മലയാള സിനിമ കഴിവതും ഒഴിവാക്കുന്നയാളാണ് ഇതെഴുതുന്നത്. ഈ ഒഴിവാക്കലിന് കാരണം മലയാള സിനിമ തന്നെയാണ്. സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത, നിലവാരം കുറഞ്ഞ ഉരുപ്പടികള്‍ സഹിക്കുന്നതിന് എത്രയായാലും ഒരു പരിധിയുണ്ട്. സിനിമ വ്യവസായമാണ്, അതിനെ നിലനിര്‍ത്താന്‍ എല്ലാവരും തിയേറ്ററില്‍ പോയി കണ്ട് സഹായിക്കണമെന്നൊന്നും പറയുന്നതില്‍ വലിയ അര്‍ഥമില്ല. എന്തെങ്കിലും കഴമ്പും ഒര്‍ജിനാലിറ്റിയുമുള്ള സിനിമയാണെങ്കില്‍, ആരുടെയും ഒത്താശ വേണ്ട ആളുകള്‍ സ്വാഭാവികമായും അതിലേക്ക് എത്തിക്കൊള്ളും. അടുത്തയിടെ ഇറങ്ങിയ 'കഥ പറയുമ്പോള്‍' ഉദാഹരണം.
മലയാള സിനിമയില്‍നിന്ന് പ്രേക്ഷകര്‍ അകലുന്നതിന് കാരണം എന്തെന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പ്രശസ്‌ത 'വികലാംഗ-മാറാരോഗ-ബധിര-ഊമ-മന്ദബുദ്ധി' സംവിധായകനായ വിനയന്റെ ഏതെങ്കിലും ഒരു ചിത്രം കണ്ടുനോക്കിയാല്‍ മതി. 'വാര്‍ ആന്‍ഡ് ലവ്' എന്ന വിനയന്‍ സിനിമ കാണുകയെന്ന അബദ്ധം ഒരിക്കല്‍ എനിക്ക് സംഭവിച്ചു (പേടിയോടെയാണ് ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നത്). പാകിസ്‌താനുമായി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ധീരയോദ്ധാക്കള്‍ നടത്തുന്ന പൊരിഞ്ഞ യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഏത് കാലത്താണ് ഇങ്ങനെയൊരു യുദ്ധം നടക്കുന്നതെന്നൊന്നും ചോദിക്കരുത്. അജിനോമോട്ടോയില്‍ കലക്കി ദേശസ്‌നേഹം ഒഴുക്കിയിരിക്കുകയാണ് സംവിധായകന്‍. 'പാകിസ്‌താന്‍ പട്ടികള്‍' എന്നേ, മോഹന്‍ലാലിന് പഠിച്ച് പരാജയപ്പെട്ട ദിലീപ് നായകനായ കഥാപാത്രം നാക്കെടുത്താല്‍ പറയൂ. ഒടുവില്‍ പാക്‌കേണലിന്റെ മകളെ വളച്ചെടുത്ത്, കുറെ പാട്ടൊക്കെ പാടി, അവള്‍ വഴി നായകന്‍ പാകിസ്‌താന്റെ ആണവരഹസ്യം തട്ടിയെടുത്ത് ഇന്ത്യയെ രക്ഷിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
അന്താരാഷ്ട്ര ബന്ധങ്ങളോ, അതിര്‍ത്തിയിലെ ടോപ്പോഗ്രാഫിയോ, യുദ്ധത്തിലെ സാമാന്യനിയമങ്ങളോ, പട്ടാളക്കാര്‍ക്കിടയിലെ അച്ചടക്കമോ ഒന്നും സംവിധായകനോ തിരക്കഥാകൃത്തിനോ അറിയില്ല എന്നത് പോകട്ടെ. അതൊക്കെ ഇത്തരമൊരു പൈങ്കിളി ചിത്രത്തില്‍നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവസാനം പാകിസ്‌താന്റെ ആണവരഹസ്യവും ചോര്‍ത്തി നായകന്‍ എത്തുന്ന രംഗമുണ്ട്. ക്ലാസിക് രംഗമാണത്. ഇതാ പാകിസ്‌താന്റെ ആണവമിസൈലിന്റെ രഹസ്യം എന്നു പറഞ്ഞ്, നായകന്‍ കുപ്പായക്കീശയില്‍നിന്ന് ഒരു ഫ്‌ളോപ്പി ഡിസ്‌ക് എടുത്തു കാട്ടുന്നു. 125 കിലോ ബൈറ്റ്‌സ് മാത്രം ശേഷിയുള്ള ഫ്‌ളോപ്പി ഡിസ്‌കില്‍ ഒരു രാജ്യത്തിന്റെ ആണവരഹസ്യം! ഒരു മന്ദബുദ്ധിക്കേ മറ്റൊരു മന്ദബുദ്ധിയെ മനസിലാകൂ എന്നത് എത്ര സത്യം. മലയാളത്തില്‍ മന്ദബുദ്ധിയെ നായകനാക്കി വിനയന്‍ സിനിമയെടുക്കുന്നതില്‍ അത്ഭുതമുണ്ടോ.
എന്റെയൊരു സുഹൃത്ത് മലയാള സിനിമകളെക്കുറിച്ച് നടത്തിയ ഒരു വിലയിരുത്തലുണ്ട്-`സാമാന്യബുദ്ധി പോലുമില്ലാത്ത മണ്ടന്‍മാരാണ് നമ്മളൊക്കെ എന്ന നിലയ്‌ക്ക് പോയി ഇരുന്നുകൊടുക്കണം'. അതിന് വയ്യാത്തവര്‍ സിനിമ കാണാന്‍ പോകില്ല എന്നത് സ്വാഭാവികം മാത്രം. പക്ഷേ ഇതിനിടയില്‍ എന്നെ ആകര്‍ഷിച്ച ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്. 'ചിദംബരം' എന്ന ചിത്രം ഇനിയും കാണാന്‍ ഞാന്‍ തയ്യാറാണ്. 'വാസ്‌തുഹാര' കുറഞ്ഞത് അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട് ('കല്‍ക്കത്ത' കണ്ട് ഓടുകയും ചെയ്‌തു). 'പൊന്തന്‍മാട' വലിയ ഗൃഹാതുരത്വം സമ്മാനിച്ച ചിത്രമാണ്. 'തൂവാനത്തുമ്പികള്‍' പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പിന്നീട് ഉണ്ടാകാത്തതെന്തെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പ്രിയനന്ദനന്റെ 'പുലിജന്മം' മനസിലേക്കെത്തുന്നത്. 'നെയ്‌ത്തുകാരന്‍' കണ്ട എനിക്കുറപ്പുണ്ട്, പ്രിയനന്ദനനെപ്പോലൊരു സംവിധായകന് ഒരു മൂന്നാംകിട ചിത്രം എടുക്കാനാവില്ലെന്ന്. തീയേറ്ററുകള്‍ വഴി 'പുലിജന്മം' കാണാം എന്നെനിക്ക് പ്രതീക്ഷയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍നിന്നു പോലും ആ ചെറുപ്പക്കാരന്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കഥ മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 'പുലിജന്മം' കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രിക്കുന്ന ഒരു വിഭാഗം എന്നെപ്പോലെ കേരളത്തിലുണ്ട് എന്നകാര്യം ഉറപ്പാണ്. പക്ഷേ, അവര്‍ക്കു മുമ്പില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
ഇവിടെയാണ്, ചെലവുകുറഞ്ഞ പുതിയ മാധ്യമസാധ്യകള്‍ പ്രിയനന്ദനനെപ്പോലുള്ളവര്‍ കണക്കിലെടുക്കേണ്ടത്. എന്തുകൊണ്ട് 'പുലിജന്മ'ത്തിന്റെ സി.ഡി.പുറത്തിറക്കിക്കൂടാ. തിയേറ്ററില്‍ പോയി തന്റെ സിനിമ ജനങ്ങള്‍ കാണണം എന്ന് ഒരു ചലച്ചിത്രകാരന്‍ ഇനിയുള്ള കാലം വാശിപിടിക്കാന്‍ പാടില്ല. 'പുലിജന്മ'ത്തിന് നേരെ വിതരണക്കാരും തിയേറ്ററുകളും സംസ്ഥാന അവാര്‍ഡ് കമ്മറ്റയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ ദേശീയ അവാര്‍ഡ് ലബ്ധിയിലൂടെ പ്രിയനന്ദനെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നു.
സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച് ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക് സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആ ചിത്രം ഇപ്പോഴും അപ്രാപ്യം. ആ സ്ഥിതി മാറണം. അതിന് സി.ഡി.യെങ്കില്‍ സി.ഡി. അത് ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.
Wednesday, July 16, 2008
Subscribe to:
Posts (Atom)