

ആസ്റ്റെറിക്സ് എന്ന വിശ്വോത്തര കോമിക്സില്‍ അഡിക്ടാകാന്‍ പ്രായവ്യത്യാസമൊന്നുമില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. സ്കൂള്‍കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ ആസ്റ്റെറിക്സ് നല്കുന്ന അതുല്യ അനുഭവത്തില്‍ മതിമറക്കുന്നു. അതുകൊണ്ടാണ്, ഏതാനും വര്‍ഷംമുമ്പ് കോഴിക്കോട്ടെ ഏലൂര്‍ ലെന്റിങ് ലൈബ്രറി ശാഖ പൂട്ടുന്നു എന്നുകേട്ട പാടെ അന്ന് കോഴിക്കോട്ടുണ്ടായിരുന്ന നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന് പാഞ്ഞെത്തി, ആസ്റ്റെറിക്സിന്റെ മുഴുവന്‍ കോപ്പികളും ചുളുവിലയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊറിയര്‍ ചെയ്തത്. കെ.കെ.ബാലരാമനെപ്പോലൊരു പത്രപ്രവര്ത്തകന് പതിവായി ഏതെങ്കിലും ആസ്റ്റെറിക്സ് സീരിയസ് ബാഗില്‍ കൊണ്ടുനടക്കുന്നതിന്റെ ഉള്ളുകള്ളിയും മറ്റൊന്നല്ല.
ഇത്തരം കടുത്ത ആസ്റ്റെറിക്സ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക് സീരിയസ്, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട് ഉഡെര്‍സോയ്ക്ക് ശേഷവും നിലനില്ക്കും. 1959-ല്‍ പൈലറ്റ് മാസികയിലാണ് ഓസ്റ്റരിക്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഉഡെര്‍സോയും റെനെ ഗോസിന്നിയുമായിരുന്നു സൃഷ്ടാക്കള്‍. ഗോസിന്നി 1977-ല്‍ അന്തരിച്ചു. അതിന് ശേഷം ഉഡെര്‍സോ ഒറ്റയ്ക്കാണ് ഈ പരമ്പര മുന്നോട്ടു കൊണ്ടുപോയത്. ആസ്റ്റെറിക്സിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ 81-കാരനായ ഉഡെര്‍സോ. 2009 ഒക്ടോബറില്‍ അത് പുറത്തിറക്കാനാണ് ഉദ്ദേശം. തന്റെ കാലശേഷവും ആസ്റ്റെറിക്സ് തുടരാനുള്ള അവകാശം അദ്ദേഹം പ്രസാധകരായ 'ആല്‍ബെര്‍ട്ട്-റെനെ'യ്ക്ക് നല്‍കിക്കഴിഞ്ഞു. ഗോസിന്നിയുടെ മകള്‍ ആന്നിയും അതിനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
