അനോണി ആന്റണിയുടെ ബ്ലോഗില്‍ 'പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍' എന്ന കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ് ഇവിടെ കുറിക്കുന്നത്.....
അനുഭവത്തിന്റെ പിന്തുണയില്ലാതെയുള്ള ജ്ഞാനം ഒരാളെ എങ്ങനെ അബദ്ധങ്ങളിലേക്ക് നയിക്കാം എന്നും, വിദ്യാഭ്യാസം എന്തുകൊണ്ട് പാഠപുസ്തകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് യഥാര്‍ഥ ലോകത്തേക്ക് വിദ്യാര്‍ഥികളെ നയിക്കണം എന്നുമാണ് അനോണി ആന്റണി തന്റെ പോസ്റ്റില്‍ സരസമായി പറഞ്ഞിരിക്കുന്നത്. പഠനം ഇനാക്ടീവ് ആകുമ്പോള്‍ 'മൂലം മരവിക്കുകയും നെപ്പോളിയന് കുതിരയാവുകയും ചെയ്യുന്നതെ'ങ്ങനെയെന്ന് അദ്ദേഹം കാട്ടിത്തരുന്നു. 'സ്കൂള്‍ കുട്ടികള്‍ക്ക് ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നത് തന്നെയാണ്'-അനോണി ആന്റണി പറയുന്നു.
കേരളത്തിലെ സ്കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്മം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വസ്തുതകളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കപ്പെടുന്നത്. കുട്ടികള്‍ക്ക് പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട് തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ് ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്കൂളുകളില്‍ പഠിക്കുന്നു, സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളുടെ ഗതിയെന്ത്? ഇതാണ് സംശയം.
അനോണി ആന്റണിയുടെ മറുപടി ഇങ്ങനെ: 'നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:
പച്ചക്കറി വിത്തുകള്‍ ടാപ്പുവെള്ളത്തിലാണോ കിണര്‍വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്, എന്തുകൊണ്ട് ?
(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ് നടേണ്ടതെന്ന് കണ്ടുപിടിക്കുക.
കൂടുതല്‍ അടുത്താല്‍ എന്താണ് സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ് പ്രശ്നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്ക്കലിന്റെ വേഗവും മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ ?
ഇങ്ങനെ പോകുന്നു അവിടുത്തെ കുട്ടികളുടെ പ്രോജക്ടുകള്‍.
അത്രയൊന്നും ഫീസ് കൊടുക്കാതെ കിട്ടുന്നതുകൊണ്ട് ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?'
കോഴിക്കോട്ടെ സാമാന്യം പേര് കേട്ട ഒരു പ്രൈവറ്റ്സ്കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥിയായ എന്റെ മൂത്തമകള്‍, കഴിഞ്ഞ ഒരുമാസമായി ആശങ്കയിലും വേവലാതിയിലുമാണ്. കാരണം, ബാലവേലയെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കണം. എവിടെ നിന്ന് വിവരങ്ങള്‍ കിട്ടും, കഥ വേണം, കവിത വേണം, എഡിറ്റോറിയല്‍ എഴുതണം.... ക്രിസ്മസ് അവധി കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ പ്രോജക്ട് സെമിനാര്‍ ആയി അവതരിപ്പിക്കുകയും വേണം. ടീച്ചറോട് അവള് സംശയം ചോദിച്ചു, എങ്ങനെയാണ് സെമിനാര്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് പക്ഷേ, ടീച്ചര്‍ക്കും വലിയ പിടിയില്ല.
യഥാര്‍ഥ പ്രശ്നം ടീച്ചര്‍ക്ക് ഈ പുതിയ പാഠ്യക്രമം അഭ്യസിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നതാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റ്, 'മതമില്ലാത്ത ജീവന്റെ'യും മറ്റും പേര് പറഞ്ഞ് സ്വന്തം സ്കൂളുകളിലെ അധ്യാപകരെ പുതിയ പാഠക്രമത്തിനായുള്ള പരിശീലനത്തിന് വിടുകയോ, അധ്യാപകര്‍ക്ക് അതിനുള്ള പ്രാപ്തി നേടിക്കൊടുക്കയോ ചെയ്തിട്ടില്ല. അധ്യാപകര്‍ നിസ്സഹായരാണ്. രക്ഷിതാവെന്ന നിലയ്ക്ക് ഞങ്ങള്‍ക്കും ഇത് സംബന്ധിച്ച് ആശങ്കയുണ്ടാവാതെ തരമില്ലല്ലോ.
കഴിഞ്ഞ ദിവസം, കോഴിക്കോട് പ്രസ്സ്ക്ലബ്ബിന് കീഴിലെ ഇന്റസ്റ്റിട്ട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസ (ഐ.സി.ജെ) ത്തില്‍, പ്രോജക്ട് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്ന വേളയില്‍ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച പ്രശ്നം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുതുജീവന്‍ നല്കിയിരിക്കുന്നു എന്നതാണ് വിഷയം.
പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ, പേരുകേട്ട സ്വകാര്യവിദ്യാലയങ്ങളിലെക്കാള്‍ നിലവാരമുള്ളവയായി സര്‍ക്കാര്‍ സ്കൂളുകള്‍ മാറിയിരിക്കുന്നു എന്നാണ് ആ വിദ്യാര്‍ഥിനി വാദിച്ചത്. കാരണം, സര്‍ക്കാര്‍ സ്കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച് നല്ല പരിശീലനം കിട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ, ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വിദ്യാലയത്തിന്റെ നിലവാരം സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറുകയാണ്, താമസിയാതെ സര്‍ക്കാര്‍ സ്കൂളായാലും വലിയ ഫീസ് കൊടുത്ത് പഠിക്കുന്ന സ്വകാര്യസ്കൂളാണെങ്കിലും നിലവാരത്തില്‍ വലിയ മാറ്റമില്ലെന്ന് വരും. ഒരു നിശബ്ദവിപ്ലവമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അവള് ചൂണ്ടിക്കാട്ടിയത്.
അമേരിക്കയില്‍ പെന്‍സില്‍വാനിയ, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡിയിലും താമസിക്കുന്ന ഒരുവിഭാഗം ക്രിസ്ത്യന്‍ അനുഷ്ഠാനസംഘക്കാരുണ്ട്. അമീഷ് വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ഈ കൂട്ടര്, ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും സ്വന്തം ജീവിത്തില്‍ നിന്ന് തിരസ്ക്കരിച്ചവരാണ്. ജേക്കബ്ബ് അമ്മാനയെന്നയാള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം രൂപം നല്കിയ ഈ മതവിഭാഗത്തില്‍ ഇപ്പോഴത്തെ അംഗസംഖ്യ 2,27000 വരുമെന്നാണ് കണക്ക്.
ഇവര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല, കുതിരവണ്ടി മാത്രം. ആധുനികവൈദ്യശാസ്ത്രമോ കൃഷിരീതികളോ ഒന്നും അടുപ്പിക്കില്ല. ഒരു ചെവിട്ടത്ത് അടിക്കുന്നവന് മറ്റേ ചെവിട് കൂടി കാട്ടിക്കൊടുക്കും (ഇവരുടെ ജീവിതരീതിയെപ്പറ്റി ഏകദേശ ധാരണ ലഭിക്കാന്‍ ഒരു കുറുക്കുവഴി- ഹാരിസണ്‍ ഫോര്‍ഡ് നായകനായ 'വിറ്റ്നെസ്സ്' എന്ന ഹോളിവുഡ് ചിത്രം കാണുക). കുട്ടികളെ എട്ടാംക്ലാസ് വരെയേ വിദ്യാഭ്യാസം ചെയ്യിക്കൂ. ഒരാള്‍ക്ക് അമീഷ് ജീവിതരീതി പിന്തുടരാന് ഇത് മതി എന്നതാണ് അവരുടെ നിലപാട്.
കൃഷിയും കാലിവളര്‍ത്തലുമാണ് ഇവരുടെ മുഖ്യതൊഴിലെങ്കിലും, ഇവരുടെ മുഖ്യവരുമാന മാര്‍ഗം അതല്ല. ആധുനിക സങ്കേതങ്ങള്‍ ജീവത്തില്‍ നിന്ന് തിരസ്കരിച്ച ഇവര്‍ക്ക് വരുമാനം നല്‍കുന്നത്, അതേ ആധുനിക ജീവിതരീതി മൂലമുണ്ടാകുന്ന മനുഷ്യന്റെ പരിമിതിയാണ്. ന്യൂയോര്‍ക്ക്, ലോസ് ആഞ്ജലിസ് തുടങ്ങിയ മഹാനഗരങ്ങളില്‍ വളരുന്ന കുട്ടികള്‍ കാലികളെ കണ്ടിട്ടില്ല, പാലോ മുട്ടയോ എങ്ങനെയാണ് ലഭിക്കുന്നതെന്ന് അവര്‍ക്കറിയില്ല, ഗോതമ്പ് വിളയുന്നതോ കൊയ്യുന്നതോ കണ്ടിട്ടില്ല.
ഇവ നേരിട്ട് പഠിക്കാന്‍ വേണ്ടി ആ മഹാനഗരങ്ങളിലെ രക്ഷതാക്കള്‍, അവധിക്കാലത്ത് സ്വന്തം മക്കളെ അമീഷ് ഗ്രാമങ്ങളില്‍ കൊണ്ട് താമസിപ്പിക്കും. അവിടെയെത്തിയാല്‍ കുട്ടികള്‍ വിതയ്ക്കാനും കൊയ്യാനും പോകണം, കറക്കാനും കാലിമേയ്ക്കാനും പോകണം, പശുക്കളുടെ പ്രസവമെടുക്കണം-അങ്ങനെ ഗ്രാമത്തില്‍ എല്ലാവര്‍ക്കുമൊപ്പം അധ്വാനിക്കണം. ഇത് പക്ഷേ, സൗജന്യമല്ല, കുട്ടികളെ അങ്ങനെ താമസിപ്പിക്കാന്‍ രക്ഷിതാക്കള്‍ വന്‍ഫീസ് അമീഷ് ഗ്രാമീണര്‍ക്ക് നല്‍കണം. ഗ്രാമീണരുടെ മുഖ്യവരുമാനമാര്‍ഗം ഇങ്ങനെയെത്തുന്ന കുട്ടികളാണ്.
കേരളത്തിലെ പുതിയ സ്കൂള്‍ പഠ്യക്രമത്തെക്കുറിച്ച് ആവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്ക്, ഈ അമീഷ് വരുമാനം എന്താണ് മനസിലാക്കിക്കൊടുക്കേണ്ടത്. അനോണി ആന്റണി പറയുന്നു, "പിള്ളാര് വെട്ടട്ടെ, കിളക്കട്ടെ, നോട്ട് എഴുതട്ടെ, പിഞ്ചുവാഴക്കുല വെട്ടി കഞ്ഞിക്ക് കൂട്ടാന്‍ വയ്ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട് വിറ്റുവരവ് കണക്ക് പുസ്കത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്ത് വിളയിറക്കണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്സും മാനേജ്മെന്റും അവര്‍ പഠിക്കാന്‍".
വാല്‍ക്കഷണം: രണ്ട് വര്‍ഷം മുമ്പ് ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേധാവി കേരളത്തിലെത്തി. ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, `ചെടികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള ബോട്ടണി ബിരുദധാരികളെ നാട്ടില്‍ കിട്ടാനില്ല എന്നതാണ് ബൊട്ടാണിക്കല്‍ സര്‍വെ അനുഭവിക്കുന്ന പ്രതിസന്ധി'. എന്നാല്‍, ബോട്ടണി ബിരുദധാരികള്‍ക്ക് നാട്ടില്‍ കുറവൊന്നുമില്ല !
Tuesday, December 23, 2008
Subscribe to:
Post Comments (Atom)
15 comments:
കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുതുജീവന്‍ നല്കിയിരിക്കുന്നു. പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ, പേരുകേട്ട സ്വകാര്യ വിദ്യാലയങ്ങളിലെക്കാള് നിലവാരമുള്ളവയായി സര്‍ക്കാര്‍ സ്കൂളുകള്‍ മാറിയിരിക്കുന്നു. കാരണം, സര്‍ക്കാര്‍ സ്കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച് നല്ല പരിശീലനം കിട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ, ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. താമസിയാതെ സര്‍ക്കാര്‍ സ്കൂളായാലും എത്ര ഫീസ് കൊടുത്ത് പഠിക്കുന്ന സ്വകാര്യസ്കൂളാണെങ്കിലും നിലവാരത്തില്‍ വലിയ മാറ്റമില്ലെന്ന് വരും. ഒരു നിശബ്ദവിപ്ലവമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പുതു ജീവന് , മതമില്ലാത്ത ജീവന്റെ ആരായിട്ടു വരും ?
പ്രശ്നക്കാരന്‍ ആണോ?
മലയാളിയുടെ സ്വത്തപ്രശ്നമാണു, അവന് ചിന്തിക്കുന്നതും, കാണുന്നതും ഉപരിപ്ലവ്മായി മാത്രമാണു. മികച്ച് infrastructure ഉള്ള സ്കൂളില്‍ നല്ല് അദ്ധ്യാപകര്‍ ഉണ്ട്ന്ന് അവന് വിശ്വസിക്കുന്നു അല്ലങ്കില്‍ വിശ്വസിപ്പിക്കുന്നു. കൂടുതല്‍ കാശ് കൊടുത്താല്‍ മികച്ച്സേവനം വിദ്യാഭാസത്തിലും ലഭിക്കുമെന്നു അവന് മോഹിക്കുന്നു.
നന്നായിട്ടുണ്ട് ഈ കുറിപ്പ്
കേരളത്തിൽ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി സമരം നടത്തിയവർ ഇതൊക്കെ കാണുന്നുണ്ടോ ആവോ?
സൌത്താഫ്രിക്കയില്‍ ജോലിചെയ്യുന്ന ഒരദ്ധ്യാപികയാണ്് ഞാന്‍. നാട്ടില്‍ വിദ്യാഭ്യാസരീതികള് മാറുന്നു എന്നുകേട്ടു, മതമില്ലാത്ത ജീവന്റെ പേരില്‍ ഒരദ്ധ്യാപ്കന് രക്തസാക്ഷിയായതും, വിദ്യയില്ലാത്ത മത കോമാളികള്‍ വിദ്യയുടെ മാനേജരന്മാരായപ്പോള് കാട്ടിക്കൂട്ടിയ വിദ്യാഭ്യാസ വങ്കത്തരവും ഒക്കെ വായിച്ചു, ഇപ്പോള്‍ ഇതിനേക്കുറിച്ചും.
കുട്ടികള്‍ ക്ലാസു മുറിയിലും പുറത്തും നേരിടുന്ന അക്കേദമിക്ക് ചലന്ഞ്ചിനേക്കുറിച്ച നല്ല ഒരു വിവരം ഇതില്‍ നിന്നു മനസിലാക്കാന്‍ കഴിഞ്ഞു.
കേരളത്തില്‍ നിന്നു വലിയ വിദ്യാഭ്യാസപരീക്ഷ പാസായി വരുന്നവര്‍ക്ക് യദ്ധാര്‍ഥ ഗ്ലോബല്‍ സിറ്റിസണ്‍ ആകണമെങ്കില്‍ ഈ പുതിയ വിദ്യാഭ്യാസരീതി അംഗീകരിക്കേണ്ടിയിരിക്കുന്നു.
ഈ വിവരങ്ങള്‍ വളരെ വിലപ്പെട്ടതാണ്് എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
കുട്ടികളെ പുസ്തകം വായിച്ചു കേള്‍പ്പിക്കുന്നു, അതിലെ ചോദ്യങ്ങളുടെ ഉത്തരം പഠിപ്പിക്കുന്നു, പരീക്ഷയില്‍ ഇവയില്‍ ചിലതു ചോദിക്കുന്നു, കുട്ടി പഠിച്ചു വച്ച ഉത്തരങ്ങള്‍ ഓര്‍മ്മിച്ച് എഴുതുന്നു- ഇത്തരം പഠനരീതി (ഓതിക്കന് വേദം ചൊല്ലിക്കുന്നതുപോലെ, ആശാന് എണ്‍ചുവടി പഠിപ്പിക്കുന്നതുപോലെ) പിന്തുടര്ന്നാല് ഒട്ടുമിക്ക പരീക്ഷകളും വലിയ മാര്‍ക്കോടെ തന്നെ ജയിക്കാം എന്നതാണ് "കോണ്‍വെന്റ് പഠിപ്പിനെ" ഇത്ര പോപ്പുലര്‍ ആക്കിയത്. ഇതില്‍ നിന്നും വ്യതിചലിക്കാന്‍ ഭീതിയുള്ള മാതാപിതാക്കളാണ് ഒരു കുട്ടിയുടെ പരമാവധി ഉന്നമനത്തെ എന്നെന്നേക്കുമായി നശിപ്പിച്ചു കളയുന്നത്.
"ബോട്ടണിയിലെ ഡിഗ്രീ"യുടെ പ്രശ്നം ഒടുക്കം ഇതുകൊണ്ട് രണ്ട് തരം ജീവിതമേയുള്ളു എന്നതാണ്- ഒന്നുകില്‍ ഒരു ബോട്ടണി അദ്ധ്യാപകനായി പണ്ടു പഠിച്ചതെല്ലാം ഉരുവിട്ടുകൊണ്ടിരിക്കുക അല്ലെങ്കില്‍ ബോട്ടണിയേ മറന്ന് മറ്റെന്തെങ്കിലും തൊഴില്‍- റെയില്‍വേ ക്ലെര്ക്കോ ഇന്‍ഷ്വറന്‍സ് സെയില്‍സ്മാനോ ഒക്കെ ആയി ജീവിക്കുക എന്നതാണ്. പുറം നാടുകളിലെത്തുമ്പോള്‍ ഒരു തൊഴിലിനപേക്ഷിച്ചാല് ബോട്ടണി ഡിഗ്രീക്കാരനു ന്യായമായും കിട്ടേണ്ട ഒരു പണിക്കും നമ്മുടെ ആളുകളെ എടുക്കുകയുമില്ല.
അപൂര്‍വ്വം ചില തൊഴില്‍ മേഖലയിലൊഴിച്ചാല് നാട്ടില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഒട്ടുമിക്കവരും അവരുടെ സേവനകാലം മുഴുവന്‍ ഇടത്തരം ജോലികള്‍ ചെയ്താണ് വിദേശത്ത് ജീവിക്കുക, എന്തുകൊണ്ട് എന്നതിനു വിവേചനം എന്ന് ഒരു എളുപ്പ ഉത്തരം കണ്ടെത്തിക്കോളും. പണം മുടക്കി പണം കൊയ്യുന്ന കളിയില്‍ അധികം വിവേചനമൊന്നും ഉണ്ടാകാറില്ല - സാക്ഷാല്‍ ചെകുത്താനെപ്പോലും പിടിച്ച് കസേര നല്കി ഇരുത്തുകയേ ഉള്ളു, അവനു ഉദ്ദേശിച്ച സര്‍വ്വീസ് നല്കാന് ആകുമെങ്കില്‍. ഒരു സ്ഥാപനത്തില്‍ കൊള്ളാവുന്ന ഒരു സ്ഥാനത്ത് (അതേതു മേഘലയിലോ ആകട്ടെ) ജോലി ചെയ്യാന്‍ അവശ്യം വേണ്ടത് (മിക്ക കുട്ടികളും തെറ്റിദ്ധരിക്കുന്നതുപോലെ ആക്സന്റ് മുഴുത്ത ഇംഗ്ലീഷും പരീക്ഷയില്‍ ഒന്നാം റാങ്കുകളുമല്ല) ദീര്‍ഘവീക്ഷണം, പ്രാക്റ്റിക്കല്‍ ക്രിയേറ്റീവിറ്റി, ഇന്റര്‍പേര്‍സണല്‍ സ്കില്‍, കര്ത്തവ്യകൃത്യത, വിശ്വാസ്യത നേടിയെടുക്കാനും നയിക്കാനുമുള്ള കഴിവ്, ചുറ്റുവട്ടത്തോടുള്ള സെന്സിറ്റീവിറ്റി, ആളുകളെയും സന്ദര്‍ഭങ്ങളെയും കൃത്യമായി മനസ്സിലാക്കാനും അതിനെ മാറ്റാനും അതേ സമയം സ്വയം മാറാനുമുള്ള കഴിവ് തുടങ്ങിയവയാണ്. സമൂഹവുമായി നിരന്തരം ഇടപെടാത്ത, സ്കൂളുകളില്‍ പ്രസ്ഥാനങ്ങളുടെയും സംരംഭങ്ങളുടെയും (രാഷ്ട്രീയ പാട്ടി വേണമെന്നില്ല, ഒരു സേവനവാരകാലത്ത് ബസു കഴുകല്‍ പ്രോജക്റ്റ് ഓര്‍ഗനൈസ് ചെയ്യുകയെങ്കിലും വേണ്ടേ കുട്ടി) ഭാഗമാകാത്ത സ്വന്തമായി ഒരു മരം നടാത്ത "ഇതെന്താ മരത്തിന്മേല്, നിറമില്ലാത്ത വേഴാമ്പലോ" എന്ന് അന്തം വിട്ട് ഒടുക്കം അതെന്തു കിളിയെന്ന് കണ്ടുപിടിക്കാത്ത, അടുത്ത വീട്ടിലെ വല്യപ്പന് ആസ്ത്മ മൂക്കുമ്പോള്‍ പാഠപുസ്തകത്തില്‍ തലയും കുമ്പിട്ടിരുന്നു പഠിച്ച് ഒന്നാം റാങ്കു വാങ്ങിയവന് എന്നും സെക്രട്ടറിയും കോഡെഴുത്തുകാരനും കണക്കപ്പിള്ളയുമായി പുറം നാടുകളില്‍ ജോലി ചെയ്യുമ്പോള്‍ അവന്റെ അത്രയുമൊന്നും പേപ്പര്‍ ബിരുദമില്ലാത്തയാള് മുകളില്‍ ശോഭിക്കുന്നതിന്റെ സൂത്രം അത്രയേ ഉള്ളു.
കഠിനമായ ഒരു ബഡ്ജറ്റ് നെഗോഷ്യേഷന് നടക്കുമ്പോഴെല്ലാം ചന്തയില്‍ മീനിനു വിലപേശാന്‍ പോയി ഒടുക്കം മീന്കാരന്റെ അപ്പനു വിളിയുയും കേട്ട് വെറും കൈയ്യോടെ മടങ്ങി വരാന്‍ എന്നെ അനുവദിച്ച വീട്ടുകാരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കും.
മാഷ് പറഞ്ഞല്ലോ ടെക്നോളജിയെ തിരസ്കരിച്ച സമൂഹത്തിലെ പ്രവൃത്തിപരിചയത്തിന്റെ കാര്യം. കുറേക്കാലം ഒരിടത്ത് ജോലിചെയ്ത് ഓര്‍ഗനൈസേഷന്റെ സ്ഥിരം രീതികളുടെ ഭാഗമായ മാനേജ്മെന്റ് ടീമിനെ ക്രിയാത്മകമായും ഡൈനമിക്ക് ആയും ചിന്തിക്കാന്‍ പരിശീലിപ്പിക്കുന്ന ട്രെയിനര്‍മാര്‍ സ്ഥിരമായി ചെയ്യുന്ന "കളി"കളില്‍ ഒന്ന് "ഇന്ന് രാവിലേ എഴുന്നേറ്റത് കാലത്തില്‍ അഞ്ഞൂറോ ആയിരമോ വര്‍ഷം പിന്നോട്ട് പോയിട്ടാണ് നിങ്ങളൊക്കെ എന്തു ചെയ്ത് ജീവിക്കും എന്ന ചോദ്യം ഗ്രൂപ്പില്‍ അവതരിപ്പിച്ചാണ്. അത്തരം ഒരു സെഷന് വന്നപ്പോള്‍ ഞാന്‍ വലിയ അഹങ്കരിച്ച് കന്നുപൂട്ടും ഞാറു നടും റബ്ബര്‍ വെട്ടും പാലുകറക്കും ചൂണ്ടയിടും വലവീശും എന്നൊക്കെ ഒരു ലിസ്റ്റ് നിരത്തിയപ്പോള്‍ എന്നെ ബഹുദൂരം തള്ളിക്കൊണ്ട് സായിപ്പന്മാര് അതും മഹാനഗരങ്ങളില്‍ ജനിച്ചവര്‍ കയറിപ്പോയി, അവര്‍ക്കറിയാത്ത കൃഷിയും കച്ചവടവും നെയ്ത്തും കരകൗശലപ്പണികളുമില്ല, വെറുതേയാണോ ഇത്രയും ക്രിയേറ്റീവ് ആകുന്നത് മനുഷ്യര്‍. ഒടുക്കം ഒരാളിനെ വിളിച്ചു, മൂപ്പരും കൃഷി- ചന്ത പണി ചെയ്യാന്‍ വന്നതാണ്.
"ഇവിടെ കൃഷിപ്പണിക്ക് ആളെ ആവശ്യമില്ല, നിനക്ക് വിനോദമേഘലയില് ജോലി ചെയ്യാമോ?" ടെയിനര്‍ ചോദിച്ചു
"തീര്‍ച്ചയായും"
"പാട്ട്, ഡാന്‍സ്, ഉപകരണഗീതം, നാടകം, കോമാളി, കൊമേഡിയന്‍ ജോലിക്കൊക്കെ ആളിനെ എടുത്തു പോയി. വേറേ എന്തെങ്കിലും?"
"ഞാന്‍ തടിയില്‍ പമ്പരം കൊത്തും, ഐസില്‍ ആള്‍രൂപം കൊത്തും, പട്ടം കെട്ടും-പറത്തും, നായ്ക്കളെ അഭ്യാസം പഠിപ്പിക്കും, ചെറിയ കുട്ടികളെ സന്തോഷിപ്പിക്കാനുള്ള നിസ്സാരകണ്കെട്ടു വിദ്യകളും കുറേയൊക്കെ വശമുണ്ട്."
എന്നെക്കാളും ശമ്പളം അയാള്‍ക്ക് കമ്പനി കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് നല്ല ബോദ്ധ്യം അതോടെ വന്നു. ഈ മനുഷ്യന് സാഹചര്യത്തിനനുസരിച്ച് മാറും അല്ലെങ്കില്‍ അയാള്‍ സാഹചര്യം മാറ്റും. സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കും, മുതലാക്കും. എന്ത് സാഹചര്യത്തിലും പിഴച്ചു പോകും. ഇതൊക്കെയാണ് ഒരു സ്ഥാപനം നടത്താന്‍ വേണ്ടത്. അയാള്‍ക്ക് നൂറ്റാണ്ടുയുദ്ധം എന്നാണ് നടന്നതെന്ന് ഓര്‍ത്തു വയ്ക്കേണ്ട കാര്യമില്ല, അത് ഗൂഗിളില്‍ എങ്ങനെ നോക്കണം ഒരാവശ്യം വന്നാല്‍ എന്നറിയാം. അയാള്‍ക്ക് ഇരുപതു വര്‍ഷം ജോലി ചെയ്ത പരിചയം അനാവശ്യമാണ്, മുന്‍ഗാമികളുടെ കോപ്പിയല്ല ഈ മനുഷ്യന് പുതിയ വഴികള്‍ തുറക്കുന്നവനാണ്.
പുതുജീവന്‍ കിട്ടിയ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ‘ജീവന്’ മാര്‍ തളിര്‍ത്തു വളരട്ടെ.
കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മത മാനേജ്മെന്റുകള്‍ക്കൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു കൂട്ടരും ഉണ്ട്. അത് പുത്തന്‍ പാഠ്യപദ്ധതി അന്താരാഷ്ട്ര ഗൂഡാലോചനയാണ് എന്ന് പറഞ്ഞ് പാഠ്യപദ്ധതി പരിഷ്ക്കരണം തുടങ്ങിയ അന്ന് തൊട്ട് സമരം ചെയ്യുന്ന ചില തീവ്ര ഇടത് സംഘമാണ്. നമ്മുടെ സ്വന്തം വി.അര്. കൃഷ്ണയ്യര്‍ ആണ് പണ്ട് മുതലേ ഈ എതിര്‍പ്പിന് നേതൃത്വം കൊടുക്കുന്നത്. 90 കളുടെ മദ്ധ്യത്തില്‍ DPEP ആയും പിന്നീട് SSA ആയും തുടരുന്ന ഈ പാഠ്യപദ്ധതി നമ്മുടെ വിദ്യാര്‍ത്ഥികളേ പിന്നോട്ടടിപ്പിച്ച് രാജ്യത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയാണ് എന്ന പ്രചരണം ഇപ്പോഴും വളരെ സജീവമാണ്.
എന്തായാലും ഈ വിഷയം അവതരിപ്പിച്ച JA ക്കും ആന്റണിക്കും അഭിവാദ്യങ്ങള്‍
കിരണ്‍ ഉദ്ദേശിക്കുന്നത്, എസ് യു സി ഐ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സമിതിയാണോ?
അതങ്ങനെയാണ്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും കുട്ടികളുടെ കൊഴിഞ്ഞുപോക്കും ഒന്നും ആര്‍ക്കും പ്രശ്നമല്ല. പുരോഗമനം ഏതിലൂടെയെങ്കിലും വന്നാല്‍ മതി. ഇന്നും കണ്ടു പാഠപുസ്തകം തയാറാക്കി വച്ചിരിക്കുന്നവരുടെ അനാസ്ഥയെപ്പറ്റി ഒരു അദ്ധ്യാപകന് എഴുതിയത്.. എന്നിട്ടും ആരും കുറ്റം പറയാതെ തരുന്നത് വാങ്ങി എല്ലാവരും വിഴുങ്ങിക്കൊണ്ടാല് സമാധാനമായി. കിരണിന്റെ മക്കളൊക്കെ സര്‍ക്കാര്‍ സ്കൂളില്‍ തന്നെയാണോ പഠിക്കുന്നത്? അതോ വിദ്യാഭ്യാസ പരിഷ്കര്‍ത്താക്കളെ പോലെ സ്വന്തം പിള്ളാരെ സി ബി എസ് സിയിലും ഐ സി എസിയിലും ഇടയന്മാരുടെ സ്കൂളിലുമൊക്കെ അയച്ചിട്ട് പരീക്ഷണം ഇരപ്പാളികളുടെ മക്കളുടെ മേലായിക്കോട്ടേ എന്നു വച്ചിരിക്കുകയാണോ? അപ്പോള്‍ അതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ദേഷ്യം വരും..എസ് എസ് എ നടപ്പിലാക്കാന്‍ 600 കോടി ,കേരളീയന്റെ അടുക്കളതോട്ടത്തില് നിന്നു മുളച്ചുണ്ടായതല്ലല്ലോ. വേള്‍ഡ് ബാങ്ക്, എ ഡി ബി യുമൊക്കെ മുതലാളിത്ത അജണ്ടകള്‍ കൊണ്ടു നടക്കുന്നവരാണെന്ന് പഠിപ്പിച്ചത് മൃദു ഇടതുപക്ഷങ്ങളായിരുന്നു ആദ്യം. അധികാരം കിട്ടിക്കഴിഞ്ഞ ശേഷം പ്ലേറ്റു മാറി. പണ്ടത്തെ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുന്ന തീവ്ര ഇടതു പക്ഷത്തിനു അയിത്തമായി.
വളരെ നല്ലത്. കമന്റ് പിന്നീട് ഇടാം...
കേരളത്തില്‍ പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി.....പാഠപ്പുസ്തകമല്ല....പാഠ്യപദ്ധതി.
അത് എന്നു തുടങ്ങി?
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നയനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഡി.പി.ഇ.പി ആരംഭിയ്ക്കുന്നത്. അതിനു ശേഷം വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്തു സംഭവിച്ചു. എന്റെ അറിവു ശരിയാണെങ്കില്‍ ഇതേ പാഠ്യപദ്ധതി തന്നെയാണ് തുടര്‍ന്നത്.
ചോദ്യം നയനാര്‍ സര്‍ക്കാരിന്റെ കാലത്തോ ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ കാലത്തോ പാഠ്യപദ്ധതിയെ എതിര്‍ത്തോ പരിശീലനത്തിനു പങ്കെടുക്കാതെയോ ഇരുന്നിട്ടൂണ്ടോ എന്നുള്ളതാണ്. എന്റെ അറിവില്‍ ഇല്ല.
പാഠപ്പുസ്തകവുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടോ ഉണ്ടായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഈ പോസ്റ്റില്‍ ശ്ലാഹിച്ചിരിയ്ക്കുന്ന ബോധനരീതിയുമായി ബന്ധപ്പെട്ടതുമല്ല.
പാഠപ്പുസ്തകവിവാദങ്ങളെ ശരിവയ്ക്കുന്ന രീതിയില്‍ തന്നെയാണ് പണിക്കരുടെ സമതിയും എന്‍.സി.ഇ.ആര്.ടിയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടൂള്ളത്.
പാഠപ്പുസ്തങ്ങളിലെ ചുവപ്പണിയിക്കല് ശ്രമങ്ങളെയും ദൈവനിഷേധപ്രചരണങ്ങളെയും എതിര്‍ത്തിട്ടുള്ള ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ പ്രോജക്ടുകളില്‍ ഊന്നിയുള്ള പാഠ്യപദ്ധതിതന്നെയാണ് അഭികാമ്യും. അതുകൊണ്ടൂ തന്നെ ഞങ്ങള്‍ പഠിച്ച സമയത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ഈ രീതി എന്തുകൊണ്ടും നല്ലതുതന്നെയാണ്.
വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവസഭകളുടെ സാന്നിദ്ധ്യം എല്ലാവര്ക്കും അറിവുള്ളതാണ്. ഇക്കാലമാത്രയും(എട്ടു പത്തു വര്‍ഷം) ഇതേ ക്രൈസ്തവസ്ഥാപനങ്ങള് പ്രവര്‍ത്തിച്ചത് ഇതൊന്നും അറിയാതെയാണെന്നു താങ്കള്‍ പറയുമെന്നു കരുതുന്നില്ല.
രണ്ടു വ്യത്യസ്തമായ കാര്യങ്ങളെ ചേര്‍ത്ത് തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ചത് മനപ്പൂര്‍വ്വമോ തെറ്റിദ്ധാരണകൊണ്ടൊ എന്ന് അറിയില്ല. എങ്കിലും എന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
N.J.ജോജു,
തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ, ഏതെങ്കിലും മാനേജ്മെന്റ് സ്കൂളിലെ അധ്യാപകരോട് സ്വകാര്യമായി അന്വേഷിച്ചു നോക്കൂ, പുതിയ പാഠ്യക്രമം അഭ്യസിപ്പിക്കാന്‍ പാകത്തില്‍ അവര്‍ക്ക് ആവശ്യത്തിന് പരിശീലനം കിട്ടിയിട്ടുണ്ടോ എന്ന്. ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളില്‍ അധ്യാപക പരിശീലനം നടത്തുന്നതല്ലേ വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും വലിയ അപരാധമായി നമ്മള് പറഞ്ഞു പോന്നത്. അതിനാല്‍ അത്തരം പരിശീലനം ബഹിഷ്ക്കരിക്കുകയല്ലേ അധ്യാപകര്‍ ചെയ്യേണ്ടത്.
സുഹൃത്തേ,
ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മൂന്നുവര്ഷത്തോളമല്ലേ ആയുള്ളൂ. അതിനും 6ഓ 7ഓ വര്‍ഷം മുന്‍പേതന്നെ ഈ പാഠ്യപദ്ധതിതന്നെയല്ലേ ഇവിടെ നിലനിന്നിരുന്നത്. എന്നിട്ട് ഇപ്പോള്‍ മാത്രമേ പരിശീലനം ആവശ്യമാവുന്നുള്ളോ? ഇതേ പാഠ്യപദ്ധതിയില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകളില്‍ പഠിയ്ക്കുന്ന എത്രയോ വിദ്യാര്‍ത്ഥികളെയും എത്രയോ അധ്യാപകരെയും എനിക്കറിയാം. മതിയായ പരിശീലനം സിദ്ധിയ്ക്കാത്തവരാണ് അവിടെ പഠിപ്പിയ്ക്കുന്നതെന്ന് താങ്കള്‍ അവകാശപ്പെട്ടാല്‍ അത് കാടടച്ചുള്ള ഒരു വെടിവയ്ക്കലായി കരുതാനേ നിര്‍വ്വാഹമുള്ളൂ.
കൂടുതലൊന്നും പറയാനില്ല.
അനോനി ആന്റണിയുടെ കമന്റു കണ്ടത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പോലെ തന്നെ മനോഹരമായിട്ടൂണ്ട്.
Post a Comment