Monday, September 22, 2008

ദിനേശ്‌ബീഡി തൊഴിലാളിക്കും 'ഇക്കണോമിസ്‌റ്റി'നും പൊതുവായുള്ളത്‌

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍ ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍ തെറുത്തു കൊടുക്കുന്നു.

വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക വകഭേദം എന്താണെന്ന്‌ അറിയാന്‍, ഏതെങ്കിലും ഓഡിയോ മാഗസിനോ നോവലുകളുടെ ഓഡിയോ രൂപമോ കേട്ടുനോക്കിയാല്‍ മതി. ചില ജനപ്രിയ നോവലുകളുടെയും മറ്റും ഓഡിയോ രൂപങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും, മുഖ്യധാരാമാധ്യമങ്ങള്‍ അടുത്തകാലം വരെ ഓഡിയോ എഡിഷനുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്‌. ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ സൂചിപ്പിക്കുന്നത്‌ ഇക്കാര്യമാണ്‌. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ച സാധ്യത.

ആകെ 120 എം.ബി.വലിപ്പമുള്ള എംപി-3 ഫയലുകളായാണ്‌ 'ഇക്കണോമിസ്‌റ്റ്‌' അതിന്റെ ഓഡിയോ എഡിഷന്‍ പ്രസിദ്ധീകരിക്കുന്നത്‌ (ഇതു കാണുക). ഉള്ളടക്കം ഒന്നിച്ചു വേണമെങ്കിലും, വീക്കിലിയിലെ ഓരോ വിഭാഗവും വെവ്വേറെ വേണമെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്യാം. ഉയര്‍ന്ന ഗുണനിലവാരത്തില്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാകയാല്‍, കേഴ്‌വി മികച്ച അനുഭവമാകുന്നു. എംപി-3 പ്ലെയറിലേക്ക്‌ പകര്‍ത്തിയാല്‍, ഒരു മണിക്കൂര്‍ നീളുന്ന പ്രഭാത നടത്തത്തിനിടെ പുതിയ ലക്കം ഇക്കണോമിസ്‌റ്റ്‌ കേട്ടു തീര്‍ക്കാം. അല്ലെങ്കില്‍, കാര്‍ ഡ്രൈവ്‌ ചെയ്യുന്നതിനിടെ ഡി.വി.ഡി.പ്ലയറിലിട്ട്‌ കേള്‍ക്കാം, അതുമല്ലെങ്കില്‍ തുണി ഇസ്‌തിരിയിടുന്നതിനിടെ. വായനയ്‌ക്ക്‌ തീരെ സമയമില്ലാതാകുന്ന പുതിയ കാലത്തെ തോല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നാണ്‌ ഈ ഓഡിയോ എഡിഷന്‍. ഒറ്റ പ്രശ്‌നമേയുള്ളു, വരിക്കാര്‍ക്ക്‌ മാത്രമേ ഓഡിയോ ഇക്കണോമിസ്‌റ്റിന്റെ എഡിഷന്‍ മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയൂ. അതല്ലാത്തവര്‍ക്ക്‌ ലീഡര്‍ പോലുള്ള ഭാഗങ്ങള്‍ മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യാനാകൂ.

ഭാവിയില്‍ മലയാള ആനുകാലികങ്ങളും ഏതുരൂപത്തിലേയ്‌ക്കൊക്കെ പരിണമിക്കാം എന്നതിന്റെ സൂചന കൂടിയാണ്‌, ഇത്തരം ഓഡിയോ എഡിഷനുകള്‍. പുതിയൊരു ജോലി സാധ്യതയും ഇത്‌ മുന്നോട്ടു വെയ്‌ക്കുന്നു. നല്ല ശബ്ദവും ഉച്ഛാരണശുദ്ധിയുമുള്ളവര്‍ക്ക്‌ ഇതൊരു തൊഴില്‍മേഖലയാക്കാന്‍ കഴിയും. ഓഡിയോ ബ്ലോഗിങായ 'പോഡ്‌കാസ്‌റ്റിങി'നെയാണ്‌ ഓഡിയോ മാഗസിനുകള്‍ അനുകരിക്കുന്നത്‌. മാര്‍ഷല്‍ മക്‌ലുഹാന്‍ 'ട്രൈബല്‍ ഡ്രം' എന്ന്‌ വിശേഷിപ്പിച്ചത്‌ റേഡിയോ എന്ന മാധ്യമത്തെയാണ്‌. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ നവമാധ്യമങ്ങളിലെ നവാഗതരായ 'ശബ്ദവാരികകളെ' എന്താകുമായിരുന്നു വിശേഷിപ്പിക്കുക.

3 comments:

Joseph Antony said...

തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ ദിനേശ്‌ബീഡി തൊഴിലാളികളായിരിക്കാം. എന്നാല്‍ ബീഡി തെറുക്കുന്നിടത്തെ പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും വായിക്കുന്നില്ല എന്നതാണ്‌. വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക വകഭേദം എന്താണെന്ന്‌ അറിയാന്‍, ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ കേട്ടുനോക്കിയാല്‍ മതി. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടെത്തിയ സാധ്യത.

അങ്കിള്‍ said...

മലയാള മനോരമ ഈയിടെ തുടങ്ങിയ ‘മലയാളത്തിലെ ആദ്യത്തെ പോഡ്കാസ്റ്റ്’ (അവര്‍ അവകാശപ്പെട്ടിരിക്കുന്നത്!!) ഈ വഴിക്കുള്ള പ്രയാണത്തെയല്ലേ സൂചിപ്പിക്കുന്നത്.

Joseph Antony said...

അങ്കിള്‍,
ശരിയാണ്‌, ഈ ദിശയില്‍ മലയാളത്തിലെ ഒരു ശ്രമം തന്നെയാണ്‌. പക്ഷേ, മലയാളത്തിലെ ആദ്യത്തെ പോഡ്‌കാസ്‌റ്റിങ്‌ എന്നത്‌ അവകാശവാദം തന്നെയാകാനാണ്‌ സാധ്യത. മലയാളത്തില്‍ എത്രയോ ബ്ലോഗുകളില്‍ പോഡ്‌കാസ്‌റ്റിങ്‌ ഉണ്ട്‌, കവിതാപാരായണവും മറ്റുമായി. കേരള ബ്ലോഗ്‌ അക്കാദമി യോഗങ്ങളില്‍ പോഡ്‌കാസ്‌റ്റിങിനെക്കുറിച്ച്‌ ക്ലാസ്‌ പോലും നടക്കുന്നില്ലേ.