Wednesday, June 25, 2008

സന്താനോത്‌പാദനാഹ്വാനം

നമ്മള്‍ രണ്ട്‌, നമുക്ക്‌ രണ്ട്‌. ആണൊന്ന്‌ പെണ്ണൊന്ന്‌. കാക്കയ്‌ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌. ആണിനെ മാക്‌സിമം സ്‌ത്രീധനവും എസ്‌റ്റേറ്റും പുതിയ ബ്രാന്‍ഡ്‌ കാറും വാങ്ങി കെട്ടിക്കുക. പെണ്ണിനെ നഴ്‌സാക്കി ജര്‍മനിയിലോ അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ അയച്ച്‌ പത്ത്‌ വിദേശനാണ്യം നേടുക. ഫോറിന്‍ പണംകൊണ്ട്‌ ബംഗ്ലാവ്‌ പണിയുക, എസ്റ്റേറ്റ്‌ വാങ്ങുക. അറുത്ത കൈയ്‌ക്ക്‌ സോഡിയംക്ലോറൈഡ്‌ തേയ്‌ക്കാതിരിക്കുക. ഞായറാഴ്‌ചകളിലും മറ്റ്‌ കടമുള്ള ദിവസങ്ങളിലും കൃത്യമായി പള്ളിയില്‍ പോവുക, കുര്‍ബാന കൈക്കൊള്ളുക. മാസത്തില്‍ കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും ബിഷപ്പുതിരുമേനിമാരുടെ ആഹ്വാനം കേട്ട്‌ ആവേശം കൊള്ളുക, സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രര്‍ഥന നടത്തുക, റാലിയില്‍ അണിനിരക്കുക- കേരളത്തിലെ ശരാശരി കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്‌.

സര്‍ക്കാരിനെതിരെയുള്ള ആഹ്വാനങ്ങളില്‍ മതിമറന്നിരിക്കുമ്പോഴാണ്‌ തിരുമേനിമാര്‍ പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്‌. ഉത്‌പാദനം വര്‍ധിപ്പിക്കൂ... ക്രിസ്‌ത്യാനികളുടെ വര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന്‌ കണ്ടില്ലേ. ഐ.യു.സി.എന്‍. പോലുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ഗത്തെ ചെമപ്പുപട്ടികയില്‍ പെടുത്തുംമുമ്പ്‌ രംഗത്തെത്തൂ, വംശത്തെ രക്ഷിക്കൂ. രണ്ടുകുട്ടികള്‍ മാത്രമുള്ളത്‌ ചാവുദോഷം പോലെയാണ്‌. മൂന്നോ അതിലധികമോ കൂടിയേ തീരൂ. കൂടുതല്‍ കുട്ടികളുണ്ടായാല്‍ പേടിക്കേണ്ട, ചെലവിന്‌ ഞങ്ങള്‍ തരും. സ്വാശ്രയകോളേജുകള്‍ എത്രയെണ്ണമാ ഉള്ളത്‌, ഫീസുകൂട്ടിയാല്‍ പോരേ. നാല്‌ കുട്ടികളുള്ള മാതാപിതാക്കളെ സ്റ്റേജില്‍ കൊണ്ടുവന്ന്‌ പട്ടുംവളയുമണിയിക്കും. അതില്‍ കൂടിയാല്‍ ലോട്ടറി അടിച്ചതിന്‌ തുല്ല്യം. അച്ചായന്‍മാര്‍ ഇങ്ങനെ മടിയന്‍മാരായാലോ, പണിയെടുക്കൂ... അല്‍പ്പം പ്രായമുള്ളവര്‍ക്കും ഇപ്പോള്‍ പ്രശ്‌നമില്ല, വയാഗ്രയെന്ന്‌ കേട്ടിട്ടില്ലേ. കോണ്ടത്തിനേ വത്തിക്കാന്റെയും ബുഷിന്റെയും വിലക്കുള്ളൂ, വയാഗ്രക്ക്‌ ഇല്ല.

തിരുമേനിമാരുടെ മറ്റ്‌ ആഹ്വാനങ്ങള്‍ പോലെയല്ല ഇത്‌. ഇനി മുതല്‍ ആരും കമ്മ്യൂണിസ്‌റ്റുകളാകരുത്‌ എന്നൊരു ഉത്തരവ്‌ കുറച്ചു നാള്‍മുമ്പ്‌ പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സംഖ്യ എത്ര കുറഞ്ഞുവെന്ന്‌ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷേ, ഇപ്പോഴത്തെ ആഹ്വാനത്തിന്റെ ഫലം പത്തുമാസം കഴിയുമ്പോള്‍ കൃത്യമായി അറിയാം. ക്രിസ്‌ത്യാനികളുടെ സംഖ്യ എത്ര വര്‍ധിച്ചുവെന്ന്‌ കണക്കെടുത്തു നോക്കിയാല്‍ മതി. ബിഷപ്പുമാരുടെ ആഹ്വാനപ്രകാരം എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പത്തുമാസം കഴിയുമ്പോള്‍ കേരളത്തിലെ നസ്രാണികളുടെ സംഖ്യ മൂന്നിലൊന്നെങ്കിലും കൂടണം. അതിനടുത്ത വര്‍ഷം മുന്നിലൊന്ന്‌. ജ്യോമട്രിക്കല്‍ വര്‍ധന. കുറഞ്ഞത്‌ അഞ്ചുവര്‍ഷംകൊണ്ട്‌ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ക്രിസ്‌ത്യാനികളാണ്‌ എന്ന സ്ഥിതി വരും, തകര്‍പ്പന്‍.

ഒരു കുഞ്ഞിന്‌ പോലും ജന്മം നല്‍കിയിട്ടില്ലാത്ത ബിഷപ്പുമാരും വൈദികരും, രണ്ട്‌ കുഞ്ഞുങ്ങളുള്ളവരോട്‌ കൂടുതല്‍ ഉത്‌പാദിപ്പിക്കാന്‍ പറയുന്നത്‌ എന്തു ന്യായം എന്ന്‌ ശങ്കിക്കുന്നവരുണ്ട്‌. ഏതായാലും ഇത്തരമൊരു ആഹ്വാനം നടത്തന്‍ ഏറ്റവും പറ്റിയ ആഗോളകാലാവസ്ഥയാണിപ്പോള്‍. ഇരുപതാംനൂറ്റാണ്ട്‌ ആരംഭിക്കുമ്പോള്‍ 165 കോടിയായിരുന്നു ലോകജനസംഖ്യ. ഇപ്പോള്‍ അത്‌ നാലിരട്ടി വര്‍ധിച്ച്‌ 670 കോടിയായിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്‌ മനുഷ്യരുടെ പെരുപ്പം. പെട്രോളിയവും ഭക്ഷണവും ആവശ്യത്തിനില്ല എന്ന സ്ഥിതിയിലേക്ക്‌ ലോകം അപകടകരമായി നീങ്ങിക്കഴിഞ്ഞിരിക്കുന്ന സമയത്തു തന്നെയാണ്‌ ബിഷപ്പ്‌ തിരുമേനിമാര്‍ക്ക്‌ ആഹ്വാനം നടത്താന്‍ തോന്നിയിരിക്കുന്നത്‌.

മാത്രമല്ല, രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയമപരമായി വിലക്കുള്ള രാജ്യമാണ്‌ ഇന്ത്യ. രണ്ടുകുട്ടി മതിയെന്നത്‌ ദേശീയനയമാണ്‌. ഇന്ത്യയെപ്പോലൊരു രാജ്യത്തിന്‌ ഇനി ജനപ്പെരുപ്പം താങ്ങാന്‍ കഴിയില്ല എന്നത്‌ യാഥാര്‍ഥ്യമായിരിക്കെ, സന്താനോത്‌പാദനം വര്‍ധിപ്പിക്കാന്‍ തിരുമേനിമാര്‍ നടത്തിയ ആഹ്വാനം ദേശവിരുദ്ധമെന്ന്‌ വിശേഷിപ്പിക്കാമോ. തികച്ചും മതേതരമായ ഭരണഘടനയുള്ള രാജ്യത്ത്‌, 'ജീവന്‌ ജാതിയുണ്ടോ' എന്ന പ്രസക്തമായ ഒരു ചോദ്യം പാഠപുസ്‌തകത്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ ബിഷപ്പുതിരുമേനിമാര്‍ പ്രക്ഷോഭം നയിക്കുകയാണ്‌, സര്‍ക്കാരിനെതിരെ. പക്ഷേ, അവര്‍ നടത്തിയ ദേശവിരുദ്ധ ആഹ്വാനത്തിനെതിരെ, അമേരിക്കന്‍ വിസ പോലും കിട്ടാത്ത കുമ്മനം രാജശേഖരനല്ലാതെ ഒരു കുഞ്ഞുപോലും മിണ്ടിക്കണ്ടില്ല.

ആഗോളകാലാവസ്ഥ മോശമാണെങ്കിലും, കേരളത്തിലെ ഏത്‌ കാലാവസ്ഥയില്‍ വേണം സന്താനോത്‌പാദനാഹ്വാനം നടത്താന്‍ എന്ന്‌ തിരുമേനിമാര്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. കലവര്‍ഷാരംഭത്തില്‍ തന്നെ വേണം അത്‌. ആനകള്‍ക്കു പോലും മദപ്പാടിളകുന്ന കാലമല്ലേ. അപ്പോള്‍ നസ്രാണികള്‍ക്ക്‌ അത്‌ ഇളകാതിരിക്കുമോ. സുഖകരമായ ഈ മഴക്കാലത്തല്ലാതെ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം എപ്പോഴാണ്‌ നടത്തേണ്ടത്‌. സ്‌കൂള്‍ തുറന്ന സമയത്ത്‌, ഉള്ള കുട്ടികളെ പഠിപ്പിക്കാനും പ്രോജക്ട്‌ വര്‍ക്ക്‌ ചെയ്യിക്കാനുമൊക്കെ രക്ഷിതാക്കള്‍ പെടാപ്പാടുപെടുന്നതിന്‌ ഇടയ്‌ക്കിത്തിരി എന്റര്‍ടെയിന്‍മെന്റും ആയിക്കോട്ടെ എന്ന്‌ കരുതിയതിന്‌ തിരുമേനിമാരെ കുറ്റം പറയാനൊക്കുമോ.

സഹൃയനായ ഒരു വൈദികനോട്‌ (ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണ്‌) ഇതിന്റെ ഗുഡ്ഡന്‍സ്‌ അന്വേഷിച്ചു. 'ഓ അതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു, പുതിയ അച്ചന്‍മാരും കന്യാസ്‌ത്രീകളും വേണ്ടേ. അല്ലെങ്കില്‍ സഭ നാമാവശേഷമായിപ്പോവില്ലേ. രണ്ടു കുട്ടികള്‍ മാത്രമുള്ള ആരെങ്കിലും ഒരെണ്ണത്തെ കന്യാസ്‌ത്രീയോ അച്ചനോ ആകാന്‍ വിടുമോ. വലിയ പ്രതിസന്ധിയല്ലേ. അത്‌ മറികടക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല, കുട്ടികളുടെ സംഖ്യ വര്‍ധിപ്പിക്കുകയല്ലാതെ. അങ്ങനെയുണ്ടായില്ലെങ്കില്‍, വൈദികരില്ലാത്തതിനാല്‍ യൂറോപ്പിലെ ഇടവകകളിലെ പല പ്രാര്‍ഥനകളും വത്തിക്കാന്‍ ഫിലപ്പീന്‍സിലേക്കും കൊച്ചിയിലേക്കും ഔട്ട്‌സോഴ്‌സിങ്‌ നടത്തുന്ന സ്ഥിതിവിശേഷം ഇവിടെയും വരില്ലേ. അതുകൊണ്ട്‌ പോയി ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'-ഈ മറുപടിയില്‍ എല്ലാം ഉണ്ട്‌.

3 comments:

Joseph Antony said...

ആഗോളകാലാവസ്ഥ മോശമാണെങ്കിലും, കേരളത്തിലെ ഏത്‌ കാലാവസ്ഥയില്‍ വേണം സന്താനോത്‌പാദനാഹ്വാനം നടത്താന്‍ എന്ന്‌ തിരുമേനിമാര്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. കലവര്‍ഷാരംഭത്തില്‍ തന്നെ വേണം അത്‌. ആനകള്‍ക്കു പോലും മദപ്പാടിളകുന്ന കാലമല്ലേ. അപ്പോള്‍ നസ്രാണികള്‍ക്ക്‌ അത്‌ ഇളകാതിരിക്കുമോ. സുഖകരമായ ഈ മഴക്കാലത്തല്ലാതെ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം എപ്പോഴാണ്‌ നടത്തേണ്ടത്‌.

Unknown said...

2കുട്ടികള്‍ക്കു ഫീസ് കൊടുക്കാന്‍ താലി മാല ഊരുന്ന
സാധാരണക്കാരുടെ വിഷമം വല്ലതും അരമനയില്‍ വാഴുന്ന തിരുമേനിമാര്‍ അറിയുന്നു?

Unknown said...

“കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ പതിനായിരം രൂപ പിഴ ഈടാക്കണമെന്ന നിയമ പരിഷ്കരണ സമിതി നിര്‍ദ്ദേശം അപഹാസ്യവും ചരിത്രബോധമില്ലാത്തതുമാണ്. ജനസംഖ്യാനിയന്ത്രണം കാര്യക്ഷമമാക്കിയ സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജപ്പാനുമെല്ലാം സന്താനവര്‍ദ്ധനവിന്‌ ഗ്രാന്റ്‌ പ്രഖ്യാപിക്കുകയാണിന്ന്‌. യുവാക്കളുടെയും കുട്ടികളുടെയും ത്റ്പ്തികരമായ സാന്നിധ്യവും മനുഷ്യശേഷിയുടെ വര്‍ദ്ധനവും വികസനത്തിന്റെയും ആരോഗ്യമുളള സാമൂഹിക ക്രമത്തിന്റെയും അനിവാര്യതയാണ്. ഇങ്ങനെയുളള തിരിച്ചറിവുകള്‍ വ്യാപകമായികൊണ്ടിരിക്കുന്ന കാലത്ത്‌ സന്താന നിയന്ത്രണങ്ങള്‍ പോലെയുളള പഴഞ്ചന്‍ ആശയങ്ങള്‍ക്ക്‌ നിയമ പരിരക്ഷ നല്‍കാനുളള നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയല്ലെന്ന്‌ വ്യക്തമാണ്. കുട്ടികള്‍ എത്രവേണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ സ്വീകരിക്കുന്നതും നിയമ നിര്‍മാണം നടത്തുന്നതും വ്യക്തി സ്വാതന്ത്രത്തിനുമേലുളള കയ്യേറ്റമാണ്‌. കുട്ടികള്‍ ജനിക്കുന്നത്‌ ക്രിമിനല്‍ കുറ്റമായി
വിലയിരുത്തുന്ന നിയമ പരിഷ്കരണ സമിതിയുടെ മൂല്യബോധം ധാര്‍മികതയുളള ആരെയും അത്ഭുതപ്പെടുത്തും. സാമ്പത്തിക ക്രമീകരണത്തിന്റയും മനുഷ്യ വികസനപ്രശ്നങ്ങളുടെ പരിഹാരത്തിന്റെയും പേരില്‍ മനുഷ്യന്റെ സഹജപ്രകൃതത്തെപ്പോലും നിരാകരിക്കുന്ന നിയമങ്ങള്‍ നീതിയുടെ പക്ഷത്തല്ല. ഭൂമിയിലെ വിഭവങ്ങള്‍ കുറച്ച്‌ പേര്‍ക്കു‌ മാത്രം സുഖിക്കാനുളളതെന്ന ഭൌതിക കാഴ്ചപ്പാടിന്റെ സന്തതിയാണത്‌. ആത്മീയ ഉളളടക്കമില്ലാത്ത തലതിരിഞ്ഞ വികസന സങ്കല്‍പത്തിന്റെ വിചിത്രമായ സ്രഷ്ടിയാണ്‌ നിയമപരിഷ്കരണ സമിതിയുടെ ശിപാര്‍ശ.“