Monday, January 25, 2010

മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര


വാതില്‍ തുറക്കുന്ന വേളയില്‍ തന്നെ, തീര്‍ത്തും അപ്രതീക്ഷിതമായി, കാതടപ്പിക്കുന്ന ഗാനമേളയുടെ സ്റ്റേജിന് ചുവട്ടിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ അവസ്ഥ ചിന്തിച്ചു നോക്കുക. എനിക്കും സുഹൃത്ത് ജിഗീഷിനും സംഭവിച്ചത് അതാണ്. പട്ടുടയാടകള്‍ ധരിച്ചു വിലാസവതികളായി നില്‍ക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കു നടുവില്‍ ക്ഷണിക്കപ്പെടാതെ എത്തിയവരായി ഒറ്റനിമിഷം കൊണ്ട് ഞങ്ങള്‍ മാറി.

കോട്ടുംസ്യൂട്ടും ധരിച്ച് കഴുകന്‍ കണ്ണുകളോടെ നില്‍ക്കുന്ന ഒരു യുവാവ് ഞങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിച്ച് സ്‌റ്റേജിന് തൊട്ടടുത്തുള്ള സോഫയില്‍ ഇരുത്തി. കോട്ടിട്ട വേറെയും യുവാക്കള്‍ ഹാളിനുള്ളില്‍ പല കോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ആ ചെറിയ ഹാളിന് നടുവില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സ്ത്രീകളെല്ലാം പുതിയതായി എത്തിയ ഞങ്ങളിലേക്ക് ഉപചാരപൂര്‍വം ശ്രദ്ധ തിരിച്ചു. ഒരു ഗായകനും ഗായികയും സ്റ്റേജിലുണ്ട്. പക്ഷേ, ഡ്രമ്മിന്റെയും മറ്റും ശബ്ദകോലാഹലം ഗായകരുടെ സ്വരമാധുരിയെ ഞെരിച്ചു കളയുന്നു.

ഈസ്റ്റ് അന്ധേരിയില്‍ ചെറിയൊരു പച്ചക്കറി മാര്‍ക്കറ്റിനടുത്ത് തീര്‍ത്തും അനാകര്‍ഷകമായി തോന്നുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഞങ്ങള്‍ 'ഓര്‍ക്കസ്ട്ര'യ്‌ക്കെത്തിയത്. ഓര്‍ക്കസ്ട്രയ്ക്ക് പോകുന്നത് മാന്യന്‍മാര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന്, സമീപപ്രദേശത്ത് ആ കലാപരിപാടി എവിടെയുണ്ടെന്ന് പറഞ്ഞു തന്ന കരിക്കുകച്ചവടക്കാരന്‍ രമേശിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

എങ്കിലും, 'ബോംബൈയില്‍ വന്ന സ്ഥിതിക്ക് ഓര്‍ക്കസ്ട്രയ്ക്ക് പോകാതെ മടങ്ങരുതെ'ന്ന്, തൃശൂര്‍ നസ്രാണിയായ ജോര്‍ജ് ഡൊമനിക് പറഞ്ഞതാണ് ഞങ്ങള്‍ക്ക് പ്രേരണയായത്. 'ഓര്‍ക്കസ്ട്രയ്ക്ക് പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പാട്ട് ആസ്വദിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ചെലവിടുക, ബിയറിന് 250 രൂപ ഈടാക്കും, അത് മാത്രം നല്‍കിയാല്‍ മതി'- ഇതായിരുന്നു നസ്രാണിയുടെ വക ഉപദേശം. ഇവിടുത്തെ പ്രശസ്തമായ ഡാന്‍സ്ബാറുകള്‍ നിരോധിച്ചപ്പോള്‍, അതുവഴി ഉപജീവനം നടത്തിയിരുന്ന സ്ത്രീകളുടെ പുനരധിവാസംകൂടി കണക്കിലെടുത്ത് തുടങ്ങിയിട്ടുള്ളതാണ് ഓര്‍ക്കസ്ട്ര-അദ്ദേഹം പറഞ്ഞു.

ഹാളിനുള്ളിലെ ശബ്ദകോലാഹലം പുറത്ത് കേള്‍ക്കാത്തതെന്തെന്ന് അത്ഭുതം തോന്നി. ആ ചെറിയ ഹാളില്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. കാഴ്ചയ്ക്ക് ഒരുവിധം ഭംഗിയുള്ള പതിനൊന്ന് സ്ത്രീകള്‍ ഹാളിന് നടുവില്‍ വട്ടംകൂടി നിന്ന് എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്തവരെപ്പോലെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. അതില്‍ മധ്യവയസ്‌ക്കകളുണ്ട്, ചെറുപ്പക്കാരികളുണ്ട്, കൗമാരം വിടുന്ന ചെറുപ്രായക്കാരുമുണ്ട്. അവരെ കൂടാതെ കോട്ടിട്ട അഞ്ച് ചെറുപ്പക്കാര്‍, കോട്ടിടാത്ത വെയിറ്റര്‍മാര്‍ വേറെ. ഹാളിനപ്പുറത്തേക്കുള്ള വാതിലില്‍ കാഴ്ചയ്ക്ക് അത്ര ഭംഗിയില്ലാത്ത ഏതാനും സ്ത്രീകള്‍, ചെറിയ സ്റ്റേജില്‍ ഗായകര്‍, വാദ്യോപകരണക്കാര്‍...ഇതിന് പുറമെയാണ് കസ്റ്റമേഴ്‌സ്. കസ്റ്റമേഴ്‌സ് അധികമൊന്നുമില്ല, ഞങ്ങളുള്‍പ്പടെ വെറും ഏഴ് പേര്‍.

സമയം വൈകുന്നേരം 7.50. ഞങ്ങളെ ആനയിച്ചിരുത്തിയ സോഫ സ്റ്റേജിനോട് ചേര്‍ന്നാണ്, അതിനാല്‍ അവിടെ നിന്ന് മാറി എതിരെയുള്ള ഇരിപ്പിടം പിടിച്ചു. സ്ത്രീകളെല്ലാം ഉടനെ അങ്ങോട്ട് തിരിഞ്ഞു. പാട്ട് തകര്‍ക്കുകയാണ്. കോട്ടുകാരനെ വിളിച്ച് ബിയറിന് ഓര്‍ഡര്‍ കൊടുത്തു. അപ്പുറത്തെ വാതിക്കല്‍ നിന്നവരില്‍ കറുത്ത് പൊക്കംകുറഞ്ഞ സ്ത്രീ, ഉപചാരപൂര്‍വം ബിയര്‍ കൊണ്ടുവന്ന് ഭവ്യതയോടെ ഞങ്ങള്‍ക്ക് ഗ്ലാസില്‍ പകര്‍ന്നു തന്നു. എന്റെ ഇടതുവശത്തെ സോഫയിലെ കസ്റ്റമര്‍ കണ്ണടവെച്ച മെലിഞ്ഞ യുവാവാണ്. ഞങ്ങള്‍ ആദ്യം ഇരുന്ന സ്ഥലത്തിനടുത്ത് പലചരക്കുകടക്കാരനെപ്പോലെ തോന്നിക്കുന്ന അമ്പതുകാരന്‍. കാഴ്ചയ്ക്ക് ഒരു വ്യക്തിത്വവും തോന്നാത്ത രണ്ട് മെലിഞ്ഞ പയ്യന്‍മാര്‍ ഭക്ഷണം ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നു. അവര്‍ക്ക് മുന്നിലെ മേശയില്‍ ഒഴിഞ്ഞ ഒട്ടേറെ കുപ്പികള്‍, എല്ലിന്‍കഷണങ്ങള്‍. രണ്ടുപേരും ഫുള്‍ഫിറ്റാണെന്ന് പെരുമാറ്റത്തില്‍ വ്യക്തം. ഇനിയുള്ള കസ്റ്റമര്‍ ഒരു തൈക്കിളവനാണ്.

പേര് ഓര്‍ക്കസ്ട്രയെന്നാണെങ്കിലും പാട്ട് ആരും ശ്രദ്ധിക്കുന്നില്ല. എന്തുപാട്ട് എന്ന രീതിയില്‍ പലചരക്കുകടക്കാരനും തൈക്കിളവനും സ്ത്രീകളിലാണ് ശ്രദ്ധ അര്‍പ്പണബുദ്ധിയോടെ അര്‍പ്പിച്ചിരിക്കുന്നത്. കണ്ണടവെച്ച ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നതായി കാണപ്പെടുന്നുവെങ്കിലും കാര്യമായി ഒന്നിലും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം. അയാള്‍ക്കരികില്‍ സോഫയില്‍തന്നെ ഒരു കെട്ടുനോട്ട് അടുക്കി വെച്ചിരിക്കുന്നു, പൊതുദര്‍ശനത്തിനെന്ന പോലെ! ബിയര്‍ നുണഞ്ഞ്് പാട്ടിലേക്ക് ശ്രദ്ധ തിരിക്കുകയും നോട്ടുകെട്ടുകളൊന്നും പുറത്തെടുക്കാതിരിക്കുകയും ചെയ്തതോടെ, സ്ത്രീകള്‍ക്ക് ഞങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു.

പെട്ടന്ന് പലചരക്കുകടക്കാരന്‍ ഒരു കെട്ട് 50 രൂപാനോട്ട് പുറത്തെടുത്തു. സ്വിച്ചിട്ട മാതിരി സ്ത്രീകളെല്ലാം അങ്ങോട്ടു തിരിഞ്ഞു. ഓരോരുത്തരെയായി അടുത്തു വിളിച്ച് ഒരോ നോട്ടുവീതം അയാള്‍ വിതരണം ചെയ്തു. വെയിറ്റര്‍മാര്‍ക്കും ശിങ്കിടികള്‍ക്കുമെല്ലാം കിട്ടി വിഹിതം. കൊള്ളാം, ഞാന്‍ മനസിലോര്‍ത്തു. കാശുണ്ടെങ്കില്‍ ഇങ്ങനെ തന്നെ വേണം, ഉള്ളവന്‍ ഇല്ലാത്തവന്് വീതിച്ചു നല്‍കണം. നോട്ട് വിതരണം കഴിഞ്ഞതോടെ പലചരക്കുകടക്കാരന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. തനിക്ക് അത്രയും വേണം, ഞാന്‍ മനസില്‍ പറഞ്ഞു. കൈയിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുതെന്ന് ഇനിയെങ്കിലും പഠിക്കണം!

ഒരു ഗാനം അവസാനിച്ചതും ഇടതുവശത്തെ കണ്ണടവെച്ച ചെറുപ്പക്കാരന്‍ കോട്ടിട്ട ഒരു കിങ്കരനെ അടുത്തു വിളിച്ച്, പൊതുദര്‍ശനത്തിന് വെച്ചിരുന്ന നോട്ടുകെട്ടില്‍ നിന്ന് (സംഭവം ആയിരത്തിന്റേതാണ്) മൂന്നു നോട്ടെടുത്തു നല്‍കി ചെവിയിലെന്തോ പറഞ്ഞു. കോട്ടുകാരന്‍ അത് പാട്ടുകാരന് കൊണ്ടു കൊടുത്തു. യുവാവ് വിജയാഹ്ലാദത്തോടെ മൂന്ന് നോട്ടും ഉയര്‍ത്തിക്കാട്ടി കണ്ണടക്കാരനെ അഭിവാദ്യം ചെയ്തു. ദൈവമേ, ഞാന്‍ മനസിലോര്‍ത്തു. 'അന്ത ഹന്തയ്ക്ക് ഇന്ത പട്ട്' എന്നു പറഞ്ഞപോലെ ഒരു പാട്ടിന് മൂവായിരം രൂപ!

കോഴിയും ചപ്പാത്തിയുമായി ഫുള്‍ഫിറ്റില്‍ മല്ലിടുന്ന കൂതറ ചെറുപ്പക്കാര്‍ ഇതൊന്നും അറിയുന്നതേയില്ല. ഇത്രയും സ്ത്രീകള്‍ നോക്കിനില്‍ക്കെയാണ് ഈ പരാക്രമമെന്നു പോലും അവര്‍ക്കില്ല. അവരുടെ കൈയില്‍ ഏതായാലും നോട്ടുകെട്ടില്ല, അതുമാത്രമാണ് ഏക ആശ്വാസം. തൈക്കിളവന്‍ അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ എരിപിരി കൊള്ളുന്നു.

കാല്‍മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ കണ്ണടക്കാരന്‍ ഇളകയിരുന്നു. സ്ത്രീകളെയൊക്കെ ഒന്ന് വിസ്തരിച്ച് നോക്കി. കോട്ടിടാത്ത ഒരു വെയിറ്ററെ കൈകാട്ടി അടുത്തേക്കു വിളിച്ചു. എന്നിട്ട് നോട്ടുകെട്ട്് എണ്ണാന്‍ തുടങ്ങി. അതില്‍ ഏതാനും എണ്ണം മാറ്റിവെച്ചിട്ട് ബാക്കിയത്രയും ആ വെയിറ്ററെ ഏല്‍പ്പിച്ചു. വായില്‍ വെള്ളമൂറുന്നതുപോലൊരു ചിരി ചിരിച്ച് വെയിറ്റര്‍ കാശുമായി പോയി. പിന്നെ ഞങ്ങള്‍ കണ്ടത് സിനിമയിലും മറ്റും മാത്രം കാണാന്‍ സാധ്യതയുള്ള ഒരു രംഗമാണ്. സ്ത്രീകള്‍ വട്ടംകൂടി നില്‍ക്കുന്നതിന് സമീപത്ത് നോട്ടുകെട്ടുമായെത്തിയ വെയിറ്റര്‍, അത് സ്ത്രീകളുടെ തലയ്ക്ക് മുകളിലേക്ക് വിതറി. ആയിരത്തിന്റെ നോട്ടുകള്‍ ഫാനിന്റെ കാറ്റില്‍ പാറി ഹാളില്‍ മുഴുവന്‍ പറന്നു വീണു. സ്ത്രീകളാരും അത് എടുക്കാന്‍ തുനിഞ്ഞില്ല. വെയിറ്റര്‍മാര്‍ തന്നെ പെറുക്കിയെടുത്തു.

'ഇവന്‍ മാനേജ്‌മെന്റിന്റെ ആളാകാനാണ് സാധ്യത'-ജിഗീഷ് പറഞ്ഞു. 'നമ്മള്‍ എന്തു ചെയ്യണമെന്ന് അവന്‍ സൂചന നല്‍കുന്നതാണ്'. കൊള്ളാം, ഞാന്‍ പറഞ്ഞു, അവന്റെ ബുദ്ധി അപാരം. പക്ഷേ, മലയാളികളുടെ അടുത്ത് അവന്റെ പരിപ്പ് വേവില്ല. മാത്രമല്ല, നോട്ട് കെട്ട് കൊണ്ടുനടക്കുന്ന രീതി നമുക്ക് പണ്ടേ ഇല്ലല്ലോ (ഉണ്ടായിട്ടു വേണ്ടെ കൊണ്ടുനടക്കാന്‍!).

ഞങ്ങളെത്തിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു, ബിയര്‍ ഏതാണ്ട് തീരാറായി. ഇനി ഞങ്ങള്‍ നോട്ടുകെട്ട് പുറത്തെടുക്കുന്നതിലാകും ഇവരുടെ ശ്രദ്ധ. ഏതായാലും, ആശ കൊടുക്കേണ്ട. കോട്ടുകാരനെ അടുത്തു വിളിച്ച് ബില്ല് കൊണ്ടുവരാന്‍ പറഞ്ഞു. കറക്ട് 250 രൂപ, 300 രൂപായെടുത്ത് വീശി. ബിയര്‍ ഒഴിച്ചു തന്ന സ്ത്രീ തന്നെ ബില്ലും കൊണ്ടുവന്നു. ബാക്കി വെച്ചോ എന്ന് പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി. ചെവിക്ക് പൊറുതിയുണ്ടായത് അപ്പോഴാണ്. തൃശൂര്‍ നസ്രാണിയുടെ വാക്കുകേട്ട് രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ഇയര്‍ഡ്രം വേറെ ഫിറ്റ് ചെയ്യേണ്ടി വരുമായിരുന്നു.

4 comments:

Joseph Antony said...

പേര് ഓര്‍ക്കസ്ട്രയെന്നാണെങ്കിലും പാട്ട് ആരും ശ്രദ്ധിക്കുന്നില്ല. എന്തുപാട്ട് എന്ന രീതിയില്‍ പലചരക്കുകടക്കാരനും തൈക്കിളവനും സ്ത്രീകളിലാണ് ശ്രദ്ധ അര്‍പ്പണബുദ്ധിയോടെ അര്‍പ്പിച്ചിരിക്കുന്നത്. കണ്ണടവെച്ച ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നതായി കാണപ്പെടുന്നുവെങ്കിലും കാര്യമായി ഒന്നിലും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം. അയാള്‍ക്കരികില്‍ സോഫയില്‍തന്നെ ഒരു കെട്ടുനോട്ട് അടുക്കി വെച്ചിരിക്കുന്നു, പൊതുദര്‍ശനത്തിനെന്ന പോലെ! ബിയര്‍ നുണഞ്ഞ്് പാട്ടിലേക്ക് ശ്രദ്ധ തിരിക്കുകയും നോട്ടുകെട്ടുകളൊന്നും പുറത്തെടുക്കാതിരിക്കുകയും ചെയ്തതോടെ, സ്ത്രീകള്‍ക്ക് ഞങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു.

jyo.mds said...

വിവരണം നന്നായി.സ്ത്രീകള്‍ പാട്ടിനൊത്ത് dance ചെയ്യുമെന്നാണ് കേട്ടറിവ്.

Joseph Antony said...

jyo, അത് മുമ്പായിരുന്നു, ഡാന്‍സ് ബാറുകള്‍ അനുവദിച്ചിരുന്നു കാലത്ത്. അതിന് പകരമാണ് ഓര്‍ക്കസ്ട്ര, പാട്ടു മാത്രമേയുള്ളു, ഡാന്‍സില്ല.

രായപ്പന്‍ said...

ഡാന്‍സ് ഇപ്പോഴും ഉണ്ട് പക്ഷേ.. എല്ലായിടത്തും ഉണ്ടോ എന്ന് അറിയില്ല.....

ഇവിടെ ബാങ്കളൂരിലും അബദ്ധത്തില്‍ ഒരിക്കല്‍ ഡാന്‍സ് ബാറില്‍ പെട്ടിരുന്നു... അന്ന് പകുതി സാലറി തീര്‍ന്നു...

ഓടൊ : ഡാന്‍സ് മാത്രമല്ലാ അവിടെ... കാശ് ഉണ്ടേ... രാമ.. രാമ.. രാമ..... ഞാന്‍ ഈ നാട്ടുകാരനല്ലേ....