Monday, January 10, 2011

അടിമക്കച്ചവടം-10 കോടി, 9 കോടി,....

കുറച്ചുകാലം മുമ്പാണ്. കോവളത്തെ സാധാരണക്കാര്‍ക്കിടയില്‍ ടൂറിസം വരുത്തുന്ന സ്വാധീനം എത്രയെന്ന് പഠിക്കാന്‍ ഒരു ഗ്രൂപ്പ് പുറപ്പെട്ടു. ഹൃദയകുമാരി ടീച്ചര്‍ ആ ഗ്രൂപ്പിനുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. വിവരശേഖരണത്തിന്റെ ഭാഗമായി സംഘം പലയിടത്തും കറങ്ങി ഒരു വീട്ടിലെത്തി. ചെറുപ്പക്കാരിയായ വീട്ടമ്മയെ പരിചയപ്പെട്ടു. രണ്ട് ചെറിയ കുട്ടികള്‍. വീട്ടുകാരനെ കാണാനില്ല. പലതും തിരക്കിയ കൂട്ടത്തില്‍ കുടുംബനാഥന് എന്താണ് ജോലിയെന്ന് ചോദിച്ചു. രസിക്കാത്ത മട്ടില്‍ 'ഓ...' എന്നൊരു പ്രതികരണമാണ് വീട്ടമ്മയില്‍ നിന്നുണ്ടായത്. അദ്ദേഹം എവിടെ പോയതാണ് എന്ന ചോദ്യത്തിനും അനിഷ്ടം കലര്‍ന്ന പ്രതികരണം. എന്താണ് സംഗതിയെന്നറിയാതെ സംഘാംഗങ്ങള്‍ കുഴങ്ങി. അപ്പോള്‍ കുട്ടികളിലൊരാള്‍ പറഞ്ഞു: 'അച്ഛന്‍ പ്രേമിക്കാന്‍ പോയിരിക്കുവാ'...!

ഇതു കേട്ട് സംഘാംഗങ്ങള്‍ നടുങ്ങി. സിനിമയിലല്ലാതെ, ഇത്തരമൊരു തൊഴില്‍ സാധ്യതയെക്കുറിച്ച് അവര്‍ക്ക് അറിയുമായിരുന്നില്ല. (സംഭവം മറ്റേതാണ്. ആ കുട്ടികളുടെ അച്ഛന്‍ ഒരു പുരുഷ വേശ്യയായിരുന്നു).

അതേപോലൊരു നടുക്കത്തിലാണിപ്പോള്‍ പലരും. കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളും ടിവി ചാനലുകളും കണ്ടവര്‍ മനുഷ്യനെ (അവര്‍ ക്രിക്കറ്റ് താരങ്ങളായതിന്റെ പേരില്‍) ലേലം ചെയ്തു വില്‍ക്കുന്ന അപരിഷ്‌കൃതമായ വാര്‍ത്തകള്‍ കണ്ട് പരിഭ്രമിച്ചു. ഗംഭീറിന് 10.8 കോടി, ഉത്തപ്പ (ഊത്തപ്പം ശോഷിച്ചത്) 9.52 കോടി, പഠാന്‍ 9.1 കോടി, വായ തുറന്നാല്‍ ശ്രീ മാത്രം നാവില്‍ നിന്ന് വരുന്ന നമ്മുടെ ശ്രീശാന്തിന് 4.08 കോടി.....ക്രിക്കറ്റ് പ്രേമികള്‍ പക്ഷേ, കാളച്ചന്തയിലെ കണക്ക് പോലെ 'ഹോ, അവന് ഇത്രയുമേ കിട്ടിയുള്ളല്ലോ' എന്ന് പരിതപിച്ചു!

അടിമക്കച്ചവടം നിലനിന്ന കാലത്തും, ഇപ്പോള്‍ സിനിമകളിലും മാത്രം സാധ്യമെന്ന് പലരും കരുതിയ കാര്യമാണ് കണ്‍വെട്ടത്ത് നടക്കുകയും, മാധ്യമങ്ങള്‍ ഉളുപ്പില്ലാതെ ഒന്നാംപേജില്‍ ആഘോഷിക്കുകയും ചെയ്യുന്നത്. ടെലിവിഷനുകള്‍ക്ക് ഈ അടിമക്കച്ചവടം ബ്രേക്കിങ് ന്യൂസാണ്. ചിലരെ വാങ്ങാന്‍ ആളില്ലല്ലോ എന്ന് മാധ്യമങ്ങള്‍ കണ്ണീര്‍ പൊഴിച്ചു. ഇതൊരു അപരിഷ്‌കൃതമായ ഏര്‍പ്പാടാണെന്ന് ആര്‍ക്കും തോന്നിയ മട്ടില്ല.

നവലിബറലിസത്തിന്റെ ഭാഗമായി ഈ അടിമക്കച്ചവടം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചാല്‍ എന്താകും സ്ഥിതി. സിനിമയുടെ കാര്യം ചിന്തിച്ചുനോക്കൂ. ക്രിക്കറ്റ് താരങ്ങളെപ്പോലെ ചലച്ചിത്ര താരങ്ങളെ ലേലത്തിന് വയ്ക്കുന്ന കാര്യം. മമ്മുട്ടിക്ക് എത്ര വിലയിടും, മോഹന്‍ലാലിനെ എത്ര കൊടുത്താല്‍ കിട്ടും! നാളെ അതും വരുമായിരിക്കും. താരങ്ങളെ മാത്രമല്ല, താരറാണികളെ ലേലം വിളിച്ചെടുക്കാമെന്ന് വന്നാല്‍, ചിലപ്പോള്‍ തുക ഇവിടം കൊണ്ടൊന്നും നിന്നെന്നു വരില്ല.

അടിമക്കച്ചവടത്തിന്റെ പുത്തന്‍ മേഖലകളിലേക്ക് കടക്കുകയാണ് ലോകം. 'ചരിത്രം ആവര്‍ത്തിക്കും, പ്രഹസന്നമായി' എന്ന് പറയുന്നത് ഇത്തരം കാര്യങ്ങളെ ഉദ്ദേശിച്ച് തന്നെയാകണം.

3 comments:

Joseph Antony said...

കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളും ടിവി ചാനലുകളും കണ്ടവര്‍ മനുഷ്യനെ (അവര്‍ ക്രിക്കറ്റ് താരങ്ങളായതിന്റെ പേരില്‍) ലേലം ചെയ്തു വില്‍ക്കുന്ന അപരിഷ്‌കൃതമായ വാര്‍ത്തകള്‍ കണ്ട് പരിഭ്രമിച്ചു. ഗംഭീറിന് 10.8 കോടി, ഉത്തപ്പ (ഊത്തപ്പം ശോഷിച്ചത്) 9.52 കോടി, പഠാന്‍ 9.1 കോടി, വായ തുറന്നാല്‍ ശ്രീ മാത്രം നാവില്‍ നിന്ന് വരുന്ന നമ്മുടെ ശ്രീശാന്തിന് 4.08 കോടി.....ക്രിക്കറ്റ് പ്രേമികള്‍ പക്ഷേ, കാളച്ചന്തയിലെ കണക്ക് പോലെ 'ഹോ, അവന് ഇത്രയുമേ കിട്ടിയുള്ളല്ലോ' എന്ന് പരിതപിച്ചു!

K J Jacob said...

Is there too much of a difference from the contract u sign when u join a company?

ടോട്ടോചാന്‍ said...

സ്വന്തം പണം കൈക്കൂലിയായിക്കൊടുത്ത് എയിഡഡ് മേഖലയില്‍ പഠിപ്പിക്കാന്‍ കയറുന്നതുമായി ഇതൊന്ന് താരതമ്യപ്പെടുത്തൂ..
ഇവിടെ കോടികള്‍ ഒന്നുമില്ലേലും താരങ്ങള്‍ക്കും കിട്ടുമല്ലോ...