Friday, December 25, 2009

മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി


ആനന്ദ് രചിച്ച 'ആള്‍ക്കൂട്ട'ത്തിന്റെ ഏതോ പേജില്‍ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ തോന്നിക്കുന്ന മൂകവും നിരുന്മേഷകവുമായ ജനപ്രവാഹം നേരിട്ട് കാണാന്‍ മുംബൈയിലെ അര്‍ബന്‍ തീവണ്ടി സ്റ്റേഷനുകളില്‍ തന്നെ പോകണം. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമല്ല അത്. എവിടെ നിന്നോ തൊടുത്തുവിട്ട് ഒരേ ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരം മുഖമുള്ള മനുഷ്യാസ്ത്രം പോലെ തോന്നും.

അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍, സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി, പോക്കറ്റടി സൂക്ഷിക്കണം. ട്രെയില്‍ നീങ്ങിത്തുടങ്ങിയാല്‍ ഒരു കാരണവശാലും കയറാന്‍ ശ്രമിക്കരുത്, ഇറങ്ങാനും. ചര്‍ച്ച്‌ഗേറ്റില്‍ നിന്ന് വൈകുന്നേരം മടങ്ങുന്നത് എട്ടുമണി കഴിഞ്ഞു മതിയെന്നായിരുന്നു മറ്റൊരു ഉപദേശം, അപ്പോഴേക്കും തിരക്ക് ശമിച്ചിട്ടുണ്ടാകും.

അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ ചര്‍ച്ച്‌ഗേറ്റില്‍ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍ത്തുക. മറ്റ് തീവണ്ടികളില്‍ കയറിയാല്‍, അവ അന്ധേരി വഴിയാണെങ്കില്‍ക്കൂടി, തിരക്കു മൂലം അവിടെ ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍, അന്ധേരിയില്‍ യാത്ര അവസാനിക്കുന്ന ട്രെയിനിലേ കയറാവൂ-ഇതായിരുന്ന മറ്റൊരു മാര്‍ഗനിര്‍ദേശം.

വൈകുന്നേരം എട്ടുമണിക്ക് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വണ്ടി പിടിച്ചു. ഏതായാലും അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടിയാണല്ലോ ഈ പ്ലാറ്റ്‌ഫോമിലുണ്ടാവുക, ധൈര്യമായി കയറി സീറ്റ് പിടിച്ചു. ശരിയാണ്, തിരക്ക് കുറഞ്ഞിരിക്കുന്നു.

അടുത്തിരിക്കുന്നത് കാഴ്ചയില്‍ തമിഴനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍, നെറ്റിയില്‍ വലിയ കുറിയും തോള്‍സഞ്ചിയും. എതിരെ ഒരു ജിമ്മേനേഷ്യക്കാരന്‍ -മധ്യവയസ്‌ക്കന്‍, കുറ്റിത്തലമുടി, ഉറച്ച മസിലുകള്‍, വിലകൂടിയ കോട്ടണ്‍പാന്റും ഹാഫ്സ്ലീവ് ഷര്‍ട്ടും, പോരാത്തതിന് എക്‌സിക്യുട്ടീവ് സ്‌റ്റൈലിലൊരു സൂട്ട്‌കേസും (അധോലോക നായകരിലാരെങ്കിലുമാകുമോ, സ്യൂട്ട്‌കേസില്‍ തോക്കുണ്ടാകുമോ, ബോംബെ സോറി മുംബൈയല്ലേ സ്ഥലം!).

വണ്ടി വേഗമെടുത്തു, തണുത്ത കാറ്റ്. ട്രെയിന്‍ അന്ധേരിയില്‍ പോകില്ലേ, ഒരു ശങ്ക. തമിഴനോട് തന്നെ സംശയം നിവര്‍ത്തിച്ചു കളയാം, എതിരെയുള്ള കുറ്റിത്തലമുടിയെ ശല്യപ്പെടുത്തേണ്ട. തമിഴന്‍ ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു, ഇത് ബാന്ദ്ര സ്‌റ്റേഷന്‍ വരെ മാത്രമേ പോകൂ. അവിടെ നിന്ന് അന്ധേരിക്ക് വേറെ വണ്ടി പിടിച്ചാല്‍ മതി. അതിനര്‍ഥം ഒരു ഇറങ്ങിക്കയറ്റം വേണം. ബോര്‍ഡ് നോക്കാതെ വണ്ടികയറിയാല്‍ ഇതാണ് പറ്റുക, ഗുണപാഠം മനസില്‍ കുറിച്ചിട്ടു.

ഓരോ സ്‌റ്റേഷനിലും നിര്‍ത്തുമ്പോള്‍, പ്ലാറ്റ് ഫോമുകളില്‍ 'എത്രയോ കാലമായി ഞങ്ങളിവിടെ സ്ഥിരതാമസക്കാരാ'ണെന്ന മുഖഭാവത്തോടെ നിര്‍വികാരരായി നില്‍ക്കുന്നവര്‍. ബാന്ദ്ര എത്തുംമുമ്പ് തമിഴന്‍ ഇറങ്ങി. ആരെയും പേടിക്കാനില്ലല്ലോ എന്ന മട്ടില്‍ ഞാനും സുഹൃത്തും മലയാളത്തില്‍ പേശ് തുടര്‍ന്നു. മുംബൈയില്‍ പിറ്റേന്ന് ഷോപ്പിങിന് എവിടെ പോകണം തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ച.

പെട്ടന്ന് കുറ്റത്തലമുടി, ഞങ്ങളെ ലാക്കാക്കി മസില്‍ പെരുക്കുകയും ഒന്ന് ഇളകിയിരിക്കുകയും ചെയ്തു. ദൈവമേ, ഒരു അധോലാക ആക്രമണം തുടങ്ങുകയാണോ, മനസിലോര്‍ത്തു! 'നിങ്ങള്‍ ബാന്ദ്രയില്‍ ഇറങ്ങേണ്ട, ഈ തീവണ്ടി അന്ധേരിയില്‍ പോകും'-കുറ്റിത്തലമുടി മലയാളത്തില്‍ പറഞ്ഞു. ഹോ, ആശ്വാസമായി, അധോലോകമാണെങ്കിലും മലയാളിയാണ്.

''അതെങ്ങനെ, ഇത് ബാന്ദ്ര വണ്ടിയല്ലേ'-ഞാന്‍ സംശയം ചോദിച്ചു. ബാന്ദ്ര വരയേ ഔദ്യോഗികമായി ഈ വണ്ടി പോകൂ. പക്ഷേ, വണ്ടി ഷെഡ്ഡില്‍ കയറ്റാന്‍ അന്ധേരിയിലാണ് കൊണ്ടുപോവുക. ബാന്ദ്രയിലെത്തുമ്പോള്‍ വണ്ടിയിലെ ലൈറ്റും ഫാനുമെല്ലാം അണയും, അതുകണ്ട് നമ്മള്‍ ഇറങ്ങാതിരുന്നാല്‍ മതി, അന്ധേരിയിലെത്താം, താനും അന്ധേരിക്കാണ്-കുറ്റിത്തലമുടി വിശദീകരിച്ചു.

ബാന്ദ്രയിലെത്തി. ലൈറ്റും ഫാനും അണഞ്ഞു. കുറ്റിത്തലമുടിയും ഞങ്ങളും ഉള്‍പ്പടെ കുറെപ്പേര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല, സീറ്റില്‍ തന്നെയിരുന്നു. കുറച്ചു നിമിഷം നിര്‍ത്തിയിട്ടിട്ട് വണ്ടി നീങ്ങി, ഇരുട്ടില്‍, നേരിയ തണുപ്പില്‍, ഒരു അന്യഗ്രഹത്തീവണ്ടിയിലെന്നപോലെ ഞങ്ങള്‍ ആകാംക്ഷയോടെ അതിലിരുന്നു.

അങ്ങനെ, 2009 ഡിസംബര്‍ ഒന്‍പത് വൈകുന്നേരം 9.17 മുതല്‍ 9.40 വരെ, ഒരു ഔദ്യോഗികരേഖയിലും പെടാത്ത അജ്ഞാത തീവണ്ടി ഞങ്ങളെയും കൊണ്ട് യാത്രചെയ്തു.

17 വര്‍ഷം 31 കമ്പനികള്‍

കുറ്റിത്തലമുടിയുടെ പേര് ജോര്‍ജ് ഡൊമിനിക്, തൃശൂരുകാരന്‍ നസ്രാണി, രണ്ടു തലമുറയായി മുംബൈയില്‍ പാര്‍പ്പുറപ്പിച്ച കുടുംബത്തില്‍ പെട്ടയാള്‍, 17 വര്‍ഷത്തിനിടെ 31 കമ്പനികള്‍ മാറിയ സാഹസികന്‍. നിര്‍ത്താതെ സംസാരിക്കും. കൂടുതല്‍ കാലവും ഒരു ജിംനേഷ്യം ശൃംഗലയുടെ മാനേജരായിരുന്നു, അതാണ് ഇത്ര പെരുത്ത മസിലുകള്‍. പൊളിച്ചു മാറ്റുന്ന പഴയകാല ബ്രിട്ടീഷ് കെട്ടിടങ്ങളിലെ പ്രതിമകളും മറ്റ് കലാരൂപങ്ങളും ശേഖരിച്ച് വില്‍ക്കുന്ന ഒരു കമ്പനിയുടെ ജനറല്‍ മാനേജരാണ് ഇപ്പോള്‍, എത്രകാലം അവിടെയുണ്ടാകും എന്ന് ഉറപ്പിക്കാന്‍ വയ്യ.

മുംബൈയില്‍ പരിചയം കുറഞ്ഞ മലയാളികള്‍ എന്നു കണ്ടപ്പോള്‍ ചില ഗൈഡ്‌ലൈനുകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി. ഷോപ്പിങിനുള്ള സ്ഥലമായിരുന്നു ഒന്ന്. ഷോപ്പിങ് എന്ന് ഞങ്ങള്‍ ഉദ്ദേശിച്ചത് (കോഴിക്കോട്ട് നിന്ന് പോയവരാകയാല്‍) മിഠായിത്തെരുവ് മോഡല്‍ ആയിരുന്നു. അതിന് ബാന്ദ്രയിലെ ഹില്‍ടോപ്പ് റോഡ് അദ്ദേഹം നിര്‍ദേശിച്ചു, വില പേശി വാങ്ങാം.

(ഏതായാലും അവിടെ പോകേണ്ടി വന്നില്ല. പിറ്റേദിവസം രാവിലെ ടൈംസ് ഓഫ് ഇന്ത്യയിലെ പെയ്ഡ് ന്യൂസ് വിഭാഗത്തിന് പുറത്ത് ഞങ്ങള്‍ വായിച്ചു - ഹില്‍ടോപ്പ് റോഡിലെ തെരുവുകച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു മാറ്റിയിരിക്കുന്നു, ദുഷ്ടന്‍മാര്‍!)

അന്ധേരിയില്‍ നിന്ന് പിരിയുംമുമ്പ് ജോര്‍ജ് ചേട്ടന്‍ ചോദിച്ചു, 'മുംബൈയില്‍ വന്നിട്ട് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടില്ലേ?'. ഓര്‍ക്കസ്ട്രയോ, അതെന്ത്? ഗാനമേള പോലെ വല്ലതുമാണോ, ഞങ്ങള്‍ ചോദിച്ചു. മുംബൈയില്‍ വന്ന സ്ഥിതിക്ക് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടിട്ടേ പോകാവൂ, അദ്ദേഹം ഉപദേശിച്ചു.

അവിടെ പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പെണ്‍കുട്ടികള്‍ പാട്ടുപാടുന്നുണ്ടാകും, അത് ആസ്വദിക്കുക. ബിയറൊന്നിന് 250 രൂപ ചാര്‍ജ് ചെയ്യും, കുഴപ്പമില്ല. ഏതായാലും, നിങ്ങള്‍ മടങ്ങും മുമ്പ് ഓര്‍ക്കസ്ട്ര കണ്ടേ പോകാവൂ-കുറ്റിത്തലമുടി തടിവക്കൊണ്ട് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഓര്‍ക്കസ്ട്രയ്ക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
(അത് അടുത്ത ലക്കത്തില്‍)

Thursday, December 17, 2009

മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'


മുംബൈയില്‍ ഇന്ത്യാകവാടത്തിനരികില്‍, പകല്‍നേരത്ത് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയോടെ, കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ രണ്ട് വസ്തുതകള്‍ മനസില്‍ പതിയുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആ ചൂടുകുറഞ്ഞ സന്ധ്യയില്‍ അറബിക്കടലില്‍ നിന്ന് എന്തുകൊണ്ട് അല്‍പ്പം പോലും കടല്‍ക്കാറ്റ് എത്തുന്നില്ല എന്നതായിരുന്നു ഒന്ന്. കടലിന്റെ ജീവസാന്നിധ്യം ആരോ തടഞ്ഞുനിര്‍ത്തുന്നതുപോലെ. നഗരത്തിന്റെ ആലക്തികദീപപ്രളയത്തില്‍ ആകാശത്തു നിന്ന് നക്ഷത്രങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതുപോലെ, കടല്‍ക്കാറ്റും നിന്നുപോയിരിക്കുന്നു.

രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാടകീയം. ഒരു വര്‍ഷം മുമ്പ് ഭീകരാക്രമണം നടന്ന താജ് ഹോട്ടലിന്റെ നൂറ്റാണ്ട് പഴക്കമുള്ള നിലകളിലേക്ക് ആകാംക്ഷയും ഭീതിയും ഉത്ക്കണ്ഠയും കലര്‍ന്ന ഭാവത്തോടെ ഞങ്ങള്‍ മാത്രമല്ല നോക്കുന്നത്, ആ സന്ധ്യയില്‍ ഇന്ത്യാകവാടത്തിനരികില്‍ എത്തിയ എല്ലാവരും അതുതന്നെ ചെയ്യുന്നു എന്നതായിരുന്നു അത്. ഭീകരര്‍ മുപ്പതിലേറെപ്പേരെ വകവരുത്തിയ താജിന്റെ ആറാംനിലയിലേക്ക് നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്നവര്‍. ഇപ്പോഴും അവശേഷിക്കുന്ന പൊട്ടിയ ചില ജനാലപ്പാളികളുടെ ചിത്രം അരണ്ടവെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍.

ഒരു വര്‍ഷമായി അവിടെ നടക്കുന്ന ഒരു 'അനുഷ്ഠാനക്രിയ'യില്‍ പങ്കാളികളാവുകയല്ലേ ഞങ്ങളും ചെയ്തത്. താജിനെ, മറ്റൊരവസരത്തിലായിരുന്നെങ്കില്‍ കടല്‍ക്കരയിലെ ഒരു മഹനീയ സാന്നിധ്യമോ കെട്ടിടസമുച്ചയമോ ആയി മാത്രം കണ്ട് അവഗണിക്കുമായിരുന്ന സന്ദര്‍ശകര്‍ക്ക്, ഇന്ന് അതൊരു പ്രതീകവും പ്രതീക്ഷിക്കേണ്ട അപായവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിഹ്നവുമായിരിക്കുന്നു.

താജിനെ ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!

കഴിഞ്ഞ വര്‍ഷം ഭീകാരാക്രമണം നടന്ന താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ മുംബൈയിലെത്തുന്നുവത്രേ. ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍ തിരക്കായിരുന്നുവത്രേ. ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആറാംനിലയിലെ റൂമുകളോടാണ് പ്രിയം. ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കുക-വല്ലാത്ത മാനസികാവസ്ഥ തന്നെ.

ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത് ഭ്രാന്തന്റെ പിന്‍മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍. ഏതായാലും, നടുക്കം മുംബൈയുടെ മനസില്‍ ഇപ്പോഴുമുണ്ടെങ്കിലും, മുംബൈയിലെ ടൂറിസം വ്യവസായത്തെ ഭീകരര്‍ക്ക് തളര്‍ത്താനായിട്ടില്ല. ('മുംബൈ കാഴ്ചകള്‍' തുടരും).