Sunday, March 30, 2008

ദീപിക: ഇടയലേഖനത്തില്‍ പറയാത്തത്‌

30 മാര്‍ച്ച്‌ 2008, ഞായറാഴ്‌ച

ഇന്ന്‌ രാവിലെ 9.35-ന്‌ അതിവിചിത്രമായ ഒരു കാഴ്‌ച കണ്ടു. പാലക്കാട്‌ പട്ടണത്തിന്‌ മൂന്നുകിലോമീറ്റര്‍ അകലെ കല്ലേപ്പുള്ളിയിലെ ദേവാലയത്തിന്‌ മുന്നില്‍ മേശമേല്‍, ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു വന്ന കത്തോലിക്കര്‍ക്ക്‌ പരിചയപ്പെടാന്‍ ദീപിക പത്രം അടുക്കി വെച്ചിരിക്കുന്നു! കാശ്‌ നല്‍കി വാങ്ങി അത്‌ വീട്ടില്‍ കൊണ്ടുപോകാം, ഗുണനിലവാരം പരിശോധിക്കാം. 1887-ല്‍ കേരളത്തിലെ കത്തോലിക്കസഭ 'നസ്രാണി ദിപിക'യെന്ന പേരില്‍ തുടങ്ങുകയും, പിന്നീട്‌ ദീപികയെന്നു പേരുമാറ്റുകയും ചെയ്‌ത പത്രം, 121 വര്‍ഷത്തിനുശേഷം അതേസഭയില്‍ പെട്ടവരെ പരിചയപ്പെടുത്താനായി പള്ളിമുറ്റത്ത്‌ അടുക്കി വെച്ചിരിക്കുന്ന കാഴ്‌ച എങ്ങനെയാണ്‌ അത്ഭുതമുളവാക്കാതിരിക്കുക.

കുര്‍ബാന മധ്യേ വായിച്ച ഇടയലേഖനം കേള്‍ക്കുകയും കൂര്‍ബാന തീരുന്ന വേളയില്‍ ഇടവക വികാരി നടത്തിയ ഉത്‌ബോധനം ശ്രദ്ധിക്കുകയും ചെയ്‌തവര്‍ക്ക്‌ പക്ഷേ, പള്ളിമുറ്റത്തെ കാഴ്‌ചയില്‍ അത്ര അത്ഭുതം തോന്നിയിരിക്കില്ല. കത്തോലിക്കാസഭയ്‌ക്ക്‌ ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷവും ആഹ്ലാദവും സൂചിപ്പിക്കുകയും, ദീപികയുടെ വളര്‍ച്ചയ്‌ക്ക്‌ എല്ലാ സഭാവിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്‌തുകൊണ്ടുള്ളതായിരുന്നു ഇടയലേഖനം.

ചാവറ കുര്യാക്കോസും നിധീരിക്കല്‍ മാണിക്കത്തനാരും പോലുള്ള വൈദികശ്രേഷ്‌ഠരുടെ ശ്രമഫലമായി നിലവില്‍വന്ന ദീപികയുടെ മഹത്തായ പാരമ്പര്യവും ചരിത്രവും ഊന്നിപ്പറയുന്നതിനൊപ്പം, തെറ്റായ പ്രവണതകള്‍ മലയാളമാധ്യമരംഗത്തും ശക്തിപ്രാപിക്കുകയാണെന്നും അതിനെതിരെ ആത്മീയതയുടെ ആര്‍ജവത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന ദീപികയെപ്പോലുള്ള പത്രങ്ങളുടെ പ്രസക്തി ഏറെയാണെന്നും ഇടയലേഖനം വ്യക്തമാക്കി.

പത്രത്തിന്റെ വരിക്കാരായി ദീപികയുടെ പ്രചാരം വര്‍ധിപ്പിക്കണം എന്നുമാത്രമായിരുന്നില്ല ഇടയലേഖനത്തിലുണ്ടായിരുന്നത്‌. ദീപിക എങ്ങനെ ഓരോ കത്തോലിക്കക്കാരന്റെയും ആത്മാഭിമാനമാകണമെന്നും, ദീപികയുടെ ഉയര്‍ച്ച കത്തോലിക്ക വിശ്വാസിയുടെ ഉന്നതി തന്നെയാണെന്നു മനസിലാക്കണമെന്നും ഉത്‌ബോധിപ്പിക്കുന്നതായിരുന്നു അത്‌. വാര്‍ത്തകള്‍ ശേഖരിക്കുന്നതു മുതല്‍ പരസ്യം പിടിക്കുന്നതുവരെയുള്ള എല്ലാ രംഗത്തും ഓരോ വിശ്വാസിയും സര്‍വാത്മനാ സഹകരിക്കണം. നമ്മുടെ നാട്ടിലുണ്ടാകുന്ന സംഭവം ദീപികയില്‍ വാര്‍ത്തയായി വരുന്നുണ്ടെന്ന കാര്യം ഓരോ വിശ്വാസിയും ഉറപ്പുവരുത്തണം-ഇടയലേഖനം പറയുന്നു.

പക്ഷേ, വിശ്വാസികളില്‍ ഭൂരിപക്ഷംപേര്‍ക്കും അറിയാന്‍ താത്‌പര്യമുണ്ടായിരുന്ന ചില കാര്യങ്ങളില്‍ ഇടയലേഖനം തന്ത്രപരമായ മൗനം പാലിച്ചു. ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, ദീപികയെങ്ങനെ കത്തോലിക്കാസഭയ്‌ക്ക്‌ നഷ്ടമായെന്നോ, ആ നഷ്ടത്തിന്റെ കണക്ക്‌ എത്രയാണെന്നോ ഇടയലേഖനം ഒരു സൂചനയും നല്‍കുന്നില്ല. ദീപികയെ സഹായിക്കാനും, ദീപികയ്‌ക്കുവേണ്ടി കാശുപിരിക്കാനും വേണ്ടി ഇതിന്‌ മുമ്പ്‌ എത്രതവണ ഇടയലേഖനം ഇറക്കിയിട്ടുണ്ടെന്ന കാര്യം അറിയാനും തീര്‍ച്ചയായും പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ താത്‌പര്യം ഉണ്ടായിരിക്കാം.

അരവയര്‍ ഇറുക്കിയുടുത്താണ്‌ കഴിയുന്നതെങ്കിലും ദീപിക വരുത്തിയേക്കാം എന്നു കരുതിയ പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ ഇന്നും വ്യക്തമല്ല, കത്തോലിക്കാസഭയുടെ അഭിമാനമായിരുന്ന, സ്വത്തായിരുന്ന ദീപികയെങ്ങനെ ഫാരിസിന്റെ പക്കലെത്തിയെന്ന്‌. ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മാക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ ജിഹ്വയായി ദീപികയെങ്ങന മാറിയെന്ന്‌ ഇന്നും പല വിശ്വാസികള്‍ക്കും പിടിയില്ല. ദേശാഭിമാനിയെ തോത്‌പ്പിക്കുന്ന തരത്തില്‍ ദീപക മാറിയപ്പോള്‍, രാവിലെ പത്രവിതരണക്കാരന്‍ ദീപിക കൊണ്ടിട്ട സ്ഥലം ആനാംവെള്ളം തളിച്ച്‌ ശുദ്ധീകരിക്കേണ്ട സ്ഥിതി പല കന്യാസ്‌ത്രീമഠങ്ങള്‍ക്കും പള്ളി അരമനകള്‍ക്കും ഉണ്ടായതെങ്ങനെയെന്നും പലര്‍ക്കും രൂപമില്ല.

കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ഒരു സംഘം പത്രപ്രവര്‍ത്തകരും ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരും പ്രവര്‍ത്തിച്ചിരുന്ന ദീപികയ്‌ക്ക്‌ എന്തുകൊണ്ട്‌, വാര്‍ത്ത ശേഖരിക്കാന്‍ വിശ്വാസികളോട്‌ അഭ്യര്‍ഥന നടത്തേണ്ട സ്ഥിതിയുണ്ടായി. ദീപികയില്‍നിന്ന്‌ കണ്ണീരോടെ പിരിഞ്ഞു പോകേണ്ടിവന്ന 152 ജേര്‍ണലിസ്‌റ്റുകളുടെയും ഇരുന്നൂറോളം മറ്റ്‌ ജീവനക്കാരുടെയും ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌. അവരെ തിരികെ കൊണ്ടുവരുമോ. മുന്നൂറിലേറെപ്പേരുടെ കണ്ണീരു വീണ ഒരു സ്ഥാപനം ഗതിപിടിക്കുമോ. ഇനിയും വിശ്വാസികള്‍ ഓട്ടച്ചിരട്ടയില്‍നിന്ന്‌ സംഭാവന നല്‍കി പറക്കമുറ്റിച്ചാല്‍, വീണ്ടുമൊരു ഫാരിസ്‌ സക്കാത്തുമായി വരില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌. ഇത്തരം കാര്യങ്ങളിലൊക്കെ ഇടയലേഖനം മൗനം പാലിക്കുന്നു.

2 comments:

Joseph Antony said...

ദേവാലയത്തിന്‌ മുന്നില്‍ ഒരു മേശമേല്‍, ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു വന്ന കത്തോലിക്കര്‍ക്ക്‌ പരിചയപ്പെടാന്‍ ദീപിക പത്രം അടുക്കി വെച്ചിരിക്കുന്നു! കാശ്‌ നല്‍കി വാങ്ങി അത്‌ വീട്ടില്‍ കൊണ്ടുപോകാം, ഗുണനിലവാരം പരിശോധിക്കാം. 1887-ല്‍ കേരത്തിലെ കത്തോലിക്കസഭ 'നസ്രാണി ദിപിക'യെന്ന പേരില്‍ തുടങ്ങുകയും, പിന്നീട്‌ ദീപികയെന്നു പേരുമാറ്റുകയും ചെയ്‌ത പത്രം, 121 വര്‍ഷത്തിനുശേഷം അതേസഭയില്‍ പെട്ടവരെ പരിചയപ്പെടുത്താനായി പള്ളിമുറ്റത്ത്‌ അടുക്കി വെച്ചിരിക്കുന്ന കാഴ്‌ച എങ്ങനെയാണ്‌ അത്ഭുതമുളവാക്കാതിരിക്കുക.

chithrakaran ചിത്രകാരന്‍ said...

ഫാരിസുമാരുടെ കൂടിളകി വരവ് ആരഭിച്ചിട്ടേയുള്ളു. ഇനി വരുംബോള്‍ പത്രത്തെ മാത്രമല്ല , സഭയേയും വിശ്വാസികളേയും ഒന്നടങ്കം കോരിയെടുക്കും . മാറ്റങ്ങളൊന്നുമില്ലാത്തതിനാല്‍ ആരും അറിയുകപോലും ചെയ്യില്ല.