Friday, April 4, 2008

മാതൃഭൂമി പോര്‍ട്ടല്‍ ഇനി യുണീകോഡില്‍

മലയാളത്തില്‍ ഒരു പ്രധാന ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ പൂര്‍ണമായും യുണീകോഡിലാകുന്നു എന്നത്‌ സന്തോഷകരമാണ്‌. മാതൃഭൂമി കുറെനാളായി അതിന്റെ പോര്‍ട്ടലിലെ കുറെ ഭാഗങ്ങള്‍ യുണീകോഡിലാക്കി വരികയായിരുന്നു. ഇന്നുമുതല്‍ (2008ഏപ്രില്‍ നാല്‌) വാര്‍ത്താഭാഗം കൂടി യുണീകോഡിലായി. ഒരുപക്ഷേ, മലയാളഭാഷാകമ്പ്യൂട്ടിങിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാണിത്‌.

മലയാളപത്രങ്ങള്‍ എന്തുകൊണ്ട്‌ ഇത്രകാലവും യുണീകോഡിലായില്ല എന്നത്‌ ശരിക്കും ഗവേഷണം ചെയ്യേണ്ട വിഷയമാണ്‌. ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, സെര്‍ച്ച്‌ഫലങ്ങളില്‍ തങ്ങള്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല എന്നത്‌ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകള്‍ തീര്‍ച്ചയായും അഭിമാനമായല്ല കാണുന്നത്‌. പിന്തള്ളപ്പെട്ടു പോകുന്നത്‌ അഭിമാനമര്‍ഹിക്കുന്ന സംഗതിയല്ലല്ലോ. യുണീകോഡിലല്ലാത്തതിനാല്‍, മലയാളപത്രങ്ങളുടെയൊന്നും ഓണ്‍ലൈന്‍ എഡിഷനുകളിലെ ഉള്ളടക്കം മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടിയിരുന്നില്ല.

രണ്ട്‌ കാര്യങ്ങളാണ്‌ ഇതുമൂലം സംഭവിക്കുക. ഏത്‌ ഭാഷയിലും പത്രങ്ങളാണല്ലോ വിവരവിതരണത്തിലെ മുന്‍നിരക്കാര്‍. സെര്‍ച്ച്‌ ചെയ്‌താല്‍ പത്രഉള്ളടക്കം വരാതിരുന്നാല്‍, നെറ്റുവഴി മലയാളത്തില്‍ വിവരം ശേഖരിക്കുന്നത്‌ ഒരു പരിധിവരെ പാഴ്‌ജോലിയാകും. മലയാളഭാഷയുടെ ഓണ്‍ലൈന്‍ ഭാവിയെയാണ്‌ ഇത്‌ പ്രതികൂലമായി ബാധിക്കുക. മറ്റൊന്ന്‌ ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ ചേരാത്ത രൂപത്തില്‍, ആര്‍ക്കും ക്രമപ്രകാരം ഉപയോഗിക്കാന്‍ കഴിയാത്ത പാഴ്‌തുരുത്തുകളായി മലയാളപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ അവശേഷിക്കും.

യുണീകോഡിലാകുക വഴി ഈ ദുസ്ഥിതിക്കാണ്‌ മാറ്റമുണ്ടാവുക. മാതൃഭൂമി നടത്തിയിരിക്കുന്ന ചുവടുവെപ്പ്‌ മറ്റ്‌ മലയാളപത്രങ്ങള്‍ക്കും പ്രചോദനമാകുമെന്ന്‌ ആശിക്കാം.

3 comments:

Joseph Antony said...

മലയാളപത്രങ്ങള്‍ എന്തുകൊണ്ട്‌ ഇത്രകാലവും യുണീകോഡിലായില്ല എന്നത്‌ ശരിക്കും ഗവേഷണം ചെയ്യേണ്ട വിഷയമാണ്‌. ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, സെര്‍ച്ച്‌ ഫലത്തില്‍ തങ്ങള്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല എന്നത്‌ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകള്‍ തീര്‍ച്ചയായും അഭിമാനമായല്ല കാണുന്നത്‌.

Mr. K# said...

ദേശാഭിമാനി മാത്രുഭുമിക്ക് രണ്ടാഴ്ച്ച മുമ്പേ യൂണികോഡ് ആയി.

കുതിരവട്ടന്‍ | kuthiravattan said...

ദേശാഭിമാനി വീണ്ടും അസ്കിയിലേക്ക് മാറി. പഴയ വാര്ത്ത ചന്ദ്രശേഖരന്‍ നായര്‍ ഇവിടെ ഇട്ടിരുന്നു. http://chandrasekharannair.wordpress.com/2008/03/17/deshabhimani/

എന്താണാവോ അവര്‍ അസ്കീയിലെക്കു മാറാന്‍ കാരണം.