Saturday, June 21, 2008

മലയാളത്തില്‍ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ

വിക്കിപീഡിയ മാതൃകയില്‍, കേരള സര്‍ക്കാരിന്‌ കീഴിലുള്ള സര്‍വവിജ്ഞാനകോശം ഓണ്‍ലൈനില്‍ എത്തിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. ഔദ്യോഗികതലത്തില്‍ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞുവെന്നുവേണം സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ്‌ നെറ്റില്‍ ലഭ്യമായി തുടങ്ങിയതില്‍നിന്ന്‌ മനസിലാക്കാന്‍. മന്ത്രിയുടെ ഈ പ്രസ്‌താവനയും സര്‍ക്കാരിന്റെ നീക്കവും ഗൗരവമാര്‍ന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നാട്ടുകാരുടെ നികുതിപ്പണംകൊണ്ട്‌ നടത്തപ്പെടുന്ന ഇത്തരം സംരംഭങ്ങള്‍ വേണ്ടവിധം ആലോചിച്ചും ചര്‍ച്ചചെയ്‌തും വേണ്ടേ നടപ്പാക്കാന്‍ എന്നതാണ്‌ ഒന്നാമത്തെ ചോദ്യം. അല്ലാതെ, വിക്കിപീഡിയയെന്ന ആശയത്തില്‍നിന്നുള്ള ആവേശംകൊണ്ട്‌ മുന്‍പിന്‍ നോക്കാതെ എടുത്തു ചാടാമോ?

വിക്കിപീഡിയ മാതൃകയില്‍ ആര്‍ക്കുവേണമെങ്കിലും ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാവുന്ന, തിരുത്താവുന്ന, തികച്ചും ജനാധിപത്യപരമായ ഒരു സംരംഭംകൂടി മലയാളത്തില്‍ വരുന്നത്‌ നല്ലതുതന്നെ. പ്രശ്‌നം അതല്ല. സര്‍വവിജ്ഞാനകോശം തയ്യാറാക്കപ്പെടുന്നത്‌ ഒരു വിദഗ്‌ധ സമിതിയുടെ മേല്‍നോട്ടത്തിലാണ്‌. ലേഖനങ്ങളും വിവരങ്ങളും എഴുതുന്നതും എഡിറ്റുചെയ്യുന്നതുമൊക്കെ ആ സമിതിയാണ്‌. അത്തരമൊരു സമിതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സര്‍വവിജ്ഞാനകോശം, ആര്‍ക്കുവേണമെങ്കിലും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ വിട്ടുകൊടുക്കാമോ? ആര്‍ക്കായിരിക്കും അത്തരമൊരു ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ.

ലോകത്ത്‌ പ്രമുഖങ്ങളായ ഒട്ടേറെ വിജ്ഞാനകോശങ്ങളുണ്ട്‌. ബ്രിട്ടാണിക്ക ഉദാഹരണം. എന്തുകൊണ്ട്‌, ബ്രിട്ടാണിക്കയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ആര്‍ക്കും തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ അനുവദിക്കാത്തതെന്ന്‌, മലയാളത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്ന അധികാരികള്‍ ആലോചിക്കണം. സായ്‌വിന്‌ നമ്മുടെ അത്രയും ബുദ്ധിസാമര്‍ഥ്യം ഇല്ലാത്താകുമോ കാരണം.

സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ലിങ്ക്‌ ഈ ലേഖനത്തിന്റെ ചുവട്ടിലുണ്ട്‌. അതൊന്ന്‌ നോക്കുക. മലയാളം വിക്കിപീഡിയയുടെ അതേ അനുകരണം. ലേഔട്ടിലും ഉള്ളടക്കത്തിന്റെ വിന്യാസത്തിലും ഫോണ്ടിലുമൊന്നും കാര്യമായ വ്യത്യാസമില്ല. വര്‍ഷങ്ങളായി ഒരുപിടി ആളുകളുടെ ശ്രമകരവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടുവരുന്ന മലയാളംവിക്കിപീഡിയയെ അതേപടി അനുകരിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ മറ്റൊന്നിന്റെ ആവശ്യമുണ്ടോ. വിക്കിപീഡിയ ഒന്നുപോരെ, മലയാളത്തില്‍.
കാണുക: സര്‍വവിജ്ഞാനകോശം
മലയാളം വിക്കി
മലയാളം വിക്കി.കോം

3 comments:

Joseph Antony said...

ഒരു വിദഗ്‌ധസമിതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സര്‍വവിജ്ഞാനകോശം, ആര്‍ക്കുവേണമെങ്കിലും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ വിട്ടുകൊടുക്കാമോ? ആര്‍ക്കായിരിക്കും അത്തരമൊരു ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം, സര്‍ക്കാര്‍ ഏറ്റെടുക്കുമോ? വേണ്ടത്ര ആലോചിച്ചിട്ടാണോ സര്‍വവിജ്ഞാനകോശം വിക്കിപീഡിയ മാതൃകയില്‍ രൂപപ്പെടുത്തും എന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പ്രസ്‌താവിച്ചത്‌.

Viswaprabha said...

ഇതുവരെ കണ്ടിടത്തോളം, അതില്‍ (ml.web4all.in) ആകെ ഒരു അഡ്മിന്‍/സിസോപ്പ്, ഒരു യൂസര്‍ എന്നിവരേ ഉള്ളൂ. നമ്മെപ്പോലെ ഏതെങ്കിലും സാധാരണക്കാര്‍ക്ക് ലോഗിന്‍ ചെയ്യാനോ അക്കൌണ്ട് സൃഷ്ടിക്കാനോ ലേഖനങ്ങ‍ള്‍ തിരുത്താനോ പുതുതായി ഉണ്ടാക്കാനോ കഴിയില്ല.

പല ലേഖനങ്ങളും കണ്ടിട്ട് ബോട്ടുകള്‍ ഉപയോഗിച്ച് വേണ്ടത്ര സംശോധനയില്ലാതെ യാന്ത്രികമായി അപ്‌ലോഡ് ചെയ്ത പോലെയുണ്ട്.

മലയാളം വിക്കിപീഡിയയും SSLC കരിക്കുലവും പരസ്പരം സം‌യോജിപ്പിച്ചുകൊണ്ട് വളരെ വിജയകരമായി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പദ്ധതിയെക്കുറിച്ച് ഗവണ്‍മ്മെന്റിന്റെ തന്നെ പല പ്രതിനിധികളുമായി ഞാന്‍ രണ്ടുമൂന്നുവര്‍ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ദീര്‍ഘവീക്ഷണമുള്ള ആരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു അതൊക്കെ മനസ്സിലാവാന്‍...

Unknown said...

ചാനലുപോലെ.... സ്വന്തം ആശയ സര്‍വവിജ്ഞാനകോശം !!!! എന്താ മതിയോ?