Wednesday, January 26, 2011

മലയാളം ഇനി രക്ഷപ്പെടുമോ

കോഴിക്കോട് സില്‍വര്‍ ഹില്‍സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇപ്പോള്‍ കേരളത്തിന് പുറത്ത് ഉപരിപഠനം നടത്തുന്ന ഒരു യുവാവ് മലയാളം വിക്കിപീഡിയയില്‍ സിസോപ്പാണ്. കൗതുകമുണര്‍ത്തുന്ന ഒരു പ്രസ്താവന അയാളുടെ വിക്കി പ്രൊഫൈലിലുണ്ട്. അത് ഏതാണ്ട് ഇങ്ങനെ -'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പറയാന്‍ അനുവാദമില്ലായിരുന്നു. അതിന് ഇവിടെ പ്രായശ്ചിത്തം ചെയ്യുന്നു'.......

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാതലത്തിലും മലയാളം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ആര്‍.വി.ജി. മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ച വാര്‍ത്തയും, അതെക്കുറിച്ച് ഭാഷാസ്‌നേഹികള്‍ കാണിക്കുന്ന അമിതാവേശവും കാണുമ്പോള്‍ മേല്‍പ്പറഞ്ഞ സംഗതി ഓര്‍മ വരുന്നു. ആ യുവാവ് ഉദ്ദേശിച്ച തരത്തിലൊരു പ്രായശ്ചിത്തത്തിന് മലയാളികളെ പ്രാപ്തരാക്കാന്‍ ഈ പുതിയ നീക്കം സഹായിക്കുമോ.

മലയാളം സംസാരിച്ചാല്‍ ഫൈനിടുന്ന വിദ്യാലയങ്ങളുള്ള നാടാണ് കേരളം. മലയാളഭാഷ ഐശ്ചികവിഷയമായെടുത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും, 'നിങ്ങള്‍ക്ക് വേറൊരു വിഷയവും പഠിക്കാന്‍ കിട്ടിയില്ലേ' എന്ന പരിഹാസത്തിന് പാത്രമാകുന്നു. ഞങ്ങളുടെ കോളനിയില്‍ അടുത്ത വീട്ടിലെ പത്തു വയസ്സുകാരി മറ്റ് കുട്ടികള്‍ കേള്‍ക്കെ പരസ്യമായി ആവര്‍ത്തിക്കുന്ന ഒരു പല്ലവി, 'മലയാളം എനിക്ക് ഇഷ്ടമില്ല' എന്നാണ് (അവളത് പറയുന്നത് പക്ഷേ, മലയാളത്തിലാണ്). വീട്ടില്‍ നിന്നാണോ ആ കുട്ടിക്ക് ഇത്തരമൊരു പ്രചോദനം കിട്ടിയതെന്നറിയല്ല. അറിവില്‍ പെട്ടിടത്തോളം അവളുടെ വീട്ടുകാരാരും ഇംഗ്ലീഷ് സംസാരിക്കുന്നവരായില്ല! പക്ഷേ, പറയുന്നത് അന്തസ്സില്ലാത്ത ഒരു സംഗതിയാണെന്ന് ആ കുട്ടിക്ക് അവളുടെ വീട്ടുകാരോ അധ്യാപകരോ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് വ്യക്തം. ടെലിവിഷനില്‍ നിറയുന്നത് 'രഞ്ജനി ഹരിദാസ്' മലയാളവും! മലയാളം പറയുന്നെങ്കില്‍ അതുപോലെ വേണം എന്നാണ് പുതിയ തലമുറയില്‍ പലരും മനസിലാക്കുന്നത് തന്നെ.

ഈയൊരു സാമൂഹിക പരിസ്ഥിതിയില്‍ കേരളത്തില്‍ മലയാളഭാഷക്ക് എങ്ങനെ അതിന്റെ അന്തസ്സും സ്വാധീനവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് ആലോചിക്കേണ്ട കാര്യമാണ്. അന്ധമായ ഭാഷാസ്‌നേഹമോ അടിച്ചേല്‍പ്പിക്കലോ കൊണ്ട് ഒരു ഭാഷയ്ക്ക് വളരാനാകുമെന്ന് തോന്നുന്നില്ല. ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ഭാഷക്ക് കഴിയണം. അല്ലെങ്കില്‍ അത് ക്രമേണ പ്രാധാന്യം നഷ്ടപ്പെട്ട് അനാകര്‍ഷകമായി തീരും.

എങ്ങനെയാണ് ഒരു ഭാഷക്ക് ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുക. സംസ്‌ക്കാരവും വിജ്ഞാനവും ആ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടണം, പരിപോഷിക്കപ്പെടണം (ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ ഉള്ളതുകൊണ്ടാണ്, ലോകത്താരും മാതൃഭാഷയായിട്ട് ഉപയോഗിക്കാഞ്ഞിട്ടും സംസ്‌കൃതത്തിന് ഇപ്പോഴും പ്രധാന്യമുള്ളത്).

എന്നാല്‍, മലയാളത്തിന്റെ സ്ഥിതിയെന്താണ്. പുസ്തകങ്ങള്‍ ഇറങ്ങുന്നില്ല എന്ന് പറയരുത്. കേരളത്തിലെ ഏറ്റവും ലാഭകരമായ തൊഴില്‍മേഖലകളിലൊന്നാണ് പുസ്തകപ്രസാധനം. വന്‍കിടക്കാര്‍ മാത്രമല്ല, ഒട്ടേറെ ചെറുകിട പ്രസാധകരും ഈ രംഗത്തേക്ക് പുതയതായി വരുന്നത് ലാഭം കണ്ടിട്ട് തന്നെയാണ്. നൂറുകണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും മലയാളത്തില്‍ ഇറങ്ങുന്നു. പക്ഷേ, അപ്പോഴും മലയാളികള്‍ മാതൃഭാഷ പഠിക്കാന്‍ വിദഗ്ധ കമ്മറ്റി ശുപാര്‍ശ ചെയ്യേണ്ടി വരുന്നു. എവിടെയോ തകരാറുണ്ടെന്ന് വ്യക്തം.

തകരാര്‍ മനസിലാക്കാന്‍, കേരളത്തിലെ പുസ്തകശാലയില്‍ കയറി പുതിയതായി ഇറങ്ങുന്ന മലയാളം പുസ്തകങ്ങള്‍ ഒന്ന് നോക്കിയാല്‍ മതി. മൂന്നാംകിട ചെറുകഥകളുടെ സമാഹാരങ്ങളായിരിക്കും അതില്‍ പകുതിയിലേറെയും. ഭാഷയ്‌ക്കോ സംസ്‌ക്കാരത്തിനോ കേരളത്തിന്റെ ബൗദ്ധീകാന്തരീക്ഷത്തിനോ ഒരു സംഭാവനയും ചെയ്യാനാകാത്ത ചവറുകള്‍.

ടിവിയിലെ ചലച്ചിത്ര ഗാന പരിപാടികള്‍ കണ്ടിട്ടില്ലേ. പഴയഗാനങ്ങള്‍, അപ്രിയഗാനങ്ങള്‍, ശോകഗാനങ്ങള്‍, ആശ്വാസഗാനങ്ങള്‍, പ്രഭാതഗാനങ്ങള്‍, പ്രദോഷഗാനങ്ങള്‍......ഇങ്ങനെ പല ലേബലുകളില്‍ ഒരേ പാട്ടുകള്‍ തന്നെ പല അവതാരകര്‍ അവതരിപ്പിക്കുന്ന ഏര്‍പ്പാട്. അതുപോലെ, ആദ്യകഥകള്‍, പ്രിയകഥകള്‍, പ്രേമകഥകള്‍....എന്നിങ്ങനെ, പഴയകാല എഴുത്തുകാരുടെ കഥകള്‍ പല ലേബലുകളില്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നവയാണ് പുതിയ പുസ്തകങ്ങളില്‍ മറ്റൊരു നല്ല ഭാഗം. ഇതുവഴി ഭാഷയ്ക്ക് എത്രകണ്ട് ബൗദ്ധികമായ ആവശ്യങ്ങള്‍ നിറവേറ്റാനാകും എന്നത് ആലോചിക്കേണ്ട വിഷയമാണ്.

ഭാഷയെ സമുദ്ധരിക്കുകയെന്ന ഏക ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്. മലയാളത്തില്‍ ഏറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥാപനവുമാണത്. പക്ഷേ, ഇപ്പോള്‍ ആ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ചില ടൈറ്റിലുകള്‍ ഇങ്ങനെയാണ്-ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ......ഭാഷയെന്ന വാക്കില്ലാത്ത ഒറ്റ ടൈറ്റിലുപോലുമില്ലാത്ത അവസ്ഥ. ആര്‍ക്കുവേണ്ടിയാണ് ഈ അഭ്യാസം.

ഈയൊരവസ്ഥയില്‍ കാര്യങ്ങളറിയാനും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടാനും മറ്റ് മാര്‍ഗങ്ങള്‍ മലയാളിക്ക് തേടേണ്ടി വരിക സ്വാഭാവികം മാത്രം. ഈ ദുസ്ഥിതി ചര്‍ച്ച ചെയ്യപ്പടാനും അതുവഴി മാതൃഭാഷയെ സംബന്ധിച്ച് പുതിയൊരു സമീപനം മലയാളികള്‍ക്ക് കൈവരാനും, സര്‍ക്കാരിന്റെ നീക്കം സഹായിക്കട്ടെ എന്നേ പറയാനാകൂ.

7 comments:

Joseph Antony said...

മലയാളം സംസാരിച്ചാല്‍ ഫൈനിടുന്ന വിദ്യാലയങ്ങളുള്ള നാടാണ് കേരളം. മലയാളഭാഷ ഐശ്ചികവിഷയമായെടുത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും, 'നിങ്ങള്‍ക്ക് വേറൊരു വിഷയവും പഠിക്കാന്‍ കിട്ടിയില്ലേ' എന്ന പരിഹാസത്തിന് പാത്രമാകുന്നു. ഞങ്ങളുടെ കോളനിയില്‍ അടുത്ത വീട്ടിലെ പത്തു വയസ്സുകാരി മറ്റ് കുട്ടികള്‍ കേള്‍ക്കെ പരസ്യമായി ആവര്‍ത്തിക്കുന്ന ഒരു പല്ലവി, 'മലയാളം എനിക്ക് ഇഷ്ടമില്ല' എന്നാണ് (അവളത് പറയുന്നത് പക്ഷേ, മലയാളത്തിലാണ്). വീട്ടില്‍ നിന്നാണോ ആ കുട്ടിക്ക് ഇത്തരമൊരു പ്രചോദനം കിട്ടിയതെന്നറിയല്ല. അറിവില്‍ പെട്ടിടത്തോളം അവളുടെ വീട്ടുകാരാരും ഇംഗ്ലീഷ് സംസാരിക്കുന്നവരായില്ല! പക്ഷേ, പറയുന്നത് അന്തസ്സില്ലാത്ത ഒരു സംഗതിയാണെന്ന് ആ കുട്ടിക്ക് അവളുടെ വീട്ടുകാരോ അധ്യാപകരോ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് വ്യക്തം. ടെലിവിഷനില്‍ നിറയുന്നത് 'രഞ്ജനി ഹരിദാസ്' മലയാളവും! മലയാളം പറയുന്നെങ്കില്‍ അതുപോലെ വേണം എന്നാണ് പുതിയ തലമുറയില്‍ പലരും മനസിലാക്കുന്നത് തന്നെ.

ഈയൊരു സാമൂഹിക പരിസ്ഥിതിയില്‍ കേരളത്തില്‍ മലയാളഭാഷക്ക് എങ്ങനെ അതിന്റെ അന്തസ്സും സ്വാധീനവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് ആലോചിക്കേണ്ട കാര്യമാണ്.

vijayakumarblathur said...

ഭാഷ അതുപോലെ നിലനിൽക്കണം എന്ന വാശിയും അനാവശ്യമാൺ`..സാംസ്കാരികമായ മറ്റു അധിനിവേഷങ്ങൾ എല്ലാം നിലനിൽക്കുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഭാഷ മാത്രം അനാഘൃത കുസുമമായി നിലനിൽക്കില്ല

ഷൈജൻ കാക്കര said...

ആർ.വി.ജി മേനോൻ കമ്മിറ്റി ശുപാർശകളെ പൂർണ്ണമായി നടപ്പിൽ വരുത്തുന്നത്‌ തുഗ്ലക്ക് പരിഷ്കാരമാണ്‌...

http://georos.blogspot.com/2009/11/blog-post.html

manuscript said...

On one side there is this disdain for Malayalam which is again an ugly reflection of our neo-rich snobbishness. On the otherhand, there is this xenaphobic and regressive hatred towards English which has its roots in anti-colonialism/anti-imperialism rhetorics. Both are equally mis-directed. We must promote both, the love for Malayalam, which of course culturally enriches one and keeps him close to the original ethos of his land. We must promote English, like it or not, it is a tool of social empowerment, key to global careers, medium of political assertion and articulation..

Akbar said...

ഇപ്പോള്‍ത്തന്നെ കണ്ടില്ലേ....മലയാള ഭാഷയുടെ സംരക്ഷണമെന്നൊക്കെ പറഞ്ഞ്‌ ആരംഭിച്ച ലേഖനത്തിനുതാഴെ തന്നെ ഏറെ അഭിമാനമെന്ന വിശേഷണത്തോടെ ഇഗ്ലീഷില്‍ കമന്റെഴുതുന്ന രീതിയും , മാതൃഭാഷാ സ്‌നേഹവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല.

മാതൃഭാഷ സംരക്ഷണത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യുകയും ഇംഗ്ലീഷില്‍ ചിന്തിക്കുകയും , അഭിപ്രായം പറയാനുമാണ്‌ നമുക്ക്‌ താത്‌പര്യമെന്നത്‌ വളരെ മോശകരമായ ഏര്‍പ്പാടാണ്‌...

അതുകൊണ്ടാണല്ലോ നമുക്കിടയില്‍ ചിലര്‍ "മലയാളത്തെ മലയാലമെന്നൊക്കെ വിശേഷിപ്പിക്കേണ്ടിവരുന്നത്‌

Joseph Antony said...

വിജയകുമാര്‍,
കാക്കര,
മനു,
അക്ബര്‍,
ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ പങ്കുവെച്ചതിലും സന്തോഷം. ഈ നാല് അഭിപ്രായങ്ങളിലും വിലപ്പെട്ട നാല് സമീപനങ്ങള്‍ ഞാന്‍ കാണുന്നു.

അധിനിവേശങ്ങള്‍ എല്ലാത്തരത്തിലും ശക്തിപ്രാപിക്കുമ്പോള്‍, ഭാഷ അതില്‍ നിന്ന് മുക്തമാകുന്നതെങ്ങനെ...വിജയകുമാര്‍ വിലപ്പെട്ട ഒരു വശമാണ് ഉന്നയിക്കുന്നത്. അധിനിവേശ ശക്തികളുടെ ആദ്യലക്ഷ്യം തന്നെ ലോകത്ത് പലയിടത്തും പ്രാദേശികഭാഷകളായിരുന്നു എന്നത് ചരിത്രപാഠമാണ്. ഭാഷയെന്നത് സംസ്‌കാരവും പ്രാദേശിക വിജ്ഞാനത്തിന്റെ പ്രകടനവുമാകുമ്പോള്‍, തീര്‍ച്ചയായും അധിനിവേശ ശക്തികളുടെ ആദ്യലക്ഷ്യം അത് തകര്‍ക്കലാകുക സ്വാഭാവികം മാത്രം.

കാക്കര ഉന്നയിക്കുന്നത് ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശമാണ്, തീര്‍ച്ചയായും ശ്രദ്ധേയം.

ഭാഷാസ്‌നേഹത്തിനിടയ്ക്ക് മറക്കാന്‍ പാടില്ലാത്ത വിലപ്പെട്ട ഒരു കാര്യമാണ്, അന്ധമായ ഭാഷാസ്‌നേഹം ഭാഷയെ രക്ഷിക്കില്ല എന്നത്. ഇക്കാര്യമാണ് മനു ചൂണ്ടിക്കാട്ടുന്നത്. അത് ഇംഗ്ലീഷിലായിപ്പോയി എന്നത് ഒരു അപരാധമായി കണക്കാക്കേണ്ടതില്ല. മലയാളമറിയാവുന്ന ഏതാണ്ടെല്ലാവര്‍ക്കും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷെഴുതാന്‍ സാധിക്കും. പക്ഷേ, മലയാളമറിയാവുന്ന എത്ര പേര്‍ക്ക് കമ്പ്യൂട്ടറില്‍ മലയാളമെഴുതാനറിയാം. ഈ കമന്റ് മംഗ്ലീഷിലെഴുതാന്‍ തുനിയാത്തതിന് അദ്ദേഹം പ്രശംസയര്‍ഹിക്കുന്നു എന്നാണെന്റെ അഭിപ്രായം.

മലയാളത്തെ മലയാളത്തില്‍ പിന്തുണയ്ക്കാത്തതിന് അക്ബര്‍ നടത്തിയ വിമര്‍ശനത്തിലെ ആത്മാര്‍ത്ഥതയും അവഗണിക്കാവുന്നതല്ല, നന്ദി.

-ജോസഫ് ആന്റണി

prasanna raghavan said...

നല്ല ചര്‍ച്ചകള്‍ വരട്ടെ ഈ പോസ്റ്റില്‍ എന്നാശംസിക്കുന്നു.

‘ഭാഷയെന്നത് സംസ്‌കാരവും പ്രാദേശിക വിജ്ഞാനത്തിന്റെ പ്രകടനവുമാകുമ്പോള്‍, തീര്‍ച്ചയായും അധിനിവേശ ശക്തികളുടെ ആദ്യലക്ഷ്യം അത് തകര്‍ക്കലാകുക സ്വാഭാവികം മാത്രം‘. ജോസഫിന്റെ ഈ അഭിപ്രായത്തോടു പൂറ്ണമായും യോജിക്കുമ്പോള്‍ തന്നെ അതിനൊടൂ കൂട്ടി വായിക്കേണ്ട ഒന്ന്,അതു മാതൃഭാഷാവിദ്യാഭ്യാസത്തെ മാത്രമല്ല ബാധിച്ചത്/ബാധിക്കുന്നത്. എന്നതാണ്.

ഇന്ത്യയില്‍ ഈ രംഗത്ത് എത്രമാത്രം നവോധാനം ഉണ്ടായി എന്നുള്ളതാണ് ഏറെ പ്രശ്നം. മിഷനാറിവിദ്യഭ്യാസം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ചുവടു പറ്റി നില്‍ക്കുന്നുവെന്നും അതു വഴി, പുരോഗതി സാധിക്കാം എന്നൊക്കെയുള്ള ധാരണകള്‍ ആണ് ഇന്നത്തെ മലയാളത്തെ നിഷേധിക്കുന്ന കുട്ടികളുടെയും വലിയവരുടെയും വിദ്യാഭ്യാസ ധാരണകളെ നിയന്ത്രിക്കുന്നതെന്നു കാണാം.

എന്നാല്‍ ഈ പാശ്ചാത്യ വിദ്യാഭ്യാസം തന്നെ തലകുത്തി നില്‍ക്കുന്ന ഒന്നാണ്, എന്നും അത് പണത്തിനും പാശ്ചാത്യമേല്‍കോയ്മക്കും മാത്രമായി വിദ്യാഭ്യാസത്തെ രൂപപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ് എന്ന് ആരും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല.

മലയാളം ഇഷ്ടമല്ല എന്നു പറയുന്ന പെണ്‍കുട്ടിയെയോ അവളുടെ ചുറ്റുമൂള്ള ലോകത്തെയോ ഈ നിലയില്‍ നമുക്കു കുറ്റം പറയാന്‍ കഴിയുമോ. രെഞിനിഹരിദാസ് മിന്നിത്തിളങ്ങുന്ന ഒരു ടി.വി താരമാണ്, അവളെ പോലെ എനിക്കും ആകണമെന്നാണ് കുട്ടിചിന്തിക്കുന്നത്.

ഏറ്റവും വിഷമകരമായ ഇതിന്റെ മറുവശം, മലയാളത്തെ തെറ്റുപറയുന്ന ഈ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്ന കുട്ടികളേ പോലെ ഇംഗ്ലീഷ് ഉപയോഗിക്കാന്‍ പറ്റുമോ. അപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥ.

ഇത്തരം കാര്യങ്ങളൊക്കെ വളരെ ഗൌരവപൂര്‍വം ചിന്തിക്കേണ്ട കാര്യങ്ങളാണ്.

അടിസ്ഥാനപര്‍മായി ഇതു വിദ്യാഭ്യസഫിലോസഫിയുടെ(ഫണ്ടമെന്റത്സ്) തന്നെ തെറ്റാണ്. ഇതിനെ കുറിച്ച് ഞാന്‍ എന്റെ ഒരു ബ്ലോഗില്‍ (അതിംഗ്ലീഷിലാണ്, മലയാളവും ഇംഗ്ലീഷും ഞാനൊരു പോലെ ഇഷ്ടപ്പെടുന്ന ഭാഷകളാണ്)എഴുതുന്നുണ്ട്. ഇവിടെ വായിക്കാം