Monday, December 6, 2010

റോഡിലെ കുഴികള്‍ തേടി


ഏഷ്യാനെറ്റാണ് ഈ അന്വേഷണം നടത്തുന്നത്. ഏത് റോഡിലിറങ്ങിയാലും കുഴിയും ഗര്‍ത്തവുമാണ്. ആ നിലയ്ക്ക് കേരളത്തില്‍ റോഡിലെ കുഴികള്‍ കണ്ടെത്താന്‍ എന്തിനാണ് അന്വേഷണം എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമുക്ക് ആലോചിച്ചാല്‍ പിടി കിട്ടില്ല!

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പോയപ്പോള്‍ അവിടുത്തെ മനോഹരമായ റോഡുകള്‍ കണ്ട് എനിക്ക് അസൂയ മൂത്തൂ. ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണന്‍ അന്ന് ആ റോഡുകളുടെ രഹസ്യം പറഞ്ഞു തന്നു. റോഡ് നിര്‍മിച്ച് മൂന്ന് വര്‍ഷത്തിനകം (അതോ അഞ്ചോ) പൊളിഞ്ഞാല്‍, നിര്‍മിച്ചവന്റെ പക്കല്‍ നിന്നും അധികൃതര്‍ മുഴുവന്‍ കാശും പിടിച്ചു നിര്‍ത്തി വാങ്ങും. കേരളത്തില്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ എടുത്താല്‍, ചിലപ്പോള്‍ റോഡ് നിര്‍മിക്കാന്‍ ആളെ കിട്ടിയെന്ന് വരില്ല.

കഴിഞ്ഞ മാസം വയനാട്ടിലെ പെരിക്കല്ലൂരില്‍ പോയപ്പോള്‍ ഒരു അത്ഭുതം കണ്ടു. പുല്‍പ്പള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരം മനോഹരമായ റോഡ്. ഒരിടത്തും പൊളിഞ്ഞിട്ടില്ല. എനിക്ക് വിശ്വാസിക്കാന്‍ പറ്റിയില്ല. ഇത് കേരളം തന്നെയോ. ഏഴ് വര്‍ഷമായേ്രത ആ റോഡ് നിര്‍മിച്ചിട്ട്. ശരിക്കും അത് നിര്‍മിച്ചയാളെ കണ്ടെങ്കില്‍, നിന്ന നില്‍പ്പില്‍ ഞാനൊരു ചായ വാങ്ങിക്കൊടുത്തേനെ.

പിന്നീട്, സുഹൃത്തായ അലക്‌സ് ആ റോഡിന്റെ നിര്‍മാണ രഹസ്യം പറഞ്ഞു തന്നു. റോഡ് ടാറിങ് നടത്തിയവര്‍ ആദ്യം പതിവു പോലെ തന്നെയാണ് ചെയ്തത്. നാട്ടുകാര്‍ക്ക് തട്ടിപ്പ് മനസിലായി. അവര്‍ റോഡ് നന്നാക്കാന്‍ കൊണ്ടുവന്ന ട്രോളര്‍ തടഞ്ഞിട്ടു. നേരെ നന്നാക്കിയിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ഗതികെട്ട് റോഡ് നേരാംവണ്ണം ടാറിടേണ്ടി വന്നു. അതാണ് പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡിന്റെ രഹസ്യം!

ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി കേരളത്തില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കുത്തിയൊലിക്കുന്ന മഴയില്‍, തട്ടിപ്പു റോഡുകള്‍ മുഴുവന്‍ പൊളിയാതെ നിവൃത്തിയില്ല. നന്നാക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് കാര്യങ്ങള്‍ സംഭവിക്കണം-ഒന്ന് മഴയ്ക്ക് ലേശം ശമനമുണ്ടാകണം, രണ്ട് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടരുതെന്ന് ജനത്തിന്റെ നികുതിപ്പണം കൊണ്ട് ഭരിക്കുന്ന അധികൃതര്‍ക്ക് തോന്നുകയും വേണം.

ഏതായാലും ഏഷ്യാനെറ്റിന്റെ അന്വേഷണം നടക്കട്ടെ. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തല്‍ നടത്താവുന്ന ഒന്ന് എന്ന നിലയ്ക്ക് ഈ അന്വേഷണം ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയം വേണ്ട!

3 comments:

Joseph Antony said...

ഏഷ്യാനെറ്റാണ് ഈ അന്വേഷണം നടത്തുന്നത്. ഏത് റോഡിലിറങ്ങിയാലും കുഴിയും ഗര്‍ത്തവുമാണ്. ആ നിലയ്ക്ക് കേരളത്തില്‍ റോഡിലെ കുഴികള്‍ കണ്ടെത്താന്‍ എന്തിനാണ് അന്വേഷണം എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമുക്ക് ആലോചിച്ചാല്‍ പിടി കിട്ടില്ല!

കുഞ്ചുമ്മാന്‍ said...

ഹ..ഹ...ഹ...ഹ..ഹ...അസ്സലായി

ദീപുപ്രദീപ്‌ said...

ഇവിടെയുമുണ്ടൊരു പാത, കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാത.
എട്ടു വര്‍ഷമായി പണി തുടങ്ങിയിട്ട്, എങ്ങുമെത്താതെ നീണ്ടുകിടക്കുന്നു.

അതിനിടയില്‍(പന്താവൂര്‍ മുതല്‍ പെരിമ്പിലാവു വരെ) ഒരു മലേഷ്യന്‍ കമ്പനി തീര്‍ത്ത റോഡ് ഒരു കുഴപ്പവും പറ്റാതെ കിടക്കുന്നു, ആ വ്യത്യാസം യാത്രയില്‍ വ്യക്തമാവും.
പക്ഷെ ആ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, ഒരാത്മാവിന്റെ നെഞ്ചിലൂടെയാണ്‌ നാം പോവുന്നതെന്ന്. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ ,ആ മലേഷ്യന്‍ കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തു, അയാളുടെ സ്വത്തും സമ്പാദ്യവും എല്ലാം ഈ റോഡുപണി കാരണം നഷ്ടപെട്ടിരുന്നു, സര്‍ക്കാര്‍ ബില്ലു പാസ്സാക്കാത്തതുകൊണ്ടു മാത്രം കോടികളുടെ കടക്കാരനായ അദ്ദേഹം പിന്നെന്തു ചെയ്യാന്‍?അന്നു ചെയ്ത പണിക്കുള്ള കൂലി ചോദിച്ചിട്ടു കൊടുക്കാതെ , ഒരു മനുഷ്യനെ കൊന്ന നമ്മുടെ സര്‍ക്കാര്‍, പിന്നെയും കോടികള്‍ ഇതേ റോഡിലൊഴുക്കി, അതെല്ലാം പൊട്ടിയൊലിച്ചുപോയെങ്കിലും മേല്‍ പറഞ്ഞ റോഡിനുമാത്രം ഇന്നും ഒരു പോറല്‍ പോലുമില്ല.

ഇവിടെ, ഇത്രയും വര്‍ഷമായി ചിലവാക്കിയ പണം കൊണ്ട് സ്വര്‍ണ്ണം കൊണ്ടൊരു റോഡ് തീര്‍ക്കാമായിരുന്നു.

ആ റോഡിന്റെ പണി തീര്‍ക്കാന്‍ ഇനിയും ഒരുപാടു ചോര വേണോ ???