സുദീര്‍ഘമായ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഗ്രന്ഥകാരന് കണ്ടുമുട്ടിയ വലുതും ചെറുതും പ്രശസ്തരും അപ്രശസ്തരുമായ വ്യക്തികളെപ്പറ്റിയുള്ള അസാധാരണങ്ങളായ വാഗ്മയചിത്രങ്ങളാണ് ഈ ഘോഷയാത്രയില്‍ അണിനിരക്കുന്നത്. മൂര്‍ച്ഛയേറിയ വാക്കുകളും നിശിതമായ നിരീക്ഷണങ്ങളുംകൊണ്ട് ഗ്രന്ഥകാരന് പുതിയൊരു ശൈലി തന്നെ ഈ പുസ്തകത്തില്‍ ചമച്ചിരിക്കുന്നു; അതും അല്പ്പവും ചമല്ക്കാരങ്ങളില്ലാതെ. മുമ്പ് എം.പി.നാരായണപിള്ള കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ് ടി.ജെ.എസ്.ജോര്‍ജ് എന്ന പത്രപ്രവര്ത്തകന് സൃഷ്ടിച്ചിട്ടുള്ള പുത്തന്‍ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ക്കും ശൈലിക്കും മുമ്പില്‍ സാക്ഷാല്‍ സായ്വന്മാരുടെ മുട്ടിടിച്ചിട്ടുള്ള കാര്യം. അതേ സാമര്‍ഥ്യം മലയാളത്തിലും തനിക്ക് സാധ്യമാണെന്ന് 'ഘോഷയാത്ര'യിലൂടെ ടി.ജെ.എസ്. തെളിയിച്ചിരിക്കുന്നു.
ഈ പുസ്തകത്തെക്കുറിച്ച് 2008 നവംബര്‍ 30-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.പി.നിര്‍മല്‍കുമാര്‍ ഒരു ആസ്വാദനം എഴുതിയിരുന്നു. തിരുവനന്തപുരം ആകാശവാണിയില്‍ ന്യൂസ് എഡിറ്ററായ ബീന, 'പത്രപ്രവര്‍ത്തകന്റെ' പുതിയ ലക്കത്തില്‍ ഒരു കുറിപ്പ് എഴുതുകയുണ്ടായി. 2008-ല്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ഗ്രന്ഥമായി 'ഘോഷയാത്ര'യെ മലയാള മനോരമ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ കെ.പി.നിര്‍മല്‍കുമാറിന്റേത് ബുദ്ധിജീവിനാട്യങ്ങള്‍ നിറഞ്ഞ, വിരസമായ ഒരു അഭ്യാസപ്രകടനമായി അവശേഷിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെല്ലാം മോശക്കാരാണെന്നുള്ള തന്റെ മുന്‍വിധി അവതരിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമായി അത് മാറി. 'ഘോഷയാത്ര'യില്‍ ഗ്രന്ഥകാരനെക്കുറിച്ച് അധികമൊന്നും പറയുന്നില്ല എന്ന അത്ഭുതകരമായ കണ്ടെത്തലും അദ്ദേഹം നടത്തി. അല്ലാതെ ആ പുസ്തകത്തിന്റെ ഉള്ളടക്കമെന്തെന്നോ, എത്ര വ്യത്യസ്തമായ രീതിയിലാണ് അത് അവതരിപ്പിക്കപ്പെടുന്നതെന്നോ ഒന്നും പറയുക പ്രധാനപ്പെട്ടതായി കെ.പി.നിര്‍മല്‍കുമാറിന് തോന്നിയില്ല.
പേരുപോലെ തന്നെ ഒരു ഘോഷയാത്രയാണ് ഈ ഗ്രന്ഥം. `അതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ഓക്സ്ഫഡില്‍പോലും ഇല്ലെന്ന് തിരുവിതാംകൂറുകാര്‍ക്ക് കണിശമായി അറിയാമായിരുന്ന' തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ടി.ജെ.എസ്. കണ്ടുമുട്ടിയവര്‍ മുതല്‍ ഫിലിപ്പീന്‍സ് എന്ന 'പറുദീസയിലെ രാജാവും റാണി'യുമായിരുന്ന ഫേര്‍ഡിനന്‍ഡ് മാര്‍ക്കോസും ഇമല്‍ഡാ മാര്‍ക്കോസും വരെ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്‍. ശ്രീകണ്ഠന്‍നായരായാലും, അടൂര്‍ഭാസിയോ മലയാറ്റൂര്‍ രാമകൃഷ്ണനോ മാധവിക്കുട്ടിയോ എം.പി.നാരായണപിള്ളയോ ആയാലും, ബോബി തലയാര്‍ഖാനോ ഡോം മൊറെയ്സോ സദാനന്ദനോ കെ. ശിവറാമോ ആയാലും, നിഖില്‍ ചക്രവര്‍ത്തിയോ വി.കെ.മാധവന്‍കുട്ടിയോ ആര്.വി.പണ്ഡിറ്റോ അതല്ലെങ്കില്‍ സാക്ഷാല്‍ ബാല്‍ താക്കറെയോ ആയാലും - ഇതുവരെ നമ്മള് പരിചയപ്പെട്ട വ്യക്തികളുടെ നേര്‍പ്പതിപ്പല്ല ഘോഷയാത്രയിലേത്. ചടുലമായ നിരീക്ഷണങ്ങളുടെയും വ്യക്തപരമായ സൂക്ഷ്മസവിശേഷ വിവരണങ്ങളുടെയും നര്‍മം തുളുമ്പുന്ന അഭിപ്രായപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ് ഓരോ വ്യക്തിത്വവും അവതരിപ്പിക്കപ്പെടുന്നത്. ആദരവോടെയുള്ള സമീപനം. വ്യക്തിപരമായി നമുക്ക് യോജിക്കാന്‍ കഴിയാത്തവരോടുപോലും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മമമായ എഴുത്ത്. അടിമുടി തികഞ്ഞ മാന്യത പുലര്‍ത്തുന്ന ഗ്രന്ഥം എന്നേ 'ഘോഷയാത്ര'യെ വിശേഷിപ്പിക്കാനാവൂ.
ഏറ്റവും വലിയ പ്രഹേളിക മനുഷ്യജീവിതമല്ലാതെ മറ്റൊന്നുമല്ലെന്ന് അടിവരയിടുന്നു ഈ ഗ്രന്ഥം. ഇതിലെ ഒരോ വ്യക്തിവിവരണവും അതിനുള്ള ഉദാഹരണമാണ്. കാലം എത്രയെത്ര അത്ഭുതങ്ങളും യാദൃശ്ചികതകളുമാണ് അതിന്റെ മാന്ത്രികചെപ്പില്‍ ഓരോ വ്യക്തികള്‍ക്കുമായി ഒരുക്കിവെച്ചിരിക്കുന്നത് എന്ന അമ്പരപ്പും അത്ഭുതപ്പെടലുമാണ് ഈ പുസ്തകമെന്ന് പറഞ്ഞാലും തെറ്റില്ല. ഒരു ഉദാഹരണം നോക്കുക. ഇ.വി.കൃഷ്ണപിള്ളയെയും മകന് അടൂര്‍ഭാസിയെയും അറിയാത്തവരില്ല. എന്നാല്‍, മുംബൈ സിനിമലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്ന രാജ്ഭന്‍സ് ബിമല്‍റോയിയ്ക്ക് ചായയിട്ടുകൊടുക്കുന്ന ശിങ്കിടി ചന്ദ്രാജിയെ അധികമാര്‍ക്കും അറിയാമെന്ന് വരില്ല. ടി.ജെ.എസിന്റെ വാക്കുകള്‍ ഇങ്ങനെ: `ഫിലം യൂണിറ്റുകള്‍ നിറച്ച് ശിങ്കിടികളാണല്ലോ. കുടപിടിച്ചുകൊടുക്കാന്‍ ശിങ്കിടി, കസേരയിട്ടുകൊടുക്കാന്‍ ശിങ്കിടി, ചായകൂട്ടാന്‍ ശിങ്കിടി. എന്നെ കാണുമ്പോഴെല്ലാം പരിചയമുണ്ടെന്ന മട്ടില്‍ ചെറുതായി ചിരിച്ചുകൊണ്ട് ഒരു ബിമല്‍റോയ് ശിങ്കിടി മാറിനില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍ പുള്ളി ചിരിക്കുന്നത് മലയാളത്തിലാണെന്ന് മനസിലായി. പക്ഷേ, അടുത്തുവരാനോ സംസാരിക്കാനോ താത്പര്യം കാണിക്കാതിരുന്നതുകൊണ്ട് ഞാനും ഒരു ചെറുചിരിയില്‍ കാര്യങ്ങള്‍ ഒതുക്കി'
...ആയിടയ്ക്ക് മുംബൈയിലെത്തിയ അടൂര്‍ഭാസിയെ സാന്താക്രൂസ് വിമാനത്തോവളത്തില്‍ കൊണ്ടുപോയി. അവിടെ കൗണ്ടറില്‍ നില്ക്കുമ്പോള് ബിമല്‍റോയിയുടെ ശിങ്കിടിയെ അവിചാരിതമായി കാണാനിടയായി. ഭവ്യതയോടെ അയാള്‍ അടുത്തെത്തി. ഇയാള്‍ ഇവിടെ എന്തുചെയ്യുന്നുവെന്ന് ആശ്ചര്യപ്പെട്ട്, ശിങ്കിടിയെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അടൂര്‍ഭാസിയുടെ പ്രതികരണം അട്ടഹസിച്ചുള്ള ഒരു ചിരിയായിരുന്നു. അട്ടഹാസത്തിനിടെ ഭാസി പറഞ്ഞു: `ഇതെന്റെ ചേട്ടനാ, ചന്ദ്രന്. അറിഞ്ഞില്ല, അല്ല?' ഇ.വി.കൃഷ്ണപിള്ളയുടെ മൂത്തമകന്, അടൂര്‍ഭാസിയുടെ മൂത്ത സഹോദരന്, ചന്ദ്രന് -ഇങ്ങനെ തികച്ചും നാടകീയമായാണ് വായനക്കാരന്റെ മുന്നിലെത്തുന്നത്. അടിവാങ്ങാന്‍ അച്ഛന് വടിവെട്ടികൊടുക്കേണ്ടിവന്ന മകന്. കുട്ടിക്കാലത്ത് ഇ.വി.യുടെ പ്രഹരങ്ങളേറ്റു വാങ്ങി തളര്‍ന്ന് പഠനം പൂര്‍ത്തിയാക്കാതെ നാടുവിടേണ്ടി വന്ന ചന്ദ്രന്, മുംബൈയില്‍ ചന്ദ്രാജിയായി എത്തിയതിന്റെ വിവരണം നാടകീയം മാത്രമല്ല, അങ്ങേയറ്റം ഹൃദയസ്പര്‍ശിയുമാണ്. വായിച്ചു തീരുമ്പോള്‍, പിതാവിന്റേതിനെക്കാള്‍ മഹത്തരമാണ് പീഡിപ്പിക്കപ്പെട്ട മകന്റെ വ്യക്തിത്വം എന്ന് നമ്മള് അറിയുന്നു.
'ഘോഷയാത്ര'യിലെ ഒറ്റപ്പെട്ട ഉദാഹരണമല്ല ചന്ദ്രന്. സൗഭാഗ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ആഭിജാത്യത്തിന്റെയും മൂര്‍ത്തീഭാവമായി വളര്‍ന്ന പ്രശസ്തനടി ലീല നായിഡുവിന് വിധി കാത്തുവെച്ചിരുന്നത് എന്താണ്. മുംബൈയില്‍ താജിന് പിന്നിലെ പൗരാണിക അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ തന്റെ പിതാവ് നട്ട മരങ്ങളെ കാണാനായി, അതുവഴി പിതാവിന്റെ സാമീപ്യം അറിയാനായി മാത്രം, ദിവസവും ഉണരേണ്ട നിസ്സഹായതയിലേക്കല്ലേ കാലം അവരെ ഏകാന്തവാര്‍ധക്യത്തില്‍ എത്തിച്ചത്. "ഇനി ഞാന്‍ 'അലവലാതിയാണ്'. ശുദ്ധ അലവലാതി! അതായത് യഥാര്‍ഥ ഞാന്‍. നായന്മാര്ക്ക് തന്തയില്ല. സ്വന്തം തന്തയാരാണെന്ന് വി.കെ.എന്നിന് ഇന്നുമറിയില്ല! ഒരൊറ്റ ബന്ധമേ ഉള്ളിന്റെ ഉള്ളില്‍ സ്ഥായിയായിട്ടുള്ളു. അമ്മ. ഇനി ഞാനാരെ പേടിക്കണം"-എന്ന് അമ്മ മരിച്ചപ്പോള്‍ സാക്ഷാല്‍ എം.പി.നാരായണപിള്ളയെക്കൊണ്ട് പറയിപ്പിച്ചത് എന്താണ്?
ബോംബെയുടെ ചുറ്റുവട്ടത്തുള്ള തീരദേശ കത്തോലിക്ക വിഭാഗമായ ഈസ്റ്റ് ഇന്ത്യന്‍സിലെ അംഗമായ തോമസ് ഇഗ്നേഷ്യസ് റോഡ്രീഗ്സ് എങ്ങനെ ലോകപ്രശസ്ത പബ്ലിഷറും ഹോട്ടലുടമയും കമ്യൂണിസത്തെ ബഹുമാനിച്ച ക്യാപിറ്റലിസ്റ്റുമൊക്കെയായ ആര്. വി. പണ്ഡിറ്റ് ആയി മാറി. ഫ്രീ പ്രസ്സ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഒരു മുറിയില്‍ നിശബ്ദനായിരുന്ന് കാര്‍ട്ടൂണ്‍ വരച്ച് നല്‍കിയിട്ട് അധികമാരോടും സംസാരിക്കാതെ ദിവസവും സ്ഥലം വിടുമായിരുന്ന സൗമനായ ബാല്‍ താക്കറെയെങ്ങനെ, മുംബൈയെ വിറപ്പിച്ച കടുവയായി രൂപപ്പെട്ടു. 1958-ല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, നാടുവിടും മുമ്പ് ടര്‍സി വിറ്റാച്ചിയെന്ന പത്രാധിപര്‍, മൂന്നു പകലും മൂന്നു രാത്രിയും തന്റെ സ്വകാര്യ സങ്കേതത്തില്‍ കുത്തിയിരുന്ന് എഴുതിയ 'എമര്‍ജന്‍സി 58' എന്ന ഗ്രന്ഥം എന്തുകൊണ്ട് ലോകമെങ്ങും ബെസ്റ്റ് സെല്ലറായി-വായനക്കാരനെ ഈ പുസ്തകത്തില്‍ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും അവയ്ക്ക് നിദാനമായ അസാധാരണ വ്യക്തിത്വങ്ങളുമാണ്.
പത്രപ്രവര്‍ത്തകനായി ലോകമെങ്ങും സഞ്ചരിച്ചിട്ട് താന്‍ എന്തുകൊണ്ട് നാട്ടിലേക്ക് തന്നെ മടങ്ങി എന്നതിന്റെ പൊരുള്‍, മഹാകവി പി.കുഞ്ഞിരാമന് നായരുടെ മനോഹരമായ ഒരു ഉദ്ധരണിയുടെ പിന്തുണയോടെ വിശദീകരിച്ചുകൊണ്ടാണ്, ടി.ജെ.എസ്. ഘോഷയാത്ര അവസാനിപ്പിക്കുന്നത്. ഗ്രന്ഥകാരന്റെ വാക്കുകള്‍: `ലോകം വെട്ടിപ്പിടിച്ചു കഴിഞ്ഞാലും അടിസ്ഥാനപരമായി, മറ്റാര്‍ക്കും ഒരിക്കലും അപഹരിക്കാനോ നിഷേധിക്കാനോ ആവാതെ, സ്വന്തമെന്നു വിളിക്കാന്‍ എന്താണുള്ളത്?
ഒരു ഭാഷ.
ഒരു നാട്.
ഒരു മനസ്സാക്ഷി.
അത്രമാത്രം. ജീവിതത്തിന് പൂര്‍ണത നല്‍കുന്നത് ഇവമാത്രം.
ഇതു തിരിച്ചറിയാനുള്ള മനസ്ഥിതിയാണ് മനുഷ്യന് നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യം'.
30 പേജ് പോലെ അനുഭവപ്പെടുന്ന 344 പേജിലാണ് ഘോഷയാത്ര നടക്കുന്നത്. ഡി. സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഘോഷയാത്ര'യുടെ വില 160 രൂപ.
3 comments:
'ഘോഷയാത്ര'യിലെ ഒറ്റപ്പെട്ട ഉദാഹരണമല്ല ചന്ദ്രന്. സൗഭാഗ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ആഭിജാത്യത്തിന്റെയും മൂര്‍ത്തീഭാവമായി വളര്‍ന്ന പ്രശസ്തനടി ലീല നായിഡുവിന് വിധി കാത്തുവെച്ചിരുന്നത് എന്താണ്. മുംബൈയില്‍ താജിന് പിന്നിലെ പൗരാണിക അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ തന്റെ പിതാവ് നട്ട മരങ്ങളെ കാണാനായി, അതുവഴി പിതാവിന്റെ സാമീപ്യം അറിയാനായി മാത്രം, ദിവസവും ഉണരേണ്ട നിസ്സഹായതയിലേക്കല്ലേ കാലം അവരെ വാര്‍ധക്യത്തില്‍ എത്തിച്ചത്. "ഇനി ഞാന്‍ 'അലവലാതിയാണ്'. ശുദ്ധ അലവലാതി! അതായത് യഥാര്‍ഥ ഞാന്‍. നായന്മാര്ക്ക് തന്തയില്ല. സ്വന്തം തന്തയാരാണെന്ന് വി.കെ.എന്നിന് ഇന്നുമറിയില്ല! ഒരൊറ്റ ബന്ധമേ ഉള്ളിന്റെ ഉള്ളില്‍ സ്ഥായിയായിട്ടുള്ളു. അമ്മ. ഇനി ഞാനാരെ പേടിക്കണം''-എന്ന് അമ്മ മരിച്ചപ്പോള്‍ സാക്ഷാല്‍ എം.പി.നാരായണപിള്ളയെക്കൊണ്ട് പറയിപ്പിച്ചത് എന്താണ്? -ടി.ജെ.എസ്.ജോര്‍ജ് രചിച്ച 'ഘോഷയാത്ര'യെന്ന പുസ്തകത്തിന്റെ ഒരു ആസ്വാദനം.
ഹാപ്പി ന്യൂയീയര്‍ 2009... :D
ആശംസകള്‍
please record your presence
and join
http://trichurblogclub.blogspot.com/
Post a Comment