Friday, December 17, 2010

വായന 2010

വര്‍ഷമവസാനിക്കുമ്പോള്‍ കണക്കെടുപ്പ് പതിവാണ്. പോയ വര്‍ഷം വായന എങ്ങനെയായിരുന്നു എന്നതാണ് പുതിയ ഫാഷന്‍. വായന മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു, മരിക്കാന്‍ പോകുന്നു, ഉടന്‍ മരിക്കും എന്നിങ്ങനെയുള്ള ഭൂതവര്‍ത്തമാനഭാവി നിലവിളികള്‍ക്കിടയില്‍, ഫാഷനായിപ്പോലും വായനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന ചിന്താഗതിക്കാരനാണ് ഈയുള്ളവന്‍. അതിനാല്‍, ആ ശ്രമത്തില്‍ എന്റെയും പങ്കു വേണമെന്ന ചിന്തയാണ് ഈ പോസ്റ്റിനാധാരം.

വായന എന്നത് ഓര്‍ത്തെടുക്കാവുന്ന ഒരു യാത്ര പോലെയാണ് എനിക്ക്. യാത്ര നടത്തി ഏറെക്കാലം കഴിഞ്ഞാലും, അതിലെ ചില മോഹനീയ മുഹൂര്‍ത്തങ്ങളും യാത്രയുടെ ആകെ ഫലവും മനസില്‍ നിന്ന് മാഞ്ഞു പോകാറില്ലല്ലോ. അതുപോലെയാണ് നല്ല പുസ്തകങ്ങളും. വായിച്ച് കാലം കഴിഞ്ഞാലും, ആ പുസ്തകത്തില്‍ നമ്മള്‍ സഞ്ചരിച്ച അപരിചിതവും വിചിത്രവുമായ തുറസ്സുകള്‍ നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അത്തരം പുസ്തകങ്ങള്‍ നമ്മുടെ ബന്ധുക്കളാകും. ജീവിതകാലം മുഴുവന്‍ അവ നമ്മളെ വിടാതെ കൂടും.

അത്തരം പുസ്തകങ്ങള്‍ വായിച്ച കര്യമേ വായന എന്നു പറഞ്ഞ് അവതരിപ്പിച്ചിട്ട് കാര്യമുള്ളു. അതിനാണ് ഇവിടെ ശ്രമിക്കുന്നത് (ഇവിടെ പരാമര്‍ശിക്കുന്ന പുസ്തകങ്ങളില്‍ മിക്കതും 2010 ല്‍ പ്രസിദ്ധീകരിച്ചവയല്ല, പക്ഷേ 2010 ല്‍ ഞാന്‍ വായിച്ചവയാണ് അവ).

ബില്‍ ബ്രൈസണ്‍ എന്ന എഴുത്തുകാരനെ ഞാന്‍ പരിചയപ്പെടുന്നത് (വായനയിലൂടെ) 2004 ലാണ്. അദ്ദേഹത്തിന്റെ 'A Short History of Nearly Everything' എന്ന പുസ്തകമാണ് ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള വ്യക്തിയെന്ന നിലയ്ക്ക് എന്നെ ആകര്‍ഷിച്ചത്. എങ്ങനെ വായനാക്ഷമമായി ശാസ്ത്രം എഴുതാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആ ഗ്രന്ഥം. ബില്‍ ബ്രൈസണ്‍ യഥാര്‍ഥത്തില്‍ ഒരു ശാസ്ത്രമെഴുത്തുകാരനല്ല, യാത്രാവിവരണക്കാരനാണ്. അദ്ദേഹം രചിച്ച ആദ്യ യാത്രാവിവരണമായ 'The Lost Continent' ഈ വര്‍ഷമാണ് എന്റെ പക്കലെത്തുന്നത്. അങ്ങനെ സംഭവിച്ചത് യാദൃശ്ചികമായിട്ടായിരുന്നു എങ്കിലും, ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായി ആ പുസ്തകത്തിന്റെ വായന മാറുക മാത്രമല്ല, ബില്‍ ബ്രൈസണ്‍ എന്ന എഴുത്തുകാരന്‍ ജീവിതകാലം മുഴുവന്‍ എന്നെ വിടാതെ പിന്തുടരുമെന്ന സങ്കടകരമായ സംഗതി ഉറപ്പിക്കുന്നതുമായി ആ വായന!

സംഭവം ഇങ്ങനെയാണ്. കോഴിക്കോട്ടെ ബുക്ക് സ്‌റ്റോളുകളില്‍ കയറിയിറങ്ങുകയെന്നത് എന്റെ പലവിധ ദുശ്ശീലങ്ങളില്‍ ഒന്നാണ്. മുഖ്യമായും ഡിസി ഇംഗ്ലീഷിലും ടിബിഎസിലും (ഇടയ്ക്ക് തിരുവനന്തപുരത്ത് പോകുമ്പോള്‍ മോഡേണ്‍ ബുക്‌സില്‍ പോവുകയെന്നതും പതിവാണ്). ഇത്തരം സന്ദര്‍ശങ്ങളില്‍ 99 ശതമാനത്തിലും പുസ്തകം കാണലും മറിച്ചു നോക്കലും മാത്രമേ സംഭവിക്കൂ , വാങ്ങലുണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! അങ്ങനെ ഈ വര്‍ഷം ബുക്ക് സ്‌റ്റോളുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരു കാഴ്ച എന്നെ ആകര്‍ഷിച്ചു. ബില്‍ ബ്രൈസന്റെ യാത്രാവിവരണങ്ങള്‍ മിക്കതിന്റെയും പുതിയ പതിപ്പ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു.

'യാത്രാവിവരണം വായിക്കാന്‍ എവിടെ സമയം' എന്ന് മനസില്‍ കരുതി സംഭവം കൈയിലെടുത്ത് താലോലിച്ച് തിരികെ വെച്ചിട്ട് പോരും. എങ്കിലും, ബ്രൈസന്റെ പുസ്തകമല്ലേ എന്ന ഒരു പ്രലോഭനം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ, ഏതാനും മാസം മുമ്പ് Lost Continent വാങ്ങി വീട്ടില്‍ കൊണ്ടുപോയി. അന്നുതന്നെ അതിലെ ആദ്യ അധ്യായം വായിച്ചിട്ട്, പിറ്റെ ദിവസം ബുക്ക് സ്റ്റോളിലെത്തി ബ്രൈസന്റെ അവിടെയുണ്ടായിരുന്ന ബാക്കി യാത്രാവിവരണങ്ങള്‍ മുഴുവന്‍ വാങ്ങി! അത്ര ശക്തമായിരുന്നു ആ സ്വാധീനം. Lost Continent നിര്‍ത്താതെ വായിച്ചു തീര്‍ത്തു. അസാധാരണമായ അനുഭവം. വായന മരിക്കാതിരിക്കാന്‍ ഏതു തരത്തിലുള്ള എഴുത്താണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തി തന്നു ആ പുസ്തകം. ബ്രൈസന്റെ ബാക്കിയുള്ള പുസ്തകങ്ങള്‍ സാവധാനം വായിച്ചാല്‍ മതിയെന്നാണ് തീരുമാനം. കുട്ടികള്‍ മധുരപലഹാരം തിന്നുന്നത് പോലെയാണ് എനിക്ക് നല്ല പുസ്തകങ്ങളുടെ വായന. വേഗം തീര്‍ന്നു പോയാലോ എന്ന പേടി. അതിനാല്‍, 2011 ലും ബ്രൈസന്റെയൊപ്പമുള്ള യാത്ര തുടരും!

ഈ വര്‍ഷത്തെ മറ്റൊരു വായനാനുഭവം ഗാരി നഭാന്‍ എന്ന ലോകപ്രശസ്ത എത്‌നോബൊട്ടാണിസ്റ്റ് രചിച്ച 'Where Our Food Comes From -Retracing Nikolay Vavilov's Quest to End Famine' എന്ന പുസ്തകമാണ്. ഈ പുസ്തകം 2009 ലാണ് പുറത്തിറങ്ങിയത്. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ അഞ്ഞൂറാമത്തെ പോസ്റ്റ് വാവിലോവിനെക്കുറിച്ച് വേണം എന്ന് തീരുമാനിച്ചതിന്‍ പ്രകാരമാണ് ഈ പുസ്തകം വാങ്ങിയതെങ്കിലും, ലോകം മുഴുവനുമുള്ള പ്രാചീന കാര്‍ഷിക മേഖലകളിലൂടെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കാര്‍ഷിക ജനിതകശാസ്ത്രജ്ഞന്‍ നിക്കോലേയ് വാവിലോവിനൊപ്പം സഞ്ചരിച്ച പ്രതീതിയാണ് ഇതിന്റെ വായന നല്‍കിയത്. അസാധാരണമായ അനുഭവം. ലോകത്തിന്റെ ക്ഷാമമകറ്റാന്‍ വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍ തേടി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അഞ്ച് ഭൂഖണ്ഡങ്ങള്‍ താണ്ടിയ സോവിയറ്റ് ശാസ്ത്രജ്ഞനാണ് വാവിലോവ്. അദ്ദേഹത്തെ സ്റ്റാലിന്‍ ഭരണകൂടം തടവറയില്‍ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു. വാവിലോവ് സഞ്ചരിച്ച വഴികളിലൂടെ വര്‍ഷങ്ങള്‍ യാത്ര ചെയ്താണ് ഗാരി നഭാന്‍ ഈ പുസ്തകം രചിച്ചത്.

1991 ല്‍ പ്രസിദ്ധീകരിച്ച റോബര്‍ട്ട് കാനിഗലിന്റെ 'The Man Who Knew Infinity-A Life of the Genius Ramanujan' ആണ് 2010 ല്‍ എന്റെ വായനാനുഭവത്തെ ഗ്രസിച്ച മറ്റൊരു ഗ്രന്ഥം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി 32 വര്‍ഷവും നാലു മാസവും നാലു ദിവസവും മാത്രം ഭൂമിയില്‍ ജീവിക്കുകയും, നാല് 'നോട്ടുബുക്കുകളില്‍' കുറിച്ചിട്ട 3884 ഗണിതസിദ്ധാന്തങ്ങളും സമവാക്യങ്ങളും, 22 പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ച ഗണിതകണ്ടെത്തലുകളും ബാക്കിയാക്കി കടന്നുപോവുകയും ചെയ്ത അതുല്യ പ്രതിഭയായ രാമാനുജനെക്കുറിച്ച് അസാധാരണമായ രചനാപാടവത്തോടെയാണ് കാനിഗല്‍ ഓരോ വരികളും കുറിച്ചിരിക്കുന്നത്. മനസ് പല തവണ ആര്‍ദ്രമാകാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാനായില്ല. ഒരു കാലഘട്ടത്തെ അസാധാരണമാം വിധം ഗ്രന്ഥകര്‍ത്താവ് പുനസൃഷ്ടിച്ചിരിക്കുന്നു. ഇതിലും മികച്ച രീതിയില്‍ ജീവചരിത്രം എഴുതാനാകുമോ എന്നുപോലും സംശയിച്ചു പോകും. പ്രസിദ്ധീകരിച്ചിട്ട് 20 വര്‍ഷമായിട്ടും ഇപ്പോഴും ബുക്ക്‌സ്‌റ്റോളുകളില്‍ ഈ പുസ്തകം കാണപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല, അതിന്റെ ഒര്‍ജിനാലിറ്റി തന്നെ.

സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ വിജയഗാഥയാണ് ഗൂഗിള്‍ എന്ന കമ്പനിയുടേത്. ആധുനിക ജീവിതത്തിന്റെ സമസ്തമേഖലയെയും സ്വാധീനിക്കും വിധം, ലോകത്തെ ഏറ്റവും വലിയ മാധ്യമക്കമ്പനിയായി ഗൂഗിള്‍ എങ്ങനെ മാറി എന്നന്വേഷിക്കുന്ന കെന്‍ ഔലെറ്റയുടെ 'Googled: The End of the World As We Know it' ആണ് 2010 ല്‍ വായിച്ച മറ്റൊരു പുസ്തകം. പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റായ ഔലെറ്റ, ഈ പുസ്തകത്തിന്റെ രചനയ്ക്ക് അവലംബിച്ചത്, ബന്ധപ്പെട്ടവരുമായി നടത്തിയ തുടര്‍ച്ചയായ അഭിമുഖ സംഭാഷണങ്ങളാണ്. മാധ്യമങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ് ഗൂഗിള്‍. ഗൂഗിള്‍ ബ്ലോഗില്‍ കമ്പനി പ്രസിദ്ധീകരിക്കുന്ന വിവരങ്ങളല്ലാതെ, കൂടുതലൊന്നും പലപ്പോഴും പുറത്തു വരാറില്ല. എന്നാല്‍, ഗൂഗിളിനുള്ളില്‍ നിന്ന് 150 ഇന്റര്‍വ്യൂകളാണ് ഈ പുസ്തകത്തിനായി ഔലെറ്റ സാധിച്ചെടുത്തത്. അതില്‍ 11 എണ്ണം ഗൂഗിള്‍ സിഇഒ എറിക് ഷിമിഡ്തുമായി! ലോകം മാറുകയല്ല, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ലോകത്തെ മാറ്റുകയാണെന്ന് മനസിലാക്കാന്‍ ഈ പുസ്തകത്തിന്റെ വായന സഹായിക്കും.

വായിച്ചവ ഇനിയുമുണ്ട്. പക്ഷേ, ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ മനസില്‍ ഇടംപിടിച്ചവ കുറവ്.

Monday, December 6, 2010

റോഡിലെ കുഴികള്‍ തേടി


ഏഷ്യാനെറ്റാണ് ഈ അന്വേഷണം നടത്തുന്നത്. ഏത് റോഡിലിറങ്ങിയാലും കുഴിയും ഗര്‍ത്തവുമാണ്. ആ നിലയ്ക്ക് കേരളത്തില്‍ റോഡിലെ കുഴികള്‍ കണ്ടെത്താന്‍ എന്തിനാണ് അന്വേഷണം എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമുക്ക് ആലോചിച്ചാല്‍ പിടി കിട്ടില്ല!

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പോയപ്പോള്‍ അവിടുത്തെ മനോഹരമായ റോഡുകള്‍ കണ്ട് എനിക്ക് അസൂയ മൂത്തൂ. ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണന്‍ അന്ന് ആ റോഡുകളുടെ രഹസ്യം പറഞ്ഞു തന്നു. റോഡ് നിര്‍മിച്ച് മൂന്ന് വര്‍ഷത്തിനകം (അതോ അഞ്ചോ) പൊളിഞ്ഞാല്‍, നിര്‍മിച്ചവന്റെ പക്കല്‍ നിന്നും അധികൃതര്‍ മുഴുവന്‍ കാശും പിടിച്ചു നിര്‍ത്തി വാങ്ങും. കേരളത്തില്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ എടുത്താല്‍, ചിലപ്പോള്‍ റോഡ് നിര്‍മിക്കാന്‍ ആളെ കിട്ടിയെന്ന് വരില്ല.

കഴിഞ്ഞ മാസം വയനാട്ടിലെ പെരിക്കല്ലൂരില്‍ പോയപ്പോള്‍ ഒരു അത്ഭുതം കണ്ടു. പുല്‍പ്പള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരം മനോഹരമായ റോഡ്. ഒരിടത്തും പൊളിഞ്ഞിട്ടില്ല. എനിക്ക് വിശ്വാസിക്കാന്‍ പറ്റിയില്ല. ഇത് കേരളം തന്നെയോ. ഏഴ് വര്‍ഷമായേ്രത ആ റോഡ് നിര്‍മിച്ചിട്ട്. ശരിക്കും അത് നിര്‍മിച്ചയാളെ കണ്ടെങ്കില്‍, നിന്ന നില്‍പ്പില്‍ ഞാനൊരു ചായ വാങ്ങിക്കൊടുത്തേനെ.

പിന്നീട്, സുഹൃത്തായ അലക്‌സ് ആ റോഡിന്റെ നിര്‍മാണ രഹസ്യം പറഞ്ഞു തന്നു. റോഡ് ടാറിങ് നടത്തിയവര്‍ ആദ്യം പതിവു പോലെ തന്നെയാണ് ചെയ്തത്. നാട്ടുകാര്‍ക്ക് തട്ടിപ്പ് മനസിലായി. അവര്‍ റോഡ് നന്നാക്കാന്‍ കൊണ്ടുവന്ന ട്രോളര്‍ തടഞ്ഞിട്ടു. നേരെ നന്നാക്കിയിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ഗതികെട്ട് റോഡ് നേരാംവണ്ണം ടാറിടേണ്ടി വന്നു. അതാണ് പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡിന്റെ രഹസ്യം!

ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി കേരളത്തില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കുത്തിയൊലിക്കുന്ന മഴയില്‍, തട്ടിപ്പു റോഡുകള്‍ മുഴുവന്‍ പൊളിയാതെ നിവൃത്തിയില്ല. നന്നാക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് കാര്യങ്ങള്‍ സംഭവിക്കണം-ഒന്ന് മഴയ്ക്ക് ലേശം ശമനമുണ്ടാകണം, രണ്ട് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടരുതെന്ന് ജനത്തിന്റെ നികുതിപ്പണം കൊണ്ട് ഭരിക്കുന്ന അധികൃതര്‍ക്ക് തോന്നുകയും വേണം.

ഏതായാലും ഏഷ്യാനെറ്റിന്റെ അന്വേഷണം നടക്കട്ടെ. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തല്‍ നടത്താവുന്ന ഒന്ന് എന്ന നിലയ്ക്ക് ഈ അന്വേഷണം ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയം വേണ്ട!

ഒരു 'അന്താരാഷ്ട്ര പുസ്‌കമേള'

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ 'അന്താരാഷ്ട്ര പുസ്തകമേള'യില്‍ പോയി (നോട്ട് ദ പോയന്റ്-'അന്താരാഷ്ട്ര പുസ്തകമേള'). അവിടെ കണ്ട അന്താരാഷ്ട്ര സ്റ്റോളുകള്‍ ഇങ്ങനെ....മാധ്യമം, തേജസ്സ്, ലിപി, ഒലിവ്.....പിന്നെ ചില സിഡി കടകളും. കണ്ണുകിട്ടാതിരിക്കാന്‍ പരിഷത്തിന്റെയും ഡിസിയുടെയും ഓരോ മുറികള്‍. ഒരിടത്തും കയറി പുസ്തം നോക്കാന്‍ പറ്റില്ല. ഒക്കെ തട്ടിക്കൂട്ടിയ മാതിരി. മിഠായിത്തെരുവിലെ സണ്‍ഡേ മാര്‍ക്കറ്റില്‍ പോലും ഇതിലും നല്ല രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കാറ്.

ഇതിലൊക്കെ രസം, ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സ്‌റ്റോളില്‍ കണ്ട പുസ്തകങ്ങളാണ്. പണ്ടൊക്കെ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുസ്തകമേളയെന്നാല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു വിരുന്നായിരുന്നു. ആ ഗൃഹാതുരത്വത്തോടെയാണ് ഇത്തവണയും പോയത്. പക്ഷേ, അവിടെ കണ്ട ടൈറ്റിലുകളില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ.... ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ, ഭാഷയും....., ഭാഷ......, ഭാഷ, ഭാഷ, ഭാഷ.....ആ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പേര് അന്വര്‍ഥമാക്കിയിരിക്കുന്നു! കൂടെ ചില റബ്ബര്‍ കൃഷി പുസ്തകവും, തയ്യല്‍ പഠിക്കാനുള്ള വിധവും! ആരെ മുന്നില്‍ കണ്ടാണാവോ ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് ഈ ചവറുകളെല്ലാം പടച്ചു വിടുന്നത്.

വാങ്ങുന്ന പുസ്തകത്തിനാണെങ്കിലോ, വെറും 20 ശതമാനം കമ്മീഷനും. കടക്കാര്‍ക്ക് നാല്പതും അമ്പതും ശതമാനം കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്ന പുസ്തപ്രസാധകര്‍, ഉപഭോക്താക്കള്‍ക്ക് നേരിട്ട് പുസ്തകം വില്‍ക്കുമ്പോള്‍ ആ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മാലയാളം ഡിസിയുടെ പുസ്തകശാലയില്‍ പോയപ്പോള്‍ അവര്‍ പറഞ്ഞത്, കമ്മീഷന്‍ നല്‍കാനുള്ള വകുപ്പില്ല എന്നാണ്. http://www.flipkart.com/, http://infibeam.com/ മുതലായ ഓണ്‍ലൈന്‍ ഇന്ത്യന്‍ പുസ്തവില്‍പ്പനക്കാര്‍, 30 ശതമാനം വരെ കമ്മീഷന്‍ ഉപഭോക്താവിന് നല്‍കുന്നു എന്ന് മാത്രമല്ല, ഓര്‍ഡര്‍ ചെയ്ത് മൂന്ന് ദിവസത്തിനകം പുസ്തകം വീട്ടില്‍ എത്തുകയും ചെയ്യും. ഇക്കാര്യം കേരളത്തില്‍ പുസ്തകക്കച്ചവടം നടത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്ന്. നാളെ കടകള്‍ പൂട്ടിപ്പോകാതിരിക്കാന്‍ കാലത്തിന്റെ ചുവരെഴുത്ത് സഹായിക്കും.