Monday, October 6, 2008

നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു

 കണ്ട എക്കാലത്തെയും വലിയ സമാധാന പ്രചാരകനായ മഹാത്മാഗാന്ധിക്ക്‌ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചില്ല. അസ്‌തിത്വവാദത്തിന്റെ പ്രായോജകനായ ഴാങ്‌ പോള്‍ സാര്‍ത്ര്‌ സാഹിത്യത്തിനുള്ള പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ നോബല്‍ സീസണ്‍ തുടങ്ങുന്ന വേളയില്‍ ചില കൗതുകങ്ങളും വൈരുധ്യങ്ങളും...

  • പുരുഷാധിപത്യം
നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌ വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌ സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും. സമാധാന നോബല്‍ നേടിയവരില്‍ വനിതകള്‍ വെറും 12 പേര്‍ മാത്രം. 11 സ്‌ത്രീകള്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.

  • പ്രായം ഘടകമേയല്ല
കഴിഞ്ഞ വര്‍ഷം നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ലിയോനിഡ്‌ ഹുര്‍വിക്‌സ്‌ ആണ്‌ നോബല്‍ ചരിത്രത്തില്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 90-ാം വയസ്സിലാണ്‌ അദ്ദേഹത്തെ ആ ബഹുമതി തേടിയെത്തിയത്‌. ബ്രിട്ടീഷുകാരനായ ലോറന്‍സ്‌ ബ്രാഗാണ്‌ ഏറ്റവും ചെറിയ പ്രായത്തില്‍ പുരസ്‌കാരം ലഭിച്ച വ്യ്‌ക്തി. 1925-ല്‍ വെറും 25 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ തേടി ബഹുമതിയെത്തി. 1915-ല്‍ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം തന്റെ പിതാവ്‌ സര്‍ വില്യം ഹെന്‍ട്രി ബ്രാഗിനൊപ്പമാണ്‌ ലോറന്‍സ്‌ പങ്കുവെച്ചതെന്ന സവിശേഷതയുമുണ്ട്‌. എക്‌സ്‌റേ സങ്കേതം ഉപയോഗിച്ച്‌ പരലുകളുടെ ഘടന പഠിക്കുന്നതിന്‌ നല്‍കിയ സംഭാവനയായിരുന്നു ഇരുവര്‍ക്കും നോബല്‍ നേടിക്കൊടുത്തത്‌.

  • നോബലേ വേണ്ട
ചരിത്രത്തില്‍ നോബല്‍ പുരസ്‌കാരം നിരസിച്ചിട്ടുള്ളത്‌ രണ്ടു പേരാണ്‌; പ്രശസ്‌ത ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഴാങ്‌ പോള്‍ സാര്‍ത്രും വിയറ്റ്‌നാമീസ്‌ രാഷ്ട്രീയ നേതാവ്‌ ലി ഡ്യൂക്‌ തോയും. ഒരു തരത്തിലുള്ള ഔദ്യോഗിക ബഹുമതിയും സ്വീകരിക്കില്ല എന്നത്‌ വ്യക്തിപരമായ തന്റെ നിലപാടാണെന്ന്‌ ചൂണ്ടിക്കാട്ടി, 1964-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സാര്‍ത്ര്‌ നിരസിച്ചു. 1973-ല്‍ സമാധാനത്തിനുള്ള പുരസ്‌കാരം ഹെന്‍ട്രി കിസ്സിഞ്ചര്‍ക്കൊപ്പം പങ്കിട്ട വിയറ്റ്‌നാമീസ്‌ രാഷ്ട്രീയക്കാരന്‍ ഡ്യൂക്‌ തോ, തന്റെ രാജ്യത്ത്‌ ഇപ്പോഴും സമാധാനമില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുരസ്‌കാരം നിരസിച്ചത്‌.

  • ഹിറ്റ്‌ലറുടെ കോപം
ജര്‍മന്‍ രാഷ്ട്രീയ വിമതന്‍ കാള്‍ വോണ്‍ ഒസ്സിയേറ്റ്‌സ്‌കിയെ 1936-ലെ നോബല്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കോപാകുലനായിരുന്നു. അതോടെ, ജര്‍മന്‍കാര്‍ നോബല്‍ പുരസ്‌കാരം വാങ്ങുന്നത്‌ ഹിറ്റ്‌ലര്‍ വിലക്കി. രസതന്ത്ര നോബലിന്‌ അര്‍ഹരായ റിച്ചാര്‍ഡ്‌ കുഹന്‍, അഡോള്‍ഫ്‌ ബ്യൂട്ടെനാന്‍ഡ്‌ത്‌ എന്നിവര്‍ക്കും, മെഡിസിന്‌ നോബല്‍ നേടിയ ജെറാര്‍ഡ്‌ ഡൊമാഗ്‌കിനും ഈ വിലക്കു മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സ്‌റ്റോക്ക്‌ഹോമില്‍ എത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ അവര്‍ തങ്ങളുടെ പ്രശസ്‌തിപത്രങ്ങള്‍ കൈപ്പറ്റിയത്‌.

  • ഏറ്റവും വലിയ ഒഴിവാക്കല്‍

ഇത്തരമൊരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നു എന്ന്‌ ഭാവി തലമുറയോട്‌ പറഞ്ഞാല്‍ അവര്‍ അത്‌ വിശ്വസിച്ചേക്കില്ല എന്ന്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌, ശാസ്‌ത്രത്തിലെ മഹാപ്രതിഭ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ ആണ്‌. അഹിംസയെ സമരായുധമാക്കിയ ഗാന്ധിജിക്ക്‌ പക്ഷേ, സമാധാന നോബല്‍ കിട്ടിയില്ല. ലിയോ ടോള്‍സ്‌റ്റോയ്‌ ജീവിച്ചിരുന്നപ്പോള്‍, മറ്റു പലര്‍ക്കും സാഹിത്യനോബല്‍ കിട്ടിയതുപോലെ. അഞ്ചു തവണ ഗാന്ധിജി പുരസ്‌കാരത്തിന്‌ നാമകരണം ചെയ്യപ്പെട്ടെങ്കിലും, നോബല്‍ കമ്മറ്റി അത്‌ അവഗണിച്ചു. സാമ്രാജ്യത്വശക്തികളുടെ സ്വാധീനം നോബല്‍ നിര്‍ണയത്തില്‍ എത്ര നിര്‍ണായകമാണ്‌ എന്നതിന്‌ ഉദാഹരണമായി ഇത്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാന്ധിജിക്ക്‌ പുരസ്‌കാരം കൊടുക്കാത്തതില്‍ നോബല്‍ കമ്മറ്റി പില്‍ക്കാലത്ത്‌്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.
(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌)

3 comments:

Joseph Antony said...

നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌ വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌ സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും.

Manoj മനോജ് said...

ഗാന്ധിക്ക് നോബല്‍ സമ്മാനം കിട്ടാഞ്ഞത് എന്ത് കൊണ്ട് എന്ന് നോബല്‍ സമിതി വിശദീകരിച്ചിട്ടുണ്ട്. അത് അവരുടെ വെബ് പേജില്‍ ലഭ്യമാണ്.

ഗാന്ധി അഹിംസയെ പറ്റി വാദിച്ചപ്പോഴും അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങള്‍ ഹിംസയില്‍ അവസാനിച്ചത് കൊണ്ടാണ് രണ്ട് തവണ തള്ളി പോയത്. പിന്നീട് ഇന്ത്യ സ്വാതന്ത്ര്യമായപ്പോള്‍ തന്റെ അഹിംസാ മാര്‍ഗ്ഗം തെറ്റായിരുന്നെന്നും ജീവന്‍ നിലനിര്‍ത്തുവാന്‍ ആയുധം എടുക്കണമെങ്കില്‍ അതും ചെയ്യണമെന്ന് പറഞ്ഞതിനാലാണ് അവസാനം നഷ്ടമായത്. പിന്നീട് ഗാന്ധി മരിച്ച കൊല്ലം ആര്‍ക്കും നല്‍കിയില്ല. അത് ഗാന്ധിക്ക് കൊടുക്കാനിരുന്നതാണ് എന്നത് കൊണ്ട് എന്ന് ഇന്ന് നോബല്‍ സമതിക്കാര്‍ അവകാശപ്പെടുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

വെള്ളത്തൊലിക്കാരന്റെ സമ്മാനത്തിനെന്താ പ്രത്യേകത?
നൂറുകോടി ജനങ്ങളുടെ മഹാത്മാവായിരിക്കുന്നതിനേക്കാള്‍ വലിയ സമ്മാനമുണ്ടോ?