ഓണ്‍ലൈന്‍ മലയാളത്തിന് പുതിയ ഭാവപ്പകര്‍ച്ച
കോഴിക്കോട് ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ് മുമ്പ് ഞാനും കുടുംബവും താമസിച്ചിരുന്നത്. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ് രൂപ. ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ് നോക്കുമ്പോള്‍ സംഗതി ശരിയാണ്. അയല്‍വാസികളോട് അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട് അതേ നിലവാരത്തില്‍ തന്നെ, സമാധാനമായി. ടിവിയുള്ളതുകൊണ്ടാ, ഫാനിടുന്നതുകൊണ്ടാ എന്നൊക്കെ പിശുക്കിയായ ഭാര്യ കുറ്റപ്പെടുത്തും പോലെ പറയുകയും ചെയ്‌തിരുന്നു.
ഒരുവര്‍ഷം മുമ്പ് അതേ കോളനിയിലെ ഒരു ഫ്‌ളാറ്റ് വാങ്ങി അതിന്റെ അറ്റകുറ്റ പണി നടത്തുമ്പോള്‍ തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ എന്തെങ്കിലും ചെയ്യണം. (സി. ആര്‍. ടി. മോണിറ്ററുള്ള കമ്പ്യൂട്ടറിന് പകരം, കടമെടുത്തിട്ടായാലും കൂടുതല്‍ കാശ് കൊടുത്ത് ലാപ്‌ടോപ് വാങ്ങുമ്പോള്‍, മനസിലുണ്ടായിരുന്ന ഒരു കാര്യം വൈദ്യുതിച്ചെലവ് കാര്യമായി കുറയുമല്ലോ എന്നു തന്നെയായിരുന്നു). ഹൗസിങ് ബോര്‍ഡിന്റെ ആ ഫ്‌ളാറ്റില്‍ അലുമിനിയം കേബിളാണ് വയറിങിന് ഉപയോഗിച്ചിരുന്നത് ! പിന്നെങ്ങനെ വൈദ്യുതി ഉപയോഗം കുറയും. വയറിങ് മുഴുവന്‍ മാറ്റാന്‍ കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വീടിന് ഫൈവ്‌സ്റ്റാര്‍ നിലവാരമില്ലെങ്കിലും, ഫ്രഡ്‌ജും വാഷിങ് മെഷീനുമെല്ലാം ഫൈവ്‌സ്റ്റാര്‍ ആക്കി. വൈദ്യുതി ഉപഭോഗം 40 ശതമാനം വരെ കുറയും എന്നാണ് ഈ സ്റ്റാര്‍ സംവിധാനത്തിലൂടെ കമ്പനികളുടെ അവകാശവാദം; വില അല്‍പ്പം കൂടും എന്നു മാത്രം. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകള്‍ പാടെ ഉപേക്ഷിച്ചു, പകരം സി.എഫ്.എല്‍.ആക്കി. ഫാനുകളും ഇന്ധനക്ഷമത കൂടിയത് വാങ്ങി. അതിനും വില കൂടുതല്‍ തന്നെ. അങ്ങനെ പുതിയ ഫ്‌ളാറ്റിന്റെ വൈദ്യുതീകരണ നവീകരണം പൂര്‍ത്തിയാക്കി. പക്ഷേ, അതിന് വന്ന ചെലവ് അറിഞ്ഞപ്പോള്‍ പരിചയക്കാരും അല്‍ക്കാരും എന്നെ സഹതാപത്തോടെ നോക്കി. ഇയാള്‍ എന്തെല്ലാം പാഴ്‌ച്ചെലവാണ് വരുത്തുന്നത് എന്നവര്‍ മനസില്‍ ഓര്‍ത്തിട്ടുണ്ടാകും.
പക്ഷേ, താമസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ അയല്‍ക്കാരോട് ഗമയില്‍ ചോദിക്കാന്‍ തുടങ്ങി, നിങ്ങള്‍ക്കെത്രയാ കറണ്ട്‌ബില്‍, ഞങ്ങള്‍ക്ക് മുന്നൂറില്‍ താഴെയേ വരുന്നുള്ളൂ. എഴുന്നൂറും എണ്ണൂറും ആയിരവും കറണ്ട്‌ബില്‍ ആകുന്ന അയല്‍ക്കാര്‍ ഞങ്ങളെ അസൂയയോടെ കാണാന്‍ തുടങ്ങി. അയല്‍പക്കത്തെ ചില വീട്ടമ്മമാര്‍ ഞങ്ങളുടെ വീട്ടിലെത്തി ഷെര്‍ലക്‌ഹോംസ് സ്‌റ്റൈലില്‍ പരിശോധന നടത്തി, ഫ്രിഡ്‌ജ് ഓഫാണോ, വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലേ, ടിവി കാണലില്ലേ, ഫാനിടുന്നുണ്ടോ, മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലേ-എല്ലാം ഉണ്ട്, എന്നിട്ടും വൈദ്യുതിബില്‍ എങ്ങനെ ഇത്രയും കുറയുന്നു ? ആദ്യം സഹതാപം കാട്ടിയവര്‍ ഇപ്പോള്‍ ജിജ്ഞാലുക്കളായിരിക്കുന്നു, പ്രത്യേകിച്ചും ഏതാനും മാസം മുമ്പ് കേരളത്തില്‍ വൈദ്യുതിച്ചാര്‍ജ് വര്‍ധിപ്പിച്ച ശേഷം.
ഇത്രയും എഴുതിയത്, ഇത്തരം ജിജ്ഞാലുക്കള്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ പാകത്തില്‍ ഒരു പോര്‍ട്ടല്‍ മലയാളത്തില്‍ ആരംഭിച്ചിരിക്കുന്നു എന്ന് പറയാനാണ്. എങ്ങനെ ഊര്‍ജോപയോഗം ബുദ്ധിപൂര്‍വമാക്കാം, ഊര്‍ജത്തിന്റെ പ്രാധാന്യമെന്ത്, ഊര്‍ജരംഗത്ത് നടക്കുന്ന പുതിയ ചലനങ്ങളും ഗവേഷണങ്ങളും എന്തൊക്കെ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് 'ഊര്‍ജസംരക്ഷണം' എന്ന പോര്‍ട്ടല്‍. പ്രമുഖ ബ്ലോഗറും സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ് ജേതാവുമായ വി. കെ. ആദര്‍ശാണ് ഈ സംരംഭത്തിന് പിന്നില്‍.
ഊര്‍ജം താരമാകുന്ന കാലം
ഊര്‍ജസംരക്ഷണം, അമിത ഊര്‍ജോപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഏറെക്കാലമായി പലരും കേരളീയരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുന്നു. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജലവൈദ്യുതിയുടെ ഹുങ്കില്‍ നമ്മള്‍ അതൊന്നും പക്ഷേ, ചെവിക്കൊണ്ടില്ല. ഹുങ്കിന്റെ കാലം ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന് പറയും പോലെ, വൈദ്യുതി ഉപയോഗം കേരളീയരുടെ ഉറക്കം കെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഊര്‍ജസംരക്ഷണത്തെക്കുറിച്ച് വന്‍കിട കമ്പനികള്‍ മുതല്‍ ചെറ്റപ്പുരകള്‍ വരെ കേരളത്തില്‍ ഇന്ന് ഉറക്കെ ചിന്തിക്കുകയാണ്. അപ്പോഴും, അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ ആണവക്കരാര്‍ വഴി എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും, നമുക്ക് ഇഷ്ടം പോലെ വൈദ്യുതി ലഭിക്കും എന്ന മൂഢസ്വര്‍ഗത്തില്‍ കഴിയുന്നവരും ഇല്ലാതില്ല.
ശരിക്കും, ഊര്‍ജത്തെ സംബന്ധിച്ച കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ ഇത്രയും അനുകൂല സമയം കേളത്തില്‍ ഉണ്ടായിട്ടില്ല. വൈദ്യുതി ലാഭിക്കാന്‍ എന്തുചെയ്യണമെന്ന് പറഞ്ഞാലും അത് ചെയ്യുന്ന കാലമാണ് വരാന്‍ പോകുന്നത്. പുതിയ താരിഫ് അനുസരിച്ചുള്ള ബില്ല് രണ്ടുതവണ വന്നോട്ടെ, അപ്പോള്‍ കാണാം കളി. വീണ്ടും വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കൂടി കാണുക. 'കാറ്റുള്ളപ്പോള്‍ തൂറ്റണം' എന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധം, ഈ സമയത്ത് 'ഊര്‍ജസംരക്ഷണം' പോലൊരു പോര്‍ട്ടല്‍ ആരംഭിച്ചവര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.
ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ ശൈലി കടമെടുത്ത് വായ്‌പ്പാട്ടും കഥാപ്രസംഗവും കഥയുമൊക്കെയായാണ് ഈ പോര്‍ട്ടലില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വലിയൊരു ടാര്‍ജറ്റ് ഗ്രൂപ്പിനെ ലക്ഷ്യമാക്കുന്നതിനാലാവണം ഇത്. പക്ഷേ, ഈ ശൈലി ഉപയോഗിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാതെ നോക്കാന്‍ പോര്‍ട്ടലിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. കേരളസര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്‌പെയ്‌സുമായി സഹകരിച്ച് കൊല്ലം ഗ്രീന്‍ എനര്‍ജി ട്രസ്റ്റാണ് വെബ്ബ് രൂപസംവിധാനം ചെയ്‌തിരിക്കുന്നത്. 2008 ഒക്ടോബര്‍ 30-ന് ബാംഗ്ലൂര്‍ ഐ.ഐ.എം. സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. എസ്. രാമസ്വാമി പുതിയ പോര്‍ട്ടലിന്റെ ഉദ്‌ഘാടനം കൊല്ലത്ത് വെച്ച് നിര്‍വഹിച്ചു.
വായനയുടെ നാട്ടുവഴികള്‍
വായനയുടെ നഷ്ടമാകുന്ന പച്ചകള്‍ക്കിടയില്‍ പുതിയൊരു വായനാസംസ്‌ക്കാരത്തിനുള്ള യാത്ര-'നാട്ടുപച്ച' എന്ന പുതിയ മലയാളം പോര്‍ട്ടലിന്റെ സാധുത, അതിന്റെ എഡിറ്റോറിയല്‍ മേല്‍നോട്ടം വഹിക്കുന്ന മൈന ഉമൈബാന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. നവംബര്‍ ഒന്നിന് കോഴിക്കോട്ടാണ് ഈ പോര്‍ട്ടലിന്റെ ഉത്‌ഘാടനം നടന്നത്. ഇ-വായനയുടെ പുതിയ സാധ്യതകളാണ് ഈ പോര്‍ട്ടല്‍ തേടുന്നതെന്ന് അതിന്റെ നിര്‍വാഹകര്‍ അവകാശപ്പെടുന്നു.
പക്ഷേ, ഉള്ളടക്കത്തില്‍ പരമ്പരാഗത മലയാളം മാഗസിന്‍ ജേര്‍ണലിസത്തിന്റെ പരിചിത നിഴല്‍ നാട്ടുപച്ചിയില്‍ വീണുകിടപ്പില്ലേ എന്ന് സംശയം. വായനക്കാരെ ചെടിപ്പിക്കുന്ന ബുദ്ധിജീവി നാട്യങ്ങളാണ് മലയാളം മാഗസിന്‍ ജേര്‍ണലിസത്തെ ജടിലമായ ഒരവസ്ഥയില്‍ കെട്ടിയിടുന്നത്. ആ നിഴലില്‍ നിന്ന് മോചിപ്പിച്ച്, ഇന്റര്‍നെറ്റിന്റെ സാധ്യതകളും നന്മകളും സമ്മേളിപ്പിച്ച് പുതിയൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നാട്ടുപച്ച പോലൊരു സംരംഭം പച്ചപിടിക്കും എന്നതില്‍ സംശയമില്ല.
പുതിയ ഭാവപ്പകര്‍ച്ച
മലയാളം കമ്പ്യൂട്ടിങ് പുതിയ ദിശയിലേക്ക് തിരിയുന്നതിന്റെ സൂചനയാണ്, മേല്‍ സൂചിപ്പിച്ച രണ്ട് പോര്‍ട്ടലുകളും നല്‍കുന്നത്. ബ്ലോഗില്‍നിന്ന് പോര്‍ട്ടലുകളിലേക്കുള്ള ഭാവപ്പകര്‍ച്ച. രണ്ടു പോര്‍ട്ടലുകളുടെയും ചുമതലക്കാര്‍, പ്രമുഖ ബ്ലാഗര്‍മാരാണ്. 'ബ്ലോഗ്‌ഭൂമി'യും 'സര്‍പ്പഗന്ധി'യും മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചിതങ്ങളാണ്. മലയാളം യുണികോഡിന്റെ സാധ്യതകള്‍ വായനക്കാരിലേക്ക് കൂടുതല്‍ എത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കും. മാത്രമല്ല, ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്‌ത് വിവരങ്ങള്‍ തേടാവുന്ന ഭാഷകളിലൊന്നായി മലയാളത്തെ മാറ്റാനും ഇവ തുണയാകും.
Monday, November 3, 2008
Subscribe to:
Posts (Atom)