Wednesday, February 10, 2010

അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍


സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയ മുഖം നല്‍കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കഴമ്പുള്ള ഒരു കത്ത് ഇന്ന് 'മലയാള മനോരമ'യിലുണ്ട്. തിരുവല്ല ഇരവിപേരൂരിലെ ഡോ.ടൈറ്റസ് ശങ്കരമംഗലത്തിന്റേതാണ് കത്ത്.

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചാല്‍, കഴിക്കുന്നയാളുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗ്രഹണം സംഭവിക്കാമെന്ന സി.രാധാകൃഷ്ണന്റെ അഭിപ്രായത്തെയാണ് കത്തില്‍ ചോദ്യംചെയ്യുന്നത്. സി.രാധാകൃഷ്ണനെപ്പോലെ ശാസ്ത്രകാരനായിരുന്ന ഒരു പ്രശസ്ത എഴുത്തുകാരന്‍ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുമ്പോള്‍, അത് അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ മുഖം നല്‍കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ. സാധാരണക്കാരുടെ മനസില്‍ ഇത്തരം അബദ്ധവിശ്വാസങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കം.

വേണമെങ്കില്‍, അത് സി.രാധാകൃഷ്ണന്റെ അഭിപ്രായമെന്ന് വാദിക്കാം. എന്നാല്‍, ശാസ്ത്രീയമായ കാര്യങ്ങളില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ല. 'അസംബന്ധമെന്ന് വ്യക്തമായിക്കഴിഞ്ഞ ഒരു ഐതിഹ്യത്തെ ശാസ്ത്രത്തിന്റെ നിറംതേച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്'-ഡോ. ശങ്കരമംഗലം തന്റെ കത്തില്‍ ആവശ്യപ്പെടുന്നു. 'സൂര്യനെ ദൈവമായി മാത്രം കണ്ടുഭയന്ന് ആരാധിച്ചിരുന്ന ഗോത്രസംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് ഈ ഐതിഹ്യം'-അേേദ്ദഹം ഓര്‍മിപ്പിക്കുന്നു.

''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.

നമ്മുടെ സൗരയൂഥത്തിലെ സ്വാഭാവിക സംഭവം മാത്രമായ സൂര്യഗ്രഹണം, ഓരോ ഒന്നര വര്‍ഷത്തിനിടയിലും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

16 comments:

Joseph Antony said...

''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.

ടോട്ടോചാന്‍ said...

സി.രാധാകൃഷ്ണന്‍ എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി... അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ കാര്യം????

Roby said...

സി.രാധാകൃഷ്ണൻ എവിടത്തെ ശാസ്ത്രകാരനാണെന്നറിയാമോ?

നിസ്സഹായന്‍ said...

അയാള്‍ ഒരു പൈങ്കിളി നോവലിസ്റ്റെന്ന പോലെ ഒരു പൈങ്കിളി ശാസ്ത്രജ്ഞനുമാകുന്നു. അയാളുടെ പൈങ്കിളി നോവലിനുദാഹരണം ‘മുന്‍പേ പറക്കുന്നവര്‍’ !

വായുജിത് said...

മുന്‍പേ പറക്കുന്നവര്‍ അല്ല നിസ്സഹായാ “മുന്‍പേ പറക്കുന്ന പക്ഷികള്‍ “

:)

വായിച്ചിട്ടാണോ പൈങ്കിളി എന്നു പറയുന്നത് ???

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വായിച്ചതാണേ ,പെട്ടെന്ന്‍ പേര് ടൈപ്പിയപ്പോള്‍ തെറ്റിപ്പോയി. ഓര്‍മ്മ ശരിയെങ്കില്‍ ഈ പൈങ്കിളിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതായും ധരിക്കുന്നു. (വായിക്കാത്തതിനെക്കുറിച്ച് വീരവാദം മുഴക്കാറില്ല, നന്ദി വായുജിത് !)

Suraj said...

ശാസ്ത്രജ്ഞനാണെന്ന് സാഹിത്യ ലോകവും സാഹിത്യകാരനാണെന്ന് ശാസ്ത്രലോകവും തെറ്റിദ്ധരിക്കുന്ന രാധാകൃഷ്ണന്‍ സാറിന്റെ ഈ ലേഖനത്തിലെ ലോജിക്ക് അപാരമാണ്

കാലാന്തരത്തിലോ സൂക്ഷ്മമായോ ശരീരത്തിനു ഗ്രഹണഭക്ഷണം അഹിതം ചെയ്യില്ലെന്നു സ്ഥാപിക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ സയന്‍സ് നടത്തിയതായി അറിവില്ല. നടത്തേണ്ടതാണ്. അതു കഴിഞ്ഞിട്ടു പോരേ അന്തിമവിധി? എന്തിനു തിടുക്കം?


അതായത് :

പന്നി പറക്കുകയില്ല എന്ന്‍ ആരും തെളിയിച്ചിട്ടില്ല.... തെളിയിക്കട്ടെ... എന്നിട്ട് പോരേ പന്നി പറക്കില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ പന്നി പറക്കും എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

വേറൊരു ഫാഷയില്‍ പറഞ്ഞാല്‍,

ഗരുഡന്‍ തൂക്കമോ, നരബലിയോ, മൃഗബലിയോ, സതീ സമ്പ്രദായമോ, ദേവദാസീപൂജയോ, തൊട്ടുതീണ്ടായ്മാ സമ്പ്രദായമോ കൊണ്ട് മനുഷ്യര്‍ക്കോ സമൂഹത്തിനോ നാടിനോ ഗുണഫലങ്ങളൊന്നും ഉണ്ടാകുകയില്ല എന്ന് ആരും തെളിയിച്ചിട്ടില്ല... തെളിയിക്കട്ടെ... എന്നിട്ട് പോരേ ഗുണമില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ 'ബിരിയാണി കൊടുക്കണൊണ്ട്' എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?


ഈ വക മെഗാ @#$%^&@#$@#$! വേയ്സ്റ്റുകളെ കെട്ടിയെഴുന്നള്ളിക്കുന്ന പത്രങ്ങളെ വേണം പറയാന്‍ !

റോഷ്|RosH said...

സി രാധാകൃഷ്ണന്‍ അങ്ങനെ പറയുമോ??
ഏയ്‌.... ഏയ്‌...
പറയുമോ?
ഏയ്‌.
അല്ല ഇനി അങ്ങനെ തന്നെ ആയിരിക്കുമോ?

“മുന്‍പേ പറക്കുന്ന പക്ഷികള്‍ “
അത്രയ്ക്ക് പൈങ്കിളി ആണെന്ന് തോന്നിയില്ല.

Joseph Antony said...

'ശാസ്ത്രജ്ഞനാണെന്ന് സാഹിത്യ ലോകവും സാഹിത്യകാരനാണെന്ന് ശാസ്ത്രലോകവും തെറ്റിദ്ധരിക്കുന്ന രാധാകൃഷ്ണന്‍ സാറിന്റെ...'ഹെന്റമ്മോ...സൂരജേ, തകര്‍ത്തു, തരിപ്പണമാക്കി.

'ഈ വക മെഗാ @#$%^&@#$@#$!'....ആസ്റ്റരിക്‌സ് ഭാഷയിലാണല്ലോ തട്ട്..കൊള്ളാം.

ടോട്ടോചാന്‍,
റോബി,
നിസ്സഹായന്‍,
വായൂജിത്,
റോഷ്,
ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ പങ്കുവെച്ചതിലും സന്തോഷം.

NB: കൃത്യം ഒന്നേകാല്‍ മണിക്കായിരുന്നു കഴിഞ്ഞ ഗ്രഹണം എന്നതിനാല്‍ ആ സമയത്ത് തന്നെ ഊണു കഴിക്കാനുള്ള ഭാഗ്യം സിദ്ധിച്ചയാളാണ് ഈയുള്ളവന്‍. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല എന്ന് കാട്ടിക്കൊടുക്കാന്‍, കേരളത്തിലാകമാനം പായസ വിതരണം നടന്നിരുന്നു. പ്ലാനറ്റോറിയം വകയും ശാസ്ത്രകേന്ദ്രങ്ങളുമൊക്കെ പായസം വെച്ചു വിളമ്പി. അപ്പോഴാണ്, സൂരജ് പറഞ്ഞ മാതിരിയുള്ള ശാസ്ത്രകാരന്‍ ഇത്തരം ഏര്‍പ്പാട് പത്രത്തില്‍ പടച്ചുവിടുന്നത്.

Unknown said...

മുന്‍പേ പറക്കുന്ന പക്ഷികള്‍ ,സ്പന്ദ മാപിനികളെ നന്ദി എല്ലാം എഴുതിയ ആളല്ലേ ഈ സി.രാധാകൃഷണന്‍ അയാള്‍ ഇങ്ങിനെയൊക്കെ എഴുതുമോ??? വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഷാജി ഖത്തര്‍.

വായുജിത് said...

“സി രാധാകൃഷ്ണന്‍ ശാസ്ത്രജ്ഞന്‍ ആണെന്ന് സാഹിത്യകാരന്മാര്‍ തെറ്റിദ്ധരിച്ചത് “മനസ്സിലാക്കാം .. കാരണം കക്ഷി അന്ത കാലത്തെ ഒരു എം എസ് സി ഫിസിക്സ് ബിരുദ ധാരി മാത്രമാണ്.. ശാസ്ത്രത്തിന്റെ ഇന്തകാല പുരോഗമനം ഒന്നും അദ്ദേഹം അറിഞ്ഞു കാണില്ല.. അറിവില്ലായ്മയെ ക്ഷമിക്കാം..( അദ്ദേഹം സയന്റിഫിക് അസ്സിസ്റ്റന്റ് ഒ മറ്റൊ ആയിട്ടാണു വര്‍ക്ക് ചെയ്തിരുന്നത് , അപ്പോ ആ വിവരം ഒക്കെയേ കാണുള്ളൂ.. )


പക്ഷേ “ സാഹിത്യകാരന്‍ ആണെന്ന് ശാസ്ത്രജ്ഞന്മാര്‍ തെറ്റിദ്ധരിച്ചത് “ മനസ്സിലായില്ല . വലിയ വിശ്വ സാഹിത്യങ്ങളും ഒക്കെ പരിചയമുള്ള വന്‍ ശാസ്ത്രജ്ഞര്‍ക്ക് ഈ മലയാളം സാഹിത്യകാരന്റെ നോവലൊന്നും ഇഷ്ടപ്പെടില്ലായിരിക്കാം .സാഹിത്യകാരന്‍ ആണെന്ന് ശാസ്ത്രജ്ഞനെ മനസ്സിലാക്കണമെങ്കില്‍ നേചറിലൊക്കെ പ്രബന്ധം അവതരിപ്പിക്കണമെന്നോ മറ്റോ ഉണ്ടോ.. അറിയില്ല ..

മലയാളികള്‍ എല്ലാവരും അമേരിക്കയില്‍ അല്ല താമസിക്കുന്നത് . എല്ലാവരും ഡോക്റ്റര്‍മാരും അല്ല .വിശ്വസാഹിത്യങ്ങളൊക്കെ വായിച്ച് മനസ്സിലാക്കാന്‍ വേണ്ടിയുള്ള അറിവുള്ളവര്‍ ആയിരിക്കണമെന്നുമില്ല .

അവരുടെയൊക്കെ ആ എളിയ ബുദ്ധിയില്‍ സി രാധാകൃഷ്ണന്‍ ഒരു സാഹിത്യകാരന്‍ ആണെന്നാണ് എന്റെ വിശ്വാസം ..

വായുജിത് said...

tracking

Unknown said...

വായു ജിത്ത് പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ടല്ലോ.
സി.രാധാകൃഷ്ണന്‍ അന്ധവിശ്വാസി ആയിരിക്കാം പക്ഷെ നല്ല ഒരു എഴുത്തുകാരന്‍ തന്നെയാണ്.അദ്ദേഹത്തിന്റെ നോവലുകള്‍ പൈങ്കിളി ആണോ വിശ്വ സാഹിത്യ മാണോ എന്നൊന്നും നിരൂപണം നടത്താന്‍ ഉള്ള അറിവില്ല ,എനിക്കിഷ്ടമാണ് ആ നോവലുകളൊക്കെ.തീരെ പൈങ്കിളി ആല്ല എന്നവകാശ പെടുന്ന മാതൃഭൂമി ആഴ്ച്ചപതിപ്പിലോക്കെ ആണ് ഈ നോവലുകളില്‍ ചിലത് ഖണ്ഡശ വന്നിട്ടുള്ളത്.

ഷാജി ഖത്തര്‍.

നന്ദന said...

ഹൊ രാധാക്രിഷ്ണൻ എന്തിനീ വേലിയിൽ ഇരിക്കുന്ന പാമ്പിനേ എടുത്തു കഴുത്തിലിട്ടു.

ബഷീർ said...

:)