Tuesday, October 28, 2008

മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌

ശനിയാഴ്‌ച ദിവസം എനിക്കൊരു പണിയുണ്ട്‌. ഞായറാഴ്‌ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ആരോഗ്യ-മെഡിക്കല്‍-ശാസ്‌ത്ര റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഉച്ചയോടെ കോഴിക്കോടിന്‌ ഇ-മെയില്‍ ചെയ്യണം. ആ സമയത്തേ പാടുള്ളു, മുന്‍കൂട്ടി അയച്ചിട്ട്‌ കാര്യമില്ല. സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമില്ല. സമയം പോലെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട്‌ തയ്യാറാക്കി വെച്ചിട്ട്‌, ശനിയാഴ്‌ച മെയില്‍ ചെയ്‌താല്‍ മതി. യാത്രയിലോ നാട്ടിലോ ആകുമ്പോഴാണ്‌ പ്രശ്‌നം. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌, സംഭവം പെന്‍ഡ്രൈവില്‍ കൈയിലുണ്ട്‌. പക്ഷേ, എന്തുകാര്യം. കേരളമാണ്‌ നമ്മുടെ ഇഷ്ടത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടണമെന്നില്ല.

ഇതിന്‌ ആദ്യമൊക്കെ ചെയ്‌തിരുന്ന സൂത്രവിദ്യ, സ്വന്തം ജി-മെയിലിലേക്ക്‌ റിപ്പോര്‍ട്ട്‌ മുന്‍കൂട്ടി അയച്ചിടുക എന്നതാണ്‌. എന്നിട്ട്‌, ശനിയാഴ്‌ച ഉച്ചയാകുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കും. മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍, ഇന്റര്‍നെറ്റ്‌ ഉള്ള എവിടെയെങ്കിലും എത്തി സ്വന്തം മെയിലില്‍ കിടക്കുന്ന സാധനം കോഴിക്കോട്ടേക്ക്‌ ഫോര്‍വേഡ്‌ ചെയ്യും. എത്ര കുറുക്കുവഴികള്‍ ശീലിച്ചാലാണ്‌ മനുഷ്യന്‌ കഴിഞ്ഞുപോകാനാവുകയെന്ന്‌ അത്ഭുതപ്പെടുത്തുന്ന ഉദാഹരണമാണിത്‌.

എന്നാല്‍, എന്നെപ്പോലെ മറവിയുടെ അസുഖമുള്ളവര്‍ക്കും, കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു മെയില്‍ സര്‍വീസ്‌ അടുത്തയിടെ ഞാന്‍ കണ്ടെത്തി; 'ലെറ്റര്‍മിലേറ്റര്‍'(www.lettermelater.com). എത്രകാലം മുമ്പ്‌ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി, അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.

കിട്ടുന്നയാള്‍ അറിയില്ല, ഒരു ഇടനിലക്കാരന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌, അല്ലെങ്കില്‍ മുന്‍കൂട്ടി അയച്ചിട്ടതാണ്‌ മെയിലെന്ന്‌. നിങ്ങള്‍ ജി-മെയിലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, ആ മെയിലില്‍നിന്ന്‌ ആ സമയത്ത്‌ വരുന്നതായേ, കത്ത്‌ കിട്ടുന്നയാള്‍ക്ക്‌ മനസിലാകൂ. കത്തുകള്‍ മാത്രമല്ല, പിറന്നാള്‍ സന്ദേശങ്ങളോ, കൂടിക്കാഴ്‌ചയ്‌ക്കുള്ള ഓര്‍മിപ്പിക്കലുകളോ, നിങ്ങള്‍ അവധിയിലായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അയയ്‌ക്കേണ്ട നിര്‍ദേശങ്ങളോ, മറന്നു പോകാന്‍ സാധ്യതയുള്ള സന്ദേശങ്ങളോ ഒക്കെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അയച്ചിടാം. സയമത്ത്‌ കിട്ടുമോ എന്ന വേവലാതിയേ വേണ്ട.

ഈ സര്‍വീസ്‌ കണ്ടെത്തിയതോടുകൂടി എനിക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നു. റിപ്പോര്‍ട്ടുകള്‍ എമ്പാര്‍ഗോ ചെയ്‌ത്‌ കിട്ടുന്നതു പോലെ, എനിക്കും സ്വന്തം എമ്പാര്‍ഗോ നിശ്ചയിക്കാം എന്നായി സ്ഥിതി. ഞായറാഴ്‌ച പത്രത്തിന്‌ വേണ്ട റിപ്പോര്‍ട്ട്‌, ശനിയാഴ്‌ച ഉച്ചയ്‌ക്കുള്ള സയമം വെച്ച്‌ മുന്‍കൂട്ടി അയച്ചിടും. അവധിയായാലും യാത്രയിലായാലും ഇന്റര്‍നെറ്റ്‌ സൗകര്യം തേടി അലയേണ്ട കാര്യമില്ല. കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ കിട്ടേണ്ടിടത്ത്‌ എത്തിക്കൊള്ളും

Sunday, October 19, 2008

പാസ്‌വേഡ്‌ കള്ളം പറയില്ല

പതിനഞ്ചുവര്‍ഷം മുമ്പാണ്‌, സുഹൃത്തായ കെ.ജെ.ജേക്കബ്ബ്‌ എന്നോടൊപ്പം അമ്പൂരിയില്‍ വന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ തെക്കുകിഴക്ക്‌ ഭാഗത്തേക്ക്‌ ഏതാണ്ട്‌ 40 കിലോമീറ്റര്‍ ബസ്സ്‌യാത്ര വേണം അമ്പൂരിയിലെത്താന്‍. പന്ത വഴി പോകുമ്പോള്‍ അമ്പൂരിക്ക്‌ തൊട്ടുമുമ്പാണ്‌ തട്ടാന്‍മുക്ക്‌ എന്ന കവല. അടുത്ത ഗ്രാമമായ മായത്തുനിന്നുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ തട്ടാന്‍മുക്കിലെ പതിവു കാഴ്‌ചയാണ്‌. മില്‍മയുടെ വണ്ടി അവിടെനിന്നാണ്‌ മായത്തുനിന്നുള്ള പാല്‍ കയറ്റി പോകുന്നത്‌. മായത്തേക്കുള്ള ഒഴിഞ്ഞ കാനുകള്‍ അവിടെ ഇറക്കി വെയ്‌ക്കുകയും ചെയ്യും.

ഞങ്ങളുടെ ബസ്സ്‌ തട്ടാന്‍മുക്കിലെത്തിയപ്പോള്‍ സ്വാഭാവികമായും, മായത്തേക്കുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ണില്‍പെട്ടു. പതിവു കാഴ്‌ചയായതിനാല്‍ എനിക്കൊന്നും തോന്നിയില്ല. എന്നാല്‍, മായം എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയ കാനുകള്‍ കണ്ട ജേക്കബ്ബിന്‌ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. `കഷ്ടം, എത്ര നിഷ്‌ക്കളങ്കരും സത്യസന്ധരുമാണ്‌ നിന്റെ നാട്ടുകാര്‍`, ജേക്കബ്ബ്‌ പറഞ്ഞു. `അല്ലെങ്കില്‍ ആരെങ്കിലും മായം ചേര്‍ത്ത സാധനത്തിന്‌ പുറത്ത്‌ 'മായം' എന്ന്‌ എഴുതിവെയ്‌ക്കുമോ?`

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിത്ര പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്ട്‌ നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തു വന്ന ഒരു വിവരം പത്രത്തില്‍ വായിച്ചപ്പോഴാണ്‌, ഈ പഴയ സംഭവം മനസിലെത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ സാധാരണക്കാര്‍ക്കിടയിലുള്ള വിശ്വാസ്യതയെക്കുറിച്ച്‌ അറിയാവുന്ന ചിത്ര, ഒരു പ്രസാധക എന്ന നിലയ്‌ക്കാണ്‌ മണ്ണാര്‍ക്കാട്ടുകാരുടെ വിശ്വാസം നേടിയെടുത്തത്‌. 'ന്യൂ വ്യൂ' എന്നൊരു മാസികയുടെ പേരില്‍ മണ്ണാര്‍ക്കാട്ട്‌ ഓഫീസ്‌ തുറന്നായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ കണ്ണുവെട്ടിക്കാനും, സമൂഹത്തില്‍ കാശുള്ളവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാനും ചിത്രയ്‌ക്ക്‌ ഇത്‌ തുണയായി. കനത്ത ലാഭം വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപങ്ങളായി വന്‍തുകകള്‍ വാങ്ങി.

തെക്കന്‍ കേരളത്തില്‍ ശബരീനാഥ്‌ 'ടോട്ടര്‍ ഫോര്‍ യൂ'വിലൂടെ നടത്തിയതിന്റെ ചെറിയൊരു പതിപ്പായിരുന്നു ചിത്രയുടെ തട്ടിപ്പ്‌. ഒടുവില്‍ കാര്യങ്ങള്‍ പുറത്തു വരികയും ചിത്ര മുങ്ങുകയും ചെയ്‌തതോടെ പോലീസ്‌ വെട്ടിലായി. ഇതുവരെ പോലീസ്‌ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമുയര്‍ന്നു. കൂടുതല്‍ പേര്‍ ചിത്രയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും, പോലീസിന്‌ മേല്‍ സമ്മര്‍ദം ഏറുകയും ചെയ്‌തതോടെ ചിത്ര പിടിയിലായി. കസ്റ്റഡിയില്‍ വിടലും തെളിവെടുപ്പും മറ്റ്‌ കലാപരിപാടികളും ഇപ്പോഴും തുടരുകയാണ്‌.

കഴിഞ്ഞ ദിവസം ചിത്രയുടെ ലാപ്‌ടോപ്പ്‌ പോലീസ്‌ പിടിച്ചെടുത്തു. അത്‌ ഓണ്‍ചെയ്‌തപ്പോഴാണ്‌ പോലീസിന്‌ മനസിലാകുന്നത്‌, പാസ്‌വേഡ്‌ അറിയില്ലെന്ന്‌. എന്തായിരിക്കാം ചിത്ര ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ തലപുകച്ചിരിക്കാം. ഉമ്പെര്‍ട്ടോ എക്കോയുടെ 'ഫുക്കോയുടെ പെന്‍ഡുലം' എന്ന ലോകപ്രശസ്‌ത നോവലില്‍, ഒരു കമ്പ്യൂട്ടറിലെ രഹസ്യമെന്തെന്നറിയാന്‍, അതിന്റെ പാസ്‌വേഡ്‌ അറിയാതുഴലുന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്‌. ചിത്രയുടെ ലാപ്‌ടോപ്പിന്‌ മുന്നില്‍ പോലീസും അത്തരമൊരു അവസ്ഥയില്‍ ആയെങ്കില്‍ അത്ഭുതമില്ല.

'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്‌വേഡ്‌ അറിയാന്‍ വെമ്പുന്നയാള്‍, ആ കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച്‌ എന്താകാം പാസ്‌വേഡ്‌ നല്‍കിയിരിക്കുകയെന്ന്‌ സുദീര്‍ഘമായ വിചിന്തം തന്നെ നടത്തുന്നുണ്ട്‌. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍ ചിത്രയെപ്പോലൊരു തട്ടിപ്പുകാരി എന്തായിരിക്കാം ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ ഒടുവില്‍ ചിത്രയുടെ തന്നെ സഹായം തേടി. പാസ്‌വേഡ്‌ ചിത്ര പറഞ്ഞുകൊടുത്തു: 'കള്ളി'(kally) ! എത്ര സത്യസന്ധം, അല്ലേ !

Monday, October 6, 2008

നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു

 കണ്ട എക്കാലത്തെയും വലിയ സമാധാന പ്രചാരകനായ മഹാത്മാഗാന്ധിക്ക്‌ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചില്ല. അസ്‌തിത്വവാദത്തിന്റെ പ്രായോജകനായ ഴാങ്‌ പോള്‍ സാര്‍ത്ര്‌ സാഹിത്യത്തിനുള്ള പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ നോബല്‍ സീസണ്‍ തുടങ്ങുന്ന വേളയില്‍ ചില കൗതുകങ്ങളും വൈരുധ്യങ്ങളും...

  • പുരുഷാധിപത്യം
നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌ വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌ സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും. സമാധാന നോബല്‍ നേടിയവരില്‍ വനിതകള്‍ വെറും 12 പേര്‍ മാത്രം. 11 സ്‌ത്രീകള്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.

  • പ്രായം ഘടകമേയല്ല
കഴിഞ്ഞ വര്‍ഷം നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ലിയോനിഡ്‌ ഹുര്‍വിക്‌സ്‌ ആണ്‌ നോബല്‍ ചരിത്രത്തില്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 90-ാം വയസ്സിലാണ്‌ അദ്ദേഹത്തെ ആ ബഹുമതി തേടിയെത്തിയത്‌. ബ്രിട്ടീഷുകാരനായ ലോറന്‍സ്‌ ബ്രാഗാണ്‌ ഏറ്റവും ചെറിയ പ്രായത്തില്‍ പുരസ്‌കാരം ലഭിച്ച വ്യ്‌ക്തി. 1925-ല്‍ വെറും 25 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ തേടി ബഹുമതിയെത്തി. 1915-ല്‍ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം തന്റെ പിതാവ്‌ സര്‍ വില്യം ഹെന്‍ട്രി ബ്രാഗിനൊപ്പമാണ്‌ ലോറന്‍സ്‌ പങ്കുവെച്ചതെന്ന സവിശേഷതയുമുണ്ട്‌. എക്‌സ്‌റേ സങ്കേതം ഉപയോഗിച്ച്‌ പരലുകളുടെ ഘടന പഠിക്കുന്നതിന്‌ നല്‍കിയ സംഭാവനയായിരുന്നു ഇരുവര്‍ക്കും നോബല്‍ നേടിക്കൊടുത്തത്‌.

  • നോബലേ വേണ്ട
ചരിത്രത്തില്‍ നോബല്‍ പുരസ്‌കാരം നിരസിച്ചിട്ടുള്ളത്‌ രണ്ടു പേരാണ്‌; പ്രശസ്‌ത ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഴാങ്‌ പോള്‍ സാര്‍ത്രും വിയറ്റ്‌നാമീസ്‌ രാഷ്ട്രീയ നേതാവ്‌ ലി ഡ്യൂക്‌ തോയും. ഒരു തരത്തിലുള്ള ഔദ്യോഗിക ബഹുമതിയും സ്വീകരിക്കില്ല എന്നത്‌ വ്യക്തിപരമായ തന്റെ നിലപാടാണെന്ന്‌ ചൂണ്ടിക്കാട്ടി, 1964-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സാര്‍ത്ര്‌ നിരസിച്ചു. 1973-ല്‍ സമാധാനത്തിനുള്ള പുരസ്‌കാരം ഹെന്‍ട്രി കിസ്സിഞ്ചര്‍ക്കൊപ്പം പങ്കിട്ട വിയറ്റ്‌നാമീസ്‌ രാഷ്ട്രീയക്കാരന്‍ ഡ്യൂക്‌ തോ, തന്റെ രാജ്യത്ത്‌ ഇപ്പോഴും സമാധാനമില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുരസ്‌കാരം നിരസിച്ചത്‌.

  • ഹിറ്റ്‌ലറുടെ കോപം
ജര്‍മന്‍ രാഷ്ട്രീയ വിമതന്‍ കാള്‍ വോണ്‍ ഒസ്സിയേറ്റ്‌സ്‌കിയെ 1936-ലെ നോബല്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കോപാകുലനായിരുന്നു. അതോടെ, ജര്‍മന്‍കാര്‍ നോബല്‍ പുരസ്‌കാരം വാങ്ങുന്നത്‌ ഹിറ്റ്‌ലര്‍ വിലക്കി. രസതന്ത്ര നോബലിന്‌ അര്‍ഹരായ റിച്ചാര്‍ഡ്‌ കുഹന്‍, അഡോള്‍ഫ്‌ ബ്യൂട്ടെനാന്‍ഡ്‌ത്‌ എന്നിവര്‍ക്കും, മെഡിസിന്‌ നോബല്‍ നേടിയ ജെറാര്‍ഡ്‌ ഡൊമാഗ്‌കിനും ഈ വിലക്കു മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സ്‌റ്റോക്ക്‌ഹോമില്‍ എത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ അവര്‍ തങ്ങളുടെ പ്രശസ്‌തിപത്രങ്ങള്‍ കൈപ്പറ്റിയത്‌.

  • ഏറ്റവും വലിയ ഒഴിവാക്കല്‍

ഇത്തരമൊരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നു എന്ന്‌ ഭാവി തലമുറയോട്‌ പറഞ്ഞാല്‍ അവര്‍ അത്‌ വിശ്വസിച്ചേക്കില്ല എന്ന്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌, ശാസ്‌ത്രത്തിലെ മഹാപ്രതിഭ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ ആണ്‌. അഹിംസയെ സമരായുധമാക്കിയ ഗാന്ധിജിക്ക്‌ പക്ഷേ, സമാധാന നോബല്‍ കിട്ടിയില്ല. ലിയോ ടോള്‍സ്‌റ്റോയ്‌ ജീവിച്ചിരുന്നപ്പോള്‍, മറ്റു പലര്‍ക്കും സാഹിത്യനോബല്‍ കിട്ടിയതുപോലെ. അഞ്ചു തവണ ഗാന്ധിജി പുരസ്‌കാരത്തിന്‌ നാമകരണം ചെയ്യപ്പെട്ടെങ്കിലും, നോബല്‍ കമ്മറ്റി അത്‌ അവഗണിച്ചു. സാമ്രാജ്യത്വശക്തികളുടെ സ്വാധീനം നോബല്‍ നിര്‍ണയത്തില്‍ എത്ര നിര്‍ണായകമാണ്‌ എന്നതിന്‌ ഉദാഹരണമായി ഇത്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാന്ധിജിക്ക്‌ പുരസ്‌കാരം കൊടുക്കാത്തതില്‍ നോബല്‍ കമ്മറ്റി പില്‍ക്കാലത്ത്‌്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.
(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌)