Monday, June 30, 2008

മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും വിലക്കോ

ഒന്‍പതുകാരിയായ മകള്‍ക്ക്‌ ക്ലാസ്‌ ടീച്ചറെ വലിയ വിശ്വാസമാണ്‌. ടീച്ചര്‍ പറഞ്ഞാല്‍ അതാണ്‌ ശരി. ടീച്ചര്‍ പഠിപ്പിച്ചതെന്ന്‌ അവകാശപ്പെട്ട്‌ ഒരിക്കല്‍ അവള്‍ പറഞ്ഞതില്‍ വലിയൊരു പിശകുണ്ടായായിരുന്നു. അത്‌ തിരുത്താന്‍ നോക്കിയിട്ട്‌ നടന്നില്ല. പപ്പായും അമ്മയും പറയുന്നത്‌ അവള്‍ വിശ്വസിച്ചില്ല. കുറെനാള്‍ കഴിഞ്ഞു. ഒരു ദിവസം ആ തര്‍ക്കവിഷയം പത്രത്തില്‍ വന്നത്‌ ഞാന്‍ മകളുടെ ശ്രദ്ധയില്‍ പെടുത്തി. അങ്ങനെ ടീച്ചര്‍ പറഞ്ഞതില്‍ ചെറിയ സംശയം ആദ്യമായി അവള്‍ക്ക്‌ തോന്നി. പത്രമാണ്‌ ടീച്ചറെക്കാള്‍ കൂടുതല്‍ ശരിയെന്ന്‌ അവള്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ വസ്‌തുതാപരമായും ആശയപരമായും ശരിയായിരിക്കേണ്ടതിന്റെ പ്രധാന്യമാണ്‌, ഈ അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കിയത്‌. ടീച്ചറാണ്‌ അവസാന ശരിയെന്നു കരുതുന്ന കുട്ടിപോലും, പലപ്പോഴും പത്രത്തെ കൂടുതല്‍ വിശ്വസിക്കുന്നു.

ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യാതിയാനം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും എങ്ങനെ ബാധിക്കുന്നു എന്ന കാര്യം വിലയിരുത്താനുള്ള സംവിധാനമാണ്‌ യു.എന്നിന്‌ കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ (IPCC). നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2300-ലേറെ പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെട്ട ഈ സമിതി അതിന്റെ നാലാം അവലോകന റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പുറത്തു വിട്ടത്‌ 2007 ഫിബ്രവരി ആദ്യമാണ്‌ (ഇതു കാണുക). ഇതെപ്പറ്റി ആ സമയത്ത്‌ 'സമകാലിക മലയാളം' വാരികയില്‍ ഒരു ലേഖനം വന്നു. ലേഖകന്‍ ആഗോളതാപനത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങി, സ്വാഭാവികമെന്ന രീതിയില്‍ ഓസോണ്‍ശോഷണത്തിലേക്ക്‌ വഴുതിവീണു. അവസാനം, ഓസോണ്‍പാളിക്കുണ്ടാകുന്ന ക്ഷതമാണ്‌ ആഗോളതാപനത്തിന്‌ മുഖ്യകാരണമെന്നും, ഓസോണ്‍ശോഷണം തടയാനായി സി.എഫ്‌.സി.കള്‍ നിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതമാകും ഫലമെന്നുമുള്ള മുന്നറിയിപ്പോടെയാണ്‌ ലേഖനം അവസാനിപ്പിച്ചത്‌.

ഈ വിഷയത്തില്‍ സാമാന്യജ്ഞാനം ഉള്ളവര്‍ക്കൊക്കെ അറിയാം, ആഗോളതാപനവും ഓസോണ്‍ശോഷണവും രണ്ടു വ്യത്യസ്‌ത പ്രശ്‌നങ്ങളാണെന്ന്‌. രണ്ടും രണ്ട്‌ പ്രതിഭാസങ്ങളാണ്‌. ഒരുപക്ഷേ, ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതുകൊണ്ട്‌ ഓസോണ്‍ പാളിയില്‍ അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നല്ലാതെ, ഇവ രണ്ടും തമ്മില്‍ നേരിട്ട്‌ വലിയ ബന്ധമില്ല. മോണ്‍ട്രിയള്‍ ഉടമ്പടി വഴി ഓസോണിന്‌ ഭീഷണിയാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതില്‍ ലോകം ഏറെക്കുറെ വിജയിച്ചു കഴിഞ്ഞ കാര്യമാണെന്നതും ലേഖകന്‍ അറിഞ്ഞിട്ടില്ല.

കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ആന്‍ഡ്‌ മാസ്‌കമ്മ്യൂമിക്കേഷന്‍ കോഴ്‌സ്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍, മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സംഭവിച്ചിരിക്കുന്ന വസ്‌തുതാപരമായ പിശക്‌ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ഒരു ദിവസം ശ്രമിച്ചു. അപ്പോഴാണ്‌, അമ്പരപ്പിക്കുന്ന ആ വസ്‌തുത മനസിലായത്‌. ആഗോളതാപനവും ഓസോണ്‍ശേഷണവും രണ്ട്‌ വ്യത്യസ്‌ത പ്രതിഭാസങ്ങളും പ്രശ്‌നങ്ങളുമാണെന്ന ധാരണയുള്ളവര്‍, അവിടെയുള്ള 30 പേരില്‍ മൂന്നോനാലോ പേര്‍ മാത്രം! ഇക്കാര്യത്തില്‍ ചില കുട്ടികള്‍ തകര്‍ക്കിക്കുകയും, ഇവ രണ്ടും ഒന്നാണെന്ന്‌ ബലമായി ശഠിക്കുകയും ചെയ്‌തു. ഉറപ്പാണ്‌, ഇത്തരം ഏതെങ്കിലും ലേഖനമോ റിപ്പോര്‍ട്ടോ വഴിയാകും അവര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുക.

ഇത്രയും കാര്യങ്ങള്‍ മനസിലെത്തിയത്‌, ഈ ഞായറാഴ്‌ചത്തെ (ജൂണ്‍29, 2008) മലയാള മനോരമയുടെ 'ഞായറാഴ്‌ച' സപ്ലിമെന്റില്‍ ആര്‍.പി.ലാലാജി എഴുതിയ 'ദൈവത്തിന്റെ കണിക എവിടെ?' എന്ന ഫീച്ചര്‍ വായിച്ചപ്പോഴാണ്‌. ജനീവയ്‌ക്കു സമീപമുള്ള യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി (സേണ്‍) ലെ 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി'ല്‍ നടക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ്‌ ഫീച്ചറിന്റെ വിഷയം. ലളിതമായ ഭാഷയില്‍ വളരെ വായനാക്ഷമമായി എഴുതിയിരിക്കുന്നു. എന്നാല്‍, അതില്‍ വസ്‌തുതാപരമായ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്‌. ലേഖകനും, എഡിറ്റുചെയ്‌തയാള്‍ക്കും അത്‌ മനസിലായ ലക്ഷണവുമില്ല. മഹാവിസ്‌ഫോടനം, കണികാശാസ്‌ത്രം തുടങ്ങി, സങ്കീര്‍ണതമൂലം സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രാഹ്യമായ വിഷയങ്ങളാണ്‌ ഫീച്ചറിലെ പരാമര്‍ശം എന്നതിനാല്‍, അതില്‍ കടന്നുകൂടിയ പിശകുകള്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക്‌ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്‌.

ഫീച്ചറില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ചുവടെ (അതിനോടുള്ള എന്റെ പ്രതികരണം ബ്രാക്കറ്റില്‍).

1..`പ്രപഞ്ചം ഉത്ഭവിച്ചത്‌ ബഹിരാകാശത്ത്‌ ആദ്യം മുതലേയുള്ള പദാര്‍ഥങ്ങള്‍ ചില പ്രത്യേക ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുകയും ഒരു ദിവസം അത്‌ പൊട്ടിത്തെറിക്കുകയും അതില്‍നിന്നു പല ഭാഗങ്ങള്‍ നാലു ദിശയിലേക്കും അതിവേഗത്തില്‍ സഞ്ചരിക്കുകയുമായിരുന്നെന്നുള്ള ബിഗ്‌ ബാങ്‌ (BIG BANG) തിയറി പഠിപ്പിക്കണമെന്നാണ്‌ ആധുനികശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്‌'.
(മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ കോലം കണ്ടില്ലേ. ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌, പ്രാപഞ്ചികമായ ഒരു ആദിമകണത്തിന്‌ മഹാവിസ്‌ഫോടനവും അതിവികാസവും സംഭവിച്ചാണ്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ എന്നാണ്‌ ആ സിദ്ധാന്തം പറയുന്നത്‌. ബഹിരാകാശത്ത്‌ എന്തെങ്കിലും കേന്ദ്രീകരിച്ച്‌ ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല. ബഹിരാകാശം എന്ന്‌ ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സ്‌പേസ്‌ ആയിരിക്കാം. സ്‌പേസും കാലവും ബലങ്ങളും ദൃശ്യദ്രവ്യവും ഇതുവരെ നിരീക്ഷണവിധേയമായിട്ടില്ലാത്ത ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എല്ലാം മഹാവിസ്‌ഫോടനത്തോടെയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ ഈ സിദ്ധാന്തം പറയുന്നു. അപ്പോള്‍ പിന്നെ ഇല്ലാത്ത സ്‌പേസില്‍ എവിടെനിന്നാണ്‌ ഇല്ലാത്ത പദാര്‍ഥങ്ങള്‍ കേന്ദ്രീകരിക്കുക).

2...`ശാസ്‌ത്രം ഇത്രത്തോളം പുരോഗതിവരിച്ചു എന്ന്‌ നാം ഊറ്റം കൊള്ളുമ്പോഴും ഈ പ്രപഞ്ചം എങ്ങനെ, എന്ന്‌ ഉത്ഭവിച്ചെന്ന്‌ ആര്‍ക്കും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ ഇതുകൊണ്ടാണ്‌ ചില രാജ്യങ്ങളില്‍ സ്‌കൂള്‍ സിലബസില്‍ പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള ഭാഗം എങ്ങനെ പഠിപ്പിക്കണമെന്നു രക്ഷാകര്‍ത്താക്കളുടെ ഇടയില്‍പോലും തര്‍ക്കമുണ്ടായിരിക്കുന്നത്‌..........അമേരിക്കയില്‍ പലേടത്തും ഈ തര്‍ക്കം വളരെ രൂക്ഷമായപ്പോള്‍ അന്നാട്ടിലെ സര്‍ക്കാരുകള്‍ ഈ വിഷയം തന്നെ സിലബസില്‍ മരവിപ്പിച്ചു വച്ചിരിക്കുകയാണ്‌. ഇനി തീരുമാനം ഉണ്ടായശേഷമേ ഈ വിഷയം ക്ലാസുകളില്‍ ക്ലാസുകളില്‍ പഠിപ്പിക്കുകയുള്ളുവെന്ന്‌ തത്‌ക്കാലമൊരു വെടിനിര്‍ത്തല്‍`.
(ഏത്‌ സിദ്ധാന്തത്തിന്റെ കാര്യമാണ്‌ ലേഖകന്‍ പറയുന്നത്‌. മഹാവിസ്‌ഫോടനത്തിന്റെ കാര്യമാണെങ്കില്‍, സ്‌കൂളുകളിലും കോളേജുകളിലും അതിന്‌ അമേരിക്കയിലൊരിടത്തും വിലക്കുള്ളതായോ തര്‍ക്കമുള്ളതായോ (സൈദ്ധാന്തികള്‍ക്കിടയില്‍ അല്ലാതെ) അറിവില്ല. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്‌ എന്നാണ്‌ മഹാവിസ്‌ഫോടനസിദ്ധാന്തം പറയുന്നത്‌. അതുകൊണ്ടാവണം, ഈ സിദ്ധാന്തത്തിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും കിട്ടാതിരുന്ന കാലത്തുതന്നെ വത്തിക്കാന്‍ അത്‌ അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഈ സിദ്ധാന്തത്തിന്‌ മതിയായ ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌; മഹാവിസ്‌ഫോടനം നടന്നു എന്നതിനും, നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചം അതുവഴിയാണ്‌ രൂപപ്പെട്ടത്‌ എന്നതിനും.( ഇത്‌ കാണുക). ഇവിടെ ലേഖകന്‍ ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ മഹാവിസ്‌ഫോടനമായി തെറ്റിദ്ധരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ വ്യക്തം. അമേരിക്കയിലും മറ്റും എതിര്‍പ്പുള്ളത്‌ ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നത്‌ സംബന്ധിച്ചാണ്‌).

3...`ദ്രവ്യത്തിന്‌ പിണ്ഡം നല്‍കുന്ന അടിസ്ഥാനഘടകം എന്തായിരിക്കും? ഇതിനുള്ള ഉത്തരമാണ്‌ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്‌ത്രജ്ഞനായിരുന്ന ഹിഗ്‌സും സംഘവും വസ്‌തുക്കളില്‍ ഫെര്‍മിയോണ്‍സ്‌, ബോസോണ്‍ എന്നിവയ്‌ക്കു പുറമേ ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകംകൂടി ഉണ്ടായിരിക്കുമെന്ന്‌ അഭിപ്രായപ്പെട്ടത്‌.'
(പേരുകൊണ്ടുതന്നെ ഊഹിക്കാം ഫെര്‍മിയോണുകള്‍ക്കും ബോസോണുകള്‍ക്കും പുറമേയല്ല ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകമെന്ന്‌. അത്‌ ബോസോണുകളില്‍ ഒന്നാണ്‌; ഇതുവരെ കണ്ടുപിടിക്കാത്ത ബോസോണ്‍. കണികാശാസ്‌ത്രത്തില്‍ ദ്രവ്യത്തിന്റെയും ബലത്തിന്റെയും ചേരുവകളെ ഏതാണ്ട്‌ സമഗ്രമായി അടക്കംചെയ്‌തിരിക്കുന്ന പാക്കേജിനാണ്‌ 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍' എന്ന്‌ പേരിട്ടിട്ടുള്ളത്‌. ഈ മോഡല്‍ പ്രകാരം ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌ ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. പ്രോട്ടോണുകള്‍ ന്യൂട്രോണുകള്‍ ഇലക്ട്രോണുകള്‍ ന്യൂട്രിനോകള്‍ ഒക്കെ ഫെര്‍മിയോണുകളാണ്‌. ബലങ്ങള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ വഹിക്കുന്ന ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങിയ കണങ്ങളാണ്‌ ബോസോണുകള്‍. പിണ്ഡത്തിന്‌ ആധാരമെന്ന്‌ സൈദ്ധാന്തികമായി ആരോപിക്കപ്പെട്ടിട്ടുള്ള ഹിഗ്‌സ്‌ ബോസോണുകളും ബോസോണുകളുടെ ഗണത്തിലാണ്‌ പെടുന്നത്‌).

4...`ടിം ബര്‍ണേഴ്‌സ്‌ അങ്ങനെയൊരു കുറുക്കുവഴി കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്റര്‍നെറ്റ്‌ പിറവിയെടുക്കില്ലായിരുന്നു'.
(ഇന്റര്‍നെറ്റ്‌ പിറവിയെടുത്തത്‌ 1960-കളുടെ അവസാനം അമേരിക്കന്‍ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായാണ്‌. അല്ലാതെ ടിം ബേണേഴ്‌സ്‌ ലീയല്ല ഇന്റര്‍നെറ്റിന്റെ തുടക്കക്കാരന്‍. വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ എന്ന ശൃംഗലയ്‌ക്ക്‌ രൂപം കൊടുത്തത്‌ ടിം ബേണേഴ്‌സ്‌ ലീയാണെന്ന്‌ ലേഖകന്‍ മുമ്പുള്ള ലേഖനഭാഗത്ത്‌ തന്നെ പറയുന്നുണ്ട്‌. ടിം ബേണേഴ്‌സിന്റെ കുറുക്കുവഴി ഇല്ലായിരുന്നെങ്കില്‍, ഇന്റര്‍നെറ്റ്‌ ജനകീയമാവില്ലായിരുന്നു എന്നാവണം ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക).

5...`സേണില്‍ പാര്‍ട്ടിക്കിള്‍ ആക്‌സിലേറ്റര്‍ തയ്യാറാക്കിക്കൊണ്ട്‌ അതില്‍ പ്രപഞ്ചോത്‌പത്തിയില്‍ നടന്ന ബിഗ്‌ ബാങ്‌ വിസ്‌ഫോടനത്തിന്റെ മാതൃകയില്‍ പ്രോട്ടോണ്‍ കണികകളെ ഇടിച്ചു തകര്‍ത്തുകൊണ്ട്‌ ചെയ്യാന്‍ പോകുന്നത്‌'.
(മഹാവിസ്‌ഫോടനത്തിന്റെ മാതൃക ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ്‌ ഇതു വായിച്ചാല്‍ തോന്നുക. അല്ലെങ്കില്‍, മഹാവിസ്‌ഫോടനത്തിന്റെ വേളയില്‍ പ്രോട്ടോണ്‍ കണികകള്‍ ഇടിച്ചു തകര്‍ക്കുകയാണ്‌ സംഭവിച്ചിരിക്കുകയെന്നും തോന്നാം. ഇതുരണ്ടും ശരിയല്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ മഹാവിസ്‌ഫോടനത്തിന്റെ മാതൃക സൃഷ്ടിക്കുക സാധ്യമല്ല. അറിയാവുന്നിടത്തോളം വസ്‌തുതകള്‍ വെച്ച്‌ മഹാവിസ്‌ഫോടനവേളയില്‍ ഏതെങ്കിലും കണങ്ങള്‍ കുട്ടിയിടിക്കുകയല്ല ഉണ്ടായത്‌. അത്യുന്നത ഊര്‍ജനിലയിലും വേഗത്തിലും പ്രോട്ടോണ്‍ കണങ്ങള്‍ കൂട്ടിയിടിച്ച്‌ ചിതറുമ്പോള്‍ എന്തൊക്കെ പുറത്തുവരുന്നു എന്ന്‌ കണ്ടെത്തുകയാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ ചെയ്യുക. കണികാശാസ്‌ത്രത്തിലെ സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ 'വിട്ടുപോയ കണ്ണി'യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്‌സ്‌ ബോസോണുകള്‍ ഇത്തരത്തില്‍ കണ്ടെത്തി ആ മോഡല്‍ പൂര്‍ണമാക്കുക. ഒപ്പം പ്രപഞ്ചരഹസ്യങ്ങളില്‍ ഇനിയും അഴിയാത്ത കുരുക്കുകള്‍ അഴിക്കുക-ഇതാണ്‌ പരീക്ഷണ ലക്ഷ്യം).

Wednesday, June 25, 2008

സന്താനോത്‌പാദനാഹ്വാനം

നമ്മള്‍ രണ്ട്‌, നമുക്ക്‌ രണ്ട്‌. ആണൊന്ന്‌ പെണ്ണൊന്ന്‌. കാക്കയ്‌ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌. ആണിനെ മാക്‌സിമം സ്‌ത്രീധനവും എസ്‌റ്റേറ്റും പുതിയ ബ്രാന്‍ഡ്‌ കാറും വാങ്ങി കെട്ടിക്കുക. പെണ്ണിനെ നഴ്‌സാക്കി ജര്‍മനിയിലോ അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ അയച്ച്‌ പത്ത്‌ വിദേശനാണ്യം നേടുക. ഫോറിന്‍ പണംകൊണ്ട്‌ ബംഗ്ലാവ്‌ പണിയുക, എസ്റ്റേറ്റ്‌ വാങ്ങുക. അറുത്ത കൈയ്‌ക്ക്‌ സോഡിയംക്ലോറൈഡ്‌ തേയ്‌ക്കാതിരിക്കുക. ഞായറാഴ്‌ചകളിലും മറ്റ്‌ കടമുള്ള ദിവസങ്ങളിലും കൃത്യമായി പള്ളിയില്‍ പോവുക, കുര്‍ബാന കൈക്കൊള്ളുക. മാസത്തില്‍ കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും ബിഷപ്പുതിരുമേനിമാരുടെ ആഹ്വാനം കേട്ട്‌ ആവേശം കൊള്ളുക, സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രര്‍ഥന നടത്തുക, റാലിയില്‍ അണിനിരക്കുക- കേരളത്തിലെ ശരാശരി കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്‌.

സര്‍ക്കാരിനെതിരെയുള്ള ആഹ്വാനങ്ങളില്‍ മതിമറന്നിരിക്കുമ്പോഴാണ്‌ തിരുമേനിമാര്‍ പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്‌. ഉത്‌പാദനം വര്‍ധിപ്പിക്കൂ... ക്രിസ്‌ത്യാനികളുടെ വര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന്‌ കണ്ടില്ലേ. ഐ.യു.സി.എന്‍. പോലുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ഗത്തെ ചെമപ്പുപട്ടികയില്‍ പെടുത്തുംമുമ്പ്‌ രംഗത്തെത്തൂ, വംശത്തെ രക്ഷിക്കൂ. രണ്ടുകുട്ടികള്‍ മാത്രമുള്ളത്‌ ചാവുദോഷം പോലെയാണ്‌. മൂന്നോ അതിലധികമോ കൂടിയേ തീരൂ. കൂടുതല്‍ കുട്ടികളുണ്ടായാല്‍ പേടിക്കേണ്ട, ചെലവിന്‌ ഞങ്ങള്‍ തരും. സ്വാശ്രയകോളേജുകള്‍ എത്രയെണ്ണമാ ഉള്ളത്‌, ഫീസുകൂട്ടിയാല്‍ പോരേ. നാല്‌ കുട്ടികളുള്ള മാതാപിതാക്കളെ സ്റ്റേജില്‍ കൊണ്ടുവന്ന്‌ പട്ടുംവളയുമണിയിക്കും. അതില്‍ കൂടിയാല്‍ ലോട്ടറി അടിച്ചതിന്‌ തുല്ല്യം. അച്ചായന്‍മാര്‍ ഇങ്ങനെ മടിയന്‍മാരായാലോ, പണിയെടുക്കൂ... അല്‍പ്പം പ്രായമുള്ളവര്‍ക്കും ഇപ്പോള്‍ പ്രശ്‌നമില്ല, വയാഗ്രയെന്ന്‌ കേട്ടിട്ടില്ലേ. കോണ്ടത്തിനേ വത്തിക്കാന്റെയും ബുഷിന്റെയും വിലക്കുള്ളൂ, വയാഗ്രക്ക്‌ ഇല്ല.

തിരുമേനിമാരുടെ മറ്റ്‌ ആഹ്വാനങ്ങള്‍ പോലെയല്ല ഇത്‌. ഇനി മുതല്‍ ആരും കമ്മ്യൂണിസ്‌റ്റുകളാകരുത്‌ എന്നൊരു ഉത്തരവ്‌ കുറച്ചു നാള്‍മുമ്പ്‌ പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സംഖ്യ എത്ര കുറഞ്ഞുവെന്ന്‌ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷേ, ഇപ്പോഴത്തെ ആഹ്വാനത്തിന്റെ ഫലം പത്തുമാസം കഴിയുമ്പോള്‍ കൃത്യമായി അറിയാം. ക്രിസ്‌ത്യാനികളുടെ സംഖ്യ എത്ര വര്‍ധിച്ചുവെന്ന്‌ കണക്കെടുത്തു നോക്കിയാല്‍ മതി. ബിഷപ്പുമാരുടെ ആഹ്വാനപ്രകാരം എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പത്തുമാസം കഴിയുമ്പോള്‍ കേരളത്തിലെ നസ്രാണികളുടെ സംഖ്യ മൂന്നിലൊന്നെങ്കിലും കൂടണം. അതിനടുത്ത വര്‍ഷം മുന്നിലൊന്ന്‌. ജ്യോമട്രിക്കല്‍ വര്‍ധന. കുറഞ്ഞത്‌ അഞ്ചുവര്‍ഷംകൊണ്ട്‌ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ക്രിസ്‌ത്യാനികളാണ്‌ എന്ന സ്ഥിതി വരും, തകര്‍പ്പന്‍.

ഒരു കുഞ്ഞിന്‌ പോലും ജന്മം നല്‍കിയിട്ടില്ലാത്ത ബിഷപ്പുമാരും വൈദികരും, രണ്ട്‌ കുഞ്ഞുങ്ങളുള്ളവരോട്‌ കൂടുതല്‍ ഉത്‌പാദിപ്പിക്കാന്‍ പറയുന്നത്‌ എന്തു ന്യായം എന്ന്‌ ശങ്കിക്കുന്നവരുണ്ട്‌. ഏതായാലും ഇത്തരമൊരു ആഹ്വാനം നടത്തന്‍ ഏറ്റവും പറ്റിയ ആഗോളകാലാവസ്ഥയാണിപ്പോള്‍. ഇരുപതാംനൂറ്റാണ്ട്‌ ആരംഭിക്കുമ്പോള്‍ 165 കോടിയായിരുന്നു ലോകജനസംഖ്യ. ഇപ്പോള്‍ അത്‌ നാലിരട്ടി വര്‍ധിച്ച്‌ 670 കോടിയായിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്‌ മനുഷ്യരുടെ പെരുപ്പം. പെട്രോളിയവും ഭക്ഷണവും ആവശ്യത്തിനില്ല എന്ന സ്ഥിതിയിലേക്ക്‌ ലോകം അപകടകരമായി നീങ്ങിക്കഴിഞ്ഞിരിക്കുന്ന സമയത്തു തന്നെയാണ്‌ ബിഷപ്പ്‌ തിരുമേനിമാര്‍ക്ക്‌ ആഹ്വാനം നടത്താന്‍ തോന്നിയിരിക്കുന്നത്‌.

മാത്രമല്ല, രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയമപരമായി വിലക്കുള്ള രാജ്യമാണ്‌ ഇന്ത്യ. രണ്ടുകുട്ടി മതിയെന്നത്‌ ദേശീയനയമാണ്‌. ഇന്ത്യയെപ്പോലൊരു രാജ്യത്തിന്‌ ഇനി ജനപ്പെരുപ്പം താങ്ങാന്‍ കഴിയില്ല എന്നത്‌ യാഥാര്‍ഥ്യമായിരിക്കെ, സന്താനോത്‌പാദനം വര്‍ധിപ്പിക്കാന്‍ തിരുമേനിമാര്‍ നടത്തിയ ആഹ്വാനം ദേശവിരുദ്ധമെന്ന്‌ വിശേഷിപ്പിക്കാമോ. തികച്ചും മതേതരമായ ഭരണഘടനയുള്ള രാജ്യത്ത്‌, 'ജീവന്‌ ജാതിയുണ്ടോ' എന്ന പ്രസക്തമായ ഒരു ചോദ്യം പാഠപുസ്‌തകത്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ ബിഷപ്പുതിരുമേനിമാര്‍ പ്രക്ഷോഭം നയിക്കുകയാണ്‌, സര്‍ക്കാരിനെതിരെ. പക്ഷേ, അവര്‍ നടത്തിയ ദേശവിരുദ്ധ ആഹ്വാനത്തിനെതിരെ, അമേരിക്കന്‍ വിസ പോലും കിട്ടാത്ത കുമ്മനം രാജശേഖരനല്ലാതെ ഒരു കുഞ്ഞുപോലും മിണ്ടിക്കണ്ടില്ല.

ആഗോളകാലാവസ്ഥ മോശമാണെങ്കിലും, കേരളത്തിലെ ഏത്‌ കാലാവസ്ഥയില്‍ വേണം സന്താനോത്‌പാദനാഹ്വാനം നടത്താന്‍ എന്ന്‌ തിരുമേനിമാര്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. കലവര്‍ഷാരംഭത്തില്‍ തന്നെ വേണം അത്‌. ആനകള്‍ക്കു പോലും മദപ്പാടിളകുന്ന കാലമല്ലേ. അപ്പോള്‍ നസ്രാണികള്‍ക്ക്‌ അത്‌ ഇളകാതിരിക്കുമോ. സുഖകരമായ ഈ മഴക്കാലത്തല്ലാതെ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം എപ്പോഴാണ്‌ നടത്തേണ്ടത്‌. സ്‌കൂള്‍ തുറന്ന സമയത്ത്‌, ഉള്ള കുട്ടികളെ പഠിപ്പിക്കാനും പ്രോജക്ട്‌ വര്‍ക്ക്‌ ചെയ്യിക്കാനുമൊക്കെ രക്ഷിതാക്കള്‍ പെടാപ്പാടുപെടുന്നതിന്‌ ഇടയ്‌ക്കിത്തിരി എന്റര്‍ടെയിന്‍മെന്റും ആയിക്കോട്ടെ എന്ന്‌ കരുതിയതിന്‌ തിരുമേനിമാരെ കുറ്റം പറയാനൊക്കുമോ.

സഹൃയനായ ഒരു വൈദികനോട്‌ (ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണ്‌) ഇതിന്റെ ഗുഡ്ഡന്‍സ്‌ അന്വേഷിച്ചു. 'ഓ അതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു, പുതിയ അച്ചന്‍മാരും കന്യാസ്‌ത്രീകളും വേണ്ടേ. അല്ലെങ്കില്‍ സഭ നാമാവശേഷമായിപ്പോവില്ലേ. രണ്ടു കുട്ടികള്‍ മാത്രമുള്ള ആരെങ്കിലും ഒരെണ്ണത്തെ കന്യാസ്‌ത്രീയോ അച്ചനോ ആകാന്‍ വിടുമോ. വലിയ പ്രതിസന്ധിയല്ലേ. അത്‌ മറികടക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല, കുട്ടികളുടെ സംഖ്യ വര്‍ധിപ്പിക്കുകയല്ലാതെ. അങ്ങനെയുണ്ടായില്ലെങ്കില്‍, വൈദികരില്ലാത്തതിനാല്‍ യൂറോപ്പിലെ ഇടവകകളിലെ പല പ്രാര്‍ഥനകളും വത്തിക്കാന്‍ ഫിലപ്പീന്‍സിലേക്കും കൊച്ചിയിലേക്കും ഔട്ട്‌സോഴ്‌സിങ്‌ നടത്തുന്ന സ്ഥിതിവിശേഷം ഇവിടെയും വരില്ലേ. അതുകൊണ്ട്‌ പോയി ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'-ഈ മറുപടിയില്‍ എല്ലാം ഉണ്ട്‌.

Monday, June 23, 2008

പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍

ആധുനികശാസ്‌ത്രം ഇതുവരെ ദൈവത്തിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടില്ല. ഇക്കാണുന്നതു മുഴുവന്‍ ദൈവസൃഷ്ടിയാണെന്ന്‌ മതഗ്രന്ഥങ്ങള്‍ പറയുന്നതിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. ആ നിലയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഏത്‌ ശാഖയും മതവിരുദ്ധവും വിശ്വാസങ്ങള്‍ക്കെതിരും ആണെന്ന്‌ വാദിക്കാം. ശാസ്‌ത്ര പാഠപുസ്‌തകങ്ങളെയും ആ ഗണത്തില്‍ പെടുത്താം. എന്നാല്‍, മതവിരുദ്ധമാണ്‌ അതിനാല്‍ ശാസ്‌ത്രം സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്നോ, ശാസ്‌ത്രത്തില്‍ ആരും ബിരുദമെടുക്കരുതെന്നോ ഇന്നുവരെ ഒരു മതമേധാവിയും കേരളത്തില്‍ പ്രസ്‌താവിച്ചിട്ടില്ല.

എന്നാലിപ്പോള്‍, ഏഴാംകൂലിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഏഴാംക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍, കാക്കക്കൂട്ടില്‍ കല്ലെറുയുമ്പോള്‍ നടക്കുന്ന സംഗതി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. 'ജീവന്‌ ജാതിയുണ്ടോ', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ ചില ആശയങ്ങള്‍ ആ പാഠപുസ്‌തകത്തിലെ ഒരു പാഠത്തില്‍ ഉന്നയിക്കുന്നതാണ്‌ മതനേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഈ പ്രശ്‌നത്തെ സര്‍ക്കാരും ഒരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി, എന്താണ്‌ ഈ പാഠങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ല. 'ഇരയ്‌ക്കൊപ്പം ഓടുകയും സിംഹത്തിനൊപ്പം വേട്ടയാടുകയും ചെയ്യുക'യെന്ന നയമാണ്‌ മാധ്യമങ്ങള്‍ പിന്തുടരുന്നത്‌.

അതിനിടെ, കഴിഞ്ഞ ഞായറാഴ്‌ചത്തെ (22ജൂണ്‍2008) 'വിശേഷാല്‍പ്രതി'(മാതൃഭൂമി)യില്‍, ഈ പ്രശ്‌നം വളരെ സമഗ്രതയില്‍ 'ഇന്ദ്രന്‍' പരിഗണയ്‌ക്കെടുത്തിരിക്കുന്നു. `ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ? ഇതംഗീകരിക്കാന്‍ പറ്റുമോ? പറ്റും-മനുഷ്യന്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ ചേരുകയാണെങ്കില്‍ മാത്രം.....മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അത്‌ മതവിരുദ്ധമാണ്‌, കമ്മ്യൂണിസമാണ്‌`നിശിതമായ പതിവുരീതിയില്‍ തന്നെ വിശേഷാല്‍പ്രതി ഇക്കാര്യം അവതരിപ്പിക്കുന്നു.

പാഠപുസ്‌തക വിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം വിശേഷാല്‍പ്രതി. ലിങ്ക്‌ ഇവിടെ.

Saturday, June 21, 2008

മലയാളത്തില്‍ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ

വിക്കിപീഡിയ മാതൃകയില്‍, കേരള സര്‍ക്കാരിന്‌ കീഴിലുള്ള സര്‍വവിജ്ഞാനകോശം ഓണ്‍ലൈനില്‍ എത്തിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. ഔദ്യോഗികതലത്തില്‍ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞുവെന്നുവേണം സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ്‌ നെറ്റില്‍ ലഭ്യമായി തുടങ്ങിയതില്‍നിന്ന്‌ മനസിലാക്കാന്‍. മന്ത്രിയുടെ ഈ പ്രസ്‌താവനയും സര്‍ക്കാരിന്റെ നീക്കവും ഗൗരവമാര്‍ന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നാട്ടുകാരുടെ നികുതിപ്പണംകൊണ്ട്‌ നടത്തപ്പെടുന്ന ഇത്തരം സംരംഭങ്ങള്‍ വേണ്ടവിധം ആലോചിച്ചും ചര്‍ച്ചചെയ്‌തും വേണ്ടേ നടപ്പാക്കാന്‍ എന്നതാണ്‌ ഒന്നാമത്തെ ചോദ്യം. അല്ലാതെ, വിക്കിപീഡിയയെന്ന ആശയത്തില്‍നിന്നുള്ള ആവേശംകൊണ്ട്‌ മുന്‍പിന്‍ നോക്കാതെ എടുത്തു ചാടാമോ?

വിക്കിപീഡിയ മാതൃകയില്‍ ആര്‍ക്കുവേണമെങ്കിലും ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാവുന്ന, തിരുത്താവുന്ന, തികച്ചും ജനാധിപത്യപരമായ ഒരു സംരംഭംകൂടി മലയാളത്തില്‍ വരുന്നത്‌ നല്ലതുതന്നെ. പ്രശ്‌നം അതല്ല. സര്‍വവിജ്ഞാനകോശം തയ്യാറാക്കപ്പെടുന്നത്‌ ഒരു വിദഗ്‌ധ സമിതിയുടെ മേല്‍നോട്ടത്തിലാണ്‌. ലേഖനങ്ങളും വിവരങ്ങളും എഴുതുന്നതും എഡിറ്റുചെയ്യുന്നതുമൊക്കെ ആ സമിതിയാണ്‌. അത്തരമൊരു സമിതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സര്‍വവിജ്ഞാനകോശം, ആര്‍ക്കുവേണമെങ്കിലും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ വിട്ടുകൊടുക്കാമോ? ആര്‍ക്കായിരിക്കും അത്തരമൊരു ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ.

ലോകത്ത്‌ പ്രമുഖങ്ങളായ ഒട്ടേറെ വിജ്ഞാനകോശങ്ങളുണ്ട്‌. ബ്രിട്ടാണിക്ക ഉദാഹരണം. എന്തുകൊണ്ട്‌, ബ്രിട്ടാണിക്കയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ആര്‍ക്കും തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ അനുവദിക്കാത്തതെന്ന്‌, മലയാളത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്ന അധികാരികള്‍ ആലോചിക്കണം. സായ്‌വിന്‌ നമ്മുടെ അത്രയും ബുദ്ധിസാമര്‍ഥ്യം ഇല്ലാത്താകുമോ കാരണം.

സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ലിങ്ക്‌ ഈ ലേഖനത്തിന്റെ ചുവട്ടിലുണ്ട്‌. അതൊന്ന്‌ നോക്കുക. മലയാളം വിക്കിപീഡിയയുടെ അതേ അനുകരണം. ലേഔട്ടിലും ഉള്ളടക്കത്തിന്റെ വിന്യാസത്തിലും ഫോണ്ടിലുമൊന്നും കാര്യമായ വ്യത്യാസമില്ല. വര്‍ഷങ്ങളായി ഒരുപിടി ആളുകളുടെ ശ്രമകരവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടുവരുന്ന മലയാളംവിക്കിപീഡിയയെ അതേപടി അനുകരിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ മറ്റൊന്നിന്റെ ആവശ്യമുണ്ടോ. വിക്കിപീഡിയ ഒന്നുപോരെ, മലയാളത്തില്‍.
കാണുക: സര്‍വവിജ്ഞാനകോശം
മലയാളം വിക്കി
മലയാളം വിക്കി.കോം