Wednesday, July 16, 2008

'പുലിജന്മം' സി.ഡി.യാക്കിക്കൂടേ (ഒര്‍ജിനലോ വ്യാജനോ)!

മലയാള സിനിമ കഴിവതും ഒഴിവാക്കുന്നയാളാണ്‌ ഇതെഴുതുന്നത്‌. ഈ ഒഴിവാക്കലിന്‌ കാരണം മലയാള സിനിമ തന്നെയാണ്‌. സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത, നിലവാരം കുറഞ്ഞ ഉരുപ്പടികള്‍ സഹിക്കുന്നതിന്‌ എത്രയായാലും ഒരു പരിധിയുണ്ട്‌. സിനിമ വ്യവസായമാണ്‌, അതിനെ നിലനിര്‍ത്താന്‍ എല്ലാവരും തിയേറ്ററില്‍ പോയി കണ്ട്‌ സഹായിക്കണമെന്നൊന്നും പറയുന്നതില്‍ വലിയ അര്‍ഥമില്ല. എന്തെങ്കിലും കഴമ്പും ഒര്‍ജിനാലിറ്റിയുമുള്ള സിനിമയാണെങ്കില്‍, ആരുടെയും ഒത്താശ വേണ്ട ആളുകള്‍ സ്വാഭാവികമായും അതിലേക്ക്‌ എത്തിക്കൊള്ളും. അടുത്തയിടെ ഇറങ്ങിയ 'കഥ പറയുമ്പോള്‍' ഉദാഹരണം.

മലയാള സിനിമയില്‍നിന്ന്‌ പ്രേക്ഷകര്‍ അകലുന്നതിന്‌ കാരണം എന്തെന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പ്രശസ്‌ത 'വികലാംഗ-മാറാരോഗ-ബധിര-ഊമ-മന്ദബുദ്ധി' സംവിധായകനായ വിനയന്റെ ഏതെങ്കിലും ഒരു ചിത്രം കണ്ടുനോക്കിയാല്‍ മതി. 'വാര്‍ ആന്‍ഡ്‌ ലവ്‌' എന്ന വിനയന്‍ സിനിമ കാണുകയെന്ന അബദ്ധം ഒരിക്കല്‍ എനിക്ക്‌ സംഭവിച്ചു (പേടിയോടെയാണ്‌ ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നത്‌). പാകിസ്‌താനുമായി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ധീരയോദ്ധാക്കള്‍ നടത്തുന്ന പൊരിഞ്ഞ യുദ്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഏത്‌ കാലത്താണ്‌ ഇങ്ങനെയൊരു യുദ്ധം നടക്കുന്നതെന്നൊന്നും ചോദിക്കരുത്‌. അജിനോമോട്ടോയില്‍ കലക്കി ദേശസ്‌നേഹം ഒഴുക്കിയിരിക്കുകയാണ്‌ സംവിധായകന്‍. 'പാകിസ്‌താന്‍ പട്ടികള്‍' എന്നേ, മോഹന്‍ലാലിന്‌ പഠിച്ച്‌ പരാജയപ്പെട്ട ദിലീപ്‌ നായകനായ കഥാപാത്രം നാക്കെടുത്താല്‍ പറയൂ. ഒടുവില്‍ പാക്‌കേണലിന്റെ മകളെ വളച്ചെടുത്ത്‌, കുറെ പാട്ടൊക്കെ പാടി, അവള്‍ വഴി നായകന്‍ പാകിസ്‌താന്റെ ആണവരഹസ്യം തട്ടിയെടുത്ത്‌ ഇന്ത്യയെ രക്ഷിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളോ, അതിര്‍ത്തിയിലെ ടോപ്പോഗ്രാഫിയോ, യുദ്ധത്തിലെ സാമാന്യനിയമങ്ങളോ, പട്ടാളക്കാര്‍ക്കിടയിലെ അച്ചടക്കമോ ഒന്നും സംവിധായകനോ തിരക്കഥാകൃത്തിനോ അറിയില്ല എന്നത്‌ പോകട്ടെ. അതൊക്കെ ഇത്തരമൊരു പൈങ്കിളി ചിത്രത്തില്‍നിന്ന്‌ പ്രതീക്ഷിക്കാന്‍ പാടില്ല എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവസാനം പാകിസ്‌താന്റെ ആണവരഹസ്യവും ചോര്‍ത്തി നായകന്‍ എത്തുന്ന രംഗമുണ്ട്‌. ക്ലാസിക്‌ രംഗമാണത്‌. ഇതാ പാകിസ്‌താന്റെ ആണവമിസൈലിന്റെ രഹസ്യം എന്നു പറഞ്ഞ്‌, നായകന്‍ കുപ്പായക്കീശയില്‍നിന്ന്‌ ഒരു ഫ്‌ളോപ്പി ഡിസ്‌ക്‌ എടുത്തു കാട്ടുന്നു. 125 കിലോ ബൈറ്റ്‌സ്‌ മാത്രം ശേഷിയുള്ള ഫ്‌ളോപ്പി ഡിസ്‌കില്‍ ഒരു രാജ്യത്തിന്റെ ആണവരഹസ്യം! ഒരു മന്ദബുദ്ധിക്കേ മറ്റൊരു മന്ദബുദ്ധിയെ മനസിലാകൂ എന്നത്‌ എത്ര സത്യം. മലയാളത്തില്‍ മന്ദബുദ്ധിയെ നായകനാക്കി വിനയന്‍ സിനിമയെടുക്കുന്നതില്‍ അത്ഭുതമുണ്ടോ.

എന്റെയൊരു സുഹൃത്ത്‌ മലയാള സിനിമകളെക്കുറിച്ച്‌ നടത്തിയ ഒരു വിലയിരുത്തലുണ്ട്‌-`സാമാന്യബുദ്ധി പോലുമില്ലാത്ത മണ്ടന്‍മാരാണ്‌ നമ്മളൊക്കെ എന്ന നിലയ്‌ക്ക്‌ പോയി ഇരുന്നുകൊടുക്കണം'. അതിന്‌ വയ്യാത്തവര്‍ സിനിമ കാണാന്‍ പോകില്ല എന്നത്‌ സ്വാഭാവികം മാത്രം. പക്ഷേ ഇതിനിടയില്‍ എന്നെ ആകര്‍ഷിച്ച ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്‌. 'ചിദംബരം' എന്ന ചിത്രം ഇനിയും കാണാന്‍ ഞാന്‍ തയ്യാറാണ്‌. 'വാസ്‌തുഹാര' കുറഞ്ഞത്‌ അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്‌ ('കല്‍ക്കത്ത' കണ്ട്‌ ഓടുകയും ചെയ്‌തു). 'പൊന്തന്‍മാട' വലിയ ഗൃഹാതുരത്വം സമ്മാനിച്ച ചിത്രമാണ്‌. 'തൂവാനത്തുമ്പികള്‍' പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പിന്നീട്‌ ഉണ്ടാകാത്തതെന്തെന്ന്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

ഈ പശ്ചാത്തലത്തിലാണ്‌ പ്രിയനന്ദനന്റെ 'പുലിജന്മം' മനസിലേക്കെത്തുന്നത്‌. 'നെയ്‌ത്തുകാരന്‍' കണ്ട എനിക്കുറപ്പുണ്ട്‌, പ്രിയനന്ദനനെപ്പോലൊരു സംവിധായകന്‌ ഒരു മൂന്നാംകിട ചിത്രം എടുക്കാനാവില്ലെന്ന്‌. തീയേറ്ററുകള്‍ വഴി 'പുലിജന്മം' കാണാം എന്നെനിക്ക്‌ പ്രതീക്ഷയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍നിന്നു പോലും ആ ചെറുപ്പക്കാരന്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കഥ മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 'പുലിജന്മം' കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രിക്കുന്ന ഒരു വിഭാഗം എന്നെപ്പോലെ കേരളത്തിലുണ്ട്‌ എന്നകാര്യം ഉറപ്പാണ്‌. പക്ഷേ, അവര്‍ക്കു മുമ്പില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.

ഇവിടെയാണ്‌, ചെലവുകുറഞ്ഞ പുതിയ മാധ്യമസാധ്യകള്‍ പ്രിയനന്ദനനെപ്പോലുള്ളവര്‍ കണക്കിലെടുക്കേണ്ടത്‌. എന്തുകൊണ്ട്‌ 'പുലിജന്മ'ത്തിന്റെ സി.ഡി.പുറത്തിറക്കിക്കൂടാ. തിയേറ്ററില്‍ പോയി തന്റെ സിനിമ ജനങ്ങള്‍ കാണണം എന്ന്‌ ഒരു ചലച്ചിത്രകാരന്‍ ഇനിയുള്ള കാലം വാശിപിടിക്കാന്‍ പാടില്ല. 'പുലിജന്മ'ത്തിന്‌ നേരെ വിതരണക്കാരും തിയേറ്ററുകളും സംസ്ഥാന അവാര്‍ഡ്‌ കമ്മറ്റയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ നമ്മുടെ മുന്നിലുണ്ട്‌. ഇപ്പോള്‍ ദേശീയ അവാര്‍ഡ്‌ ലബ്ധിയിലൂടെ പ്രിയനന്ദനെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നു.

സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച്‌ ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക്‌ സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്‌. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ആ ചിത്രം ഇപ്പോഴും അപ്രാപ്യം. ആ സ്ഥിതി മാറണം. അതിന്‌ സി.ഡി.യെങ്കില്‍ സി.ഡി. അത്‌ ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.

10 comments:

Joseph Antony said...

സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച്‌ ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക്‌ സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്‌. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ആ ചിത്രം ഇപ്പോഴും അപ്രാപ്യമാണ്‌. ആ സ്ഥിതി മാറണം. അതിന്‌ സി.ഡി.യെങ്കില്‍ സി.ഡി. അത്‌ ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.

ഭൂമിപുത്രി said...

ഇപ്പോള്‍ ‘അമൃത’യില്‍,പാറപ്പുറത്തിന്റെ പ്രശസ്ത നോവല്‍ ‘അരനാഴികനേരം’ സീരിയലൈസ് ചെയ്തു വരുന്നുണ്ട്.വറ്ഷങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കര അനശ്വ്വരമാക്കിയ അതേറോളില് ‍മുരളി അഭിനയിയ്ക്കുന്ന ഈസീരിയല്‍ ഞാന്‍കാണാന്‍ തീരുമാനിച്ചത് നന്നായിയെന്ന് ദിവസവും തോന്നാറുണ്ട്.
വളരെ ഒതുക്കത്തില്‍,സാമാന്യംഉയറ്ന്നനിലവാരം സൂക്ഷിച്കുകൊണ്ട് ഭംഗിയായെടുത്ത ഈസീരിയല്‍ കാണുമ്പോഴൊക്കെ താങ്കള്‍പറഞ്ഞ ഇതേകാര്യം തന്നെ ഞാനും ആലോചിയ്ക്കും.

ഒരുകാലത്ത് കാമ്പുള്ള സിനിമകളില്‍,ഇമേജിന്റെ ഭാരം പേറാതെ അഭിനയിച്ചിരുന്ന സൂപ്പറ്സ്റ്റാറുകളുകളുടെ ഡിജനറേഷനും,ശുദ്ധഹാസ്യത്തില്‍നിന്ന് നിലവാരം കെട്ട തമാശക്കളികളിലേയ്ക്ക് കൂപ്പ്കുത്തിയ തിരകഥാകൃത്തുകളും,നല്ല സിനിമകള്‍ കണ്ട പരിശീലനമില്ലാത്ത
ഇന്നത്തെ കാണികളും ഒക്കെക്കൂടി മലയാളസിനിമയെ അതിന്റെ ഏറ്റവും ഗതികെട്ട
കാലത്തിലേയ്ക്കാണെത്തിച്ചിരിയ്ക്കുന്നതു.
വല്ലപ്പോഴുമൊക്കെ വേനല്‍മഴപോലെ വീണുകിട്ടുന്ന ചിലസിനിമകള്‍,
സൂപ്പറ്സ്റ്റാറുകളുടേതുപോലും,കാണാന്‍ ആളില്ല.

‘പരദേശി’തീയേറ്ററില്‍ക്കേറിക്കണ്ട് വിജയിപ്പീയ്ക്കാന്‍ മനസ്സില്ലാത്ത ആരാധകറ്,
‘മാടമ്പി’യുടെ ഫിലിംപെട്ടി,
വാദ്യഘോഷങ്ങളോടെ ആനപ്പുറത്തെഴുന്നള്ളിച്ച് അമ്പല്‍ത്തില്‍ക്കൊണ്ടുപോയി പൂജിയ്ക്കുന്ന വൃത്തികേട് തടയാന്‍,എന്തുകൊണ്ട് മോഹന്‍ലാല്‍ തയാറാകുന്നില്ല?

മുന്‍പ്‘പാണ്ടി’കളുടെ താരാധനയേ പുഛിച്ചിരുന്ന ഉദ്ബുദ്ധനായ മലയാളി എത്തിനില്ക്കുന്നിടം കാണുക..

ഈ അപചയത്തില്‍നിന്നും മലയാളിപ്രേക്ഷകനെ
ഇനി കരകയറ്റണമെങ്കില്‍ അവരുടെ ആസ്വാദനശീലങ്ങളിലൊരു തിരുത്തി
യെഴുതലുണ്ടാകണം.
തീയേറ്ററിലേയ്ക്ക് യാത്രചെയ്ത്,ടിക്കറ്റെടുത്ത് ആള്‍കേറിയാലേ ഒരു സിനിമ വിജയിയ്ക്കു.
പക്ഷെ,വീട്ടിന്റെ നടുത്തളം വാഴുന്ന ടിവിക്കാഴ്ച്ചകള്‍ക്കതിന്റെയാവശ്യമില്ല.ഉയറ്ന്ന നിലവാരമുള്ള ഒരു ടീവിച്ചിത്രമാണെങ്കില്‍പ്പോലും
താരമൂല്ല്യത്തിന്റെയും മറ്റും ചെറുമധുരം പുരട്ടി നീട്ടിയാല്‍,ജനം സന്തോഷത്തോടെ അതേറ്റുവാങ്ങി ആസ്വദിച്ചോളും.
മലയാളിസിനിമാപ്രേക്ഷകന്റെ അഭിരുചികളില്‍
ആരോഗ്യകരമായ ഒരു മാറ്റം വരണമെങ്കില്‍ അതിനി ടിവിയിലൂടെയാകണം.
പുലിജന്മവും പരദേശിയും കയ്യൊപ്പും പോലെയുള്ള സിനിമകള്‍,തീയേറ്ററില്‍ വന്നുകാണുന്ന പ്രേക്ഷകനെ പ്രതീക്ഷിച്ച്
റിലീസ് ചെയ്യുന്നതു ഇനിയുള്ള നാളുകളില്‍ ബുദ്ധിയായിരിയ്ക്കില്ല.

നല്ലസിനിമയെടുക്കണമെന്ന് ആഗ്രഹമുള്ളവറ്,
അതു കാണികളിലേയ്കെത്തണമെന്ന മോഹംകൂടിയുള്ളവരാണെങ്കില്‍,വരും കാലങ്ങളില്‍,ചെറിയ സ്ക്രീനിന്‍
വേണ്ടി തങ്ങളുടെ പ്രിയകലാസൃഷ്ട്ടി തയാറാക്കട്ടെ

Joji said...

പുലിജന്മം CD കിട്ടിയാല്‍ കണണം എന്നു ഞാനും അഗ്രഹിചിരിന്നൂ...

Unknown said...

അഭിപ്രായങ്ങളോട് 100% യോജിക്കുന്നു..
ലെനിന്‍ രാജേന്ദ്രന്റെ 'ദൈവത്തിന്റെ വികൃതികള്‍' ചിത്രം എന്നെ പിടിച്ചു കുലുക്കിയ ഒരു സിനിമയാണ്. കുറെ കാലമായി, അതിന്റെ ഒരു CD യ്ക്ക് വേണ്ടി തിരഞ്ഞു നടക്കുന്നു.. ആരുടെയെന്കിലും കയ്യിലുണ്ടോ ?

ടോട്ടോചാന്‍ said...

ഫ്ളോപ്പിയില്‍ ഒതുങ്ങുന്ന ആണവരഹസ്യം.

എത്രയോ സിനിമകളില്‍ ഇത്തരം രംഗങ്ങളുണ്ട്.
വിനയന്‍ എന്ന സംവിധായകന്‍റെ ചിത്രങ്ങള്‍
സി.ഡി. എടുത്ത് കണ്ട് പണം കളയാന്‍ ഞാനും തയ്യാറല്ല.

അതിശയന്‍ എന്നൊരു സിനിമയുണ്ട്.
സയന്‍സ് ഫിക്ഷന്‍ അണത്രേ!!!!
എന്താണ് സയന്‍സ് ഫിക്ഷന്‍ എന്ന് അറിയാവുന്ന ഏതെങ്കിലും സംവിധായകര്‍ മലയാളത്തിലുണ്ടോ?


ലാബിലെ(അങ്ങിനെയാ പേര്) ഭരണികളിലിരിക്കുന്ന ചുവന്ന വെള്ളവും പച്ച വെള്ളലും മഞ്ഞവെള്ളലും നീലവെള്ളവും,
പിന്നെ ഒരു കമ്പ്യൂട്ടറിലെ പവര്‍ പോയിന്‍റ് ഷോയും!!!

ഇതായിരിക്കും സയന്‍സ്!!!!


ഒക്റ്റോബര്‍ സ്കൈ എന്നൊരു ചിത്രമുണ്ട്.
കണ്ടു നോക്കണം. എത്ര ലളിതമായി ശാസ്തരം അവതരിപ്പിച്ചിരിക്കുന്നു എന്നത്.
(വിനയന്‍ കാണരുത്.)
മലയാളത്തില്‍ സയന്‍സ് ഇല്ലെങ്കിലും ഫിക്ഷന്‍ എന്നവകാശപ്പെടാവുന്ന ഏക ചിത്രം മണിച്ചിത്രത്താഴാണ്.
(അതെങ്ങാനും വിനയന്‍ എടുത്തിരുന്നെങ്കില്‍ എന്‍റമ്മോ!!)


സിനിമക്ക് വേണ്ടത് ആശയങ്ങളാണ്. അത് അവതരിപ്പിക്കാനുള്ള ശൈലികളാണ്.
അതൊന്നും ഇല്ലെങ്കില്‍ സി.ഡി ഇറക്കിയാലും കാണാന്‍ ആളുണ്ടാവില്ല.

Anonymous said...

ഊണും ഉറക്കവും കളഞ്ഞ് കരിഞ്ചന്തയില്‍ ടിക്കറ്റ് ഏടുത്ത് മലപ്പുറത്ത് കാക്കാമാരൊപ്പം ഇരുന്നു “പരുന്ത്” കണ്ട ഒരു ഹതഭാഗ്യനാണ് ഞാന്‍.
പടം കണ്ടിറങ്ങി പുറത്തെ നിലത്ത് നീട്ടി ഒന്നു തുപ്പി എന്റെ അരിശം തീര്‍ത്തു.
പരുന്തിനു ആവേശം കൂട്ടാന്‍ “കാക്ക“മാര്‍ ആഞ്ഞുകയ്യടിച്ചിട്ടും നോ രക്ഷ. സിനിമയില്‍ സ്റ്റഫ് ഇല്ലാത്തതാണ് പ്രശ്നം. മമ്മൂട്ടി “അഭിനയിച്ച്” തകര്‍ത്ത ചില സീനുകളില്‍ കാക്കകള്‍ പോലും കൂകിപോയി.

മാടമ്പി കണ്ടില്ല. കഷ്ടം സൂപ്പര്‍സ്റ്റാറുകള്‍.
പുലിജ്ന്മം കീ ജയ്!!!

Anonymous said...

നീ ആളൊരു പുലിയാണല്ലടേ!!!!!!
-അറിവില്ലാ പൈതല്‍

Sarija NS said...

വായിച്ചപ്പോള്‍ സന്തോഷം തോന്നിയ ഒരു പോസ്റ്റ്. പുലിജന്മം കാണാന്‍ ആഗ്രഹിച്ച് നടക്കുന്ന ഒരാളാണ് ഞാനും. ഒപ്പം സിനിമയെന്ന പേരില്‍ വിനയന്‍ കാട്ടിക്കൂ‍ട്ടുന്ന കോപ്രായങ്ങള്‍ കണ്ട് “വിനയനെന്ന പേരു കേട്ടാലേ പൊത്തണം കണ്ണുകള്‍ ശങ്കയന്യേ... എന്നു വിചാരിക്കുന്നയ്യാളും. പുലിജന്മത്തിണ്ടെ സിഡി കിട്ടിയാല്‍ വിവരം അറിയിക്കുമെന്ന പ്രതീക്ഷയോടെ...

Joseph Antony said...

ഭൂമിപുത്രി,
ഉണ്ണി,
രാജേഷ്‌ സൂര്യകാന്തി,
എഡുകേരളം,
സരിജ.എന്‍.എസ്‌.
അനോണി,

ഇവിടെയെത്തി വായിച്ച്‌ അഭിപ്രായം പറഞ്ഞയുകയും എന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നവര്‍ ഉണ്ടെന്നറിയുകയും ചെയ്‌തതില്‍ സന്തോഷം.

കണ്ണൂരാന്‍ - KANNURAN said...

ഉടന്‍ തന്നെ സിഡി ഇറങ്ങുമെന്നു തോന്നുന്നു ഇതാ ഇതു കണ്ടിട്ട്.