Wednesday, February 10, 2010

അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍


സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയ മുഖം നല്‍കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കഴമ്പുള്ള ഒരു കത്ത് ഇന്ന് 'മലയാള മനോരമ'യിലുണ്ട്. തിരുവല്ല ഇരവിപേരൂരിലെ ഡോ.ടൈറ്റസ് ശങ്കരമംഗലത്തിന്റേതാണ് കത്ത്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍, കഴിക്കുന്നയാളുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗ്രഹണം സംഭവിക്കാമെന്ന സി.രാധാകൃഷ്ണന്റെ അഭിപ്രായത്തെയാണ് കത്തില്‍ ചോദ്യംചെയ്യുന്നത്. സി.രാധാകൃഷ്ണനെപ്പോലെ ശാസ്ത്രകാരനായിരുന്ന ഒരു പ്രശസ്ത എഴുത്തുകാരന്‍ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുമ്പോള്‍, അത് അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ മുഖം നല്‍കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ. സാധാരണക്കാരുടെ മനസില്‍ ഇത്തരം അബദ്ധവിശ്വാസങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കം.

വേണമെങ്കില്‍, അത് സി.രാധാകൃഷ്ണന്റെ അഭിപ്രായമെന്ന് വാദിക്കാം. എന്നാല്‍, ശാസ്ത്രീയമായ കാര്യങ്ങളില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ല. 'അസംബന്ധമെന്ന് വ്യക്തമായിക്കഴിഞ്ഞ ഒരു ഐതിഹ്യത്തെ ശാസ്ത്രത്തിന്റെ നിറംതേച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്'-ഡോ. ശങ്കരമംഗലം തന്റെ കത്തില്‍ ആവശ്യപ്പെടുന്നു. 'സൂര്യനെ ദൈവമായി മാത്രം കണ്ടുഭയന്ന് ആരാധിച്ചിരുന്ന ഗോത്രസംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് ഈ ഐതിഹ്യം'-അേേദ്ദഹം ഓര്‍മിപ്പിക്കുന്നു.

''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.

നമ്മുടെ സൗരയൂഥത്തിലെ സ്വാഭാവിക സംഭവം മാത്രമായ സൂര്യഗ്രഹണം, ഓരോ ഒന്നര വര്‍ഷത്തിനിടയിലും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

Monday, February 1, 2010

നിഴലിനെ സംശയിക്കുന്നവര്‍


ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിയും ഓട്ടോ ഡ്രൈവറുടെ ശിക്ഷയും


ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ നഗരങ്ങള്‍ ഐടി രംഗത്ത് വന്‍കുതിപ്പ് നടത്തുമ്പോള്‍, ഇത്രയേറെ മാനവവിഭവശേഷിയുള്ള കേരളത്തിന് അത് സാധിക്കാത്തതിന് കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പി.എസ്.ജയന്‍ നിയമിക്കപ്പെട്ടു. അദ്ദേഹം ഹൈദരാബാദ് സന്ദര്‍ശിച്ചു, അന്ന് ആന്ധ്രയിലെ ഐടി വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയെ കണ്ടു. ബാംഗ്ലൂരിലെത്തി അവിടുത്തെ ഐടി ചുമതലക്കാരെ കണ്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് ഐ.എ.എസിനെയും കണ്ടു.

ചന്ദ്രബാബു നായിഡുവിന്റെ ഐടി സെക്രട്ടറിയുടെ ഫോട്ടോഗ്രാഫ് വേണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ജയന്റെ ഇ-മെയില്‍ ഐഡി ചോദിച്ചിട്ട് സ്വന്തം ലാപ്‌ടോപ്പില്‍ നിന്ന് അദ്ദേഹം അത് അപ്പോള്‍ തന്നെ അയച്ചു. നിങ്ങള്‍ നാട്ടിലെത്തി മെയില്‍ നോക്കിയാല്‍ മതി ഫോട്ടോ അതില്‍ കാണും എന്ന് നിര്‍ദ്ദേശവും നല്‍കി. ബാംഗ്ലൂരിലും തത്തുല്യമായ അനുഭവമാണുണ്ടായത്. എന്നാല്‍, തിരുവനന്തപുരത്ത് ഐടി സെക്രട്ടറിയുടെ മുറിയില്‍ വിചിത്രമായ മറ്റൊരു കാഴ്ചയായാണ് കണ്ടത്. മുറിയിലൊരു കമ്പ്യൂട്ടറുണ്ട്. അത് പക്ഷേ, സെക്രട്ടറിയുടെ മേശപ്പുറത്തല്ല. മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുമുണ്ട്. എന്തുകൊണ്ട് കേരളം ഈ രംഗത്ത് പിന്നിലാകുന്നു എന്നതിന് ഈ രംഗം വ്യക്തമായ ഉത്തരം നല്‍കുന്നു എന്നു പറഞ്ഞാണ് തന്റെ റിപ്പോര്‍ട്ട് ജയന്‍ അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിന്‍ജന്‍സ് മേധാവി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നറിയിപ്പ് വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രംഗമാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ അല്‍പ്പവും മുന്നോട്ട് പോയിട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലോകത്ത് എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മനസിലാക്കാന്‍ ഒരു ദിവസം വൈകിയാല്‍ പോലും നമ്മള്‍ കാലഹരണപ്പെട്ടേക്കാം എന്നതാണ് സ്ഥിതി. ആ നിലയ്ക്ക് ദിവസവും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനവും, അത് മനസിലാക്കാന്‍ വൈകുന്ന രാഷ്ട്രീയ നേതൃത്വവും നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്.

ഇന്ത്യയില്‍ ടെലിവിഷന്‍ ബഹുജനമാധ്യമത്തിന്റെ സ്വഭാവമാര്‍ജിക്കുന്നത് 1990-കളുടെ പകുതിയില്‍ മാത്രമാണ്. സാങ്കേതികമായി അത്തരമൊരു അവസ്ഥ ആര്‍ജിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അത്രയും സമയം വേണ്ടിവന്നു എന്ന് വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ പാശ്ചാത്യലോകം ടെലിവിഷന്‍ ജ്വരത്തില്‍ പെട്ട കാലത്ത്, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആവശ്യം വിനോദത്തെക്കാളേറെ വികസനമാണ് എന്ന്, ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സ്വാധിനത്താല്‍ നെഹൃവിനെപ്പോലുള്ള ഇന്ത്യന്‍ നേതാക്കള്‍ തീരുമാനിച്ചതാണ്, ഇവിടെ ടെലിവിഷന്‍ യുഗം ഉദയം ചെയ്യാന്‍ വൈകിയതിന് മുഖ്യകാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അതിന്റെ ഫലം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്. 'സോപ്പ്ഓപ്പറ'കള്‍ എന്നപേരിലുള്ള സീരിയലുകള്‍ കണ്ട് 1960-കളില്‍ യൂറോപ്പിലും അമേരിക്കയിലും മദാമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍, ഇപ്പോള്‍ മെഗാസീരിയലുകള്‍ വഴി കേരളത്തിലെ വീട്ടമ്മമാര്‍ ഒഴുക്കുന്നു. കണ്ണീരൊഴുക്കാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പ്!

ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന് ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍ നിഴലിനെയാണോ പേടിക്കുന്നത്.

ഏതാനും ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ കെ.കെ.ബാലരാമന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ കാര്യം പറഞ്ഞു. പരിചയമുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് യൂണിഫോമിട്ട, കണ്ടാല്‍ അറുപതിന് മേല്‍ പ്രായമുള്ള ഒരു ഓട്ടോഡ്രൈവര്‍ അവിടെയെത്തിയത്. അയാള്‍ സാധനം വാങ്ങിപ്പോയപ്പോള്‍, കടക്കാരന്‍ പറഞ്ഞു, 'പാവം, രാവിലെ ക്ലാസ് കഴിഞ്ഞു വരികയാ. ഒരാഴ്ചയായി, ഇനി മൂന്നാഴ്ച കൂടി പോകണം'. സംഭവം എന്താണെന്ന് ബാലരാമന്‍ തിരക്കി. പ്രായമായ ആ ഓട്ടോക്കാരന്‍ തന്റെ വാഹനത്തില്‍ കയറിയ ഒരു സ്ത്രീയെ ചില്ലറയില്ലാത്തതിന്റെ പേരില്‍ എന്തോ അസഭ്യം പറഞ്ഞുവത്രേ. അവര്‍ നേരെ പോയി പോലീസില്‍ പാരതി കൊടുത്തു. ഓട്ടോക്കാരനെ പോലീസ് പിടിച്ചു. തെറ്റിന് കൊടുത്ത ശിക്ഷയാണ്, ഒരു മാസക്കാലം എല്ലാ ദിവസവും ഒരുമണിക്കൂര്‍ വീതം ക്ലാസില്‍ പങ്കെടുക്കണം. സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതാണ് വിഷയം.

ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് മനസില്‍ തോന്നി, നമ്മുടെ പല ഉദ്യോഗസ്ഥരും നേതാക്കളും ഇത്തരം ശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരിക്കുന്ന ക്ലാസില്‍ കുറഞ്ഞത് രണ്ടു മാസക്കാലം ദിവസവും ഓരോ മണിക്കൂര്‍ വീതം അവരെ പങ്കെടുപ്പിക്കുക.

NB: ഗൂഗിള്‍ പോലൊരു കുത്തകക്കമ്പനിക്ക് കേരളത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കലാവില്ലേ ഈ മാപ്പിങ്പാര്‍ട്ടി എന്നാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത് എന്നിങ്ങനെയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ തികച്ചും സൗജന്യമാണ്, ഭാവിയില്‍ പക്ഷേ, അവ മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ പെട്ടാല്‍ എന്താകും സ്ഥിതി എന്നതാണ് ആശങ്ക. ന്യായമായ ആശങ്കയാണിത്. പക്ഷേ, നമ്മുക്ക് ഇങ്ങനെയൊരു ആശങ്കയുണ്ട് എന്നതുകൊണ്ടു മാത്രം ഇത്തരം കാര്യങ്ങളെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും യുക്തിയാണോ. ഈ ആശങ്ക യാഥാര്‍ഥ്യമാകും എന്നതിന് എന്താണ് നമ്മുടെ പക്കലുള്ള ഉറപ്പ്?

'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ് സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന് ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക. എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക് കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ നിയന്ത്രണം അവകാശപ്പെടാനാകുമോ?

എന്നുവെച്ചാല്‍, സംശയമാണെങ്കില്‍ നമ്മള്‍ എല്ലാറ്റിനെയും സംശയിക്കണം. അല്ലാതെ ഗൂഗിള്‍ കുത്തക, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പുണ്യാളന്‍ എന്ന ലൈന്‍ ശരിയല്ല.

ഇത്തരമൊരു മനോഭാവം വെച്ചുകൊണ്ട് ലോകത്ത് ജീവിക്കാനാകുമോ. സംശയം ആകാം, അത് യുക്തിക്ക് നിരക്കുന്നതാകണം. അതിനപ്പുറത്തെ സംശയം തളത്തില്‍ ദിനേശന്‍മാരെയേ സൃഷ്ടിക്കൂ. എന്നുവെച്ചാല്‍, മനോരോഗികളെ.

ഒരു കാര്യം കേരളീയര്‍ ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിതാണ്, ശരാശരി മലയാളിയുടെ ആത്മസംതൃപ്തിക്ക് രണ്ട് കാര്യങ്ങള്‍ കൂടിയേ തീരൂ, ഒന്ന് എതിര്‍ക്കാന്‍ ഒരു കുത്തക; രണ്ട് ചൂടുള്ള ചര്‍ച്ചയ്ക്ക് ഒരു വിവാദം. ആ വിവാദം ഏതെങ്കിലും ഗൂഢാലോചനാസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതായാല്‍ വളരെ വളരെ സന്തോഷം.

കോഴിക്കോട് പണിക്കര്‍ റോഡില്‍ അടുത്തയിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ടു, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ കളിയാക്കിക്കൊണ്ടുള്ള ബോര്‍ഡ്. ബോര്‍ഡിന്റെ മുകളിലെ ചോദ്യം ഇതാണ് 'ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍, കൊയ്‌ത്തെന്ത്രം..........

നാളെ ഇത്തരമൊരു ബോര്‍ഡിലെ പട്ടികയില്‍ അവസാനത്തെ ഇനം ഇതാകുമോ, 'ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടി'.