Monday, November 3, 2008

ബ്ലോഗില്‍ നിന്ന്‌ പോര്‍ട്ടലുകളിലേക്ക്‌

ഓണ്‍ലൈന്‍ മലയാളത്തിന്‌ പുതിയ ഭാവപ്പകര്‍ച്ച

കോഴിക്കോട്‌ ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ്‌ മുമ്പ്‌ ഞാനും കുടുംബവും താമസിച്ചിരുന്നത്‌. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ്‌ രൂപ. ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ സംശയം തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ്‌ നോക്കുമ്പോള്‍ സംഗതി ശരിയാണ്‌. അയല്‍വാസികളോട്‌ അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട്‌ അതേ നിലവാരത്തില്‍ തന്നെ, സമാധാനമായി. ടിവിയുള്ളതുകൊണ്ടാ, ഫാനിടുന്നതുകൊണ്ടാ എന്നൊക്കെ പിശുക്കിയായ ഭാര്യ കുറ്റപ്പെടുത്തും പോലെ പറയുകയും ചെയ്‌തിരുന്നു.

ഒരുവര്‍ഷം മുമ്പ്‌ അതേ കോളനിയിലെ ഒരു ഫ്‌ളാറ്റ്‌ വാങ്ങി അതിന്റെ അറ്റകുറ്റ പണി നടത്തുമ്പോള്‍ തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ എന്തെങ്കിലും ചെയ്യണം. (സി. ആര്‍. ടി. മോണിറ്ററുള്ള കമ്പ്യൂട്ടറിന്‌ പകരം, കടമെടുത്തിട്ടായാലും കൂടുതല്‍ കാശ്‌ കൊടുത്ത്‌ ലാപ്‌ടോപ്‌ വാങ്ങുമ്പോള്‍, മനസിലുണ്ടായിരുന്ന ഒരു കാര്യം വൈദ്യുതിച്ചെലവ്‌ കാര്യമായി കുറയുമല്ലോ എന്നു തന്നെയായിരുന്നു). ഹൗസിങ്‌ ബോര്‍ഡിന്റെ ആ ഫ്‌ളാറ്റില്‍ അലുമിനിയം കേബിളാണ്‌ വയറിങിന്‌ ഉപയോഗിച്ചിരുന്നത്‌ ! പിന്നെങ്ങനെ വൈദ്യുതി ഉപയോഗം കുറയും. വയറിങ്‌ മുഴുവന്‍ മാറ്റാന്‍ കോണ്‍ട്രാക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.

വീടിന്‌ ഫൈവ്‌സ്റ്റാര്‍ നിലവാരമില്ലെങ്കിലും, ഫ്രഡ്‌ജും വാഷിങ്‌ മെഷീനുമെല്ലാം ഫൈവ്‌സ്റ്റാര്‍ ആക്കി. വൈദ്യുതി ഉപഭോഗം 40 ശതമാനം വരെ കുറയും എന്നാണ്‌ ഈ സ്റ്റാര്‍ സംവിധാനത്തിലൂടെ കമ്പനികളുടെ അവകാശവാദം; വില അല്‍പ്പം കൂടും എന്നു മാത്രം. ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകള്‍ പാടെ ഉപേക്ഷിച്ചു, പകരം സി.എഫ്‌.എല്‍.ആക്കി. ഫാനുകളും ഇന്ധനക്ഷമത കൂടിയത്‌ വാങ്ങി. അതിനും വില കൂടുതല്‍ തന്നെ. അങ്ങനെ പുതിയ ഫ്‌ളാറ്റിന്റെ വൈദ്യുതീകരണ നവീകരണം പൂര്‍ത്തിയാക്കി. പക്ഷേ, അതിന്‌ വന്ന ചെലവ്‌ അറിഞ്ഞപ്പോള്‍ പരിചയക്കാരും അല്‍ക്കാരും എന്നെ സഹതാപത്തോടെ നോക്കി. ഇയാള്‍ എന്തെല്ലാം പാഴ്‌ച്ചെലവാണ്‌ വരുത്തുന്നത്‌ എന്നവര്‍ മനസില്‍ ഓര്‍ത്തിട്ടുണ്ടാകും.

പക്ഷേ, താമസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ അയല്‍ക്കാരോട്‌ ഗമയില്‍ ചോദിക്കാന്‍ തുടങ്ങി, നിങ്ങള്‍ക്കെത്രയാ കറണ്ട്‌ബില്‍, ഞങ്ങള്‍ക്ക്‌ മുന്നൂറില്‍ താഴെയേ വരുന്നുള്ളൂ. എഴുന്നൂറും എണ്ണൂറും ആയിരവും കറണ്ട്‌ബില്‍ ആകുന്ന അയല്‍ക്കാര്‍ ഞങ്ങളെ അസൂയയോടെ കാണാന്‍ തുടങ്ങി. അയല്‍പക്കത്തെ ചില വീട്ടമ്മമാര്‍ ഞങ്ങളുടെ വീട്ടിലെത്തി ഷെര്‍ലക്‌ഹോംസ്‌ സ്‌റ്റൈലില്‍ പരിശോധന നടത്തി, ഫ്രിഡ്‌ജ്‌ ഓഫാണോ, വാഷിങ്‌ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലേ, ടിവി കാണലില്ലേ, ഫാനിടുന്നുണ്ടോ, മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലേ-എല്ലാം ഉണ്ട്‌, എന്നിട്ടും വൈദ്യുതിബില്‍ എങ്ങനെ ഇത്രയും കുറയുന്നു ? ആദ്യം സഹതാപം കാട്ടിയവര്‍ ഇപ്പോള്‍ ജിജ്ഞാലുക്കളായിരിക്കുന്നു, പ്രത്യേകിച്ചും ഏതാനും മാസം മുമ്പ്‌ കേരളത്തില്‍ വൈദ്യുതിച്ചാര്‍ജ്‌ വര്‍ധിപ്പിച്ച ശേഷം.

ഇത്രയും എഴുതിയത്‌, ഇത്തരം ജിജ്ഞാലുക്കള്‍ക്ക്‌ ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ പാകത്തില്‍ ഒരു പോര്‍ട്ടല്‍ മലയാളത്തില്‍ ആരംഭിച്ചിരിക്കുന്നു എന്ന്‌ പറയാനാണ്‌. എങ്ങനെ ഊര്‍ജോപയോഗം ബുദ്ധിപൂര്‍വമാക്കാം, ഊര്‍ജത്തിന്റെ പ്രാധാന്യമെന്ത്‌, ഊര്‍ജരംഗത്ത്‌ നടക്കുന്ന പുതിയ ചലനങ്ങളും ഗവേഷണങ്ങളും എന്തൊക്കെ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ്‌ 'ഊര്‍ജസംരക്ഷണം' എന്ന പോര്‍ട്ടല്‍. പ്രമുഖ ബ്ലോഗറും സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ്‌ ജേതാവുമായ വി. കെ. ആദര്‍ശാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍.

ഊര്‍ജം താരമാകുന്ന കാലം

ഊര്‍ജസംരക്ഷണം, അമിത ഊര്‍ജോപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ ഏറെക്കാലമായി പലരും കേരളീയരെ ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുന്നു. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജലവൈദ്യുതിയുടെ ഹുങ്കില്‍ നമ്മള്‍ അതൊന്നും പക്ഷേ, ചെവിക്കൊണ്ടില്ല. ഹുങ്കിന്റെ കാലം ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന്‌ പറയും പോലെ, വൈദ്യുതി ഉപയോഗം കേരളീയരുടെ ഉറക്കം കെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഊര്‍ജസംരക്ഷണത്തെക്കുറിച്ച്‌ വന്‍കിട കമ്പനികള്‍ മുതല്‍ ചെറ്റപ്പുരകള്‍ വരെ കേരളത്തില്‍ ഇന്ന്‌ ഉറക്കെ ചിന്തിക്കുകയാണ്‌. അപ്പോഴും, അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ ആണവക്കരാര്‍ വഴി എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും, നമുക്ക്‌ ഇഷ്ടം പോലെ വൈദ്യുതി ലഭിക്കും എന്ന മൂഢസ്വര്‍ഗത്തില്‍ കഴിയുന്നവരും ഇല്ലാതില്ല.

ശരിക്കും, ഊര്‍ജത്തെ സംബന്ധിച്ച കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ ഇത്രയും അനുകൂല സമയം കേളത്തില്‍ ഉണ്ടായിട്ടില്ല. വൈദ്യുതി ലാഭിക്കാന്‍ എന്തുചെയ്യണമെന്ന്‌ പറഞ്ഞാലും അത്‌ ചെയ്യുന്ന കാലമാണ്‌ വരാന്‍ പോകുന്നത്‌. പുതിയ താരിഫ്‌ അനുസരിച്ചുള്ള ബില്ല്‌ രണ്ടുതവണ വന്നോട്ടെ, അപ്പോള്‍ കാണാം കളി. വീണ്ടും വൈദ്യുതി നിരക്ക്‌ കൂട്ടണമെന്ന്‌ കെ.എസ്‌.ഇ.ബി. ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കൂടി കാണുക. 'കാറ്റുള്ളപ്പോള്‍ തൂറ്റണം' എന്ന ചൊല്ല്‌ അന്വര്‍ഥമാക്കുംവിധം, ഈ സമയത്ത്‌ 'ഊര്‍ജസംരക്ഷണം' പോലൊരു പോര്‍ട്ടല്‍ ആരംഭിച്ചവര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

ജനകീയശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ ശൈലി കടമെടുത്ത്‌ വായ്‌പ്പാട്ടും കഥാപ്രസംഗവും കഥയുമൊക്കെയായാണ്‌ ഈ പോര്‍ട്ടലില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വലിയൊരു ടാര്‍ജറ്റ്‌ ഗ്രൂപ്പിനെ ലക്ഷ്യമാക്കുന്നതിനാലാവണം ഇത്‌. പക്ഷേ, ഈ ശൈലി ഉപയോഗിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാതെ നോക്കാന്‍ പോര്‍ട്ടലിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്‌. കേരളസര്‍ക്കാരിന്റെ ഐടി വകുപ്പിന്‌ കീഴിലുള്ള സ്‌പെയ്‌സുമായി സഹകരിച്ച്‌ കൊല്ലം ഗ്രീന്‍ എനര്‍ജി ട്രസ്റ്റാണ്‌ വെബ്ബ്‌ രൂപസംവിധാനം ചെയ്‌തിരിക്കുന്നത്‌. 2008 ഒക്ടോബര്‍ 30-ന്‌ ബാംഗ്ലൂര്‍ ഐ.ഐ.എം. സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. എസ്‌. രാമസ്വാമി പുതിയ പോര്‍ട്ടലിന്റെ ഉദ്‌ഘാടനം കൊല്ലത്ത്‌ വെച്ച്‌ നിര്‍വഹിച്ചു.

വായനയുടെ നാട്ടുവഴികള്‍

വായനയുടെ നഷ്ടമാകുന്ന പച്ചകള്‍ക്കിടയില്‍ പുതിയൊരു വായനാസംസ്‌ക്കാരത്തിനുള്ള യാത്ര-'നാട്ടുപച്ച' എന്ന പുതിയ മലയാളം പോര്‍ട്ടലിന്റെ സാധുത, അതിന്റെ എഡിറ്റോറിയല്‍ മേല്‍നോട്ടം വഹിക്കുന്ന മൈന ഉമൈബാന്‍ വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. നവംബര്‍ ഒന്നിന്‌ കോഴിക്കോട്ടാണ്‌ ഈ പോര്‍ട്ടലിന്റെ ഉത്‌ഘാടനം നടന്നത്‌. ഇ-വായനയുടെ പുതിയ സാധ്യതകളാണ്‌ ഈ പോര്‍ട്ടല്‍ തേടുന്നതെന്ന്‌ അതിന്റെ നിര്‍വാഹകര്‍ അവകാശപ്പെടുന്നു.

പക്ഷേ, ഉള്ളടക്കത്തില്‍ പരമ്പരാഗത മലയാളം മാഗസിന്‍ ജേര്‍ണലിസത്തിന്റെ പരിചിത നിഴല്‍ നാട്ടുപച്ചിയില്‍ വീണുകിടപ്പില്ലേ എന്ന്‌ സംശയം. വായനക്കാരെ ചെടിപ്പിക്കുന്ന ബുദ്ധിജീവി നാട്യങ്ങളാണ്‌ മലയാളം മാഗസിന്‍ ജേര്‍ണലിസത്തെ ജടിലമായ ഒരവസ്ഥയില്‍ കെട്ടിയിടുന്നത്‌. ആ നിഴലില്‍ നിന്ന്‌ മോചിപ്പിച്ച്‌, ഇന്റര്‍നെറ്റിന്റെ സാധ്യതകളും നന്മകളും സമ്മേളിപ്പിച്ച്‌ പുതിയൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നാട്ടുപച്ച പോലൊരു സംരംഭം പച്ചപിടിക്കും എന്നതില്‍ സംശയമില്ല.

പുതിയ ഭാവപ്പകര്‍ച്ച

മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ദിശയിലേക്ക്‌ തിരിയുന്നതിന്റെ സൂചനയാണ്‌, മേല്‍ സൂചിപ്പിച്ച രണ്ട്‌ പോര്‍ട്ടലുകളും നല്‍കുന്നത്‌. ബ്ലോഗില്‍നിന്ന്‌ പോര്‍ട്ടലുകളിലേക്കുള്ള ഭാവപ്പകര്‍ച്ച. രണ്ടു പോര്‍ട്ടലുകളുടെയും ചുമതലക്കാര്‍, പ്രമുഖ ബ്ലാഗര്‍മാരാണ്‌. 'ബ്ലോഗ്‌ഭൂമി'യും 'സര്‍പ്പഗന്ധി'യും മലയാളം ബ്ലോഗ്‌ വായനക്കാര്‍ക്ക്‌ പരിചിതങ്ങളാണ്‌. മലയാളം യുണികോഡിന്റെ സാധ്യതകള്‍ വായനക്കാരിലേക്ക്‌ കൂടുതല്‍ എത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കും. മാത്രമല്ല, ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌ത്‌ വിവരങ്ങള്‍ തേടാവുന്ന ഭാഷകളിലൊന്നായി മലയാളത്തെ മാറ്റാനും ഇവ തുണയാകും. 

Tuesday, October 28, 2008

മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌

ശനിയാഴ്‌ച ദിവസം എനിക്കൊരു പണിയുണ്ട്‌. ഞായറാഴ്‌ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ആരോഗ്യ-മെഡിക്കല്‍-ശാസ്‌ത്ര റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഉച്ചയോടെ കോഴിക്കോടിന്‌ ഇ-മെയില്‍ ചെയ്യണം. ആ സമയത്തേ പാടുള്ളു, മുന്‍കൂട്ടി അയച്ചിട്ട്‌ കാര്യമില്ല. സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമില്ല. സമയം പോലെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട്‌ തയ്യാറാക്കി വെച്ചിട്ട്‌, ശനിയാഴ്‌ച മെയില്‍ ചെയ്‌താല്‍ മതി. യാത്രയിലോ നാട്ടിലോ ആകുമ്പോഴാണ്‌ പ്രശ്‌നം. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌, സംഭവം പെന്‍ഡ്രൈവില്‍ കൈയിലുണ്ട്‌. പക്ഷേ, എന്തുകാര്യം. കേരളമാണ്‌ നമ്മുടെ ഇഷ്ടത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടണമെന്നില്ല.

ഇതിന്‌ ആദ്യമൊക്കെ ചെയ്‌തിരുന്ന സൂത്രവിദ്യ, സ്വന്തം ജി-മെയിലിലേക്ക്‌ റിപ്പോര്‍ട്ട്‌ മുന്‍കൂട്ടി അയച്ചിടുക എന്നതാണ്‌. എന്നിട്ട്‌, ശനിയാഴ്‌ച ഉച്ചയാകുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കും. മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍, ഇന്റര്‍നെറ്റ്‌ ഉള്ള എവിടെയെങ്കിലും എത്തി സ്വന്തം മെയിലില്‍ കിടക്കുന്ന സാധനം കോഴിക്കോട്ടേക്ക്‌ ഫോര്‍വേഡ്‌ ചെയ്യും. എത്ര കുറുക്കുവഴികള്‍ ശീലിച്ചാലാണ്‌ മനുഷ്യന്‌ കഴിഞ്ഞുപോകാനാവുകയെന്ന്‌ അത്ഭുതപ്പെടുത്തുന്ന ഉദാഹരണമാണിത്‌.

എന്നാല്‍, എന്നെപ്പോലെ മറവിയുടെ അസുഖമുള്ളവര്‍ക്കും, കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു മെയില്‍ സര്‍വീസ്‌ അടുത്തയിടെ ഞാന്‍ കണ്ടെത്തി; 'ലെറ്റര്‍മിലേറ്റര്‍'(www.lettermelater.com). എത്രകാലം മുമ്പ്‌ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി, അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.

കിട്ടുന്നയാള്‍ അറിയില്ല, ഒരു ഇടനിലക്കാരന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌, അല്ലെങ്കില്‍ മുന്‍കൂട്ടി അയച്ചിട്ടതാണ്‌ മെയിലെന്ന്‌. നിങ്ങള്‍ ജി-മെയിലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, ആ മെയിലില്‍നിന്ന്‌ ആ സമയത്ത്‌ വരുന്നതായേ, കത്ത്‌ കിട്ടുന്നയാള്‍ക്ക്‌ മനസിലാകൂ. കത്തുകള്‍ മാത്രമല്ല, പിറന്നാള്‍ സന്ദേശങ്ങളോ, കൂടിക്കാഴ്‌ചയ്‌ക്കുള്ള ഓര്‍മിപ്പിക്കലുകളോ, നിങ്ങള്‍ അവധിയിലായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അയയ്‌ക്കേണ്ട നിര്‍ദേശങ്ങളോ, മറന്നു പോകാന്‍ സാധ്യതയുള്ള സന്ദേശങ്ങളോ ഒക്കെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അയച്ചിടാം. സയമത്ത്‌ കിട്ടുമോ എന്ന വേവലാതിയേ വേണ്ട.

ഈ സര്‍വീസ്‌ കണ്ടെത്തിയതോടുകൂടി എനിക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നു. റിപ്പോര്‍ട്ടുകള്‍ എമ്പാര്‍ഗോ ചെയ്‌ത്‌ കിട്ടുന്നതു പോലെ, എനിക്കും സ്വന്തം എമ്പാര്‍ഗോ നിശ്ചയിക്കാം എന്നായി സ്ഥിതി. ഞായറാഴ്‌ച പത്രത്തിന്‌ വേണ്ട റിപ്പോര്‍ട്ട്‌, ശനിയാഴ്‌ച ഉച്ചയ്‌ക്കുള്ള സയമം വെച്ച്‌ മുന്‍കൂട്ടി അയച്ചിടും. അവധിയായാലും യാത്രയിലായാലും ഇന്റര്‍നെറ്റ്‌ സൗകര്യം തേടി അലയേണ്ട കാര്യമില്ല. കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ കിട്ടേണ്ടിടത്ത്‌ എത്തിക്കൊള്ളും

Sunday, October 19, 2008

പാസ്‌വേഡ്‌ കള്ളം പറയില്ല

പതിനഞ്ചുവര്‍ഷം മുമ്പാണ്‌, സുഹൃത്തായ കെ.ജെ.ജേക്കബ്ബ്‌ എന്നോടൊപ്പം അമ്പൂരിയില്‍ വന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ തെക്കുകിഴക്ക്‌ ഭാഗത്തേക്ക്‌ ഏതാണ്ട്‌ 40 കിലോമീറ്റര്‍ ബസ്സ്‌യാത്ര വേണം അമ്പൂരിയിലെത്താന്‍. പന്ത വഴി പോകുമ്പോള്‍ അമ്പൂരിക്ക്‌ തൊട്ടുമുമ്പാണ്‌ തട്ടാന്‍മുക്ക്‌ എന്ന കവല. അടുത്ത ഗ്രാമമായ മായത്തുനിന്നുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ തട്ടാന്‍മുക്കിലെ പതിവു കാഴ്‌ചയാണ്‌. മില്‍മയുടെ വണ്ടി അവിടെനിന്നാണ്‌ മായത്തുനിന്നുള്ള പാല്‍ കയറ്റി പോകുന്നത്‌. മായത്തേക്കുള്ള ഒഴിഞ്ഞ കാനുകള്‍ അവിടെ ഇറക്കി വെയ്‌ക്കുകയും ചെയ്യും.

ഞങ്ങളുടെ ബസ്സ്‌ തട്ടാന്‍മുക്കിലെത്തിയപ്പോള്‍ സ്വാഭാവികമായും, മായത്തേക്കുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ണില്‍പെട്ടു. പതിവു കാഴ്‌ചയായതിനാല്‍ എനിക്കൊന്നും തോന്നിയില്ല. എന്നാല്‍, മായം എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയ കാനുകള്‍ കണ്ട ജേക്കബ്ബിന്‌ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. `കഷ്ടം, എത്ര നിഷ്‌ക്കളങ്കരും സത്യസന്ധരുമാണ്‌ നിന്റെ നാട്ടുകാര്‍`, ജേക്കബ്ബ്‌ പറഞ്ഞു. `അല്ലെങ്കില്‍ ആരെങ്കിലും മായം ചേര്‍ത്ത സാധനത്തിന്‌ പുറത്ത്‌ 'മായം' എന്ന്‌ എഴുതിവെയ്‌ക്കുമോ?`

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിത്ര പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്ട്‌ നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തു വന്ന ഒരു വിവരം പത്രത്തില്‍ വായിച്ചപ്പോഴാണ്‌, ഈ പഴയ സംഭവം മനസിലെത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ സാധാരണക്കാര്‍ക്കിടയിലുള്ള വിശ്വാസ്യതയെക്കുറിച്ച്‌ അറിയാവുന്ന ചിത്ര, ഒരു പ്രസാധക എന്ന നിലയ്‌ക്കാണ്‌ മണ്ണാര്‍ക്കാട്ടുകാരുടെ വിശ്വാസം നേടിയെടുത്തത്‌. 'ന്യൂ വ്യൂ' എന്നൊരു മാസികയുടെ പേരില്‍ മണ്ണാര്‍ക്കാട്ട്‌ ഓഫീസ്‌ തുറന്നായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ കണ്ണുവെട്ടിക്കാനും, സമൂഹത്തില്‍ കാശുള്ളവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാനും ചിത്രയ്‌ക്ക്‌ ഇത്‌ തുണയായി. കനത്ത ലാഭം വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപങ്ങളായി വന്‍തുകകള്‍ വാങ്ങി.

തെക്കന്‍ കേരളത്തില്‍ ശബരീനാഥ്‌ 'ടോട്ടര്‍ ഫോര്‍ യൂ'വിലൂടെ നടത്തിയതിന്റെ ചെറിയൊരു പതിപ്പായിരുന്നു ചിത്രയുടെ തട്ടിപ്പ്‌. ഒടുവില്‍ കാര്യങ്ങള്‍ പുറത്തു വരികയും ചിത്ര മുങ്ങുകയും ചെയ്‌തതോടെ പോലീസ്‌ വെട്ടിലായി. ഇതുവരെ പോലീസ്‌ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമുയര്‍ന്നു. കൂടുതല്‍ പേര്‍ ചിത്രയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും, പോലീസിന്‌ മേല്‍ സമ്മര്‍ദം ഏറുകയും ചെയ്‌തതോടെ ചിത്ര പിടിയിലായി. കസ്റ്റഡിയില്‍ വിടലും തെളിവെടുപ്പും മറ്റ്‌ കലാപരിപാടികളും ഇപ്പോഴും തുടരുകയാണ്‌.

കഴിഞ്ഞ ദിവസം ചിത്രയുടെ ലാപ്‌ടോപ്പ്‌ പോലീസ്‌ പിടിച്ചെടുത്തു. അത്‌ ഓണ്‍ചെയ്‌തപ്പോഴാണ്‌ പോലീസിന്‌ മനസിലാകുന്നത്‌, പാസ്‌വേഡ്‌ അറിയില്ലെന്ന്‌. എന്തായിരിക്കാം ചിത്ര ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ തലപുകച്ചിരിക്കാം. ഉമ്പെര്‍ട്ടോ എക്കോയുടെ 'ഫുക്കോയുടെ പെന്‍ഡുലം' എന്ന ലോകപ്രശസ്‌ത നോവലില്‍, ഒരു കമ്പ്യൂട്ടറിലെ രഹസ്യമെന്തെന്നറിയാന്‍, അതിന്റെ പാസ്‌വേഡ്‌ അറിയാതുഴലുന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്‌. ചിത്രയുടെ ലാപ്‌ടോപ്പിന്‌ മുന്നില്‍ പോലീസും അത്തരമൊരു അവസ്ഥയില്‍ ആയെങ്കില്‍ അത്ഭുതമില്ല.

'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്‌വേഡ്‌ അറിയാന്‍ വെമ്പുന്നയാള്‍, ആ കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച്‌ എന്താകാം പാസ്‌വേഡ്‌ നല്‍കിയിരിക്കുകയെന്ന്‌ സുദീര്‍ഘമായ വിചിന്തം തന്നെ നടത്തുന്നുണ്ട്‌. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍ ചിത്രയെപ്പോലൊരു തട്ടിപ്പുകാരി എന്തായിരിക്കാം ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ ഒടുവില്‍ ചിത്രയുടെ തന്നെ സഹായം തേടി. പാസ്‌വേഡ്‌ ചിത്ര പറഞ്ഞുകൊടുത്തു: 'കള്ളി'(kally) ! എത്ര സത്യസന്ധം, അല്ലേ !

Monday, October 6, 2008

നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു

 കണ്ട എക്കാലത്തെയും വലിയ സമാധാന പ്രചാരകനായ മഹാത്മാഗാന്ധിക്ക്‌ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചില്ല. അസ്‌തിത്വവാദത്തിന്റെ പ്രായോജകനായ ഴാങ്‌ പോള്‍ സാര്‍ത്ര്‌ സാഹിത്യത്തിനുള്ള പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ നോബല്‍ സീസണ്‍ തുടങ്ങുന്ന വേളയില്‍ ചില കൗതുകങ്ങളും വൈരുധ്യങ്ങളും...

  • പുരുഷാധിപത്യം
നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌ വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌ സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും. സമാധാന നോബല്‍ നേടിയവരില്‍ വനിതകള്‍ വെറും 12 പേര്‍ മാത്രം. 11 സ്‌ത്രീകള്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.

  • പ്രായം ഘടകമേയല്ല
കഴിഞ്ഞ വര്‍ഷം നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ലിയോനിഡ്‌ ഹുര്‍വിക്‌സ്‌ ആണ്‌ നോബല്‍ ചരിത്രത്തില്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 90-ാം വയസ്സിലാണ്‌ അദ്ദേഹത്തെ ആ ബഹുമതി തേടിയെത്തിയത്‌. ബ്രിട്ടീഷുകാരനായ ലോറന്‍സ്‌ ബ്രാഗാണ്‌ ഏറ്റവും ചെറിയ പ്രായത്തില്‍ പുരസ്‌കാരം ലഭിച്ച വ്യ്‌ക്തി. 1925-ല്‍ വെറും 25 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ തേടി ബഹുമതിയെത്തി. 1915-ല്‍ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം തന്റെ പിതാവ്‌ സര്‍ വില്യം ഹെന്‍ട്രി ബ്രാഗിനൊപ്പമാണ്‌ ലോറന്‍സ്‌ പങ്കുവെച്ചതെന്ന സവിശേഷതയുമുണ്ട്‌. എക്‌സ്‌റേ സങ്കേതം ഉപയോഗിച്ച്‌ പരലുകളുടെ ഘടന പഠിക്കുന്നതിന്‌ നല്‍കിയ സംഭാവനയായിരുന്നു ഇരുവര്‍ക്കും നോബല്‍ നേടിക്കൊടുത്തത്‌.

  • നോബലേ വേണ്ട
ചരിത്രത്തില്‍ നോബല്‍ പുരസ്‌കാരം നിരസിച്ചിട്ടുള്ളത്‌ രണ്ടു പേരാണ്‌; പ്രശസ്‌ത ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഴാങ്‌ പോള്‍ സാര്‍ത്രും വിയറ്റ്‌നാമീസ്‌ രാഷ്ട്രീയ നേതാവ്‌ ലി ഡ്യൂക്‌ തോയും. ഒരു തരത്തിലുള്ള ഔദ്യോഗിക ബഹുമതിയും സ്വീകരിക്കില്ല എന്നത്‌ വ്യക്തിപരമായ തന്റെ നിലപാടാണെന്ന്‌ ചൂണ്ടിക്കാട്ടി, 1964-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സാര്‍ത്ര്‌ നിരസിച്ചു. 1973-ല്‍ സമാധാനത്തിനുള്ള പുരസ്‌കാരം ഹെന്‍ട്രി കിസ്സിഞ്ചര്‍ക്കൊപ്പം പങ്കിട്ട വിയറ്റ്‌നാമീസ്‌ രാഷ്ട്രീയക്കാരന്‍ ഡ്യൂക്‌ തോ, തന്റെ രാജ്യത്ത്‌ ഇപ്പോഴും സമാധാനമില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുരസ്‌കാരം നിരസിച്ചത്‌.

  • ഹിറ്റ്‌ലറുടെ കോപം
ജര്‍മന്‍ രാഷ്ട്രീയ വിമതന്‍ കാള്‍ വോണ്‍ ഒസ്സിയേറ്റ്‌സ്‌കിയെ 1936-ലെ നോബല്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ കോപാകുലനായിരുന്നു. അതോടെ, ജര്‍മന്‍കാര്‍ നോബല്‍ പുരസ്‌കാരം വാങ്ങുന്നത്‌ ഹിറ്റ്‌ലര്‍ വിലക്കി. രസതന്ത്ര നോബലിന്‌ അര്‍ഹരായ റിച്ചാര്‍ഡ്‌ കുഹന്‍, അഡോള്‍ഫ്‌ ബ്യൂട്ടെനാന്‍ഡ്‌ത്‌ എന്നിവര്‍ക്കും, മെഡിസിന്‌ നോബല്‍ നേടിയ ജെറാര്‍ഡ്‌ ഡൊമാഗ്‌കിനും ഈ വിലക്കു മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സ്‌റ്റോക്ക്‌ഹോമില്‍ എത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ അവര്‍ തങ്ങളുടെ പ്രശസ്‌തിപത്രങ്ങള്‍ കൈപ്പറ്റിയത്‌.

  • ഏറ്റവും വലിയ ഒഴിവാക്കല്‍

ഇത്തരമൊരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നു എന്ന്‌ ഭാവി തലമുറയോട്‌ പറഞ്ഞാല്‍ അവര്‍ അത്‌ വിശ്വസിച്ചേക്കില്ല എന്ന്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌, ശാസ്‌ത്രത്തിലെ മഹാപ്രതിഭ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ ആണ്‌. അഹിംസയെ സമരായുധമാക്കിയ ഗാന്ധിജിക്ക്‌ പക്ഷേ, സമാധാന നോബല്‍ കിട്ടിയില്ല. ലിയോ ടോള്‍സ്‌റ്റോയ്‌ ജീവിച്ചിരുന്നപ്പോള്‍, മറ്റു പലര്‍ക്കും സാഹിത്യനോബല്‍ കിട്ടിയതുപോലെ. അഞ്ചു തവണ ഗാന്ധിജി പുരസ്‌കാരത്തിന്‌ നാമകരണം ചെയ്യപ്പെട്ടെങ്കിലും, നോബല്‍ കമ്മറ്റി അത്‌ അവഗണിച്ചു. സാമ്രാജ്യത്വശക്തികളുടെ സ്വാധീനം നോബല്‍ നിര്‍ണയത്തില്‍ എത്ര നിര്‍ണായകമാണ്‌ എന്നതിന്‌ ഉദാഹരണമായി ഇത്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാന്ധിജിക്ക്‌ പുരസ്‌കാരം കൊടുക്കാത്തതില്‍ നോബല്‍ കമ്മറ്റി പില്‍ക്കാലത്ത്‌്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.
(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌)

Monday, September 22, 2008

ദിനേശ്‌ബീഡി തൊഴിലാളിക്കും 'ഇക്കണോമിസ്‌റ്റി'നും പൊതുവായുള്ളത്‌

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍ ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍ തെറുത്തു കൊടുക്കുന്നു.

വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക വകഭേദം എന്താണെന്ന്‌ അറിയാന്‍, ഏതെങ്കിലും ഓഡിയോ മാഗസിനോ നോവലുകളുടെ ഓഡിയോ രൂപമോ കേട്ടുനോക്കിയാല്‍ മതി. ചില ജനപ്രിയ നോവലുകളുടെയും മറ്റും ഓഡിയോ രൂപങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും, മുഖ്യധാരാമാധ്യമങ്ങള്‍ അടുത്തകാലം വരെ ഓഡിയോ എഡിഷനുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്‌. ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ സൂചിപ്പിക്കുന്നത്‌ ഇക്കാര്യമാണ്‌. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ച സാധ്യത.

ആകെ 120 എം.ബി.വലിപ്പമുള്ള എംപി-3 ഫയലുകളായാണ്‌ 'ഇക്കണോമിസ്‌റ്റ്‌' അതിന്റെ ഓഡിയോ എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത്‌ (ഇതു കാണുക). ഉള്ളടക്കം ഒന്നിച്ചു വേണമെങ്കിലും, വീക്കിലിയിലെ ഓരോ വിഭാഗവും വെവ്വേറെ വേണമെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്യാം. ഉയര്‍ന്ന ഗുണനിലവാരത്തില്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാകയാല്‍, കേഴ്‌വി മികച്ച അനുഭവമാകുന്നു. എംപി-3 പ്ലെയറിലേക്ക്‌ പകര്‍ത്തിയാല്‍, ഒരു മണിക്കൂര്‍ നീളുന്ന പ്രഭാത നടത്തത്തിനിടെ പുതിയ ലക്കം ഇക്കണോമിസ്‌റ്റ്‌ കേട്ടു തീര്‍ക്കാം. അല്ലെങ്കില്‍, കാര്‍ ഡ്രൈവ്‌ ചെയ്യുന്നതിനിടെ ഡി.വി.ഡി.പ്ലയറിലിട്ട്‌ കേള്‍ക്കാം, അതുമല്ലെങ്കില്‍ തുണി ഇസ്‌തിരിയിടുന്നതിനിടെ. വായനയ്‌ക്ക്‌ തീരെ സമയമില്ലാതാകുന്ന പുതിയ കാലത്തെ തോല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നാണ്‌ ഈ ഓഡിയോ എഡിഷന്‍. ഒറ്റ പ്രശ്‌നമേയുള്ളു, വരിക്കാര്‍ക്ക്‌ മാത്രമേ ഓഡിയോ ഇക്കണോമിസ്‌റ്റിന്റെ എഡിഷന്‍ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയൂ. അതല്ലാത്തവര്‍ക്ക്‌ ലീഡര്‍ പോലുള്ള ഭാഗങ്ങള്‍ മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യാനാകൂ.

ഭാവിയില്‍ മലയാള ആനുകാലികങ്ങളും ഏതുരൂപത്തിലേയ്‌ക്കൊക്കെ പരിണമിക്കാം എന്നതിന്റെ സൂചന കൂടിയാണ്‌, ഇത്തരം ഓഡിയോ എഡിഷനുകള്‍. പുതിയൊരു ജോലി സാധ്യതയും ഇത്‌ മുന്നോട്ടു വെയ്‌ക്കുന്നു. നല്ല ശബ്ദവും ഉച്ഛാരണശുദ്ധിയുമുള്ളവര്‍ക്ക്‌ ഇതൊരു തൊഴില്‍മേഖലയാക്കാന്‍ കഴിയും. ഓഡിയോ ബ്ലോഗിങായ 'പോഡ്‌കാസ്‌റ്റിങി'നെയാണ്‌ ഓഡിയോ മാഗസിനുകള്‍ അനുകരിക്കുന്നത്‌. മാര്‍ഷല്‍ മക്‌ലുഹാന്‍ 'ട്രൈബല്‍ ഡ്രം' എന്ന്‌ വിശേഷിപ്പിച്ചത്‌ റേഡിയോ എന്ന മാധ്യമത്തെയാണ്‌. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ നവമാധ്യമങ്ങളിലെ നവാഗതരായ 'ശബ്ദവാരികകളെ' എന്താകുമായിരുന്നു വിശേഷിപ്പിക്കുക.

Saturday, September 20, 2008

മലയാളം ഗൂഗിള്‍വാര്‍ത്തകള്‍-ചില ചതുരങ്ങളും കുത്തും കൊമയും

ഇത്തവണ മലയാളികള്‍ക്ക്‌ ഗൂഗിള്‍ നല്‍കിയ ഓണസമ്മാനമാണ്‌, അതിന്റെ മലയാളംന്യൂസ്‌ സര്‍വീസ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗൂഗിള്‍ ആരംഭിച്ച പ്രസിദ്ധമായ ന്യൂസ്‌ ചാനലിന്റെ ശരിക്കുള്ള മലയാള വകഭേദം തന്നെ. യഥാര്‍ഥ ഗൂഗിള്‍ന്യൂസില്‍ നാലായിരത്തിലേറെ ഉറവിടങ്ങളില്‍നിന്നുള്ള വാര്‍ത്തകളാണ്‌ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നത്‌. ലോകമെങ്ങുമുള്ള ഇംഗ്ലീഷ്‌ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇംഗ്ലീഷ്‌ വാര്‍ത്താപോര്‍ട്ടലുകളുമാണ്‌ ഗൂഗിള്‍ ഇതിനായി ആശ്രയിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍, അന്താരാഷ്ട്രം, കായികം, ശാസ്‌ത്രസാങ്കേതികം, ബിസിനസ്‌, വിനോദം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ലോകത്തെ നൂറു കണക്കിന്‌ സൈറ്റുകളിലെ വാര്‍ത്തകളിലേക്ക്‌ ഊളിയിടാന്‍ ഗൂഗിള്‍ന്യൂസ്‌ അനായാസം വഴിതുറക്കുന്നു.

ഗൂഗിള്‍ മലയാളംന്യൂസും ഇതേ വഴി തന്നെയാണ്‌ പിന്തുടരുന്നത്‌. എന്നാല്‍, മലയാളത്തിലെ വാര്‍ത്താസൈറ്റുകളുടെ ദാരിദ്ര്യം ഗൂഗിള്‍ന്യൂസിലും പ്രതിഫലിക്കുക സ്വാഭാവികം മാത്രം. വെറും ഇരുപതോളം സൈറ്റുകള്‍ മാത്രമാണ്‌ വാര്‍ത്താ ഉറവിടങ്ങള്‍ക്കായി ഗൂഗിള്‍ മലയാളംന്യൂസിന്‌ ആശ്രയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ദീപിക, മാധ്യമം, മാതൃഭൂമി, മനോരമ, വെബ്‌ദുനിയ എന്നിങ്ങനെ പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലും, വെബ്‌പോര്‍ട്ടലുകളിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ചിട്ടയോടെ തികഞ്ഞ പ്രൊഫഷണലിസത്തോടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ആഹ്ലാദം തോന്നും (ഇതു കാണുക). ഇത്തരമൊന്ന്‌ എത്രയോ കാലമായി മലയാളികള്‍ ആഗ്രഹിക്കുന്നതാണ്‌.

പക്ഷേ, സൈറ്റിന്റെ ഹോംപേജ്‌ കാണുമ്പോഴത്തെ ആഹ്ലാദം വാര്‍ത്തകളില്‍ ക്ലിക്ക്‌ ചെയ്‌തു കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മിക്ക തലവാചകത്തിലും ക്ലിക്ക്‌ ചെയ്യുമ്പോള്‍ ചെല്ലുന്നത്‌ മലയാളത്തിന്‌ പകരം കുറെ ചതുരങ്ങളും കുത്തുകളും കോമകളും ചോദ്യചിഹ്നങ്ങളും മാത്രമുള്ള പേജുകളിലേക്കാണ്‌. ഒരക്ഷരം വായിക്കാന്‍ വയ്യ. ദീപികയാണെങ്കിലും മാധ്യമമാണെങ്കിലും മനോരമയാണെങ്കിലും വ്യത്യസ്‌തമല്ല. മാതൃഭൂമിയും വെബ്‌ദുനിയ പോലുള്ള പോര്‍ട്ടലുകളും മാത്രമാണ്‌ വ്യത്യസ്‌തം. പ്രശ്‌നം ഫോണ്ടിന്റെയാണ്‌. യുണികോഡ്‌ ഫോണ്ടുകളിലേക്ക്‌ മാറാത്ത സൈറ്റുകളാണ്‌ കുത്തുംകോമയുമായി പ്രത്യക്ഷപ്പെടുന്നത്‌. ഓരോ സൈറ്റും ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതെന്ന്‌ തേടിപ്പോകാന്‍ സമയമോ ക്ഷമയോ ഇല്ലാത്തതിനാല്‍, മലയാളം ഗൂഗിള്‍ന്യൂസ്‌ തത്‌ക്കാലം ഞാന്‍ ഉപേക്ഷിച്ചു. മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അധികം തുടരുക ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലല്ലോ. മാതൃഭൂമിയും വെബ്‌ദുനിയയും മാത്രം നോക്കാനാണെങ്കില്‍, ഗൂഗിള്‍ന്യൂസിന്റെ ആവശ്യവും ഇല്ല.

മലയാളം ഗൂഗിള്‍ന്യൂസിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മലയാളത്തിലെ ഈ ഫോണ്ട്‌ പ്രശ്‌നം അറിയില്ല എന്നു കരുതാന്‍ നിവൃത്തിയില്ല. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ഉയരങ്ങളിലെത്തിയിട്ടും, മലയാളത്തിലെ മിക്ക പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ യുണിക്കോഡിലേക്ക്‌ മാറാതെ പഴയ കാലത്തില്‍ തന്നെ കടിച്ചുതൂങ്ങുന്ന കാര്യം അറിഞ്ഞു വെച്ചുകൊണ്ട്‌ എന്തിനാകാം ഗൂഗിള്‍ ഇത്തരമൊരു ശ്രമം നടത്തിയിരിക്കുക. ഇതൊരു പാഴ്‌ശ്രമം ആണെന്നു കരുതാനും വയ്യ. 'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ ഗൂഗിളിനെപ്പോലൊരു കമ്പനി ഇത്തരമൊരു നീക്കം നടത്തില്ല. ഗൂഗിള്‍ന്യൂസില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടും വായിക്കപ്പെടാതെ പോകുക എന്ന അപമാനത്തില്‍ മലയാളത്തിലെ മാധ്യമങ്ങളെ എത്തിക്കുകയായിരിക്കുമോ ലക്ഷ്യം. അങ്ങനെയെങ്കിലും, ഇനി സമയമില്ല, യുണികോഡിലേക്ക്‌ മറാതെ നിവൃത്തിയില്ല എന്ന ശക്തമായ സന്ദേശം നല്‍കലായിരിക്കുമോ ഉദ്ദേശം. വ്യക്തമല്ല. ഏതായാലും കുത്തുംകോമയും കാണാന്‍ വേണ്ടി ഒരു ന്യൂസ്‌ചാനലിന്റെ ആവശ്യമില്ല.

Wednesday, July 16, 2008

'പുലിജന്മം' സി.ഡി.യാക്കിക്കൂടേ (ഒര്‍ജിനലോ വ്യാജനോ)!

മലയാള സിനിമ കഴിവതും ഒഴിവാക്കുന്നയാളാണ്‌ ഇതെഴുതുന്നത്‌. ഈ ഒഴിവാക്കലിന്‌ കാരണം മലയാള സിനിമ തന്നെയാണ്‌. സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത, നിലവാരം കുറഞ്ഞ ഉരുപ്പടികള്‍ സഹിക്കുന്നതിന്‌ എത്രയായാലും ഒരു പരിധിയുണ്ട്‌. സിനിമ വ്യവസായമാണ്‌, അതിനെ നിലനിര്‍ത്താന്‍ എല്ലാവരും തിയേറ്ററില്‍ പോയി കണ്ട്‌ സഹായിക്കണമെന്നൊന്നും പറയുന്നതില്‍ വലിയ അര്‍ഥമില്ല. എന്തെങ്കിലും കഴമ്പും ഒര്‍ജിനാലിറ്റിയുമുള്ള സിനിമയാണെങ്കില്‍, ആരുടെയും ഒത്താശ വേണ്ട ആളുകള്‍ സ്വാഭാവികമായും അതിലേക്ക്‌ എത്തിക്കൊള്ളും. അടുത്തയിടെ ഇറങ്ങിയ 'കഥ പറയുമ്പോള്‍' ഉദാഹരണം.

മലയാള സിനിമയില്‍നിന്ന്‌ പ്രേക്ഷകര്‍ അകലുന്നതിന്‌ കാരണം എന്തെന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പ്രശസ്‌ത 'വികലാംഗ-മാറാരോഗ-ബധിര-ഊമ-മന്ദബുദ്ധി' സംവിധായകനായ വിനയന്റെ ഏതെങ്കിലും ഒരു ചിത്രം കണ്ടുനോക്കിയാല്‍ മതി. 'വാര്‍ ആന്‍ഡ്‌ ലവ്‌' എന്ന വിനയന്‍ സിനിമ കാണുകയെന്ന അബദ്ധം ഒരിക്കല്‍ എനിക്ക്‌ സംഭവിച്ചു (പേടിയോടെയാണ്‌ ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നത്‌). പാകിസ്‌താനുമായി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ധീരയോദ്ധാക്കള്‍ നടത്തുന്ന പൊരിഞ്ഞ യുദ്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഏത്‌ കാലത്താണ്‌ ഇങ്ങനെയൊരു യുദ്ധം നടക്കുന്നതെന്നൊന്നും ചോദിക്കരുത്‌. അജിനോമോട്ടോയില്‍ കലക്കി ദേശസ്‌നേഹം ഒഴുക്കിയിരിക്കുകയാണ്‌ സംവിധായകന്‍. 'പാകിസ്‌താന്‍ പട്ടികള്‍' എന്നേ, മോഹന്‍ലാലിന്‌ പഠിച്ച്‌ പരാജയപ്പെട്ട ദിലീപ്‌ നായകനായ കഥാപാത്രം നാക്കെടുത്താല്‍ പറയൂ. ഒടുവില്‍ പാക്‌കേണലിന്റെ മകളെ വളച്ചെടുത്ത്‌, കുറെ പാട്ടൊക്കെ പാടി, അവള്‍ വഴി നായകന്‍ പാകിസ്‌താന്റെ ആണവരഹസ്യം തട്ടിയെടുത്ത്‌ ഇന്ത്യയെ രക്ഷിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളോ, അതിര്‍ത്തിയിലെ ടോപ്പോഗ്രാഫിയോ, യുദ്ധത്തിലെ സാമാന്യനിയമങ്ങളോ, പട്ടാളക്കാര്‍ക്കിടയിലെ അച്ചടക്കമോ ഒന്നും സംവിധായകനോ തിരക്കഥാകൃത്തിനോ അറിയില്ല എന്നത്‌ പോകട്ടെ. അതൊക്കെ ഇത്തരമൊരു പൈങ്കിളി ചിത്രത്തില്‍നിന്ന്‌ പ്രതീക്ഷിക്കാന്‍ പാടില്ല എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവസാനം പാകിസ്‌താന്റെ ആണവരഹസ്യവും ചോര്‍ത്തി നായകന്‍ എത്തുന്ന രംഗമുണ്ട്‌. ക്ലാസിക്‌ രംഗമാണത്‌. ഇതാ പാകിസ്‌താന്റെ ആണവമിസൈലിന്റെ രഹസ്യം എന്നു പറഞ്ഞ്‌, നായകന്‍ കുപ്പായക്കീശയില്‍നിന്ന്‌ ഒരു ഫ്‌ളോപ്പി ഡിസ്‌ക്‌ എടുത്തു കാട്ടുന്നു. 125 കിലോ ബൈറ്റ്‌സ്‌ മാത്രം ശേഷിയുള്ള ഫ്‌ളോപ്പി ഡിസ്‌കില്‍ ഒരു രാജ്യത്തിന്റെ ആണവരഹസ്യം! ഒരു മന്ദബുദ്ധിക്കേ മറ്റൊരു മന്ദബുദ്ധിയെ മനസിലാകൂ എന്നത്‌ എത്ര സത്യം. മലയാളത്തില്‍ മന്ദബുദ്ധിയെ നായകനാക്കി വിനയന്‍ സിനിമയെടുക്കുന്നതില്‍ അത്ഭുതമുണ്ടോ.

എന്റെയൊരു സുഹൃത്ത്‌ മലയാള സിനിമകളെക്കുറിച്ച്‌ നടത്തിയ ഒരു വിലയിരുത്തലുണ്ട്‌-`സാമാന്യബുദ്ധി പോലുമില്ലാത്ത മണ്ടന്‍മാരാണ്‌ നമ്മളൊക്കെ എന്ന നിലയ്‌ക്ക്‌ പോയി ഇരുന്നുകൊടുക്കണം'. അതിന്‌ വയ്യാത്തവര്‍ സിനിമ കാണാന്‍ പോകില്ല എന്നത്‌ സ്വാഭാവികം മാത്രം. പക്ഷേ ഇതിനിടയില്‍ എന്നെ ആകര്‍ഷിച്ച ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്‌. 'ചിദംബരം' എന്ന ചിത്രം ഇനിയും കാണാന്‍ ഞാന്‍ തയ്യാറാണ്‌. 'വാസ്‌തുഹാര' കുറഞ്ഞത്‌ അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്‌ ('കല്‍ക്കത്ത' കണ്ട്‌ ഓടുകയും ചെയ്‌തു). 'പൊന്തന്‍മാട' വലിയ ഗൃഹാതുരത്വം സമ്മാനിച്ച ചിത്രമാണ്‌. 'തൂവാനത്തുമ്പികള്‍' പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പിന്നീട്‌ ഉണ്ടാകാത്തതെന്തെന്ന്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

ഈ പശ്ചാത്തലത്തിലാണ്‌ പ്രിയനന്ദനന്റെ 'പുലിജന്മം' മനസിലേക്കെത്തുന്നത്‌. 'നെയ്‌ത്തുകാരന്‍' കണ്ട എനിക്കുറപ്പുണ്ട്‌, പ്രിയനന്ദനനെപ്പോലൊരു സംവിധായകന്‌ ഒരു മൂന്നാംകിട ചിത്രം എടുക്കാനാവില്ലെന്ന്‌. തീയേറ്ററുകള്‍ വഴി 'പുലിജന്മം' കാണാം എന്നെനിക്ക്‌ പ്രതീക്ഷയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍നിന്നു പോലും ആ ചെറുപ്പക്കാരന്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കഥ മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 'പുലിജന്മം' കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രിക്കുന്ന ഒരു വിഭാഗം എന്നെപ്പോലെ കേരളത്തിലുണ്ട്‌ എന്നകാര്യം ഉറപ്പാണ്‌. പക്ഷേ, അവര്‍ക്കു മുമ്പില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.

ഇവിടെയാണ്‌, ചെലവുകുറഞ്ഞ പുതിയ മാധ്യമസാധ്യകള്‍ പ്രിയനന്ദനനെപ്പോലുള്ളവര്‍ കണക്കിലെടുക്കേണ്ടത്‌. എന്തുകൊണ്ട്‌ 'പുലിജന്മ'ത്തിന്റെ സി.ഡി.പുറത്തിറക്കിക്കൂടാ. തിയേറ്ററില്‍ പോയി തന്റെ സിനിമ ജനങ്ങള്‍ കാണണം എന്ന്‌ ഒരു ചലച്ചിത്രകാരന്‍ ഇനിയുള്ള കാലം വാശിപിടിക്കാന്‍ പാടില്ല. 'പുലിജന്മ'ത്തിന്‌ നേരെ വിതരണക്കാരും തിയേറ്ററുകളും സംസ്ഥാന അവാര്‍ഡ്‌ കമ്മറ്റയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ നമ്മുടെ മുന്നിലുണ്ട്‌. ഇപ്പോള്‍ ദേശീയ അവാര്‍ഡ്‌ ലബ്ധിയിലൂടെ പ്രിയനന്ദനെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നു.

സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച്‌ ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക്‌ സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്‌. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ആ ചിത്രം ഇപ്പോഴും അപ്രാപ്യം. ആ സ്ഥിതി മാറണം. അതിന്‌ സി.ഡി.യെങ്കില്‍ സി.ഡി. അത്‌ ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.