Friday, May 8, 2009

അഫ്‌ഗാനിലെ ഏക പന്നിക്ക്‌ 'ഏകാന്തവാസം'

അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു. കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്‌, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്‌.

'ഖന്‍സീര്‍' എന്നാണ്‌ പന്നിയുടെ പേര്‌. പഷ്‌തൂണ്‍ ഭാഷയില്‍ പന്നിയെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം. താലിബാന്‍ നടപ്പാക്കിയ തീവ്രഇസ്ലാമിക നടപടികളുടെ ഭാഗമായി രാജ്യത്ത്‌ പന്നികള്‍ക്ക്‌ സ്ഥാനമില്ലായിരുന്നു. 2002-ല്‍ ചൈനയാണ്‌ ഖന്‍സീറിനെ കാബൂള്‍ മൃഗശാലയ്‌ക്ക്‌ സംഭാവന ചെയ്‌തത്‌.

മുമ്പ്‌ മാനുകള്‍ക്കും ആടുകള്‍ക്കും ഒപ്പം മേയാനും നടക്കാനും പന്നിയെ അനുവദിച്ചിരുന്നു. മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ പന്നിയെക്കണ്ട്‌, പന്നിപ്പനി ഭീതി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌, അവനെ ഒറ്റയ്‌ക്കൊരു മുറിയില്‍ അടയ്‌ക്കാന്‍ തീരുമാനിച്ചത്‌.

പക്ഷേ, അവന്‌ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ കാറ്റും വെളിച്ചവും കയറാന്‍ സൗകര്യമുള്ള വിസ്‌താരമുള്ള മുറിയിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്ന്‌ മൃഗശാല മേധാവി അസീസ്‌ അറിയിച്ചു. പന്നി ആരോഗ്യവാനാണെന്നും, അവന്‌ എച്ച്‌1എന്‍1 വൈറസ്‌ ബാധിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തിനകം അവനെ പുറത്തുവിടാന്‍ കഴിയും എന്നാണ്‌ പ്രതീക്ഷ.

ഖന്‍സീറിന്‌ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്ന വേളയിലാണ്‌ പന്നിപ്പനി ഭീഷണി. അതിനാല്‍, ഇനി ഉടനെ പുതിയൊരു പന്നിയെക്കൂടി മൃഗശാലയില്‍ എത്തിക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. (കപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

Tuesday, May 5, 2009

ഗൂഗിളില്‍ ആട്‌

എന്തും പുതുമയോടെ ചെയ്യണമെന്ന്‌ നിര്‍ബന്ധമുള്ളവരാണ്‌ ഗൂഗിളിലുള്ളവര്‍ - അത്‌, പുതിയ സാങ്കേതികവിദ്യകളും സോഫ്‌ട്‌വേറുകളും രൂപപ്പെടുത്തുന്നതിലായാലും, സ്വന്തം കോംപൗണ്ട്‌ കാട്‌ നീക്കംചെയ്‌ത്‌ വൃത്തിയാക്കുന്നതിലായാലും.

മാര്‍ച്ചില്‍ കൊയ്‌ത്ത്‌ കഴിഞ്ഞാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ പാടങ്ങള്‍ വൃത്തിയാക്കാനും ഫലഭൂയിഷ്‌ഠമക്കാനും കര്‍ഷകര്‍ അവലംബിക്കുന്ന വിദ്യ ഗൂഗിളിന്‌ അറിയാമോ എന്നറിയില്ല. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ എത്തുന്ന ചെമ്മരിയാടിന്‍കൂട്ടങ്ങളെ, കൊയ്‌തൊഴിഞ്ഞ വയലുകളില്‍ മേയാന്‍ അനുവദിക്കുകയാണ്‌ കര്‍ഷകര്‍ ചെയ്യുക. അതിന്‌ ആട്ടിടയന്‍മാര്‍ക്ക്‌ കാശ്‌ കൊടുക്കണം, എങ്കിലേ ആടുകളെ മേയാന്‍ കിട്ടൂ. ചെമ്മരിയാടുകള്‍ ഒരാഴ്‌ച മേഞ്ഞ്‌ കഴിയുമ്പോള്‍, പാടം ആട്ടിന്‍കാട്ടംകൊണ്ട്‌ ഫലഭൂയിഷ്‌ഠമായിട്ടുണ്ടാകും.

കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ടില്‍ പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്‌. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ്‌ കളയുകയാണ്‌ പതിവ്‌. അതിന്‌ പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു ഇത്രകാലവും ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന്‌ പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു! സംഭവം സക്‌സസ്സ്‌ എന്ന്‌ ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തുന്നു.

'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന്‌ വാടകയ്‌ക്കെടുത്ത 200 ആടുകള്‍ ഒരാഴ്‌ച ഗൂഗിളില്‍ പുല്ലിനും പടപ്പിനുമായി 'സേര്‍ച്ച'്‌ ചെയ്‌തപ്പോള്‍ സ്ഥലം വൃത്തിയായെന്ന്‌ മാത്രമല്ല, മണ്ണ്‌ ഫലഭൂയിഷ്‌ഠമാവുകയും ചെയ്‌തു. ചെലവ്‌ കണക്കാക്കുമ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട്‌ ഏതാണ്ട്‌ സമം എന്നാണ്‌ ഗൂഗിള്‍ വെളിപ്പെടുത്തുന്നത്‌.

യന്ത്രമാകുമ്പോള്‍ അതിന്‌ ഡീസല്‍ വേണം, ആടിന്‌ വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത്‌ തുളയ്‌ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല്‌ തിന്നുമ്പോള്‍ ശബ്ദം പുറത്ത്‌ കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട്‌ ഉണ്ടാക്കില്ല. ആടിനെ ആ പണി ഏല്‍പ്പിച്ചപ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനായി എന്ന്‌ സാരം. ഏതായാലും, പാലക്കാട്ടെ കര്‍ഷകരുടെ പരമ്പരാഗത സങ്കേതം മോശമല്ലെന്ന്‌ ഗൂഗിളും സമ്മതിച്ചിരിക്കുകയാണ്‌.
( കടപ്പാട്‌: ഗൂഗിള്‍ബ്ലോഗ്‌)