Tuesday, October 28, 2008

മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌

ശനിയാഴ്‌ച ദിവസം എനിക്കൊരു പണിയുണ്ട്‌. ഞായറാഴ്‌ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ആരോഗ്യ-മെഡിക്കല്‍-ശാസ്‌ത്ര റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഉച്ചയോടെ കോഴിക്കോടിന്‌ ഇ-മെയില്‍ ചെയ്യണം. ആ സമയത്തേ പാടുള്ളു, മുന്‍കൂട്ടി അയച്ചിട്ട്‌ കാര്യമില്ല. സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമില്ല. സമയം പോലെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട്‌ തയ്യാറാക്കി വെച്ചിട്ട്‌, ശനിയാഴ്‌ച മെയില്‍ ചെയ്‌താല്‍ മതി. യാത്രയിലോ നാട്ടിലോ ആകുമ്പോഴാണ്‌ പ്രശ്‌നം. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌, സംഭവം പെന്‍ഡ്രൈവില്‍ കൈയിലുണ്ട്‌. പക്ഷേ, എന്തുകാര്യം. കേരളമാണ്‌ നമ്മുടെ ഇഷ്ടത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടണമെന്നില്ല.

ഇതിന്‌ ആദ്യമൊക്കെ ചെയ്‌തിരുന്ന സൂത്രവിദ്യ, സ്വന്തം ജി-മെയിലിലേക്ക്‌ റിപ്പോര്‍ട്ട്‌ മുന്‍കൂട്ടി അയച്ചിടുക എന്നതാണ്‌. എന്നിട്ട്‌, ശനിയാഴ്‌ച ഉച്ചയാകുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കും. മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍, ഇന്റര്‍നെറ്റ്‌ ഉള്ള എവിടെയെങ്കിലും എത്തി സ്വന്തം മെയിലില്‍ കിടക്കുന്ന സാധനം കോഴിക്കോട്ടേക്ക്‌ ഫോര്‍വേഡ്‌ ചെയ്യും. എത്ര കുറുക്കുവഴികള്‍ ശീലിച്ചാലാണ്‌ മനുഷ്യന്‌ കഴിഞ്ഞുപോകാനാവുകയെന്ന്‌ അത്ഭുതപ്പെടുത്തുന്ന ഉദാഹരണമാണിത്‌.

എന്നാല്‍, എന്നെപ്പോലെ മറവിയുടെ അസുഖമുള്ളവര്‍ക്കും, കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു മെയില്‍ സര്‍വീസ്‌ അടുത്തയിടെ ഞാന്‍ കണ്ടെത്തി; 'ലെറ്റര്‍മിലേറ്റര്‍'(www.lettermelater.com). എത്രകാലം മുമ്പ്‌ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി, അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.

കിട്ടുന്നയാള്‍ അറിയില്ല, ഒരു ഇടനിലക്കാരന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌, അല്ലെങ്കില്‍ മുന്‍കൂട്ടി അയച്ചിട്ടതാണ്‌ മെയിലെന്ന്‌. നിങ്ങള്‍ ജി-മെയിലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, ആ മെയിലില്‍നിന്ന്‌ ആ സമയത്ത്‌ വരുന്നതായേ, കത്ത്‌ കിട്ടുന്നയാള്‍ക്ക്‌ മനസിലാകൂ. കത്തുകള്‍ മാത്രമല്ല, പിറന്നാള്‍ സന്ദേശങ്ങളോ, കൂടിക്കാഴ്‌ചയ്‌ക്കുള്ള ഓര്‍മിപ്പിക്കലുകളോ, നിങ്ങള്‍ അവധിയിലായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അയയ്‌ക്കേണ്ട നിര്‍ദേശങ്ങളോ, മറന്നു പോകാന്‍ സാധ്യതയുള്ള സന്ദേശങ്ങളോ ഒക്കെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അയച്ചിടാം. സയമത്ത്‌ കിട്ടുമോ എന്ന വേവലാതിയേ വേണ്ട.

ഈ സര്‍വീസ്‌ കണ്ടെത്തിയതോടുകൂടി എനിക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നു. റിപ്പോര്‍ട്ടുകള്‍ എമ്പാര്‍ഗോ ചെയ്‌ത്‌ കിട്ടുന്നതു പോലെ, എനിക്കും സ്വന്തം എമ്പാര്‍ഗോ നിശ്ചയിക്കാം എന്നായി സ്ഥിതി. ഞായറാഴ്‌ച പത്രത്തിന്‌ വേണ്ട റിപ്പോര്‍ട്ട്‌, ശനിയാഴ്‌ച ഉച്ചയ്‌ക്കുള്ള സയമം വെച്ച്‌ മുന്‍കൂട്ടി അയച്ചിടും. അവധിയായാലും യാത്രയിലായാലും ഇന്റര്‍നെറ്റ്‌ സൗകര്യം തേടി അലയേണ്ട കാര്യമില്ല. കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ കിട്ടേണ്ടിടത്ത്‌ എത്തിക്കൊള്ളും

3 comments:

Joseph Antony said...

മറവിയുടെ അസുഖമുള്ളവര്‍ക്കും, കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു മെയില്‍ സര്‍വീസ്‌ ആണ്‌ 'ലെറ്റര്‍മിലേറ്റര്‍'. എത്രകാലം മുമ്പ്‌ വേണമെങ്കിലും നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി, അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.

Anonymous said...

thank u 4 ur valuable information

Naveen Francis said...

check out www.in.com