പതിനഞ്ചുവര്‍ഷം മുമ്പാണ്, സുഹൃത്തായ കെ.ജെ.ജേക്കബ്ബ് എന്നോടൊപ്പം അമ്പൂരിയില്‍ വന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് തെക്കുകിഴക്ക് ഭാഗത്തേക്ക് ഏതാണ്ട് 40 കിലോമീറ്റര്‍ ബസ്സ്യാത്ര വേണം അമ്പൂരിയിലെത്താന്‍. പന്ത വഴി പോകുമ്പോള്‍ അമ്പൂരിക്ക് തൊട്ടുമുമ്പാണ് തട്ടാന്‍മുക്ക് എന്ന കവല. അടുത്ത ഗ്രാമമായ മായത്തുനിന്നുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത് തട്ടാന്മുക്കിലെ പതിവു കാഴ്ചയാണ്. മില്‍മയുടെ വണ്ടി അവിടെനിന്നാണ് മായത്തുനിന്നുള്ള പാല് കയറ്റി പോകുന്നത്. മായത്തേക്കുള്ള ഒഴിഞ്ഞ കാനുകള്‍ അവിടെ ഇറക്കി വെയ്ക്കുകയും ചെയ്യും.
ഞങ്ങളുടെ ബസ്സ് തട്ടാന്‍മുക്കിലെത്തിയപ്പോള്‍ സ്വാഭാവികമായും, മായത്തേക്കുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത് കണ്ണില്‍പെട്ടു. പതിവു കാഴ്ചയായതിനാല്‍ എനിക്കൊന്നും തോന്നിയില്ല. എന്നാല്‍, മായം എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ കാനുകള്‍ കണ്ട ജേക്കബ്ബിന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. `കഷ്ടം, എത്ര നിഷ്ക്കളങ്കരും സത്യസന്ധരുമാണ് നിന്റെ നാട്ടുകാര്‍`, ജേക്കബ്ബ് പറഞ്ഞു. `അല്ലെങ്കില്‍ ആരെങ്കിലും മായം ചേര്‍ത്ത സാധനത്തിന് പുറത്ത് 'മായം' എന്ന് എഴുതിവെയ്ക്കുമോ?`
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിത്ര പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഒരു വിവരം പത്രത്തില്‍ വായിച്ചപ്പോഴാണ്, ഈ പഴയ സംഭവം മനസിലെത്തിയത്. മാധ്യമങ്ങള്‍ക്ക് സാധാരണക്കാര്‍ക്കിടയിലുള്ള വിശ്വാസ്യതയെക്കുറിച്ച് അറിയാവുന്ന ചിത്ര, ഒരു പ്രസാധക എന്ന നിലയ്ക്കാണ് മണ്ണാര്‍ക്കാട്ടുകാരുടെ വിശ്വാസം നേടിയെടുത്തത്. 'ന്യൂ വ്യൂ' എന്നൊരു മാസികയുടെ പേരില്‍ മണ്ണാര്‍ക്കാട്ട് ഓഫീസ് തുറന്നായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ കണ്ണുവെട്ടിക്കാനും, സമൂഹത്തില്‍ കാശുള്ളവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാനും ചിത്രയ്ക്ക് ഇത് തുണയായി. കനത്ത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങളായി വന്‍തുകകള്‍ വാങ്ങി.
തെക്കന്‍ കേരളത്തില്‍ ശബരീനാഥ് 'ടോട്ടര്‍ ഫോര്‍ യൂ'വിലൂടെ നടത്തിയതിന്റെ ചെറിയൊരു പതിപ്പായിരുന്നു ചിത്രയുടെ തട്ടിപ്പ്. ഒടുവില്‍ കാര്യങ്ങള്‍ പുറത്തു വരികയും ചിത്ര മുങ്ങുകയും ചെയ്തതോടെ പോലീസ് വെട്ടിലായി. ഇതുവരെ പോലീസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമുയര്‍ന്നു. കൂടുതല്‍ പേര് ചിത്രയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും, പോലീസിന് മേല്‍ സമ്മര്‍ദം ഏറുകയും ചെയ്തതോടെ ചിത്ര പിടിയിലായി. കസ്റ്റഡിയില്‍ വിടലും തെളിവെടുപ്പും മറ്റ് കലാപരിപാടികളും ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം ചിത്രയുടെ ലാപ്ടോപ്പ് പോലീസ് പിടിച്ചെടുത്തു. അത് ഓണ്‍ചെയ്തപ്പോഴാണ് പോലീസിന് മനസിലാകുന്നത്, പാസ്വേഡ് അറിയില്ലെന്ന്. എന്തായിരിക്കാം ചിത്ര ലാപ്ടോപ്പിന് പാസ്വേഡ് നല്കിയിരിക്കുക. പോലീസ് തലപുകച്ചിരിക്കാം. ഉമ്പെര്‍ട്ടോ എക്കോയുടെ 'ഫുക്കോയുടെ പെന്‍ഡുലം' എന്ന ലോകപ്രശസ്ത നോവലില്‍, ഒരു കമ്പ്യൂട്ടറിലെ രഹസ്യമെന്തെന്നറിയാന്, അതിന്റെ പാസ്വേഡ് അറിയാതുഴലുന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രയുടെ ലാപ്ടോപ്പിന് മുന്നില്‍ പോലീസും അത്തരമൊരു അവസ്ഥയില്‍ ആയെങ്കില്‍ അത്ഭുതമില്ല.
'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്വേഡ് അറിയാന്‍ വെമ്പുന്നയാള്‍, ആ കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച് എന്താകാം പാസ്വേഡ് നല്‍കിയിരിക്കുകയെന്ന് സുദീര്‍ഘമായ വിചിന്തം തന്നെ നടത്തുന്നുണ്ട്. ആ നിലയ്ക്ക് ചിന്തിച്ചാല്‍ ചിത്രയെപ്പോലൊരു തട്ടിപ്പുകാരി എന്തായിരിക്കാം ലാപ്ടോപ്പിന് പാസ്വേഡ് നല്കിയിരിക്കുക. പോലീസ് ഒടുവില്‍ ചിത്രയുടെ തന്നെ സഹായം തേടി. പാസ്വേഡ് ചിത്ര പറഞ്ഞുകൊടുത്തു: 'കള്ളി'(kally) ! എത്ര സത്യസന്ധം, അല്ലേ !
Sunday, October 19, 2008
Subscribe to:
Post Comments (Atom)
5 comments:
'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്വേഡ് അറിയാന്‍ വെമ്പുന്നയാള്‍, ആ കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച് എന്താകാം പാസ്വേഡ് നല്‍കിയിരിക്കുകയെന്ന് സുദീര്‍ഘമായ ചിന്ത തന്നെ നടത്തുന്നുണ്ട്. ആ നിലയ്ക്ക് ചിന്തിച്ചാല്‍ മണ്ണാര്‍ക്കാട്ട് നിക്ഷേപത്തട്ടിപ്പ് നടത്തിയ ചിത്ര എന്തായിരിക്കാം ലാപ്ടോപ്പിന് പാസ്വേഡ് നല്കിയിരിക്കുക.
സ്വന്തം സ്വകാര്യതയിലെങ്കിലും ഏതുകള്ളിക്കും സത്യസന്ധയാകണം.
ഹ ഹ. അതു കൊള്ളാം
കൊള്ളാം. പാസ്വേര്ഡ് സത്യം പറഞ്ഞിരിക്കുന്നു
പാസ്വേര്ഡ് സത്യം മാത്രമെ പറയുകയേള്ളൂ
Post a Comment