Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Tuesday, December 23, 2008

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ പുതുജീവന്‍

അനോണി ആന്റണിയുടെ ബ്ലോഗില്‍ 'പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍' എന്ന കുറിപ്പ്‌ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ്‌ ഇവിടെ കുറിക്കുന്നത്‌.....

അനുഭവത്തിന്റെ പിന്തുണയില്ലാതെയുള്ള ജ്ഞാനം ഒരാളെ എങ്ങനെ അബദ്ധങ്ങളിലേക്ക്‌ നയിക്കാം എന്നും, വിദ്യാഭ്യാസം എന്തുകൊണ്ട്‌ പാഠപുസ്‌തകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌ യഥാര്‍ഥ ലോകത്തേക്ക്‌ വിദ്യാര്‍ഥികളെ നയിക്കണം എന്നുമാണ്‌ അനോണി ആന്റണി തന്റെ പോസ്‌റ്റില്‍ സരസമായി പറഞ്ഞിരിക്കുന്നത്‌. പഠനം ഇനാക്ടീവ്‌ ആകുമ്പോള്‍ 'മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാവുകയും ചെയ്യുന്നതെ'ങ്ങനെയെന്ന്‌ അദ്ദേഹം കാട്ടിത്തരുന്നു. 'സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നത്‌ തന്നെയാണ്‌'-അനോണി ആന്റണി പറയുന്നു.

കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വസ്‌തുതകളാണ്‌ ഈ പോസ്‌റ്റില്‍ അവതരിപ്പിക്കപ്പെടുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട്‌ തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ്‌ ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്‌കൂളുകളില്‍ പഠിക്കുന്നു, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളുടെ ഗതിയെന്ത്‌? ഇതാണ്‌ സംശയം.

അനോണി ആന്റണിയുടെ മറുപടി ഇങ്ങനെ: 'നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്‌ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്‌കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പുവെള്ളത്തിലാണോ കിണര്‍വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്‌, എന്തുകൊണ്ട്‌ ?

(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന്‌ കണ്ടുപിടിക്കുക.
കൂടുതല്‍ അടുത്താല്‍ എന്താണ്‌ സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്‌നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്‌ക്കലിന്റെ വേഗവും മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ ?

ഇങ്ങനെ പോകുന്നു അവിടുത്തെ കുട്ടികളുടെ പ്രോജക്ടുകള്‍.

അത്രയൊന്നും ഫീസ്‌ കൊടുക്കാതെ കിട്ടുന്നതുകൊണ്ട്‌ ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?'

കോഴിക്കോട്ടെ സാമാന്യം പേര്‌ കേട്ട ഒരു പ്രൈവറ്റ്‌സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥിയായ എന്റെ മൂത്തമകള്‍, കഴിഞ്ഞ ഒരുമാസമായി ആശങ്കയിലും വേവലാതിയിലുമാണ്‌. കാരണം, ബാലവേലയെക്കുറിച്ച്‌ ഒരു പ്രോജക്ട്‌ തയ്യാറാക്കണം. എവിടെ നിന്ന്‌ വിവരങ്ങള്‍ കിട്ടും, കഥ വേണം, കവിത വേണം, എഡിറ്റോറിയല്‍ എഴുതണം.... ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആ പ്രോജക്ട്‌ സെമിനാര്‍ ആയി അവതരിപ്പിക്കുകയും വേണം. ടീച്ചറോട്‌ അവള്‍ സംശയം ചോദിച്ചു, എങ്ങനെയാണ്‌ സെമിനാര്‍ അവതരിപ്പിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ പക്ഷേ, ടീച്ചര്‍ക്കും വലിയ പിടിയില്ല.

യഥാര്‍ഥ പ്രശ്‌നം ടീച്ചര്‍ക്ക്‌ ഈ പുതിയ പാഠ്യക്രമം അഭ്യസിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നതാണ്‌. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌, 'മതമില്ലാത്ത ജീവന്റെ'യും മറ്റും പേര്‌ പറഞ്ഞ്‌ സ്വന്തം സ്‌കൂളുകളിലെ അധ്യാപകരെ പുതിയ പാഠക്രമത്തിനായുള്ള പരിശീലനത്തിന്‌ വിടുകയോ, അധ്യാപകര്‍ക്ക്‌ അതിനുള്ള പ്രാപ്‌തി നേടിക്കൊടുക്കയോ ചെയ്‌തിട്ടില്ല. അധ്യാപകര്‍ നിസ്സഹായരാണ്‌. രക്ഷിതാവെന്ന നിലയ്‌ക്ക്‌ ഞങ്ങള്‍ക്കും ഇത്‌ സംബന്ധിച്ച്‌ ആശങ്കയുണ്ടാവാതെ തരമില്ലല്ലോ.

കഴിഞ്ഞ ദിവസം, കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്ബിന്‌ കീഴിലെ ഇന്റസ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസ (ഐ.സി.ജെ) ത്തില്‍, പ്രോജക്ട്‌ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്ന വേളയില്‍ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച പ്രശ്‌നം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ പുതുജീവന്‍ നല്‍കിയിരിക്കുന്നു എന്നതാണ്‌ വിഷയം.

പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ, പേരുകേട്ട സ്വകാര്യവിദ്യാലയങ്ങളിലെക്കാള്‍ നിലവാരമുള്ളവയായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയിരിക്കുന്നു എന്നാണ്‌ ആ വിദ്യാര്‍ഥിനി വാദിച്ചത്‌. കാരണം, സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച്‌ നല്ല പരിശീലനം കിട്ടിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ, ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വിദ്യാലയത്തിന്റെ നിലവാരം സംബന്ധിച്ച്‌ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറുകയാണ്‌, താമസിയാതെ സര്‍ക്കാര്‍ സ്‌കൂളായാലും വലിയ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്ന സ്വകാര്യസ്‌കൂളാണെങ്കിലും നിലവാരത്തില്‍ വലിയ മാറ്റമില്ലെന്ന്‌ വരും. ഒരു നിശബ്ദവിപ്ലവമാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ അവള്‍ ചൂണ്ടിക്കാട്ടിയത്‌.

അമേരിക്കയില്‍ പെന്‍സില്‍വാനിയ, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡിയിലും താമസിക്കുന്ന ഒരുവിഭാഗം ക്രിസ്‌ത്യന്‍ അനുഷ്‌ഠാനസംഘക്കാരുണ്ട്‌. അമീഷ്‌ വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ഈ കൂട്ടര്‍, ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും സ്വന്തം ജീവിത്തില്‍ നിന്ന്‌ തിരസ്‌ക്കരിച്ചവരാണ്‌. ജേക്കബ്ബ്‌ അമ്മാനയെന്നയാള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം രൂപം നല്‍കിയ ഈ മതവിഭാഗത്തില്‍ ഇപ്പോഴത്തെ അംഗസംഖ്യ 2,27000 വരുമെന്നാണ്‌ കണക്ക്‌.

ഇവര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല, കുതിരവണ്ടി മാത്രം. ആധുനികവൈദ്യശാസ്‌ത്രമോ കൃഷിരീതികളോ ഒന്നും അടുപ്പിക്കില്ല. ഒരു ചെവിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെവിട്‌ കൂടി കാട്ടിക്കൊടുക്കും (ഇവരുടെ ജീവിതരീതിയെപ്പറ്റി ഏകദേശ ധാരണ ലഭിക്കാന്‍ ഒരു കുറുക്കുവഴി- ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായ 'വിറ്റ്‌നെസ്സ്‌' എന്ന ഹോളിവുഡ്‌ ചിത്രം കാണുക). കുട്ടികളെ എട്ടാംക്ലാസ്‌ വരെയേ വിദ്യാഭ്യാസം ചെയ്യിക്കൂ. ഒരാള്‍ക്ക്‌ അമീഷ്‌ ജീവിതരീതി പിന്തുടരാന്‍ ഇത്‌ മതി എന്നതാണ്‌ അവരുടെ നിലപാട്‌.

കൃഷിയും കാലിവളര്‍ത്തലുമാണ്‌ ഇവരുടെ മുഖ്യതൊഴിലെങ്കിലും, ഇവരുടെ മുഖ്യവരുമാന മാര്‍ഗം അതല്ല. ആധുനിക സങ്കേതങ്ങള്‍ ജീവത്തില്‍ നിന്ന്‌ തിരസ്‌കരിച്ച ഇവര്‍ക്ക്‌ വരുമാനം നല്‍കുന്നത്‌, അതേ ആധുനിക ജീവിതരീതി മൂലമുണ്ടാകുന്ന മനുഷ്യന്റെ പരിമിതിയാണ്‌. ന്യൂയോര്‍ക്ക്‌, ലോസ്‌ ആഞ്‌ജലിസ്‌ തുടങ്ങിയ മഹാനഗരങ്ങളില്‍ വളരുന്ന കുട്ടികള്‍ കാലികളെ കണ്ടിട്ടില്ല, പാലോ മുട്ടയോ എങ്ങനെയാണ്‌ ലഭിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ല, ഗോതമ്പ്‌ വിളയുന്നതോ കൊയ്യുന്നതോ കണ്ടിട്ടില്ല.

ഇവ നേരിട്ട്‌ പഠിക്കാന്‍ വേണ്ടി ആ മഹാനഗരങ്ങളിലെ രക്ഷതാക്കള്‍, അവധിക്കാലത്ത്‌ സ്വന്തം മക്കളെ അമീഷ്‌ ഗ്രാമങ്ങളില്‍ കൊണ്ട്‌ താമസിപ്പിക്കും. അവിടെയെത്തിയാല്‍ കുട്ടികള്‍ വിതയ്‌ക്കാനും കൊയ്യാനും പോകണം, കറക്കാനും കാലിമേയ്‌ക്കാനും പോകണം, പശുക്കളുടെ പ്രസവമെടുക്കണം-അങ്ങനെ ഗ്രാമത്തില്‍ എല്ലാവര്‍ക്കുമൊപ്പം അധ്വാനിക്കണം. ഇത്‌ പക്ഷേ, സൗജന്യമല്ല, കുട്ടികളെ അങ്ങനെ താമസിപ്പിക്കാന്‍ രക്ഷിതാക്കള്‍ വന്‍ഫീസ്‌ അമീഷ്‌ ഗ്രാമീണര്‍ക്ക്‌ നല്‍കണം. ഗ്രാമീണരുടെ മുഖ്യവരുമാനമാര്‍ഗം ഇങ്ങനെയെത്തുന്ന കുട്ടികളാണ്‌.

കേരളത്തിലെ പുതിയ സ്‌കൂള്‍ പഠ്യക്രമത്തെക്കുറിച്ച്‌ ആവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്ക്‌, ഈ അമീഷ്‌ വരുമാനം എന്താണ്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌. അനോണി ആന്റണി പറയുന്നു, "പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട്‌ എഴുതട്ടെ, പിഞ്ചുവാഴക്കുല വെട്ടി കഞ്ഞിക്ക്‌ കൂട്ടാന്‍ വയ്‌ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട്‌ വിറ്റുവരവ്‌ കണക്ക്‌ പുസ്‌കത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്ത്‌ വിളയിറക്കണം എന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്‌സും മാനേജ്‌മെന്റും അവര്‍ പഠിക്കാന്‍".

വാല്‍ക്കഷണം: രണ്ട്‌ വര്‍ഷം മുമ്പ്‌ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ മേധാവി കേരളത്തിലെത്തി. ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, `ചെടികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള ബോട്ടണി ബിരുദധാരികളെ നാട്ടില്‍ കിട്ടാനില്ല എന്നതാണ്‌ ബൊട്ടാണിക്കല്‍ സര്‍വെ അനുഭവിക്കുന്ന പ്രതിസന്ധി'. എന്നാല്‍, ബോട്ടണി ബിരുദധാരികള്‍ക്ക്‌   നാട്ടില്‍ കുറവൊന്നുമില്ല !

Monday, June 23, 2008

പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍

ആധുനികശാസ്‌ത്രം ഇതുവരെ ദൈവത്തിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടില്ല. ഇക്കാണുന്നതു മുഴുവന്‍ ദൈവസൃഷ്ടിയാണെന്ന്‌ മതഗ്രന്ഥങ്ങള്‍ പറയുന്നതിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. ആ നിലയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഏത്‌ ശാഖയും മതവിരുദ്ധവും വിശ്വാസങ്ങള്‍ക്കെതിരും ആണെന്ന്‌ വാദിക്കാം. ശാസ്‌ത്ര പാഠപുസ്‌തകങ്ങളെയും ആ ഗണത്തില്‍ പെടുത്താം. എന്നാല്‍, മതവിരുദ്ധമാണ്‌ അതിനാല്‍ ശാസ്‌ത്രം സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്നോ, ശാസ്‌ത്രത്തില്‍ ആരും ബിരുദമെടുക്കരുതെന്നോ ഇന്നുവരെ ഒരു മതമേധാവിയും കേരളത്തില്‍ പ്രസ്‌താവിച്ചിട്ടില്ല.

എന്നാലിപ്പോള്‍, ഏഴാംകൂലിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഏഴാംക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍, കാക്കക്കൂട്ടില്‍ കല്ലെറുയുമ്പോള്‍ നടക്കുന്ന സംഗതി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. 'ജീവന്‌ ജാതിയുണ്ടോ', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ ചില ആശയങ്ങള്‍ ആ പാഠപുസ്‌തകത്തിലെ ഒരു പാഠത്തില്‍ ഉന്നയിക്കുന്നതാണ്‌ മതനേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഈ പ്രശ്‌നത്തെ സര്‍ക്കാരും ഒരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി, എന്താണ്‌ ഈ പാഠങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ല. 'ഇരയ്‌ക്കൊപ്പം ഓടുകയും സിംഹത്തിനൊപ്പം വേട്ടയാടുകയും ചെയ്യുക'യെന്ന നയമാണ്‌ മാധ്യമങ്ങള്‍ പിന്തുടരുന്നത്‌.

അതിനിടെ, കഴിഞ്ഞ ഞായറാഴ്‌ചത്തെ (22ജൂണ്‍2008) 'വിശേഷാല്‍പ്രതി'(മാതൃഭൂമി)യില്‍, ഈ പ്രശ്‌നം വളരെ സമഗ്രതയില്‍ 'ഇന്ദ്രന്‍' പരിഗണയ്‌ക്കെടുത്തിരിക്കുന്നു. `ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ? ഇതംഗീകരിക്കാന്‍ പറ്റുമോ? പറ്റും-മനുഷ്യന്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ ചേരുകയാണെങ്കില്‍ മാത്രം.....മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അത്‌ മതവിരുദ്ധമാണ്‌, കമ്മ്യൂണിസമാണ്‌`നിശിതമായ പതിവുരീതിയില്‍ തന്നെ വിശേഷാല്‍പ്രതി ഇക്കാര്യം അവതരിപ്പിക്കുന്നു.

പാഠപുസ്‌തക വിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം വിശേഷാല്‍പ്രതി. ലിങ്ക്‌ ഇവിടെ.