Saturday, February 19, 2011

കോണ്‍ഗ്രസ്സുകാര്‍ക്കെന്താ സാംസ്‌കാരിക പരിപാടി പാടില്ലേ!!

ക്ഷമിക്കണം, 'സംസ്‌കാരമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഞാനെന്റെ റിവോള്‍വര്‍ തേടുന്നു' എന്ന് പ്രസ്താവിച്ച ജനറല്‍ ഗോറിങിനെ (ഹിറ്റ്‌ലറുടെ ജനറല്‍) മനസില്‍ ധ്യാനിച്ചുകൊണ്ട് ഈ പോസ്റ്റിവിടെ പതിക്കുന്നു. കേന്ദ്രം ഭരിക്കുന്ന മുന്നണിയിലെ ഒരു പ്രമുഖ നേതാവ് (രാജ) ഇന്നലെ തീഹാര്‍ ജയിലില്‍ വെറും തറയില്‍ കിടന്നാണുറങ്ങിയത്. കേന്ദ്രത്തില്‍ ഇങ്ങനെയായാല്‍ കേരളം പിന്നിലാകാന്‍ പാടില്ലല്ലോ. ഇവിടെയൊരു യു.ഡി.എഫ്. നേതാവ് ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പയറും കഞ്ഞിയും സുഭക്ഷിതമായി കഴിച്ചുറങ്ങി.

താന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജയിലില്‍ പോകുന്നതെന്ന് കേരളത്തിലെ നേതാവ് പ്രസ്താവിച്ചപ്പോള്‍ (സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാണ് എന്ന് പറയാത്തത് നമ്മുടെ ഭാഗ്യം), പാവം രാജ അത്തരം അവകാശവാദമൊന്നുമുന്നയിക്കാതെ തന്നെ തറയില്‍ കിടന്നുറങ്ങി. സ്ഥലം ഡല്‍ഹിയായതിനാല്‍ കൊതുകു ശല്യം കുറവായിരുന്നിരിക്കണം.

ഘടകകക്ഷി നേതാക്കള്‍ക്ക് ഇങ്ങനെയൊക്കെ ആകാമെങ്കില്‍, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്കെന്താ പാടില്ലേ എന്ന് ഏതെങ്കിലും പാവം കോണ്‍ഗ്രസ് നേതാവ് ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. ഉത്തര്‍പ്രദേശില സഹരന്‍പൂരില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്താന്‍.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റിത ബഹുഗുണ ജോഷിക്ക് സ്വീകരണം നല്‍കാന്‍ മുന്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഗാജെ സിംഗ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍, സ്വീകരണം നടക്കും മുമ്പ് കുറെ ബാര്‍ ഗേള്‍സ് നൃത്തം വെച്ചു. അതാണ് പ്രശ്‌നം. തീര്‍ച്ചയായും നൃത്തം മോശമൊന്നുമായിരുന്നില്ല. എല്ലാ നര്‍ത്തകികളും പ്രൊഫഷണലുകള്‍ തന്നെയായിരുന്നു. പിന്നെയെന്താണ് കുഴപ്പമെന്ന് മനസിലാകുന്നില്ല.

ഇപ്പോഴിതാ തനിക്ക് സ്വാഗതമേകിയവര്‍ക്ക് പ്രദേശ് കമ്മറ്റി പ്രസിഡന്റ് തന്നെ വിശദീകരണമാവശ്യപ്പെട്ട് ഷോകേസ് നോട്ടീസ് അയച്ചിരിക്കുന്നു. ഒരു നല്ലകാര്യം ഇക്കാലത്ത് പാടില്ല എന്ന് പറയുന്നത് എത്ര സത്യം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും ഇപ്പോള്‍ പറയുന്നത്, ഞങ്ങളൊക്കെ സ്വീകരണ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പാപചിന്തയോടെ ബാര്‍ഗേള്‍സിന്റെ നൃത്തം കണ്ടില്ലെന്നും, അങ്ങനെയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലില്ലെന്നുമാണ്. നൃത്തത്തില്‍ പങ്കെടുത്ത ബാര്‍ഗേള്‍സ് എല്ലാം, അല്‍പ്പ വസ്ത്രധാരികളായിരുന്നതിനാല്‍, അത് ഗാന്ധിയന്‍ ആദര്‍ശത്തില്‍ പ്രചോദിതമായ എന്തോ പരിപാടിയാണെന്ന് കരുതിയത്രേ!

വേണമെങ്കില്‍ ഇതൊരു മാതൃകയായി മറ്റ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ക്കും സ്വീകരിക്കാവുന്നതാണ്. ഐ.പി.എല്‍.ഇത്രയും പ്രചോദനമാകാന്‍ കാരണം ചിയര്‍ഗേള്‍സ് ആണെന്ന്, ക്രിക്കറ്റ് വിരോധിയായ ഒരാള്‍ ഈയിടെ പറയുന്നത് കേട്ടു. അതുപോലെ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ എന്തുകൊണ്ട് ബാര്‍ഗേള്‍സ് ആയിക്കൂടാ!

1 comment:

Joseph Antony said...

ഒരു നല്ലകാര്യം ഇക്കാലത്ത് പാടില്ല എന്ന് പറയുന്നത് എത്ര സത്യം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും ഇപ്പോള്‍ പറയുന്നത്, ഞങ്ങളൊക്കെ സ്വീകരണ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പാപചിന്തയോടെ ബാര്‍ഗേള്‍സിന്റെ നൃത്തം കണ്ടില്ലെന്നും, അങ്ങനെയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലില്ലെന്നുമാണ്. നൃത്തത്തില്‍ പങ്കെടുത്ത ബാര്‍ഗേള്‍സ് എല്ലാം, അല്‍പ്പ വസ്ത്രധാരികളായിരുന്നതിനാല്‍, അത് ഗാന്ധിയന്‍ ആദര്‍ശത്തില്‍ പ്രചോദിതമായ എന്തോ പരിപാടിയാണെന്ന് കരുതിയത്രേ!