കുറനാള്‍ മുമ്പാണ്, കേരളത്തില്‍ ഒരു ന്യൂസ്എഡിറ്റര്‍ക്ക് പത്താംക്ലാസില്‍ പഠിക്കുന്ന തന്റെ മകന് ആസ്റ്റെറിക്സ് അല്ലാതെ മറ്റൊന്നും വായിക്കുന്നില്ല എന്ന് കലശലായ പരാതി. പയ്യന് ഇങ്ങനെ കോമിക്കിന് അഡിക്ടായാല്‍ ഇവന്റെ പഠനം എന്താകും, ഗൗരവമുള്ള എത്രയോ കാര്യങ്ങള്‍ വായിക്കാനുണ്ടെന്ന സംഗതി ഇവന് അറിയാതെ പോകില്ലേ, അവര്‍ ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്തു. ഒടുവില്‍ ഒരു പരിഹാരം മൂപ്പത്തി തന്നെ കണ്ടെത്തി. പയ്യന് പബ്ലിക്ക് ലൈബ്രറിയില്‍ അഗംത്വമെടുത്തു കൊടുക്കുക. ലൈബ്രറിയാകുമ്പോള്‍ എത്രയോ പുസ്തകങ്ങള്‍ ഉണ്ട്, മറ്റേതെങ്കിലും വിഷയത്തില്‍ അവന്റെ താത്പര്യം ഉണരാതിരിക്കില്ല.
ഈ വിചാരത്തോടെ ഒരു ദിവസം ഓഫീസില്‍ പോകുമ്പോള്‍ പയ്യനെയും കൂട്ടി. കമ്പനി വണ്ടിയിലാണ് യാത്ര. മാര്‍ഗമധ്യേ മറ്റൊരു ന്യൂസ്എഡിറ്ററെക്കൂടി കൂട്ടാനുണ്ട്. അറിയപ്പെടുന്ന കോളമിസ്റ്റും എഴുത്തുകാരനുമായ അദ്ദേഹത്തോട് മകന് ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ അവര്‍ വിവരിച്ചു. അവനെ ഒന്ന് ഉപദേശിക്കണം എന്നും അഭ്യര്‍ഥിച്ചു. പെട്ടന്ന് എഴുത്തുകാരനായ ന്യൂസ് എഡിറ്റര്‍ ബാഗില്‍നിന്ന് ഒരുകെട്ട് ആസ്റ്റെറിക്സ് ബുക്കുകള്‍ എടുത്തുകാട്ടിയിട്ട് ചോദിച്ചു: `ഇതിലാണോ ഇവന് അഡിക്ടായിരിക്കുന്നത്, ഞാനും ഒരു അഡിക്ടാ`! പയ്യന് അതത്രയും തട്ടിപ്പറിച്ചെടുത്തിട്ട്, ഇനി ഇതുകൂടി വായിച്ചിട്ടേ ലൈബ്രറിയിലേക്കുള്ളു എന്ന് പ്രഖ്യാപിച്ചത്രേ.
ആസ്റ്റെറിക്സ് എന്ന വിശ്വോത്തര കോമിക്സില്‍ അഡിക്ടാകാന്‍ പ്രായവ്യത്യാസമൊന്നുമില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. സ്കൂള്‍കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ ആസ്റ്റെറിക്സ് നല്കുന്ന അതുല്യ അനുഭവത്തില്‍ മതിമറക്കുന്നു. അതുകൊണ്ടാണ്, ഏതാനും വര്‍ഷംമുമ്പ് കോഴിക്കോട്ടെ ഏലൂര്‍ ലെന്റിങ് ലൈബ്രറി ശാഖ പൂട്ടുന്നു എന്നുകേട്ട പാടെ അന്ന് കോഴിക്കോട്ടുണ്ടായിരുന്ന നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന് പാഞ്ഞെത്തി, ആസ്റ്റെറിക്സിന്റെ മുഴുവന്‍ കോപ്പികളും ചുളുവിലയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊറിയര്‍ ചെയ്തത്. കെ.കെ.ബാലരാമനെപ്പോലൊരു പത്രപ്രവര്ത്തകന് പതിവായി ഏതെങ്കിലും ആസ്റ്റെറിക്സ് സീരിയസ് ബാഗില്‍ കൊണ്ടുനടക്കുന്നതിന്റെ ഉള്ളുകള്ളിയും മറ്റൊന്നല്ല.
ഇത്തരം കടുത്ത ആസ്റ്റെറിക്സ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക് സീരിയസ്, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട് ഉഡെര്‍സോയ്ക്ക് ശേഷവും നിലനില്ക്കും. 1959-ല്‍ പൈലറ്റ് മാസികയിലാണ് ഓസ്റ്റരിക്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഉഡെര്‍സോയും റെനെ ഗോസിന്നിയുമായിരുന്നു സൃഷ്ടാക്കള്‍. ഗോസിന്നി 1977-ല്‍ അന്തരിച്ചു. അതിന് ശേഷം ഉഡെര്‍സോ ഒറ്റയ്ക്കാണ് ഈ പരമ്പര മുന്നോട്ടു കൊണ്ടുപോയത്. ആസ്റ്റെറിക്സിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ 81-കാരനായ ഉഡെര്‍സോ. 2009 ഒക്ടോബറില്‍ അത് പുറത്തിറക്കാനാണ് ഉദ്ദേശം. തന്റെ കാലശേഷവും ആസ്റ്റെറിക്സ് തുടരാനുള്ള അവകാശം അദ്ദേഹം പ്രസാധകരായ 'ആല്‍ബെര്‍ട്ട്-റെനെ'യ്ക്ക് നല്‍കിക്കഴിഞ്ഞു. ഗോസിന്നിയുടെ മകള്‍ ആന്നിയും അതിനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
ഒബീലിക്സിന്റെ കല്ലുകച്ചവടവും അണ്‍ഹൈജീനിക്സിന്റെ മത്സ്യവില്പനയും ജറിയാട്രിക്സിന്റെ പൂവാലത്തരങ്ങളും ഫുള്ളിഓട്ടോമാറ്റിക്സിന്റെ ആലയും വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്സിന്റെ തളികയാത്രയും ഡോഗ്മാട്രിക്സിന്റെ കുസൃതികളും അവസാനിക്കില്ലെന്നു സാരം. കാട്ടുപന്നിവേട്ട ഇനിയും തുടരും. റോമന്‍ സാമ്രാജ്യം ഇനിയും ആ ഗ്വാളിഷ് ഗ്രാമത്തിന് മുന്നില്‍ മുട്ടുമടക്കും. സീസറിന്റെ തലവേദന തീരില്ല....
Monday, January 12, 2009
Subscribe to:
Post Comments (Atom)
39 comments:
കടുത്ത ഓസ്റ്റരിക്സ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക് സീരിയസ്, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട് ഉഡെര്‍സോയ്ക്ക് ശേഷവും നിലനില്ക്കും. ഒബീലിക്സിന്റെ കല്ലുകച്ചവടവും അണ്‍ഹൈജീനിക്സിന്റെ മത്സ്യവില്പനയും ജറിയാട്രിക്സിന്റെ പൂവാലത്തരങ്ങളും ഫുള്ളിഓട്ടോമാറ്റിക്സിന്റെ ആലയും വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്സിന്റെ തളികയാത്രയും ഡോഗ്മാട്രിക്സിന്റെ കുസൃതികളും അവസാനിക്കില്ല.
ഭാഗ്യം. ഞാന്‍ ഓസ്റ്റരിക്സ് പ്രേമിയല്ല.:)
1991 മുതല്‍ തിരു. ഏലൂര്‍ ലൈബ്രറിയില്‍ നിന്നും ആസ്റ്റെറിക്സിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും അഞ്ചും ആറും തവണ വായിച്ചിട്ടുള്ള ഒരു മുടിഞ്ഞ ആസ്ടറിക്സ് പ്രാന്തന് എന്ന നിലയ്ക്ക് വാര്‍ത്ത സന്തോഷം തരുന്നു.
പക്ഷേ ഉദെര്‍സോ ഒറ്റയ്ക്ക് വരച്ച് എഴുതിയ കോമിക്കുകള് ഗോസിഞി-ഉദെര്‍സോ കൂട്ടുകെട്ടില്‍ നിന്നും പിറന്നവയുടേതിനോട് കിടപിടിക്കുന്നവയായിരുന്നില്ല. 29-ആം പുസ്തകമായ “സീക്രട്ട് വെപണി”നു ശേഷം തമാശയേക്കാള്‍ വളിപ്പുകള്‍ മുന്നിട്ടു നില്ക്കാന് തുടങ്ങിയെന്നാണ് എന്റെ തോന്നല്‍. Pun ഡയലോഗുകള്‍ Slap stick കോമഡിക്ക് വഴിമാറി. കഥാപാത്രങ്ങള്‍ over-caricatured ആയിപ്പോയപോലെ. അടുത്ത ബോക്സിലെ സംഭവം/തമാശ എന്തെന്ന് എളുപ്പം പ്രവചിക്കാമെന്ന സ്ഥിതിയായിരിക്കുന്നു.
2005ല്‍ ഇറങ്ങിയ 33-ആം പുസ്തകം - ദ ഫാളിംഗ് സ്കൈ - അമേരിക്കന്‍ സൂപ്പര്‍ഹീറോ ജ്വരത്തെ കളിയാക്കാനായിരുന്നെങ്കിലും മഹാ വളിപ്പായിപ്പോയി.
നല്ല ഐഡിയകള്‍ ഇല്ലാതെ വരമാത്രം വച്ച് ഈ സീരീസ് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. മിക്കി മൌസിന് ഡിസ്നിയുടെ കാലശേഷം വന്ന ഗതി വരാതെ പുതിയ എഴുത്തുകാര്‍ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Off:
‘ആസ്റ്റെറിക്സ്’ എങ്ങനെ പോസ്റ്റില്‍ ഓസ്റ്റരിക്സ് ആയി ?? ഞങ്ങ ഫാന്‍സ് അസോസിയേഷന്കാരു ഘരാവോ ചെയ്തളയും ;))
ഹോ, ഈ പ്രാന്തന്മാരുടെ ഒരു കാര്യം.
ശരി സൂരജ്, ക്ഷമി, ആസ്റ്റെറിക്സ് തന്നെയാക്കുന്നു.
ആദ്യം കമന്റിയയാളുടെ പേര് 'മാറുന്ന മലയാളി'യെന്നോ 'മാറാത്ത മലയാളി'യെന്നോ, ഒരു ചിന്ന സംശയം. സൂരജ് പറഞ്ഞ പോരായ്മയൊക്കെ ശരി, ആസ്റ്റെറിക്സ് പ്രേമിയാകാതെയിരിക്കുക എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ 30 ശതമാനം വേസ്റ്റ് ആയി എന്നല്ലേ പ്രാന്തന്മാരേ അര്‍ഥം. അതാണ് ഇങ്ങനെയൊരു സംശയം തോന്നാന്‍ കാരണം.
30 ശതമാനമോ, ബാക്കിയെവിടെപ്പോയി? ;))
പോരായ്മ എന്തൊക്കെയുണ്ടെങ്കിലും പുതിയ ലക്കം ലൈബ്രറീല് എത്തിയാല്‍ ഈ ഇരുപത്താറാം വയസ്സിലും സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റിലെയും ജവഹര്‍ നഗറിലെയും ചിടുങ്ങ് പിള്ളാരെ തള്ളിമാറ്റി നമ്മള് ക്യൂവിലൊണ്ടാവും, ബുക്ക് ചെയ്യാന്‍ !
പ്രാന്തെന്ന് പറഞ്ഞാ അദ്ദാണ്.
ടിന് ടിന് ഫാന്‍സും ആസ്റ്റെറിക്സ് ഫാന്‍സും തമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കണ്ടൂടാ. ചെറിയ പ്രായത്തില്‍ അതുമ്പറഞ്ഞ് കസിന്സുമായിട്ടൊക്കെ എന്തോരം അടിയുണ്ടാക്കിയിരിക്കുന്നു ! നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ...
ഓഹോ..ഇങ്ങനെയും ഒരു പുസ്തകം ഉണ്ടോ? മലയാളത്തിലും ഉണ്ടോ, അതോ ഇംഗ്ലീഷ് മാത്രമേ ഉള്ളോ?
എന്റെ 30% പോയി... :)
സൂരജ്,
സമ്മതിച്ചിരിക്കുന്നു...അസല്‍ പ്രാന്തന്തന്നെ.
പ്രിയപ്പെട്ട അനില്‍ശ്രീ,
ഈ സംഭവം മലയാളവും ഇംഗ്ലീഷും ഒന്നുമല്ല, ഒര്‍ജിനല്‍ ഫ്രഞ്ചാണ്. പാവപ്പെട്ട ആസ്റ്റെറിക്സ്പ്രേമികള് മിക്കവര്‍ക്കും ഫ്രഞ്ച് പിടിയില്ലാത്തതിനാല്‍, ഇംഗ്ലീഷ് വായിച്ച് തൃപ്തിപ്പെടുന്നു എന്നുമാത്രം. ഈ സംഭവം മലയാളത്തിലാക്കാന്‍ കഴിയുമോ, അറിയില്ല. അതിനു ശ്രമിക്കാനുള്ള ധൈര്യം ഇതുവരെ ഭൂമിമലയാളത്തില് ആരും കാട്ടിയിട്ടില്ല, ഇനി കാട്ടുമെന്നും തോന്നുന്നില്ല.
ഏതായാലും 30 ശതമാനം പാഴായിട്ടൊന്നുമില്ല, ഇന്നുതന്നെ തുടങ്ങൂ....മാജിക്പോഷന് അടിച്ചതുപോലെ തോന്നും, ബെസ്റ്റ് വിഷസ്.
ഭ്രാന്തൊന്നുമില്ലെങ്കിലും ആസ്റ്റെറിക്സിന്റെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്.ഇഷ്ടവുമാണ്.അതു കൊണ്ട് ഈ വാര്‍ത്ത സന്തോഷം തരുന്നു.
പോസ്റ്റിനു നന്ദി!
സൂരജേ, അപ്പോള്‍ എന്നെപ്പോലെ ആസ്റ്റെറിക്സും റ്റിന് റ്റിനും ഒരു പോലെ ഇഷ്ടപ്പെടുന്നവരില്ലേ?
സജ്ജീവിന്റെ ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കാണുമ്പോള്‍ ആസ്റ്റെറിക്സ് ഓര്‍മ്മ വരും.
തള്ളെ ആസ്റ്റ്രിക്സ്
ഒബ്ലിക്സ് ആയി സ്വയം അവരോധിയ്ക്കുകയും വയറ്റിനു മേലില്‍ കയറ്റി മുണ്ടുടുക്കുകയും ചെയ്തവനാണ് യീ ഞ്യാന്‍..(പാന്റിടാന്‍ പരുവത്തിന് പാന്റ് ഈ നാട്ടില്‍ കിട്ടുന്നില്ല പിന്നല്ലേ നമ്മുടെനാട്ടില്‍).ജോലിചെയ്തിരുന്നയിടത്ത് ആസ്റ്റ്രീക്സ് ടീമുണ്ടാക്കി നോക്കിനടത്തിയിരുന്നതും ഞ്യാന്‍ തന്നെ.ഞാന്‍ ഒബ്ബ്ലിക്സ് ആയി സ്വയം അവരോധിച്ചോണ്ട് ആസ്ട്രിക്സ് സ്ഥാനത്തിനു തല്ലുകൂടിയിട്ടില്ല. (വോര്ക്കുട്ടിലെ സ്ക്രാപ്പുകളില്‍ പഴയ കൂട്ടുകാരുടെ ഹാങ്ങോവര്‍ ഇപ്പഴും കാണാം.) ഡൊഗ്മാട്രിക്സ് ആയത് ഒരു പെണ്കൂട്ടുകാരിയാരുന്നു. അതോണ്ട് ഞങ്ങള്‍ തലേന്ന് രാത്രി മാജിക് പോര്‍ഷന്‍ കുടിച്ചേച്ച് വരുമ്പോ അവള്‍ക്ക് ചായവാങ്ങിക്കൊടുക്കണമാരുന്നു. സീസര്‍ ആരാന്ന് പറയേണ്ടല്ലോ. തലവന്‍ തന്നെ.കേരളത്തില്‍ ജോലിചെയ്തിരുന്നടത്ത് ആസ്ട്രിക്സ് തമാശയാണ് മോളിലിരുന്നവന്മാരെ തന്തയ്ക്ക് വിളിയ്ക്കാതെ പിടിച്ച് നിര്‍ത്തിയത്. ചൊറി അധികമാവുമ്പോ ആരെങ്കിലും സീസറിനോട് യുദ്ധം പ്രഖ്യാപിച്ച് കളയും. പിന്നെയെല്ലാം തമാശതന്നെ.
സൂരജ് ആ ടിന്ടിന്ന്റെ കാര്യം പറഞ്ഞത് ശരി തന്നെ. ഇന്നുവരെ എനിയ്ക്ക് എങ്ങനൊക്കെ വായിച്ച് നോക്കിയിട്ടും അതിലെ തമാശ മനസ്സിലായിട്ടില്ല.:):)
മുസാഫിര്‍, ഭ്രാന്തില്ലാത്ത ഒരാളെ കാണാനായതില്‍ പെരുത്തു സന്തോഷം, വണക്കം.
പാഞ്ചാലി, സംശയം അമ്പിയുടെ കമന്റ് വായിക്കുമ്പോള്‍ തീരുന്നില്ലേ.
അമ്പി,
തള്ളെ, ഹാങ്ഓവറിന്റെ കാര്യം പറഞ്ഞത്, തലേദിവസം മാജിക് പോഷന്‍ കുടിച്ചിട്ട് വരുമ്പോഴത്തെ സംഗതി അല്ലല്ലോ അല്ലേ. ശരിക്കും പ്രാന്തന് തന്നെ. നമിച്ചു.
ആസ്ടെറിക്സൂം ടിന്‍ടിനും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ എക്സ്റ്റിന്‍ക്റ്റ് സ്പീഷീസ് ഒന്നുമല്ല. ഒരു പീസ് ദാ ഇവിടിരുപ്പുണ്ട്.
മുതിര്‍ന്നവര്‍ക്ക് പക്ഷെ ടിന്‍ടിന്‍ നൊസ്റ്റാള്‍ജിയയുടെ പേരിലല്ലെങ്കില്‍ ഇഷ്ടപ്പെടാന്‍ ഇടയില്ല എന്ന് തോന്നുന്നു.
ആസ്ടെറിക്സ് അവിടെ സ്കോര്‍ ചെയ്യുന്നത് വളരെ കൃത്യമായ ചരിത്രപ്ശ്ചാത്തലമുള്ള തമാശകളിലൂടെയാണ്. സീസറിന്റെയും മറ്റു റോമന്‍ എഴുത്തുകാരുടെയും എത്ര പ്രശസ്തവചനങ്ങളാണ് ഫെയ്ക്ക് കോണ്ടക്സ്റ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.ക്ലിയോപാട്രക്ക് കൊട്ടാരം പണിയാന്‍ അണ്ണന്മാര് പോകുന്നതും പണിക്കിടയില്‍ സ്ഫിങ്ക്സിന്റെ മൂക്കൊടിഞ്ഞുപോകുന്നതും വായിച്ച് നന്നായി ചിരിക്കണമെങ്കില്‍ പുരാതന ഈജിപ്തിലെ ആര്‍ക്കിറ്റെക്ചറല്‍ അത്ഭുതങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ധാരണവേണം. റോമന്‍ ജനറല്‍മാര്‍ ക്ലെയോ ചേച്ചിയുടെ മുന്നില്‍ മൂക്ക് കൊണ്ട് ഹൈറോഗ്ലിഫിക്സിലെ കൂട്ടക്ഷരങ്ങള്‍ എഴുതുന്നത് മനസ്സിലാവണമെങ്കില്‍ റോമന്‍ ചരിത്രം കുറെയെങ്കിലും അറിയണം. (ഇതുമനസ്സിലാകാത്തവര്ക്കും ചിരിക്കാനാവുന്ന സ്ലാപ്സ്റ്റിക് കോമഡിയ്ക്ക് വരയിലും കഥാതന്തുവിലും സ്പെയ്സ് ധാരാളമുള്ളതുകൊണ്ടാണ് കുട്ടികള്‍ക്കും ഈ രംഗങ്ങള്‍ ഉള്‍പടെ ആസ്വദിക്കാനാകുന്നത്)
ടിന്‍ടിന്‍ ആകസ്മികത എന്ന ഒരുഎലമെന്റില് മിക്കപ്പോഴും കുരുങ്ങിനില്ക്കുന്നതുകൊണ്ടും നാഷണല്‍/പ്രൊഫഷണല്‍ ഐഡന്റിറ്റിയുടെ കരിക്കേചറൈസേഷന് ആയതുകൊണ്ടും ആസ്ടെറിക്സിന്റെ ഡെപ്തില്‍ ഒരിക്കലും എത്താറില്ല. പക്ഷെ അതിന്റെ മേഖല മറ്റൊന്നാണ്.
അസ്റ്റടെറിക്സ് അഡിക്റ്റായി ഞാന്‍ കുരുങ്ങിപ്പോകാത്തത് കാല്വിന് എന്ന കലികാല തത്വശാസ്തജ്ഞനെ -- ആസുരമായ മടിയുടെ, വെറുപ്പില്ലാത്ത അക്രമത്തിന്റെ , കേവലരൂപിയായ അരാജകത്വത്തിന്റെ പ്രവാചകനെ-- ഞാന്‍ പരിചയപ്പെട്ടതുകൊണ്ടു മാത്രമാണ്. ശിഷ്യപ്പെട്ടുപോായി :))
ഗുപ്തന്,
താങ്കളുടെ നിരൂപണം വളരെ നന്നായി. കാല്വിന്റെ ആരാധകനായ ഒരു സുഹൃത്ത് എനിക്കുണ്ട്.
ആസ്റ്റെറിക്സിന്റെ ആസ്വാദകനാകാന്‍ വെറുതെ ചിരിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോര എന്നതാണ് സത്യം. ഈജിപ്ഷ്യന്‍ ആര്ക്കിറ്റെക്ചറും റോമന്‍ ചരിത്രവുമൊക്കെ മേമ്പൊടിയായെങ്കിലും അറിയണം എന്നത് തികച്ചും വാസ്തവം.
അതുപോലെ തന്നെ പ്രധാനമാണെന്നു തോന്നുന്നു സമകാലിന സംഭവങ്ങളെക്കുറിച്ചുള്ള ധാരണയും. ഉദാഹരണത്തിന്, മാജിക് പോഷന്റെ ഘടകമായ പെട്രോളിയം തീര്‍ന്നപ്പോള്‍ അതുകൊണ്ടുവരാന്‍ ആസ്റ്റെറിക്സും ഒബീലിക്സും ഡോഗ്മാട്രിക്സും അറേബ്യയില്‍ പോയ കഥയുണ്ടല്ലോ. ചെറിയൊരു തുകല്‍സഞ്ചിയില്‍ പെട്രോളിയവുമായി കപ്പലില്‍ മടങ്ങുമ്പോള്‍ റോമന്‍ സാമ്രാജ്യം അയച്ച ചാരന്, ആ പെട്രോളിയം സഞ്ചി തട്ടിപ്പറിക്കാന്‍ നോക്കുകയും, സഞ്ചിക്കുള്ളിലെ ഏതാനും തുള്ളി പെട്രോളിയം കടലില്‍ വീഴുകയും ചെയ്യുമ്പോള്‍ എഴുത്തുകാരന് നടത്തിയിരിക്കുന്ന കമന്റുണ്ടല്ലോ: For the first time in the course of the history, Meditanarian Sea polluted. ഇതാസ്വദിക്കാന്‍ ആധുനിക പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും ചെറിയ ധാരണ ആവശ്യമില്ലേ.
മറ്റൊരു കഥയില്‍ ഒരു റോമന്‍ ചാരന്റെ പേര് ഒര്മയില്ലേ. ഏഴ് തവണ ചാരകോളേജില് പരീക്ഷയെഴുതിയിട്ടും പൂജ്യം മാര്‍ക്ക് കിട്ടി തോറ്റതുകൊണ്ട് 'Double O Seven' എന്നറിയപ്പെടുന്ന ഏജന്റ്. ജയിംസ് ബോണ്ടിന്റെ കോഡ് നാമം 007 ആണെന്ന കാര്യം അറിയാത്തവര്‍ക്ക് ഇത് ആസ്വദിക്കാന്‍ കഴിയുമോ.
ഏതായാലും, ആസ്റ്റെറിക്സ് ചര്‍ച്ചയെ ഈ നിലയിലേക്ക് നയിച്ചതിന് നന്ദി.
(ഇതിലെ ഉദ്ധരണിയും പേരും ഓര്‍മയില്‍ നിന്നെഴുതിയതാണ്, ചിലപ്പോള്‍ ചെറിയ മാറ്റമുണ്ടാകാം).
ഗുപ്തരും ജോ മാഷും പറഞ്ഞ ആ ഇന്റലിജന്റ് കോമഡിയാണ്/ആയിരുന്നു ആസ്റ്റെറിക്സിന്റെ മുഖമുദ്ര.
ഈ സീരീസിന്റെ സ്ഥിരം ഇംഗ്ലീഷ് പരിഭാഷകരായ ആന്തിയാ ബെല്ലും ഡെറെക് ഹോക്രിഡ്ജും അതിന് വലിയ ക്രെഡിറ്റ് അര്‍ഹിക്കുന്നു - വിശേഷിച്ച് നാം വായിക്കുന്ന ആസ്റ്റെറിക്സ് കഥാപാത്രനാമങ്ങളില് (ഡോഗ്മാറ്റിക്സ്, ഗെറ്റഫിക്സ്, കാക്കോഫൊണിക്സ്, ജീറിയാട്രിക്സ്, ഹൂഡണിറ്റ്, ഇസ്നോ ഗുഡ്, തുടങ്ങിയ)മിക്കതും മൊഴിമാറ്റ വേളയില്‍ നിര്‍മ്മിക്കപ്പെടുന്നതാണ്.
കുട്ടികളെ പ്രാചീന ലോകചരിത്രം അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഈ സീരീസിന്റെ ധര്‍മ്മം ചെറുതല്ല. ആസ്റ്റെറിക്സ് പുസ്തകങ്ങളില്‍ ഏറ്റവും പ്രിയമുള്ളവയെല്ലാം ലോകപര്യടന തീമുകള്‍ ഉള്ളവയാണ് എന്നതിനു കാരണവും ഇതാവാം.
അതെ സൂരജ്. പറയാന്‍ വിട്ട ഒന്നാണ് ഭാഷയിലെ കളി. പേരില്‍ മാത്രമല്ല. ഡയലോഗിലും ഉണ്ട്.
മഴപെയ്യിക്കാന്‍ കാക്കോഫോണിക്സിനെ പൊക്കിക്കൊണ്ടുവരാന് ഫക്കീര്‍ വാസ്സിസ്നെയിം പോകുന്ന കഥയില്‍ ടീം റോമിനുമീതേ പരവതാനിയില്‍ പറക്കുമ്പോള്‍ സീസര്‍ പനി പിടിച്ചു കിടക്കുന്നു. ഏഷ്യന്‍ ഫ്ലൂ ആണെന്ന് പറയുന്നുണ്ട്. സീസറിന് പനികാരണം അനുസരണകെട്ട ‘ഗോളന്മാരുടെ’ ഡെലീരിയസ് വിഷന്‍സ് ഉണ്ടാകുന്നതായി പരാതി.
അതു ഡോകടറോട് പറഞ്ഞു മട്ടുപ്പാവില്‍ നില്‍ക്കുമ്പോഴാണ് മൂന്നു ഗോളന്മാരും ഫക്കീറും കൂടെ കണ്ണിന് മുന്നേ പറന്നുപോകുന്നത്.
അടുത്ത സീനില്‍ പടയാളികള്‍ സംസാരിക്കുന്നു. ഏകദേശം ഓര്‍മയില്‍ നിന്ന്:
ഒന്നാം ഭടന്: സീസറും ഡോക്റ്ററും കിടപ്പാണ്. രണ്ടുപേരും ഡെലീരിയം ബാധിച്ച് ഗോള്സിനെയും ഒരു ഏഷ്യന്‍ ഫക്കീറിനെയും കണ്ടു എന്നു പിച്ചും പേയും പറയുന്നു.
രണ്ടാം ഭടന്: ദ ഗോള്‍സ് ആന്‍ഡ് ദ് ഏഷ്യന്‍ ഫ്ലൂ. (this time the spelling is flew)
സീസര്‍ കണ്ടതിനപ്പുറം സീസറിനെ ബാധിച്ചിരിക്കുന്ന ‘രോഗങ്ങളുടെ’ -കക്ഷി കിടപ്പായതിന്റെ കാരണങ്ങളുടെ -- സമ്മറി ആയും രണ്ടാമത്തെ വാക്യം വായിക്കാം. ദ ഗോള്‍സ് അന്‍ഡ് ദ് ഏഷ്യന്‍ ഫ്ലൂ. ഡെലീരിയം എങ്ങനെ വരാതിരിക്കും. :))
സൂരജേ, കാലിഫോർണിയയിൽ വന്നാൽ എന്റെ കയ്യിലുള്ള 16 ആസ്റ്ററിക്സ് കോമിക്സുകൾ വായിക്കാൻ തരാം.
ഒരെണ്ണം ഫ്രെഞ്ചിലും വായിച്ചിട്ടുണ്ടു്. ഇംഗ്ലീഷ് പരിഭാഷ കൂടെ വെച്ചു് ഫ്രെഞ്ചറിയാവുന്ന ഒരുത്തന്റെ സഹായത്തോടു കൂടി. അവൻ പറയുന്നതു് തമാശ ശരിക്കറിയണമെങ്കിൽ ഫ്രെഞ്ചിൽ വായിക്കണമെന്നാണു്. ഫ്രാൻസ് രാഷ്ട്രീയക്കാരെയും അതിൽ കളിയാക്കുന്നുണ്ടത്രേ.
ടിൻടിൻ വായിക്കുമെങ്കിലും ആസ്ടറിക്സിന്റെ അടുത്തു വരില്ല മ്വോനേ!
പിന്നെ ആ കാൽവിൻ... അവൻ ഒരു ഒന്നര സാധനം തന്നെ. അവന്റെയും ഫാൻ താൻ.
ജോസഫ്, നന്ദി.
- മറ്റൊരു ആസ്റ്ററിക്സ് പ്രാന്തൻ.
എനിക്ക് പ്രാന്തില്ലെന്ന് പറഞ്ഞാല്‍ എന്നെ പ്രാന്തനായി മുദ്ര കുത്തുമോ?
കമന്റുകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ പോസ്റ്റ് മാറിപ്പോയോ എന്നൊരു സംശയം. എല്ലാവരും ഇരുട്ടിന്റെ അത്മാവിലെ വേലായുധന് കുട്ടിയെപ്പോലെ. :)
എന്തായാലും എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ പെരുത്ത് സന്തോഷം. :):)
ജെ.എക്കു നന്ദി..
ഫാന്റം, മാന്‍ഡ്രേക്, ഇരുമ്പുകൈ മായാവി മുതലായവയ്ക്കൊപ്പം വരുമോ ഹേ ഈ ആ/ഓസ്റ്റെരിക്സ്? :)
അധികമൊന്നും ഞാന്‍ ആസ്റ്റെറിക്സ് വായിച്ചിട്ടില്ല; പക്കേങ്കില്, ഇതുവായിക്കുന്നവരായ എന്റെ സഹമുറിയന്മാര് എന്നെ സ്ഥിരം കാക്കോഫോണിക്സ് എന്നു വിളിച്ചിരുന്നതിനാല്‍ സങ്കതി എന്താണെന്നറിയാന്‍ ഒന്നുരണ്ടെണ്ണം മറിച്ചു നോക്കിയിട്ടുണ്ട് (മഹാഗായകരുടെ ഓരോ മനസ്സമാധാനക്കേട്!)
ഇപ്പോഴും ഓര്‍മ്മയുള്ള ഒരു തമാശ: ഏതോ ഒരെണ്ണത്തില്‍ കുറെ അടിമകള്‍ തമ്മിലുള്ള സംഭാഷണം (in speech bubbles). സ്പെയിനില്‍ നിന്നുള്ള അടിമയുടെ ചോദ്യങ്ങളിലെല്ലാം ‘?’-നു പകരം സ്പാനിഷിലെ തലതിരിഞ്ഞ ചോദ്യചിഹ്നം! ഈജിപ്റ്റുകാരന്‍ സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്കുപകരം ഹൈറോഗ്ലിഫിക്സ്!!
പ്രാന്തത്തികളെ കൂട്ടുമോ? ആസ്റ്റ്രിക്സ് / ടിന്‍ടിന്‍ രണ്ട് സംഘത്തിലും ഞാനുണ്ട്. ഒരു ടിന്‍ടിനും ആസ്റ്റ്രിക്സും ഒക്കെ ഒന്നു കിട്ടാന്‍ പബ്ലിക്ക് ലൈബ്രറിയില്‍ കിട്ടാന്‍ എന്തോരം ഗുസ്തി നടത്തിയിട്ടുണ്ട് കുഞ്ഞിലേ. വലുതാവുമ്പോ ഈ രണ്ട് സീരിസിലേം മൊത്തം ബുക്സ് വാങ്ങി ജയന്റെ പോലെ ഒരു ലൈബ്രറി തുടങ്ങണം എന്നാരുന്നു ആഗ്രഹം :)
പക്ഷെ എന്നാലും ഇപ്പോഴും എപ്പോഴും എന്നന്നേക്കും ഇഷ്ടം ഡെനീസ് ദ മെനസ് ആണ് :) അതിന്റെ മുന്നില്‍ കാല്വിനൊക്കെ നിഷ്പ്രഭം. സ്വാറി.
ഡെന്നീസ് നമ്മുടെ ടോംസിന്റെ ഉണ്ണിക്കുട്ടനെപ്പോലെ ഒരു കുസൃതിക്കുടുക്കയാണു്. പക്ഷേ കാൽവിന്റെ ഭാവനയോടു കിടപിടിക്കാൻ അവൻ പോരല്ലോ ഇഞ്ചീ. സ്വാറി.
അയ്യോടാ അതങ്ങ് പള്ളിയില്‍! കാലിവ്നൊക്കെ വരുന്നതിനു മുന്‍പേ ഡൈനീസ് എത്ര ഓണം കൂടുതുല്‍ ഉണ്ടതാ. :)
ഡെനീസ് വായിച്ച് കഴിഞ്ഞിട്ട് കാല്‍വിനില്‍ തുടങ്ങിയോണ്ട് എനിക്കത്ര ചിരിയൊന്നും വന്നിട്ടില്ല. പിന്നെ കാല്വിന് ഒരല്പം സിനിക്കലും . ഭാവനയൊക്കെ സേം സേം. പിന്നേഏഏഏഏ!! ഡെനീസിന്റെ ഇന്സൈറ്റൊക്കെ കഴിഞ്ഞിട്ടേ കാല്വിനുള്ളൂ. ഡെനീസിനെ വെറും ഒരു കുസൃതിക്കുടുക്കയായിക്കിയതില് ശക്തിയായി പ്രതിഷേധിക്കുന്നു!
(Sorry for hijacking the thread :-( )
TinTin - ഇഷ്ടമേ അല്ലാതിരുന്ന ഒരു സാധനം
Dennis, the Menace - കുട്ടിയായിരുന്നപ്പോള്‍ (ഞാന്‍) വായിച്ചു രസിക്കാറുണ്ടായിരുന്നു. അതിനെ ‘സില്മ’ വന്നതു പോയിക്കാണുകയും ചെയ്തു. വളര്‍ന്നപ്പോള്‍ ഉരിഞ്ഞുകളഞ്ഞതോലുകളിലൊരെണ്ണമായി ആ ഇഷ്ടം.
Peanuts - ഒന്നുമേ മനസ്സിലാകാറില്ല; അന്നും, ഇന്നും.
The Adventures of Legionnaire Beau Peep - പണ്ട് ഇല്ലസ്റ്റ്രേറ്റഡ് വീക്ലിയില് വന്നുകൊണ്ടിരുന്ന ഇതാണ് എന്റെ പ്രിയപ്പെട്ട കോമിക് സ്ട്രിപ്.
ഓഫ്:
എനിക്കിതുവരേയും മനസ്സിലാവാത്ത കോമിക്ക് സ്റ്റ്രിപ്പ് ഡില്ബേര്ട്ടാണ്. എനിക്ക് ചിരിവന്നില്ല പറഞ്ഞ് എന്റെ മാനേജറിനു ദേഷ്യം വരെ വന്നിട്ടുണ്ട് :) പക്ഷെ എന്തു ചെയ്യാം എനിക്ക് ചിരി വന്നില്ല. ഒരു പക്ഷെ ഞാനങ്ങിനെ
‘ക്രൂരമായ’ കമ്പനികളില്‍ ജോലി ചെയ്യാത്തോണ്ടാവും എന്ന് എന്റെ ഈ വിചിത്ര സ്വഭാവത്തിനെ ഡില്ബേര്ട്ട് പ്രാന്തന്മാര് വിലയിരുത്തുന്നു. അതുകൊണ്ടാവണേ ഭഗവാനേ എന്നു ഞാനും :)
OT-reply:
ഡില്‍ബര്‍ട്ട് ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു :) ആ കാലഘട്ടം കഴിഞ്ഞു; ആവശ്യം കഴിഞ്ഞു; അതിലെ തമാശയും കഴിഞ്ഞു.
I guess Iknow why little girls do not like Calvin :)
***
Off
ജോസഫ് മാഷേസംഗതി കൈവിട്ടു പോയീീീീീീന്നാ തോന്നുന്നേ :))
OT:
(ജോലിയില്ലാതെ) വിശന്നുവലഞ്ഞിരിക്കുന്ന ചെന്നായ്ക്കളുടെ മുന്നില്‍ പച്ചയിറച്ചി എറിഞ്ഞുകൊടുത്തത് ജോസഫ് മാഷിന്റെ തന്നെ തെറ്റ്. ഇതൊക്കെ സൌഹൃദത്തിന്റെ ഒരു കലങ്ങിമറിച്ചിലല്ലേ? :)
ഹഹ ഗുപ്തരേ. അതുകൊണ്ടൊക്കെ തന്നെ ഹേഗര്‍ ദ ഹൊറിബിളിനേം നല്ല ഇഷ്ടാണ് ;), പ്രത്യേകിച്ച് ഹെല്‍ഗ ചേച്ചിയില്‍ നിന്നുള്ള ബാലപാഠങ്ങള്‍ :)
വര്‍ഗബോധം ...
അപ്പോള്‍
കാല്വിന് എന്ന കലികാല തത്വശാസ്തജ്ഞനെ -- ആസുരമായ മടിയുടെ, വെറുപ്പില്ലാത്ത അക്രമത്തിന്റെ , കേവലരൂപിയായ അരാജകത്വത്തിന്റെ പ്രവാചകനെ എന്നതിന്റെ കൂട്ടത്തില്‍ മിസോജിനിസ്റ്റുകളുടെ ആദിരൂപത്തെ
എന്നുകൂടി ചേര്‍ത്ത് വിടവാങ്ങുന്നു.
ഇനീം നിന്നാല്‍ ജോസഫ് മാഷ് തട്ടുംന്നാ തോന്നുന്നേ
ഇരുമ്പു കൈ മായാവിയെ അങ്ങനെ മറക്കാന്‍ പറ്റുമോ സെബൂ? കണ്ണാടി വിശ്വനാഥന്റെ ചിത്രകഥകളും (കൂട്ടിനു ദുര്‍ഗാ പ്രസാദ് ഖത്രിയുടെ വെളുത്ത ചെകുത്താനും ചുമന്ന കൈപ്പത്തിയും മൃത്യുകിരണവും കോട്ടയം പുഷ്നാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളും) ശിക്കാരി ശംഭുവും മറ്റും വായിച്ചു രസിച്ചിരുന്ന ആ കാലം ഓര്‍മ്മ വന്നു. ശിക്കാരിക്കു പറ്റുന്ന അക്കിടികള്‍ രസകരമായിരുന്നു.
@പാഞ്ചാലി: ദുര്‍ഗ്ഗാപ്രസാദ് ഖത്രി, വിവ: മോഹന്‍ ഡി. കങ്ങഴ എന്നിവരെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് :-) ബൈ ദി ബൈ, ആ സീരിസില്‍ 4 പുസ്തകങ്ങള്‍ ഇല്ലായിരുന്നോ? നാലാമത്തേതിന്റെ പേരു ഞാനും മറന്നു.
@ഇഞ്ചിപ്പെണ്ണ്: പ്രശസ്തകാര്‍ട്ടൂണിസ്റ്റ് അബു ഏബ്രഹാമിന് ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ സ്റ്റ്രിപ് ഹേഗര്‍ ആയിരുന്നു എന്ന് ഒരിന്റര്‍വ്യൂവില്‍ വായിച്ചതോര്‍മ്മ.
ഓര്‍മ്മ വരുന്നില്ല. ഭൂതനാഥന്‍ ആയിരുന്നോ??
നല്ല ലേഖനം
1982മുതൽ തുടങ്ങിയ asterix പ്രേമം ഇന്നും തീർന്നിട്ടില്ല. എല്ലാ editionsഉം കയ്യിൽ ഉണ്ടു്. മകനും asterix ഫാൻ ആണു്.
എല്ലാ 26 Tintin comicsഉം ഉണ്ടു്. :)
മാഫോടെ ഒരോഫ്.
'ബോബനും മോളിയും' എന്ന ബ്ലാക്ക് ആന്റ് വൈറ്റ് കോമിക്സിലൂടെ റ്റോംസ് ഉയര്‍ത്തിയ സാമൂഹിക വിമര്ശ്ശനത്തിലൂന്നിയ ഹാസ്യം, ഈ പറഞ്ഞതിനൊക്കെ ഒപ്പം നില്‍ക്കുമോ? അതോ അതു വേ ഇതു റേ ആണോ? കുറച്ചു കാല്വിന് ഹോബ്സ് മാത്രമേ വായിച്ചിട്ടുള്ളൂ. അതുകൊണ്ടാട്ടോ.
സത്യമായിട്ടും ഇതിത്ര ഫേമസാണെന്നറിയില്ലാരുന്നു.. ആരെങ്കിലും കണ്ടാ മോശമല്ലേന്നു കരുതി ഞാന്‍ ഒളിച്ചും പാത്തുമൊക്കെയാ വായിച്ചിരുന്നത്..
സ്ട്രിപ്പ് കാര്‍ട്ടൂണ്‍സ് ഒട്ടുമിക്കതിന്റേം (പലപ്പോഴും തമാശ മനസ്സിലാവഞ്ഞപ്പോള് ഞാന്‍ പുതിയ അര്‍ത്ഥങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്) ഫാനാണെങ്കിലും എന്റെ ഫേവറിറ്റ് കാല്വിന് തന്നെ. Calvin is an impulsive, sometimes overly creative, imaginative, energetic, curious, intelligent, often selfish, and sometimes bad-tempered six-year-old. Despite his low grades, Calvin has a wide vocabulary range that rivals that of an adult as well as an emerging philosophical mind, എന്നു വിക്കി പറയുന്നു.
രാവിലെ പത്രം നോക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഹിന്ദുവിലെ കാര്‍ട്ടൂണ്‍ മാത്രം വായിച്ചിട്ടു പോരാന്‍ കാല്വിനോടിത്രയിഷ്ടം തോന്നാന്‍ കാര്യമെന്താണെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ആ പ്രായത്തില്‍ സങ്കല്പിച്ചു കൂട്ടിയിരുന്ന അത്ഭുതലോകങ്ങളുടേയും ചെയ്ത കുരുത്തക്കേടുകളുടേയും നൊസ്റ്റാള്‍ജിയ ആയിരിക്കണം.
ഇഞ്ചീ, ഓണം കൂടുതല്‍ തിന്നാലൊന്നും ഡെന്നിസ് കാല്വിനടുത്തെത്തില്ല :-)
'ഒരു പ്രാന്തനും ഞാനും തമ്മിലുള്ള ഏക വ്യത്യാസം എനിക്ക് പ്രാന്തില്ല എന്നത് മാത്രം' എന്ന് സാക്ഷാല്‍ സാല്‍വദോര്‍ ദാലി പറഞ്ഞതാണ് ഈ കമന്റുകള്‍ വായിക്കുമ്പോള്‍ ഓര്‍മവരുന്നത്. സാധാരണഗതിയില്‍ പ്രാന്തുണ്ടെങ്കിലും അത് തുറന്ന് പറയാന്‍ ആരും മെനക്കെടാറില്ല. ഇവിടെയിതാ, എന്തെല്ലാം തരം പ്രാന്തന്മാരും പ്രാന്തികളും...
കാല്വിനാണോ, മറ്റവനാണോ വലിയവന്‍ എന്ന തര്‍ക്കം അസ്ഥാനത്താണെന്ന് തോന്നുന്നു. ആസ്വാദകക്ഷമത തികച്ചും സബ്ജക്ടീവ് ആണെന്നതുതന്നെ കാരണം.
ഏതായാലും ഇവിടെയെത്തി, പ്രാന്ത് തുറന്നുപറഞ്ഞ് ഈ ചര്‍ച്ചയെ ഇത്രമാത്രം സമ്പുഷ്ടമാക്കിയ എല്ലാവര്ക്കും നന്ദി.
NB: മലയാളത്തില്‍ ഒരു കിടിലന്‍ സാധനം ഇപ്പോള്‍ ഇറങ്ങുന്നുണ്ട്-പാവപ്പെട്ട പ്രവാസികള്‍ അത് അറിയുന്നുണ്ടെന്ന് തോന്നുന്നില്ല. 'മീശമാര്ജാരന്'എന്നാണ് പേര്. ബാലഭൂമിയില്‍ വള്ളിക്കോട് സന്തോഷും ദേവപ്രകാശും കൂടി തകര്‍ക്കുന്നത്. മീശയുടെ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ഈയുള്ളവനും അംഗമാണ്.
വണ്ടി പോവല്ലേ ഞാനും ആസ്റ്റെറിക്സിന്റെ ഫ്യാനാ (പണ്ടും ഈ വയസ്സുകാലത്തും). പോസ്റ്റ് കണ്ട് സന്തോഷമായി.
തീരെ ചെറുപ്പത്തില്‍ അതായത് കപീഷ് വായിക്കുന്ന പ്രായത്തില്‍ ടിന്‍ടിന്‍ കഥകളില്‍ ടിന് ടിന് ഒഴികെയുള്ള കഥാപാത്രങ്ങളെ ഇഷ്ടമായിരുന്നു, വളരെ വേഗം മടുത്തു പോയി.
ആദ്യം കമന്റിയയാളുടെ പേര് 'മാറുന്ന മലയാളി'യെന്നോ 'മാറാത്ത മലയാളി'യെന്നോ, ഒരു ചിന്ന സംശയം.
അത് കലക്കി ഇഷ്ടാ ആ സംശയം ...:)
Post a Comment