മുംബൈയില്‍ ഇന്ത്യാകവാടത്തിനരികില്‍, പകല്‍നേരത്ത് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയോടെ, കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ രണ്ട് വസ്തുതകള്‍ മനസില്‍ പതിയുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആ ചൂടുകുറഞ്ഞ സന്ധ്യയില്‍ അറബിക്കടലില്‍ നിന്ന് എന്തുകൊണ്ട് അല്‍പ്പം പോലും കടല്‍ക്കാറ്റ് എത്തുന്നില്ല എന്നതായിരുന്നു ഒന്ന്. കടലിന്റെ ജീവസാന്നിധ്യം ആരോ തടഞ്ഞുനിര്‍ത്തുന്നതുപോലെ. നഗരത്തിന്റെ ആലക്തികദീപപ്രളയത്തില്‍ ആകാശത്തു നിന്ന് നക്ഷത്രങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതുപോലെ, കടല്‍ക്കാറ്റും നിന്നുപോയിരിക്കുന്നു.
രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാടകീയം. ഒരു വര്‍ഷം മുമ്പ് ഭീകരാക്രമണം നടന്ന താജ് ഹോട്ടലിന്റെ നൂറ്റാണ്ട് പഴക്കമുള്ള നിലകളിലേക്ക് ആകാംക്ഷയും ഭീതിയും ഉത്ക്കണ്ഠയും കലര്‍ന്ന ഭാവത്തോടെ ഞങ്ങള്‍ മാത്രമല്ല നോക്കുന്നത്, ആ സന്ധ്യയില്‍ ഇന്ത്യാകവാടത്തിനരികില്‍ എത്തിയ എല്ലാവരും അതുതന്നെ ചെയ്യുന്നു എന്നതായിരുന്നു അത്. ഭീകരര്‍ മുപ്പതിലേറെപ്പേരെ വകവരുത്തിയ താജിന്റെ ആറാംനിലയിലേക്ക് നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്നവര്‍. ഇപ്പോഴും അവശേഷിക്കുന്ന പൊട്ടിയ ചില ജനാലപ്പാളികളുടെ ചിത്രം അരണ്ടവെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍.
ഒരു വര്‍ഷമായി അവിടെ നടക്കുന്ന ഒരു 'അനുഷ്ഠാനക്രിയ'യില്‍ പങ്കാളികളാവുകയല്ലേ ഞങ്ങളും ചെയ്തത്. താജിനെ, മറ്റൊരവസരത്തിലായിരുന്നെങ്കില്‍ കടല്‍ക്കരയിലെ ഒരു മഹനീയ സാന്നിധ്യമോ കെട്ടിടസമുച്ചയമോ ആയി മാത്രം കണ്ട് അവഗണിക്കുമായിരുന്ന സന്ദര്‍ശകര്‍ക്ക്, ഇന്ന് അതൊരു പ്രതീകവും പ്രതീക്ഷിക്കേണ്ട അപായവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിഹ്നവുമായിരിക്കുന്നു.
താജിനെ ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!
കഴിഞ്ഞ വര്‍ഷം ഭീകാരാക്രമണം നടന്ന താജും നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ മുംബൈയിലെത്തുന്നുവത്രേ. ആക്രമണത്തെ തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍, ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍ തിരക്കായിരുന്നുവത്രേ. ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആറാംനിലയിലെ റൂമുകളോടാണ് പ്രിയം. ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കുക-വല്ലാത്ത മാനസികാവസ്ഥ തന്നെ.
ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത് ഭ്രാന്തന്റെ പിന്‍മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍. ഏതായാലും, നടുക്കം മുംബൈയുടെ മനസില്‍ ഇപ്പോഴുമുണ്ടെങ്കിലും, മുംബൈയിലെ ടൂറിസം വ്യവസായത്തെ ഭീകരര്‍ക്ക് തളര്‍ത്താനായിട്ടില്ല. ('മുംബൈ കാഴ്ചകള്‍' തുടരും).
5 comments:
താജിനെ ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!
‘ചുടലക്കളങ്ങളില്‍ രാത്രി കഴിഞ്ഞിരുന്ന നാറാണത്ത്ഭ്രാന്തന്റ പിന്മുറക്കാരാകണം ടെറര്‍ ടൂറിസ്റ്റുകള്‍’--വായിച്ചപ്പോള്‍ ചിരി വന്നു--ഞാനും ഒരു ടെറര്‍ ടൂറിസ്സത്തിനു പോയി അക്കാലത്ത്--വെറും ഒരു ആകാംക്ഷ.
ഇപ്പോഴും മുംബൈയിലു ഉണ്ടൊ.... ഞാനും മുംബൈയില്‍ ആണ്...
jyo,
സന്തോഷ് പല്ലശ്ശന,
ഇവിടെ കണ്ടതില്‍ സന്തോഷം.
സന്തോഷ്, മുംബൈയില്‍ ഇല്ല, ആകെ നാലു ദിവസമേ അവിടെ നില്‍ക്കാനായുള്ളു.
കൊള്ളാലോ ടെറർ ടൂറിസം.....
Post a Comment