Tuesday, May 5, 2009

ഗൂഗിളില്‍ ആട്‌

എന്തും പുതുമയോടെ ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ളവരാണ്‌ ഗൂഗിളിലുള്ളവര്‍ - അത്‌, പുതിയ സാങ്കേതികവിദ്യകളും സോഫ്‌ട്‌വേറുകളും രൂപപ്പെടുത്തുന്നതിലായാലും, സ്വന്തം കോംപൗണ്ട്‌ കാട്‌ നീക്കംചെയ്‌ത്‌ വൃത്തിയാക്കുന്നതിലായാലും.

മാര്‍ച്ചില്‍ കൊയ്‌ത്ത്‌ കഴിഞ്ഞാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ പാടങ്ങള്‍ വൃത്തിയാക്കാനും ഫലഭൂയിഷ്‌ഠമക്കാനും കര്‍ഷകര്‍ അവലംബിക്കുന്ന വിദ്യ ഗൂഗിളിന്‌ അറിയാമോ എന്നറിയില്ല. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ എത്തുന്ന ചെമ്മരിയാടിന്‍കൂട്ടങ്ങളെ, കൊയ്‌തൊഴിഞ്ഞ വയലുകളില്‍ മേയാന്‍ അനുവദിക്കുകയാണ്‌ കര്‍ഷകര്‍ ചെയ്യുക. അതിന്‌ ആട്ടിടയന്‍മാര്‍ക്ക്‌ കാശ്‌ കൊടുക്കണം, എങ്കിലേ ആടുകളെ മേയാന്‍ കിട്ടൂ. ചെമ്മരിയാടുകള്‍ ഒരാഴ്‌ച മേഞ്ഞ്‌ കഴിയുമ്പോള്‍, പാടം ആട്ടിന്‍കാട്ടംകൊണ്ട്‌ ഫലഭൂയിഷ്‌ഠമായിട്ടുണ്ടാകും.

കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ടില്‍ പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്‌. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ്‌ കളയുകയാണ്‌ പതിവ്‌. അതിന്‌ പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു ഇത്രകാലവും ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന്‌ പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു! സംഭവം സക്‌സസ്സ്‌ എന്ന്‌ ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തുന്നു.

'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന്‌ വാടകയ്‌ക്കെടുത്ത 200 ആടുകള്‍ ഒരാഴ്‌ച ഗൂഗിളില്‍ പുല്ലിനും പടപ്പിനുമായി 'സേര്‍ച്ച'്‌ ചെയ്‌തപ്പോള്‍ സ്ഥലം വൃത്തിയായെന്ന്‌ മാത്രമല്ല, മണ്ണ്‌ ഫലഭൂയിഷ്‌ഠമാവുകയും ചെയ്‌തു. ചെലവ്‌ കണക്കാക്കുമ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട്‌ ഏതാണ്ട്‌ സമം എന്നാണ്‌ ഗൂഗിള്‍ വെളിപ്പെടുത്തുന്നത്‌.

യന്ത്രമാകുമ്പോള്‍ അതിന്‌ ഡീസല്‍ വേണം, ആടിന്‌ വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത്‌ തുളയ്‌ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല്‌ തിന്നുമ്പോള്‍ ശബ്ദം പുറത്ത്‌ കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട്‌ ഉണ്ടാക്കില്ല. ആടിനെ ആ പണി ഏല്‍പ്പിച്ചപ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനായി എന്ന്‌ സാരം. ഏതായാലും, പാലക്കാട്ടെ കര്‍ഷകരുടെ പരമ്പരാഗത സങ്കേതം മോശമല്ലെന്ന്‌ ഗൂഗിളും സമ്മതിച്ചിരിക്കുകയാണ്‌.
( കടപ്പാട്‌: ഗൂഗിള്‍ബ്ലോഗ്‌)

6 comments:

Joseph Antony said...

കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ടില്‍ പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്‌. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ്‌ കളയുകയാണ്‌ പതിവ്‌. അതിന്‌ പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു ഇത്രകാലവും ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന്‌ പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു!

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, അതു കൊള്ളാം.
നമ്മുടെ നാട്ടിലെ പച്ചപ്പിന്റെ മുഖ്യ ശത്രുക്കളിലൊന്ന് ആടുകളാണെന്നാണ് വയ്പ്പ്. അവയുടെ തീറ്റ രീതികൊണ്ടാണത്. പല്ലുകളാല്‍ കടിച്ചു വേരടക്കം പറിച്ചാണിവ തിന്നുക. പശുക്കളും മറ്റുമാവട്ടെ, കുറ്റി ബാക്കി നിര്‍ത്തി നാക്കുകൊണ്ട് മുറിച്ചെടുക്കുന്നു.
വനവല്‍ക്കരണ പദ്ധതിയുടെ ആദ്യ ഘട്ടം തന്നെ മേച്ചില്‍ അവസാനിപ്പിക്കുക എന്നതാണ് , പ്രത്യേകിച്ച് ആടുകളെ.

രസകരമായ വിവരം തന്നെ.

Zebu Bull::മാണിക്കൻ said...

അനില്‍ പറഞ്ഞു, "വനവല്‍ക്കരണ പദ്ധതിയുടെ ആദ്യ ഘട്ടം തന്നെ മേച്ചില്‍ അവസാനിപ്പിക്കുക എന്നതാണ്".ഇതു പ്രശ്നമാകുമല്ലോ. ആണ്‍സിംഹങ്ങള്‍ പിന്നെ എന്തുചെയ്യും?
("പണ്ടൊരു കാട്ടിലൊരാണ്‍‌സിംഹം മദിച്ചുവാണിരുന്നു,
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ, സിംഹം എങ്ങും മേഞ്ഞിരുന്നൂ" എന്നു കേട്ടിട്ടില്ലേ?)

;)

Arun said...

ആടിനെക്കൊണ്ട് പുല്ലു തീറ്റിക്കുന്നത് അത്ര environment friendly ആണെന്ന് പറയാന്‍ കഴിയില്ല.ആഗോള താപനത്തിനുള്ള കന്നുകളുടെ സംഭാവന വാഹനങ്ങളുടെതിലും കൂടുതലാണ്. ഇവ മൂലം ഉണ്ടാവുന്ന മീതയ്നും നൈട്രസ് ഒക്സൈടും ഒക്കെ കൂടുതല്‍ കാര്‍ബണ്‍ദയോക്സൈടിനെക്കാള്‍
ഭീകരാനത്രേ...ഇത് നോക്കൂ...
അതായത്, മെഷീനുകളെ അങ്ങ് കണ്ണും പൂട്ടി കന്നിനെ കൊണ്ട് replace ചെയ്‌താല്‍ പ്രശ്നം തീരില്ല... എത്ര കാര്‍ബണ്‍/മറ്റു ഹാനികരമായ കെമിക്കലുകള്‍വിടുന്നുണ്ട് എന്ന് പരിശോദിച്ചു നോക്കിയാലെ പറയാന്‍ പറ്റൂ...
അത് വരെ , ഇത് ഗൂഗിളിന്റെ ഒരു പുബ്ലിസിറ്റി സ്ടന്റ്റ്‌ ആണെന്ന് കരുതേണ്ടി വരുമോ...
അത് മാത്രമല്ല... ആട്ടിന്കാട്ടം വാരിക്കളയാന്‍ ഇനി ഗൂഗിള്‍ എന്ത് ചെയ്യും?

Arun said...

ithu = ithu

G Joyish Kumar said...

:)
Adsense Ad നെ കുറിച്ചായിരിക്കുമെന്ന് കരുതി.