെങ്കിലും മനോരമയാണെങ്കിലും വ്യത്യസ്‌തമല്ല. മാതൃഭൂമിയും വെബ്‌ദുനിയ പോലുള്ള പോര്‍ട്ടലുകളും മാത്രമാണ്‌ വ്യത്യസ്‌തം. പ്രശ്‌നം ഫോണ്ടിന്റെയാണ്‌. യുണികോഡ്‌ ഫോണ്ടുകളിലേക്ക്‌ മാറാത്ത സൈറ്റുകളാണ്‌ കുത്തുംകോമയുമായി പ്രത്യക്ഷപ്പെടുന്നത്‌. ഓരോ സൈറ്റും ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതെന്ന്‌ തേടിപ്പോകാന്‍ സമയമോ ക്ഷമയോ ഇല്ലാത്തതിനാല്‍, മലയാളം ഗൂഗിള്‍ന്യൂസ്‌ തത്‌ക്കാലം ഞാന്‍ ഉപേക്ഷിച്ചു. മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അധികം തുടരുക ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലല്ലോ. മാതൃഭൂമിയും വെബ്‌ദുനിയയും മാത്രം നോക്കാനാണെങ്കില്‍, ഗൂഗിള്‍ന്യൂസിന്റെ ആവശ്യവും ഇല്ല.

മലയാളം ഗൂഗിള്‍ന്യൂസിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മലയാളത്തിലെ ഈ ഫോണ്ട്‌ പ്രശ്‌നം അറിയില്ല എന്നു കരുതാന്‍ നിവൃത്തിയില്ല. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ഉയരങ്ങളിലെത്തിയിട്ടും, മലയാളത്തിലെ മിക്ക പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ യുണിക്കോഡിലേക്ക്‌ മാറാതെ പഴയ കാലത്തില്‍ തന്നെ കടിച്ചുതൂങ്ങുന്ന കാര്യം അറിഞ്ഞു വെച്ചുകൊണ്ട്‌ എന്തിനാകാം ഗൂഗിള്‍ ഇത്തരമൊരു ശ്രമം നടത്തിയിരിക്കുക. ഇതൊരു പാഴ്‌ശ്രമം ആണെന്നു കരുതാനും വയ്യ. 'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ ഗൂഗിളിനെപ്പോലൊരു കമ്പനി ഇത്തരമൊരു നീക്കം നടത്തില്ല. ഗൂഗിള്‍ന്യൂസില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടും വായിക്കപ്പെടാതെ പോകുക എന്ന അപമാനത്തില്‍ മലയാളത്തിലെ മാധ്യമങ്ങളെ എത്തിക്കുകയായിരിക്കുമോ ലക്ഷ്യം. അങ്ങനെയെങ്കിലും, ഇനി സമയമില്ല, യുണികോഡിലേക്ക്‌ മറാതെ നിവൃത്തിയില്ല എന്ന ശക്തമായ സന്ദേശം നല്‍കലായിരിക്കുമോ ഉദ്ദേശം. വ്യക്തമല്ല. ഏതായാലും കുത്തുംകോമയും കാണാന്‍ വേണ്ടി ഒരു ന്യൂസ്‌ചാനലിന്റെ ആവശ്യമില്ല.