ഒന്‍പതുകാരിയായ മകള്‍ക്ക് ക്ലാസ് ടീച്ചറെ വലിയ വിശ്വാസമാണ്. ടീച്ചര്‍ പറഞ്ഞാല്‍ അതാണ് ശരി. ടീച്ചര്‍ പഠിപ്പിച്ചതെന്ന് അവകാശപ്പെട്ട് ഒരിക്കല്‍ അവള് പറഞ്ഞതില്‍ വലിയൊരു പിശകുണ്ടായായിരുന്നു. അത് തിരുത്താന്‍ നോക്കിയിട്ട് നടന്നില്ല. പപ്പായും അമ്മയും പറയുന്നത് അവള് വിശ്വസിച്ചില്ല. കുറെനാള്‍ കഴിഞ്ഞു. ഒരു ദിവസം ആ തര്‍ക്കവിഷയം പത്രത്തില്‍ വന്നത് ഞാന്‍ മകളുടെ ശ്രദ്ധയില്‍ പെടുത്തി. അങ്ങനെ ടീച്ചര്‍ പറഞ്ഞതില്‍ ചെറിയ സംശയം ആദ്യമായി അവള്‍ക്ക് തോന്നി. പത്രമാണ് ടീച്ചറെക്കാള്‍ കൂടുതല്‍ ശരിയെന്ന് അവള് തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ വസ്തുതാപരമായും ആശയപരമായും ശരിയായിരിക്കേണ്ടതിന്റെ പ്രധാന്യമാണ്, ഈ അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കിയത്. ടീച്ചറാണ് അവസാന ശരിയെന്നു കരുതുന്ന കുട്ടിപോലും, പലപ്പോഴും പത്രത്തെ കൂടുതല്‍ വിശ്വസിക്കുന്നു.
ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യാതിയാനം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും എങ്ങനെ ബാധിക്കുന്നു എന്ന കാര്യം വിലയിരുത്താനുള്ള സംവിധാനമാണ് യു.എന്നിന് കീഴിലുള്ള ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC). നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2300-ലേറെ പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഈ സമിതി അതിന്റെ നാലാം അവലോകന റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പുറത്തു വിട്ടത് 2007 ഫിബ്രവരി ആദ്യമാണ് (ഇതു കാണുക). ഇതെപ്പറ്റി ആ സമയത്ത് 'സമകാലിക മലയാളം' വാരികയില്‍ ഒരു ലേഖനം വന്നു. ലേഖകന്‍ ആഗോളതാപനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി, സ്വാഭാവികമെന്ന രീതിയില്‍ ഓസോണ്‍ശോഷണത്തിലേക്ക് വഴുതിവീണു. അവസാനം, ഓസോണ്‍പാളിക്കുണ്ടാകുന്ന ക്ഷതമാണ് ആഗോളതാപനത്തിന് മുഖ്യകാരണമെന്നും, ഓസോണ്‍ശോഷണം തടയാനായി സി.എഫ്.സി.കള്‍ നിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതമാകും ഫലമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിപ്പിച്ചത്.
ഈ വിഷയത്തില്‍ സാമാന്യജ്ഞാനം ഉള്ളവര്‍ക്കൊക്കെ അറിയാം, ആഗോളതാപനവും ഓസോണ്‍ശോഷണവും രണ്ടു വ്യത്യസ്ത പ്രശ്നങ്ങളാണെന്ന്. രണ്ടും രണ്ട് പ്രതിഭാസങ്ങളാണ്. ഒരുപക്ഷേ, ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതുകൊണ്ട് ഓസോണ്‍ പാളിയില്‍ അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നല്ലാതെ, ഇവ രണ്ടും തമ്മില്‍ നേരിട്ട് വലിയ ബന്ധമില്ല. മോണ്‍ട്രിയള്‍ ഉടമ്പടി വഴി ഓസോണിന് ഭീഷണിയാകുന്ന രാസവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതില്‍ ലോകം ഏറെക്കുറെ വിജയിച്ചു കഴിഞ്ഞ കാര്യമാണെന്നതും ലേഖകന്‍ അറിഞ്ഞിട്ടില്ല.
കാലിക്കറ്റ് പ്രസ്സ്ക്ലബ്ബില്‍ ജേര്‍ണലിസം ആന്‍ഡ് മാസ്കമ്മ്യൂമിക്കേഷന്‍ കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍, മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സംഭവിച്ചിരിക്കുന്ന വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ഒരു ദിവസം ശ്രമിച്ചു. അപ്പോഴാണ്, അമ്പരപ്പിക്കുന്ന ആ വസ്തുത മനസിലായത്. ആഗോളതാപനവും ഓസോണ്‍ശേഷണവും രണ്ട് വ്യത്യസ്ത പ്രതിഭാസങ്ങളും പ്രശ്നങ്ങളുമാണെന്ന ധാരണയുള്ളവര്‍, അവിടെയുള്ള 30 പേരില്‍ മൂന്നോനാലോ പേര് മാത്രം! ഇക്കാര്യത്തില്‍ ചില കുട്ടികള്‍ തകര്‍ക്കിക്കുകയും, ഇവ രണ്ടും ഒന്നാണെന്ന് ബലമായി ശഠിക്കുകയും ചെയ്തു. ഉറപ്പാണ്, ഇത്തരം ഏതെങ്കിലും ലേഖനമോ റിപ്പോര്‍ട്ടോ വഴിയാകും അവര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുക.
ഇത്രയും കാര്യങ്ങള്‍ മനസിലെത്തിയത്, ഈ ഞായറാഴ്ചത്തെ (ജൂണ്‍29, 2008) മലയാള മനോരമയുടെ 'ഞായറാഴ്ച' സപ്ലിമെന്റില്‍ ആര്.പി.ലാലാജി എഴുതിയ 'ദൈവത്തിന്റെ കണിക എവിടെ?' എന്ന ഫീച്ചര്‍ വായിച്ചപ്പോഴാണ്. ജനീവയ്ക്കു സമീപമുള്ള യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി (സേണ്‍) ലെ 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി'ല്‍ നടക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ് ഫീച്ചറിന്റെ വിഷയം. ലളിതമായ ഭാഷയില്‍ വളരെ വായനാക്ഷമമായി എഴുതിയിരിക്കുന്നു. എന്നാല്‍, അതില്‍ വസ്തുതാപരമായ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്. ലേഖകനും, എഡിറ്റുചെയ്തയാള്‍ക്കും അത് മനസിലായ ലക്ഷണവുമില്ല. മഹാവിസ്ഫോടനം, കണികാശാസ്ത്രം തുടങ്ങി, സങ്കീര്‍ണതമൂലം സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യമായ വിഷയങ്ങളാണ് ഫീച്ചറിലെ പരാമര്‍ശം എന്നതിനാല്‍, അതില്‍ കടന്നുകൂടിയ പിശകുകള്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.
ഫീച്ചറില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ചുവടെ (അതിനോടുള്ള എന്റെ പ്രതികരണം ബ്രാക്കറ്റില്‍).
1..`പ്രപഞ്ചം ഉത്ഭവിച്ചത് ബഹിരാകാശത്ത് ആദ്യം മുതലേയുള്ള പദാര്‍ഥങ്ങള്‍ ചില പ്രത്യേക ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുകയും ഒരു ദിവസം അത് പൊട്ടിത്തെറിക്കുകയും അതില്‍നിന്നു പല ഭാഗങ്ങള്‍ നാലു ദിശയിലേക്കും അതിവേഗത്തില്‍ സഞ്ചരിക്കുകയുമായിരുന്നെന്നുള്ള ബിഗ് ബാങ് (BIG BANG) തിയറി പഠിപ്പിക്കണമെന്നാണ് ആധുനികശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്'.
(മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ കോലം കണ്ടില്ലേ. ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ്, പ്രാപഞ്ചികമായ ഒരു ആദിമകണത്തിന് മഹാവിസ്ഫോടനവും അതിവികാസവും സംഭവിച്ചാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്നാണ് ആ സിദ്ധാന്തം പറയുന്നത്. ബഹിരാകാശത്ത് എന്തെങ്കിലും കേന്ദ്രീകരിച്ച് ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല. ബഹിരാകാശം എന്ന് ലേഖകന്‍ ഉദ്ദേശിക്കുന്നത് സ്പേസ് ആയിരിക്കാം. സ്പേസും കാലവും ബലങ്ങളും ദൃശ്യദ്രവ്യവും ഇതുവരെ നിരീക്ഷണവിധേയമായിട്ടില്ലാത്ത ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എല്ലാം മഹാവിസ്ഫോടനത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ഈ സിദ്ധാന്തം പറയുന്നു. അപ്പോള്‍ പിന്നെ ഇല്ലാത്ത സ്പേസില്‍ എവിടെനിന്നാണ് ഇല്ലാത്ത പദാര്‍ഥങ്ങള്‍ കേന്ദ്രീകരിക്കുക).
2...`ശാസ്ത്രം ഇത്രത്തോളം പുരോഗതിവരിച്ചു എന്ന് നാം ഊറ്റം കൊള്ളുമ്പോഴും ഈ പ്രപഞ്ചം എങ്ങനെ, എന്ന് ഉത്ഭവിച്ചെന്ന് ആര്‍ക്കും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ ഇതുകൊണ്ടാണ് ചില രാജ്യങ്ങളില്‍ സ്കൂള്‍ സിലബസില്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഭാഗം എങ്ങനെ പഠിപ്പിക്കണമെന്നു രക്ഷാകര്‍ത്താക്കളുടെ ഇടയില്‍പോലും തര്‍ക്കമുണ്ടായിരിക്കുന്നത്..........അമേരിക്കയില്‍ പലേടത്തും ഈ തര്‍ക്കം വളരെ രൂക്ഷമായപ്പോള്‍ അന്നാട്ടിലെ സര്‍ക്കാരുകള്‍ ഈ വിഷയം തന്നെ സിലബസില്‍ മരവിപ്പിച്ചു വച്ചിരിക്കുകയാണ്. ഇനി തീരുമാനം ഉണ്ടായശേഷമേ ഈ വിഷയം ക്ലാസുകളില്‍ ക്ലാസുകളില്‍ പഠിപ്പിക്കുകയുള്ളുവെന്ന് തത്ക്കാലമൊരു വെടിനിര്‍ത്തല്‍`.
(ഏത് സിദ്ധാന്തത്തിന്റെ കാര്യമാണ് ലേഖകന്‍ പറയുന്നത്. മഹാവിസ്ഫോടനത്തിന്റെ കാര്യമാണെങ്കില്‍, സ്കൂളുകളിലും കോളേജുകളിലും അതിന് അമേരിക്കയിലൊരിടത്തും വിലക്കുള്ളതായോ തര്‍ക്കമുള്ളതായോ (സൈദ്ധാന്തികള്‍ക്കിടയില്‍ അല്ലാതെ) അറിവില്ല. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നാണ് മഹാവിസ്ഫോടനസിദ്ധാന്തം പറയുന്നത്. അതുകൊണ്ടാവണം, ഈ സിദ്ധാന്തത്തിന് ശാസ്ത്രീയമായ ഒരു തെളിവും കിട്ടാതിരുന്ന കാലത്തുതന്നെ വത്തിക്കാന്‍ അത് അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഈ സിദ്ധാന്തത്തിന് മതിയായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്; മഹാവിസ്ഫോടനം നടന്നു എന്നതിനും, നമ്മള് ജീവിക്കുന്ന പ്രപഞ്ചം അതുവഴിയാണ് രൂപപ്പെട്ടത് എന്നതിനും.( ഇത് കാണുക). ഇവിടെ ലേഖകന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ മഹാവിസ്ഫോടനമായി തെറ്റിദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. അമേരിക്കയിലും മറ്റും എതിര്‍പ്പുള്ളത് ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നത് സംബന്ധിച്ചാണ്).
3...`ദ്രവ്യത്തിന് പിണ്ഡം നല്കുന്ന അടിസ്ഥാനഘടകം എന്തായിരിക്കും? ഇതിനുള്ള ഉത്തരമാണ് എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായിരുന്ന ഹിഗ്സും സംഘവും വസ്തുക്കളില്‍ ഫെര്‍മിയോണ്‍സ്, ബോസോണ്‍ എന്നിവയ്ക്കു പുറമേ ഹിഗ്സ് ബോസോണ്‍ എന്ന ഘടകംകൂടി ഉണ്ടായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത്.'
(പേരുകൊണ്ടുതന്നെ ഊഹിക്കാം ഫെര്‍മിയോണുകള്‍ക്കും ബോസോണുകള്‍ക്കും പുറമേയല്ല ഹിഗ്സ് ബോസോണ്‍ എന്ന ഘടകമെന്ന്. അത് ബോസോണുകളില്‍ ഒന്നാണ്; ഇതുവരെ കണ്ടുപിടിക്കാത്ത ബോസോണ്‍. കണികാശാസ്ത്രത്തില്‍ ദ്രവ്യത്തിന്റെയും ബലത്തിന്റെയും ചേരുവകളെ ഏതാണ്ട് സമഗ്രമായി അടക്കംചെയ്തിരിക്കുന്ന പാക്കേജിനാണ് 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന് പേരിട്ടിട്ടുള്ളത്. ഈ മോഡല്‍ പ്രകാരം ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ് തിരിച്ചിരിക്കുന്നത് ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. പ്രോട്ടോണുകള്‍ ന്യൂട്രോണുകള്‍ ഇലക്ട്രോണുകള്‍ ന്യൂട്രിനോകള്‍ ഒക്കെ ഫെര്‍മിയോണുകളാണ്. ബലങ്ങള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ വഹിക്കുന്ന ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങിയ കണങ്ങളാണ് ബോസോണുകള്‍. പിണ്ഡത്തിന് ആധാരമെന്ന് സൈദ്ധാന്തികമായി ആരോപിക്കപ്പെട്ടിട്ടുള്ള ഹിഗ്സ് ബോസോണുകളും ബോസോണുകളുടെ ഗണത്തിലാണ് പെടുന്നത്).
4...`ടിം ബര്‍ണേഴ്സ് അങ്ങനെയൊരു കുറുക്കുവഴി കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്റര്‍നെറ്റ് പിറവിയെടുക്കില്ലായിരുന്നു'.
(ഇന്റര്‍നെറ്റ് പിറവിയെടുത്തത് 1960-കളുടെ അവസാനം അമേരിക്കന്‍ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായാണ്. അല്ലാതെ ടിം ബേണേഴ്സ് ലീയല്ല ഇന്റര്‍നെറ്റിന്റെ തുടക്കക്കാരന്. വേള്‍ഡ് വൈഡ് വെബ്ബ് എന്ന ശൃംഗലയ്ക്ക് രൂപം കൊടുത്തത് ടിം ബേണേഴ്സ് ലീയാണെന്ന് ലേഖകന്‍ മുമ്പുള്ള ലേഖനഭാഗത്ത് തന്നെ പറയുന്നുണ്ട്. ടിം ബേണേഴ്സിന്റെ കുറുക്കുവഴി ഇല്ലായിരുന്നെങ്കില്‍, ഇന്റര്‍നെറ്റ് ജനകീയമാവില്ലായിരുന്നു എന്നാവണം ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക).
5...`സേണില്‍ പാര്‍ട്ടിക്കിള്‍ ആക്സിലേറ്റര്‍ തയ്യാറാക്കിക്കൊണ്ട് അതില്‍ പ്രപഞ്ചോത്പത്തിയില് നടന്ന ബിഗ് ബാങ് വിസ്ഫോടനത്തിന്റെ മാതൃകയില്‍ പ്രോട്ടോണ്‍ കണികകളെ ഇടിച്ചു തകര്‍ത്തുകൊണ്ട് ചെയ്യാന്‍ പോകുന്നത്'.
(മഹാവിസ്ഫോടനത്തിന്റെ മാതൃക ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് ഇതു വായിച്ചാല്‍ തോന്നുക. അല്ലെങ്കില്‍, മഹാവിസ്ഫോടനത്തിന്റെ വേളയില്‍ പ്രോട്ടോണ്‍ കണികകള്‍ ഇടിച്ചു തകര്‍ക്കുകയാണ് സംഭവിച്ചിരിക്കുകയെന്നും തോന്നാം. ഇതുരണ്ടും ശരിയല്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ മഹാവിസ്ഫോടനത്തിന്റെ മാതൃക സൃഷ്ടിക്കുക സാധ്യമല്ല. അറിയാവുന്നിടത്തോളം വസ്തുതകള്‍ വെച്ച് മഹാവിസ്ഫോടനവേളയില്‍ ഏതെങ്കിലും കണങ്ങള്‍ കുട്ടിയിടിക്കുകയല്ല ഉണ്ടായത്. അത്യുന്നത ഊര്‍ജനിലയിലും വേഗത്തിലും പ്രോട്ടോണ്‍ കണങ്ങള്‍ കൂട്ടിയിടിച്ച് ചിതറുമ്പോള്‍ എന്തൊക്കെ പുറത്തുവരുന്നു എന്ന് കണ്ടെത്തുകയാണ് ഹാഡ്രോണ്‍ കൊളൈഡര്‍ ചെയ്യുക. കണികാശാസ്ത്രത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ 'വിട്ടുപോയ കണ്ണി'യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്സ് ബോസോണുകള്‍ ഇത്തരത്തില്‍ കണ്ടെത്തി ആ മോഡല്‍ പൂര്‍ണമാക്കുക. ഒപ്പം പ്രപഞ്ചരഹസ്യങ്ങളില്‍ ഇനിയും അഴിയാത്ത കുരുക്കുകള്‍ അഴിക്കുക-ഇതാണ് പരീക്ഷണ ലക്ഷ്യം).
Monday, June 30, 2008
Subscribe to:
Post Comments (Atom)
5 comments:
ബഹിരാകാശത്ത് എന്തെങ്കിലും കേന്ദ്രീകരിച്ച് ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല. ബഹിരാകാശം എന്ന് ലേഖകന്‍ ഉദ്ദേശിക്കുന്നത് സ്പേസ് ആയിരിക്കാം. സ്പേസും കാലവും ബലങ്ങളും ദൃശ്യദ്രവ്യവും ഇതുവരെ നിരീക്ഷണവിധേയമായിട്ടില്ലാത്ത ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എല്ലാം മഹാവിസ്ഫോടനത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ഈ സിദ്ധാന്തം പറയുന്നു. അപ്പോള്‍ പിന്നെ ഇല്ലാത്ത സ്പേസില്‍ എവിടെനിന്നാണ് ഇല്ലാത്ത പദാര്‍ഥങ്ങള്‍ കേന്ദ്രീകരിക്കുക
ശരിയാണ് സുഹൃത്തേ, മാധ്യമങ്ങളാണ് ഇന്ന് ഒന്നാമത്തെ അഴുമതിക്കാര്‍. സത്യം ജനങ്ങളിലെത്തിക്കുന്നതിനുപകരം പണം നല്കുന്നവനു വേണ്ടിയുള്ള അനുകൂലമായ അഭിപ്രായ രൂപീകരണം നടത്തുക എന്നതാണ് ഇന്ന് മാധ്യമങ്ങളുടെ ജോലി.
കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.
- ജഗദീശ്.
മാലാഖമാര്‍ മുഖത്തു് പൌഡര്‍ ഇട്ടപ്പോള്‍ അതിലൊരംശം ശൂന്യാകാശത്തില്‍ ചുറ്റിക്കറങ്ങി. അവസാനം ആ പൊടിയെല്ലാം ഒരിടത്തു് ഒന്നിച്ചുകൂടിയപ്പോള്‍ ദൈവം അതിന്റെ കൃത്യം ഒത്തനടുക്കു് ഒരു ഓലച്ചൂട്ടുവച്ചു് കത്തിക്കാന്‍ തീരുമാനിച്ചു. അതാണു് Big-Bang à la Lalaji!
കേരളത്തിലെ മാധ്യമങ്ങള്‍ അംഗീകൃതശാസ്ത്രീയ ആനുകാലികങ്ങള്‍ വെറുതെ തര്‍ജ്ജമ ചെയ്തു് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ശാസ്ത്രലോകം ഇന്നു് എവിടെ എത്തിനില്‍ക്കുന്നു എന്നു് അറിയണം എന്നാഗ്രഹിക്കുന്ന മലയാളികള്‍ക്കു്, പ്രത്യേകിച്ചും യുവതലമുറയ്ക്കു്, അതു് ഉപകാരപ്രദമായേനെ! ആര്. പി. ലാലാജിയെപ്പോലുള്ളവര് ചെയ്യുന്നതു്, കുത്തകമാദ്ധ്യമങ്ങള്‍ നല്കുന്ന നക്കാപ്പിച്ച വാങ്ങി ഒരു സമൂഹത്തിന്റെ വിജ്ഞാനതൃഷ്ണയെ വിഷജലം കൊണ്ടു് ശമിപ്പിക്കുകയാണു്. കുത്തകമാദ്ധ്യമങ്ങളുടെ ആവശ്യം അറിവു് ജനങ്ങളില്‍ എത്തിക്കുക എന്നതല്ല, പണ്ടേ ജീര്‍ണ്ണിച്ച സ്വന്തം ഫിലോസഫി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുക എന്നതാണു്. ശ്രീമാന്‍ ലാലാജിയെപ്പോലുള്ള “പണ്ഡിതര്‍” അതിനു് പറ്റിയ ഉപകരണങ്ങളും!
അല്പ്പജ്ഞാനികള് ഭാഗ്യവാന്മാരാണു്. പക്ഷേ അവര്‍ സ്വന്തം ഭാഗ്യവുമായി മിണ്ടാതിരുന്നെങ്കില്‍ ജനങ്ങള്‍ക്കു് അബദ്ധജ്ഞാനികളാവേണ്ടി വരികയില്ലായിരുന്നു! ചുമ്മാ കണ്ണുമടച്ചു് സഹിക്കാം! അല്ലാതെന്തുചെയ്യാന്‍? ഇതില്‍ കൂടുതല്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരല്ലേ കേരളീയര്‍?
എന്തെങ്കിലും കേന്ദ്രീകരിച്ച് ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല
മഹാവിസ്ഫോടനത്തോടെയാണ് കാലവും(Time) ഉണ്ടായത് എന്ന് പറയുമ്പോള്‍, അതിന് മുമ്പ് എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
മഹാവിസ്ഫോടനത്തില്‍ തുടങ്ങിയ വികാസം ഒരു പരിധി കഴിയുമ്പോള്‍ നില്‍ക്കുമെന്നും അതിന് ശേഷം വീണ്ടും പ്രപഞ്ചം ചുരുങ്ങി (Big Crunch) ഒരു ബ്ലാക് ഹോള്‍ ആയി മാറിയിട്ട് വീണ്ടും മഹാവിസ്ഫോടനത്തിന് ഇടയാക്കുമെന്നല്ലേ ശാസ്ത്രലോകം വിശ്വസിക്കുന്നത്.
"മഹാവിസ്ഫോടനത്തോടെയാണ് കാലവും(Time) ഉണ്ടായത് എന്ന് പറയുമ്പോള്‍, അതിന് മുമ്പ് എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല."
കാലം ഉണ്ടാകണമെങ്കില്‍ ഒരു ഒബ്സര്‍വേഷന്‍ പോയിന്റ് ആവശ്യമാണ്. അതായത് ഒരു ഒറ്റ ബിന്ദു മാത്രമുള്ള അവസ്ഥയില്‍ കാലം എക്സിസ്റ്റ് ചെയ്യുന്നില്ല.ബിഗ് ബാങിനു തൊട്ടു മുന്‍പു വരെ സമയം നിര്‍വചിക്കപ്പെടുന്നില്ല. പ്രപഞ്ചം ചുരുങ്ങുന്ന സമയത്ത് കാലം പിറകോട്ട് സഞ്ചരിക്കുന്നു.
Post a Comment