Monday, June 23, 2008

പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍

ആധുനികശാസ്‌ത്രം ഇതുവരെ ദൈവത്തിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടില്ല. ഇക്കാണുന്നതു മുഴുവന്‍ ദൈവസൃഷ്ടിയാണെന്ന്‌ മതഗ്രന്ഥങ്ങള്‍ പറയുന്നതിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. ആ നിലയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഏത്‌ ശാഖയും മതവിരുദ്ധവും വിശ്വാസങ്ങള്‍ക്കെതിരും ആണെന്ന്‌ വാദിക്കാം. ശാസ്‌ത്ര പാഠപുസ്‌തകങ്ങളെയും ആ ഗണത്തില്‍ പെടുത്താം. എന്നാല്‍, മതവിരുദ്ധമാണ്‌ അതിനാല്‍ ശാസ്‌ത്രം സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്നോ, ശാസ്‌ത്രത്തില്‍ ആരും ബിരുദമെടുക്കരുതെന്നോ ഇന്നുവരെ ഒരു മതമേധാവിയും കേരളത്തില്‍ പ്രസ്‌താവിച്ചിട്ടില്ല.

എന്നാലിപ്പോള്‍, ഏഴാംകൂലിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഏഴാംക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍, കാക്കക്കൂട്ടില്‍ കല്ലെറുയുമ്പോള്‍ നടക്കുന്ന സംഗതി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. 'ജീവന്‌ ജാതിയുണ്ടോ', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ ചില ആശയങ്ങള്‍ ആ പാഠപുസ്‌തകത്തിലെ ഒരു പാഠത്തില്‍ ഉന്നയിക്കുന്നതാണ്‌ മതനേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഈ പ്രശ്‌നത്തെ സര്‍ക്കാരും ഒരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി, എന്താണ്‌ ഈ പാഠങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ല. 'ഇരയ്‌ക്കൊപ്പം ഓടുകയും സിംഹത്തിനൊപ്പം വേട്ടയാടുകയും ചെയ്യുക'യെന്ന നയമാണ്‌ മാധ്യമങ്ങള്‍ പിന്തുടരുന്നത്‌.

അതിനിടെ, കഴിഞ്ഞ ഞായറാഴ്‌ചത്തെ (22ജൂണ്‍2008) 'വിശേഷാല്‍പ്രതി'(മാതൃഭൂമി)യില്‍, ഈ പ്രശ്‌നം വളരെ സമഗ്രതയില്‍ 'ഇന്ദ്രന്‍' പരിഗണയ്‌ക്കെടുത്തിരിക്കുന്നു. `ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ? ഇതംഗീകരിക്കാന്‍ പറ്റുമോ? പറ്റും-മനുഷ്യന്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ ചേരുകയാണെങ്കില്‍ മാത്രം.....മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അത്‌ മതവിരുദ്ധമാണ്‌, കമ്മ്യൂണിസമാണ്‌`നിശിതമായ പതിവുരീതിയില്‍ തന്നെ വിശേഷാല്‍പ്രതി ഇക്കാര്യം അവതരിപ്പിക്കുന്നു.

പാഠപുസ്‌തക വിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം വിശേഷാല്‍പ്രതി. ലിങ്ക്‌ ഇവിടെ.

1 comment:

Joseph Antony said...

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം....പാഠപുസ്‌തകവിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം 'വിശേഷാല്‍പ്രതി'.