Wednesday, December 31, 2008

മനുഷ്യപ്രഹേളികയുടെ ഘോഷയാത്ര

മൗലികതയുള്ള നല്ല പുസ്‌തകങ്ങള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടാകുന്നില്ല എന്ന പരാതിയുള്ളവര്‍ ഏറെയാണ്‌. അതിന്‌ കാരണങ്ങള്‍ പലതാണ്‌. നിലവാരം കുറഞ്ഞ തട്ടിക്കൂട്ട്‌ ചരക്കുകള്‍ വിപണിയിലെത്തിച്ച്‌ താത്‌ക്കാലിക ലാഭം നേടാന്‍ ശ്രമിക്കുന്ന പ്രസാധകരും, മലയാളത്തില്‍ എഴുത്തുകാര്‍ക്ക്‌ മാന്യമായ പ്രതിഫലം കിട്ടില്ല എന്ന ദുസ്ഥിതിയുമൊക്കെ അതില്‍ പെടുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്‌, മലയാളി എഴുത്തുകാരുടെ അനുഭവദാരിദ്ര്യം. കാമ്പോ കനമോ ഇല്ലാത്ത ഉരുപ്പടികള്‍ രംഗത്തെത്തുകയും, വായന മരിക്കുന്നേ എന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പത്‌ വട്ടം വിളിച്ചുകൂവേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഇതിനിടെ, അടിമുടി മൗലികത മുറ്റിനില്‍ക്കുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടാലോ. അതൊരു അത്ഭുതമായിരിക്കും. ടി.ജെ.എസ്‌.ജോര്‍ജ്‌ രചിച്ച 'ഘോഷയാത്ര'യെന്ന ഗ്രന്ഥം അത്തരമൊരു അത്ഭുതമാണ്‌.

സുദീര്‍ഘമായ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്രന്ഥകാരന്‍ കണ്ടുമുട്ടിയ വലുതും ചെറുതും പ്രശസ്‌തരും അപ്രശസ്‌തരുമായ വ്യക്തികളെപ്പറ്റിയുള്ള അസാധാരണങ്ങളായ വാഗ്മയചിത്രങ്ങളാണ്‌ ഈ ഘോഷയാത്രയില്‍ അണിനിരക്കുന്നത്‌. മൂര്‍ച്ഛയേറിയ വാക്കുകളും നിശിതമായ നിരീക്ഷണങ്ങളുംകൊണ്ട്‌ ഗ്രന്ഥകാരന്‍ പുതിയൊരു ശൈലി തന്നെ ഈ പുസ്‌തകത്തില്‍ ചമച്ചിരിക്കുന്നു; അതും അല്‍പ്പവും ചമല്‍ക്കാരങ്ങളില്ലാതെ. മുമ്പ്‌ എം.പി.നാരായണപിള്ള കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ്‌ ടി.ജെ.എസ്‌.ജോര്‍ജ്‌ എന്ന പത്രപ്രവര്‍ത്തകന്‍ സൃഷ്ടിച്ചിട്ടുള്ള പുത്തന്‍ ഇംഗ്ലീഷ്‌ പ്രയോഗങ്ങള്‍ക്കും ശൈലിക്കും മുമ്പില്‍ സാക്ഷാല്‍ സായ്‌വന്‍മാരുടെ മുട്ടിടിച്ചിട്ടുള്ള കാര്യം. അതേ സാമര്‍ഥ്യം മലയാളത്തിലും തനിക്ക്‌ സാധ്യമാണെന്ന്‌ 'ഘോഷയാത്ര'യിലൂടെ ടി.ജെ.എസ്‌. തെളിയിച്ചിരിക്കുന്നു.

ഈ പുസ്‌തകത്തെക്കുറിച്ച്‌ 2008 നവംബര്‍ 30-ന്റെ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.പി.നിര്‍മല്‍കുമാര്‍ ഒരു ആസ്വാദനം എഴുതിയിരുന്നു. തിരുവനന്തപുരം ആകാശവാണിയില്‍ ന്യൂസ്‌ എഡിറ്ററായ ബീന, 'പത്രപ്രവര്‍ത്തകന്റെ' പുതിയ ലക്കത്തില്‍ ഒരു കുറിപ്പ്‌ എഴുതുകയുണ്ടായി. 2008-ല്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ഗ്രന്ഥമായി 'ഘോഷയാത്ര'യെ മലയാള മനോരമ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഇതില്‍ കെ.പി.നിര്‍മല്‍കുമാറിന്റേത്‌ ബുദ്ധിജീവിനാട്യങ്ങള്‍ നിറഞ്ഞ, വിരസമായ ഒരു അഭ്യാസപ്രകടനമായി അവശേഷിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെല്ലാം മോശക്കാരാണെന്നുള്ള തന്റെ മുന്‍വിധി അവതരിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമായി അത്‌ മാറി. 'ഘോഷയാത്ര'യില്‍ ഗ്രന്ഥകാരനെക്കുറിച്ച്‌ അധികമൊന്നും പറയുന്നില്ല എന്ന അത്ഭുതകരമായ കണ്ടെത്തലും അദ്ദേഹം നടത്തി. അല്ലാതെ ആ പുസ്‌തകത്തിന്റെ ഉള്ളടക്കമെന്തെന്നോ, എത്ര വ്യത്യസ്‌തമായ രീതിയിലാണ്‌ അത്‌ അവതരിപ്പിക്കപ്പെടുന്നതെന്നോ ഒന്നും പറയുക പ്രധാനപ്പെട്ടതായി കെ.പി.നിര്‍മല്‍കുമാറിന്‌ തോന്നിയില്ല.

പേരുപോലെ തന്നെ ഒരു ഘോഷയാത്രയാണ്‌ ഈ ഗ്രന്ഥം. `അതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ഓക്‌സ്‌ഫഡില്‍പോലും ഇല്ലെന്ന്‌ തിരുവിതാംകൂറുകാര്‍ക്ക്‌ കണിശമായി അറിയാമായിരുന്ന' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത്‌ ടി.ജെ.എസ്‌. കണ്ടുമുട്ടിയവര്‍ മുതല്‍ ഫിലിപ്പീന്‍സ്‌ എന്ന 'പറുദീസയിലെ രാജാവും റാണി'യുമായിരുന്ന ഫേര്‍ഡിനന്‍ഡ്‌ മാര്‍ക്കോസും ഇമല്‍ഡാ മാര്‍ക്കോസും വരെ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്‍. ശ്രീകണ്‌ഠന്‍നായരായാലും, അടൂര്‍ഭാസിയോ മലയാറ്റൂര്‍ രാമകൃഷ്‌ണനോ മാധവിക്കുട്ടിയോ എം.പി.നാരായണപിള്ളയോ ആയാലും, ബോബി തലയാര്‍ഖാനോ ഡോം മൊറെയ്‌സോ സദാനന്ദനോ കെ. ശിവറാമോ ആയാലും, നിഖില്‍ ചക്രവര്‍ത്തിയോ വി.കെ.മാധവന്‍കുട്ടിയോ ആര്‍.വി.പണ്ഡിറ്റോ അതല്ലെങ്കില്‍ സാക്ഷാല്‍ ബാല്‍ താക്കറെയോ ആയാലും - ഇതുവരെ നമ്മള്‍ പരിചയപ്പെട്ട വ്യക്തികളുടെ നേര്‍പ്പതിപ്പല്ല ഘോഷയാത്രയിലേത്‌. ചടുലമായ നിരീക്ഷണങ്ങളുടെയും വ്യക്തപരമായ സൂക്ഷ്‌മസവിശേഷ വിവരണങ്ങളുടെയും നര്‍മം തുളുമ്പുന്ന അഭിപ്രായപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ്‌ ഓരോ വ്യക്തിത്വവും അവതരിപ്പിക്കപ്പെടുന്നത്‌. ആദരവോടെയുള്ള സമീപനം. വ്യക്തിപരമായി നമുക്ക്‌ യോജിക്കാന്‍ കഴിയാത്തവരോടുപോലും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മമമായ എഴുത്ത്‌. അടിമുടി തികഞ്ഞ മാന്യത പുലര്‍ത്തുന്ന ഗ്രന്ഥം എന്നേ 'ഘോഷയാത്ര'യെ വിശേഷിപ്പിക്കാനാവൂ.

ഏറ്റവും വലിയ പ്രഹേളിക മനുഷ്യജീവിതമല്ലാതെ മറ്റൊന്നുമല്ലെന്ന്‌ അടിവരയിടുന്നു ഈ ഗ്രന്ഥം. ഇതിലെ ഒരോ വ്യക്തിവിവരണവും അതിനുള്ള ഉദാഹരണമാണ്‌. കാലം എത്രയെത്ര അത്ഭുതങ്ങളും യാദൃശ്ചികതകളുമാണ്‌ അതിന്റെ മാന്ത്രികചെപ്പില്‍ ഓരോ വ്യക്തികള്‍ക്കുമായി ഒരുക്കിവെച്ചിരിക്കുന്നത്‌ എന്ന അമ്പരപ്പും അത്ഭുതപ്പെടലുമാണ്‌ ഈ പുസ്‌തകമെന്ന്‌ പറഞ്ഞാലും തെറ്റില്ല. ഒരു ഉദാഹരണം നോക്കുക. ഇ.വി.കൃഷ്‌ണപിള്ളയെയും മകന്‍ അടൂര്‍ഭാസിയെയും അറിയാത്തവരില്ല. എന്നാല്‍, മുംബൈ സിനിമലോകത്ത്‌ ഒരുകാലത്ത്‌ നിറഞ്ഞുനിന്ന രാജ്‌ഭന്‍സ്‌ ബിമല്‍റോയിയ്‌ക്ക്‌ ചായയിട്ടുകൊടുക്കുന്ന ശിങ്കിടി ചന്ദ്രാജിയെ അധികമാര്‍ക്കും അറിയാമെന്ന്‌ വരില്ല. ടി.ജെ.എസിന്റെ വാക്കുകള്‍ ഇങ്ങനെ: `ഫിലം യൂണിറ്റുകള്‍ നിറച്ച്‌ ശിങ്കിടികളാണല്ലോ. കുടപിടിച്ചുകൊടുക്കാന്‍ ശിങ്കിടി, കസേരയിട്ടുകൊടുക്കാന്‍ ശിങ്കിടി, ചായകൂട്ടാന്‍ ശിങ്കിടി. എന്നെ കാണുമ്പോഴെല്ലാം പരിചയമുണ്ടെന്ന മട്ടില്‍ ചെറുതായി ചിരിച്ചുകൊണ്ട്‌ ഒരു ബിമല്‍റോയ്‌ ശിങ്കിടി മാറിനില്‍ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍ പുള്ളി ചിരിക്കുന്നത്‌ മലയാളത്തിലാണെന്ന്‌ മനസിലായി. പക്ഷേ, അടുത്തുവരാനോ സംസാരിക്കാനോ താത്‌പര്യം കാണിക്കാതിരുന്നതുകൊണ്ട്‌ ഞാനും ഒരു ചെറുചിരിയില്‍ കാര്യങ്ങള്‍ ഒതുക്കി'

...ആയിടയ്‌ക്ക്‌ മുംബൈയിലെത്തിയ അടൂര്‍ഭാസിയെ സാന്താക്രൂസ്‌ വിമാനത്തോവളത്തില്‍ കൊണ്ടുപോയി. അവിടെ കൗണ്ടറില്‍ നില്‍ക്കുമ്പോള്‍ ബിമല്‍റോയിയുടെ ശിങ്കിടിയെ അവിചാരിതമായി കാണാനിടയായി. ഭവ്യതയോടെ അയാള്‍ അടുത്തെത്തി. ഇയാള്‍ ഇവിടെ എന്തുചെയ്യുന്നുവെന്ന്‌ ആശ്ചര്യപ്പെട്ട്‌, ശിങ്കിടിയെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അടൂര്‍ഭാസിയുടെ പ്രതികരണം അട്ടഹസിച്ചുള്ള ഒരു ചിരിയായിരുന്നു. അട്ടഹാസത്തിനിടെ ഭാസി പറഞ്ഞു: `ഇതെന്റെ ചേട്ടനാ, ചന്ദ്രന്‍. അറിഞ്ഞില്ല, അല്ല?' ഇ.വി.കൃഷ്‌ണപിള്ളയുടെ മൂത്തമകന്‍, അടൂര്‍ഭാസിയുടെ മൂത്ത സഹോദരന്‍, ചന്ദ്രന്‍ -ഇങ്ങനെ തികച്ചും നാടകീയമായാണ്‌ വായനക്കാരന്റെ മുന്നിലെത്തുന്നത്‌. അടിവാങ്ങാന്‍ അച്ഛന്‌ വടിവെട്ടികൊടുക്കേണ്ടിവന്ന മകന്‍. കുട്ടിക്കാലത്ത്‌ ഇ.വി.യുടെ പ്രഹരങ്ങളേറ്റു വാങ്ങി തളര്‍ന്ന്‌ പഠനം പൂര്‍ത്തിയാക്കാതെ നാടുവിടേണ്ടി വന്ന ചന്ദ്രന്‍, മുംബൈയില്‍ ചന്ദ്രാജിയായി എത്തിയതിന്റെ വിവരണം നാടകീയം മാത്രമല്ല, അങ്ങേയറ്റം ഹൃദയസ്‌പര്‍ശിയുമാണ്‌. വായിച്ചു തീരുമ്പോള്‍, പിതാവിന്റേതിനെക്കാള്‍ മഹത്തരമാണ്‌ പീഡിപ്പിക്കപ്പെട്ട മകന്റെ വ്യക്തിത്വം എന്ന്‌ നമ്മള്‍ അറിയുന്നു.

'ഘോഷയാത്ര'യിലെ ഒറ്റപ്പെട്ട ഉദാഹരണമല്ല ചന്ദ്രന്‍. സൗഭാഗ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ആഭിജാത്യത്തിന്റെയും മൂര്‍ത്തീഭാവമായി വളര്‍ന്ന പ്രശസ്‌തനടി ലീല നായിഡുവിന്‌ വിധി കാത്തുവെച്ചിരുന്നത്‌ എന്താണ്‌. മുംബൈയില്‍ താജിന്‌ പിന്നിലെ പൗരാണിക അപ്പാര്‍ട്ട്‌മെന്റിന്‌ മുന്നില്‍ തന്റെ പിതാവ്‌ നട്ട മരങ്ങളെ കാണാനായി, അതുവഴി പിതാവിന്റെ സാമീപ്യം അറിയാനായി മാത്രം, ദിവസവും ഉണരേണ്ട നിസ്സഹായതയിലേക്കല്ലേ കാലം അവരെ ഏകാന്തവാര്‍ധക്യത്തില്‍ എത്തിച്ചത്‌. "ഇനി ഞാന്‍ 'അലവലാതിയാണ്‌'. ശുദ്ധ അലവലാതി! അതായത്‌ യഥാര്‍ഥ ഞാന്‍. നായന്മാര്‍ക്ക്‌ തന്തയില്ല. സ്വന്തം തന്തയാരാണെന്ന്‌ വി.കെ.എന്നിന്‌ ഇന്നുമറിയില്ല! ഒരൊറ്റ ബന്ധമേ ഉള്ളിന്റെ ഉള്ളില്‍ സ്ഥായിയായിട്ടുള്ളു. അമ്മ. ഇനി ഞാനാരെ പേടിക്കണം"-എന്ന്‌ അമ്മ മരിച്ചപ്പോള്‍ സാക്ഷാല്‍ എം.പി.നാരായണപിള്ളയെക്കൊണ്ട്‌ പറയിപ്പിച്ചത്‌ എന്താണ്‌?

ബോംബെയുടെ ചുറ്റുവട്ടത്തുള്ള തീരദേശ കത്തോലിക്ക വിഭാഗമായ ഈസ്‌റ്റ്‌ ഇന്ത്യന്‍സിലെ അംഗമായ തോമസ്‌ ഇഗ്നേഷ്യസ്‌ റോഡ്രീഗ്‌സ്‌ എങ്ങനെ ലോകപ്രശസ്‌ത പബ്ലിഷറും ഹോട്ടലുടമയും കമ്യൂണിസത്തെ ബഹുമാനിച്ച ക്യാപിറ്റലിസ്റ്റുമൊക്കെയായ ആര്‍. വി. പണ്ഡിറ്റ്‌ ആയി മാറി. ഫ്രീ പ്രസ്സ്‌ ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഒരു മുറിയില്‍ നിശബ്ദനായിരുന്ന്‌ കാര്‍ട്ടൂണ്‍ വരച്ച്‌ നല്‍കിയിട്ട്‌ അധികമാരോടും സംസാരിക്കാതെ ദിവസവും സ്ഥലം വിടുമായിരുന്ന സൗമനായ ബാല്‍ താക്കറെയെങ്ങനെ, മുംബൈയെ വിറപ്പിച്ച കടുവയായി രൂപപ്പെട്ടു. 1958-ല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, നാടുവിടും മുമ്പ്‌ ടര്‍സി വിറ്റാച്ചിയെന്ന പത്രാധിപര്‍, മൂന്നു പകലും മൂന്നു രാത്രിയും തന്റെ സ്വകാര്യ സങ്കേതത്തില്‍ കുത്തിയിരുന്ന്‌ എഴുതിയ 'എമര്‍ജന്‍സി 58' എന്ന ഗ്രന്ഥം എന്തുകൊണ്ട്‌ ലോകമെങ്ങും ബെസ്‌റ്റ്‌ സെല്ലറായി-വായനക്കാരനെ ഈ പുസ്‌തകത്തില്‍ കാത്തിരിക്കുന്നത്‌ അമ്പരപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും അവയ്‌ക്ക്‌ നിദാനമായ അസാധാരണ വ്യക്തിത്വങ്ങളുമാണ്‌.

പത്രപ്രവര്‍ത്തകനായി ലോകമെങ്ങും സഞ്ചരിച്ചിട്ട്‌ താന്‍ എന്തുകൊണ്ട്‌ നാട്ടിലേക്ക്‌ തന്നെ മടങ്ങി എന്നതിന്റെ പൊരുള്‍, മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ മനോഹരമായ ഒരു ഉദ്ധരണിയുടെ പിന്തുണയോടെ വിശദീകരിച്ചുകൊണ്ടാണ്‌, ടി.ജെ.എസ്‌. ഘോഷയാത്ര അവസാനിപ്പിക്കുന്നത്‌. ഗ്രന്ഥകാരന്റെ വാക്കുകള്‍: `ലോകം വെട്ടിപ്പിടിച്ചു കഴിഞ്ഞാലും അടിസ്ഥാനപരമായി, മറ്റാര്‍ക്കും ഒരിക്കലും അപഹരിക്കാനോ നിഷേധിക്കാനോ ആവാതെ, സ്വന്തമെന്നു വിളിക്കാന്‍ എന്താണുള്ളത്‌?
ഒരു ഭാഷ.
ഒരു നാട്‌.
ഒരു മനസ്സാക്ഷി.
അത്രമാത്രം. ജീവിതത്തിന്‌ പൂര്‍ണത നല്‍കുന്നത്‌ ഇവമാത്രം.
ഇതു തിരിച്ചറിയാനുള്ള മനസ്ഥിതിയാണ്‌ മനുഷ്യന്‌ നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യം'.

30 പേജ്‌ പോലെ അനുഭവപ്പെടുന്ന 344 പേജിലാണ്‌ ഘോഷയാത്ര നടക്കുന്നത്‌. ഡി. സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഘോഷയാത്ര'യുടെ വില 160 രൂപ. 

Tuesday, December 23, 2008

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ പുതുജീവന്‍

അനോണി ആന്റണിയുടെ ബ്ലോഗില്‍ 'പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍' എന്ന കുറിപ്പ്‌ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ്‌ ഇവിടെ കുറിക്കുന്നത്‌.....

അനുഭവത്തിന്റെ പിന്തുണയില്ലാതെയുള്ള ജ്ഞാനം ഒരാളെ എങ്ങനെ അബദ്ധങ്ങളിലേക്ക്‌ നയിക്കാം എന്നും, വിദ്യാഭ്യാസം എന്തുകൊണ്ട്‌ പാഠപുസ്‌തകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌ യഥാര്‍ഥ ലോകത്തേക്ക്‌ വിദ്യാര്‍ഥികളെ നയിക്കണം എന്നുമാണ്‌ അനോണി ആന്റണി തന്റെ പോസ്‌റ്റില്‍ സരസമായി പറഞ്ഞിരിക്കുന്നത്‌. പഠനം ഇനാക്ടീവ്‌ ആകുമ്പോള്‍ 'മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാവുകയും ചെയ്യുന്നതെ'ങ്ങനെയെന്ന്‌ അദ്ദേഹം കാട്ടിത്തരുന്നു. 'സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നത്‌ തന്നെയാണ്‌'-അനോണി ആന്റണി പറയുന്നു.

കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വസ്‌തുതകളാണ്‌ ഈ പോസ്‌റ്റില്‍ അവതരിപ്പിക്കപ്പെടുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട്‌ തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ്‌ ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്‌കൂളുകളില്‍ പഠിക്കുന്നു, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളുടെ ഗതിയെന്ത്‌? ഇതാണ്‌ സംശയം.

അനോണി ആന്റണിയുടെ മറുപടി ഇങ്ങനെ: 'നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്‌ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്‌കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പുവെള്ളത്തിലാണോ കിണര്‍വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്‌, എന്തുകൊണ്ട്‌ ?

(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന്‌ കണ്ടുപിടിക്കുക.
കൂടുതല്‍ അടുത്താല്‍ എന്താണ്‌ സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്‌നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്‌ക്കലിന്റെ വേഗവും മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ ?

ഇങ്ങനെ പോകുന്നു അവിടുത്തെ കുട്ടികളുടെ പ്രോജക്ടുകള്‍.

അത്രയൊന്നും ഫീസ്‌ കൊടുക്കാതെ കിട്ടുന്നതുകൊണ്ട്‌ ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?'

കോഴിക്കോട്ടെ സാമാന്യം പേര്‌ കേട്ട ഒരു പ്രൈവറ്റ്‌സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥിയായ എന്റെ മൂത്തമകള്‍, കഴിഞ്ഞ ഒരുമാസമായി ആശങ്കയിലും വേവലാതിയിലുമാണ്‌. കാരണം, ബാലവേലയെക്കുറിച്ച്‌ ഒരു പ്രോജക്ട്‌ തയ്യാറാക്കണം. എവിടെ നിന്ന്‌ വിവരങ്ങള്‍ കിട്ടും, കഥ വേണം, കവിത വേണം, എഡിറ്റോറിയല്‍ എഴുതണം.... ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആ പ്രോജക്ട്‌ സെമിനാര്‍ ആയി അവതരിപ്പിക്കുകയും വേണം. ടീച്ചറോട്‌ അവള്‍ സംശയം ചോദിച്ചു, എങ്ങനെയാണ്‌ സെമിനാര്‍ അവതരിപ്പിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ പക്ഷേ, ടീച്ചര്‍ക്കും വലിയ പിടിയില്ല.

യഥാര്‍ഥ പ്രശ്‌നം ടീച്ചര്‍ക്ക്‌ ഈ പുതിയ പാഠ്യക്രമം അഭ്യസിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നതാണ്‌. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌, 'മതമില്ലാത്ത ജീവന്റെ'യും മറ്റും പേര്‌ പറഞ്ഞ്‌ സ്വന്തം സ്‌കൂളുകളിലെ അധ്യാപകരെ പുതിയ പാഠക്രമത്തിനായുള്ള പരിശീലനത്തിന്‌ വിടുകയോ, അധ്യാപകര്‍ക്ക്‌ അതിനുള്ള പ്രാപ്‌തി നേടിക്കൊടുക്കയോ ചെയ്‌തിട്ടില്ല. അധ്യാപകര്‍ നിസ്സഹായരാണ്‌. രക്ഷിതാവെന്ന നിലയ്‌ക്ക്‌ ഞങ്ങള്‍ക്കും ഇത്‌ സംബന്ധിച്ച്‌ ആശങ്കയുണ്ടാവാതെ തരമില്ലല്ലോ.

കഴിഞ്ഞ ദിവസം, കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്ബിന്‌ കീഴിലെ ഇന്റസ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസ (ഐ.സി.ജെ) ത്തില്‍, പ്രോജക്ട്‌ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്ന വേളയില്‍ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച പ്രശ്‌നം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ പുതുജീവന്‍ നല്‍കിയിരിക്കുന്നു എന്നതാണ്‌ വിഷയം.

പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ, പേരുകേട്ട സ്വകാര്യവിദ്യാലയങ്ങളിലെക്കാള്‍ നിലവാരമുള്ളവയായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയിരിക്കുന്നു എന്നാണ്‌ ആ വിദ്യാര്‍ഥിനി വാദിച്ചത്‌. കാരണം, സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച്‌ നല്ല പരിശീലനം കിട്ടിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ, ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വിദ്യാലയത്തിന്റെ നിലവാരം സംബന്ധിച്ച്‌ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറുകയാണ്‌, താമസിയാതെ സര്‍ക്കാര്‍ സ്‌കൂളായാലും വലിയ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്ന സ്വകാര്യസ്‌കൂളാണെങ്കിലും നിലവാരത്തില്‍ വലിയ മാറ്റമില്ലെന്ന്‌ വരും. ഒരു നിശബ്ദവിപ്ലവമാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ അവള്‍ ചൂണ്ടിക്കാട്ടിയത്‌.

അമേരിക്കയില്‍ പെന്‍സില്‍വാനിയ, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡിയിലും താമസിക്കുന്ന ഒരുവിഭാഗം ക്രിസ്‌ത്യന്‍ അനുഷ്‌ഠാനസംഘക്കാരുണ്ട്‌. അമീഷ്‌ വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ഈ കൂട്ടര്‍, ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും സ്വന്തം ജീവിത്തില്‍ നിന്ന്‌ തിരസ്‌ക്കരിച്ചവരാണ്‌. ജേക്കബ്ബ്‌ അമ്മാനയെന്നയാള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം രൂപം നല്‍കിയ ഈ മതവിഭാഗത്തില്‍ ഇപ്പോഴത്തെ അംഗസംഖ്യ 2,27000 വരുമെന്നാണ്‌ കണക്ക്‌.

ഇവര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല, കുതിരവണ്ടി മാത്രം. ആധുനികവൈദ്യശാസ്‌ത്രമോ കൃഷിരീതികളോ ഒന്നും അടുപ്പിക്കില്ല. ഒരു ചെവിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെവിട്‌ കൂടി കാട്ടിക്കൊടുക്കും (ഇവരുടെ ജീവിതരീതിയെപ്പറ്റി ഏകദേശ ധാരണ ലഭിക്കാന്‍ ഒരു കുറുക്കുവഴി- ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായ 'വിറ്റ്‌നെസ്സ്‌' എന്ന ഹോളിവുഡ്‌ ചിത്രം കാണുക). കുട്ടികളെ എട്ടാംക്ലാസ്‌ വരെയേ വിദ്യാഭ്യാസം ചെയ്യിക്കൂ. ഒരാള്‍ക്ക്‌ അമീഷ്‌ ജീവിതരീതി പിന്തുടരാന്‍ ഇത്‌ മതി എന്നതാണ്‌ അവരുടെ നിലപാട്‌.

കൃഷിയും കാലിവളര്‍ത്തലുമാണ്‌ ഇവരുടെ മുഖ്യതൊഴിലെങ്കിലും, ഇവരുടെ മുഖ്യവരുമാന മാര്‍ഗം അതല്ല. ആധുനിക സങ്കേതങ്ങള്‍ ജീവത്തില്‍ നിന്ന്‌ തിരസ്‌കരിച്ച ഇവര്‍ക്ക്‌ വരുമാനം നല്‍കുന്നത്‌, അതേ ആധുനിക ജീവിതരീതി മൂലമുണ്ടാകുന്ന മനുഷ്യന്റെ പരിമിതിയാണ്‌. ന്യൂയോര്‍ക്ക്‌, ലോസ്‌ ആഞ്‌ജലിസ്‌ തുടങ്ങിയ മഹാനഗരങ്ങളില്‍ വളരുന്ന കുട്ടികള്‍ കാലികളെ കണ്ടിട്ടില്ല, പാലോ മുട്ടയോ എങ്ങനെയാണ്‌ ലഭിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ല, ഗോതമ്പ്‌ വിളയുന്നതോ കൊയ്യുന്നതോ കണ്ടിട്ടില്ല.

ഇവ നേരിട്ട്‌ പഠിക്കാന്‍ വേണ്ടി ആ മഹാനഗരങ്ങളിലെ രക്ഷതാക്കള്‍, അവധിക്കാലത്ത്‌ സ്വന്തം മക്കളെ അമീഷ്‌ ഗ്രാമങ്ങളില്‍ കൊണ്ട്‌ താമസിപ്പിക്കും. അവിടെയെത്തിയാല്‍ കുട്ടികള്‍ വിതയ്‌ക്കാനും കൊയ്യാനും പോകണം, കറക്കാനും കാലിമേയ്‌ക്കാനും പോകണം, പശുക്കളുടെ പ്രസവമെടുക്കണം-അങ്ങനെ ഗ്രാമത്തില്‍ എല്ലാവര്‍ക്കുമൊപ്പം അധ്വാനിക്കണം. ഇത്‌ പക്ഷേ, സൗജന്യമല്ല, കുട്ടികളെ അങ്ങനെ താമസിപ്പിക്കാന്‍ രക്ഷിതാക്കള്‍ വന്‍ഫീസ്‌ അമീഷ്‌ ഗ്രാമീണര്‍ക്ക്‌ നല്‍കണം. ഗ്രാമീണരുടെ മുഖ്യവരുമാനമാര്‍ഗം ഇങ്ങനെയെത്തുന്ന കുട്ടികളാണ്‌.

കേരളത്തിലെ പുതിയ സ്‌കൂള്‍ പഠ്യക്രമത്തെക്കുറിച്ച്‌ ആവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്ക്‌, ഈ അമീഷ്‌ വരുമാനം എന്താണ്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌. അനോണി ആന്റണി പറയുന്നു, "പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട്‌ എഴുതട്ടെ, പിഞ്ചുവാഴക്കുല വെട്ടി കഞ്ഞിക്ക്‌ കൂട്ടാന്‍ വയ്‌ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട്‌ വിറ്റുവരവ്‌ കണക്ക്‌ പുസ്‌കത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്ത്‌ വിളയിറക്കണം എന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്‌സും മാനേജ്‌മെന്റും അവര്‍ പഠിക്കാന്‍".

വാല്‍ക്കഷണം: രണ്ട്‌ വര്‍ഷം മുമ്പ്‌ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ മേധാവി കേരളത്തിലെത്തി. ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, `ചെടികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള ബോട്ടണി ബിരുദധാരികളെ നാട്ടില്‍ കിട്ടാനില്ല എന്നതാണ്‌ ബൊട്ടാണിക്കല്‍ സര്‍വെ അനുഭവിക്കുന്ന പ്രതിസന്ധി'. എന്നാല്‍, ബോട്ടണി ബിരുദധാരികള്‍ക്ക്‌   നാട്ടില്‍ കുറവൊന്നുമില്ല !